ചോദ്യം: അല്ലാഹു ആദമി(അ)നെ പഠിപ്പിച്ച നാമങ്ങള്‍ ഏതൊക്കെയാണ്?
ഉത്തരം: അല്ലാഹു പറയുന്നു: ‘അവന്‍(അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ.’ (അല്‍ബഖറ: 31) ആദമി(അ)നെ അല്ലാഹു പഠിപ്പിച്ച നാമങ്ങള്‍ ഏതൊക്കെയാണെന്നതിന് വ്യക്തമായ പ്രമാണങ്ങള്‍ കണ്ടെത്താന്‍ സാധ്യമല്ല. അതുമായി ബന്ധപ്പെട്ട് വന്നതെല്ലാം ഇജ്തിഹാദീ (ഗവേഷണപരമായ) അഭിപ്രായങ്ങളാണ്. ഈ അഭിപ്രായങ്ങളില്‍ ഏറ്റവും അടുത്ത് നില്‍ക്കുന്നത് അല്ലാഹു ആദമിനെ പഠിപ്പിച്ച രീതിയാണ്. അത്, ബുദ്ധി ഉപയോഗിച്ചും, നിര്‍ധാരണം ചെയ്തും ആദമിന്(അ) മുന്നില്‍ കാണിക്കപ്പെട്ട ഏതൊരു വസ്തുവിനും പേരുവിളിക്കുന്നതിനുള്ള കഴിവ് അല്ലാഹു നല്‍കിയെന്നതാണ്. മലക്കുകള്‍ക്ക് ഇപ്രകാരമുള്ള സ്വാതന്ത്രൃമില്ല. അവര്‍ അല്ലാഹുവില്‍ നിന്ന് അറിഞ്ഞത് അറിയുകയും, അറിഞ്ഞിട്ടില്ലാത്തത് അറിയാതിരിക്കുകയും ചെയ്യുന്നു. ‘അവര്‍ പറഞ്ഞു: നിനക്ക് സ്‌ത്രോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും.’ (അല്‍ബഖറ: 31) തഫ്‌സീറുല്‍ ഖുര്‍ത്വുബിയില്‍ വന്നിരിക്കുന്നു: അല്ലാഹു ആദമിനെ പഠിപ്പിച്ച നാമങ്ങള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ വ്യഖ്യാതക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നു. ഇബ്‌നു അബ്ബാസ്, ഇക്‌രിമ, ഖതാദ, മുജാഹിദ്, ഇബ്‌നു ജുബൈര്‍ തുടങ്ങിയവര്‍ പറയുന്നു: അല്ലാഹു ആദമിനെ ചെറുതും വലുതമായ എല്ലാ വസ്തുവിന്റെയും നാമങ്ങള്‍ പിഠിപ്പിച്ചിരിക്കുന്നു.
Also read: തൗബയും ഇസ്തിഗ്ഫാറും മനസ്സിനുള്ള ചികിത്സയോ?
ആസിം ബിന്‍ കുലൈബ് അലിയുബിന്‍ ഹസന്റെ മൗലയായിരുന്ന സഅദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: അദ്ദേഹം പറയുന്നു: ഞാന്‍ ഇബ്‌നു അബ്ബാസ്(റ)വിന്റെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍, അവര്‍ പാത്രത്തിന്റെയും ചമ്മട്ടിയുടെയും നാമങ്ങള്‍ പറയുകയായിരുന്നു. ഇബ്‌നു അബ്ബാസ(റ) പറഞ്ഞു: അല്ലാഹു ആദമിന് എല്ലാ നാമങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ഖുര്‍ത്വുബി പറയുന്നു: ഈയൊരു അര്‍ഥം തുടര്‍ന്ന് വരുന്നതിലേക്ക് ചേര്‍ക്കപ്പെടുന്നതാണ്. ഇതാണ് “كُلَّهَا” (എല്ലാം) എന്ന പദം അര്‍ഥമാക്കുന്നത്. ശുപാര്‍ശയുമായി ബന്ധപ്പെട്ട് ബുഖാരിയില്‍ വന്നിട്ടുള്ള ഹദീസ് ഇമാം ഖുര്‍ത്വുബി ഉദ്ധരിക്കുന്നു: വിശ്വാസികള്‍ ആദമിനോട് പറയുന്നതാണ്: അല്ലാഹു താങ്കളെ എല്ലാ നാമങ്ങളും പഠിപ്പിച്ചിരിക്കുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: അല്ലാഹു ആദമിന് എല്ലാ നാമങ്ങളും പഠിപ്പിച്ചിരിക്കുന്നു. എത്രത്തോളമെന്നാല്‍, കണ്‍പോളകളുടെയും പാത്രങ്ങളുടെയും നാമങ്ങള്‍ വരെ. ഇമാം ത്വബരി പറയുന്നു: അല്ലാഹു ആദമിനെ പഠിപ്പിച്ചത് മലക്കുകളുടെയും, പരമ്പരകളുടെയും നാമങ്ങളാണ്. ഈ സൂക്തത്തെ ” ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ” (മലക്കുകള്‍ക്ക് മുന്നില്‍ കാണിക്കപ്പെടുക) മുന്നില്‍വെച്ചുകൊണ്ടാണ് ഈ അഭിപ്രായത്തെ ഇമാം ത്വബരി മുന്തിക്കുന്നത്. അല്ലാഹു ആദിമിന് ചെറുതും വലുതുമായ എല്ലാ വസ്തുക്കളുടെയും നാമങ്ങള്‍ പഠിപ്പിച്ചിരിക്കുന്നുവെന്ന അഭിപ്രായമാണ് ഖുര്‍ത്വുബി മുന്നോട്ടുവെക്കുന്നത്. ഏതൊക്കെ നാമങ്ങളാണന്നതിന് കൃത്യമായ തെളിവുകളില്ലെന്നത് ഇതില്‍നിന്ന് വ്യക്തമാണ്. എല്ലാ അഭിപ്രായങ്ങളും ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലുള്ളതാണ്. നാമങ്ങളെന്താണെന്ന് മനസ്സിലാക്കുന്നതിന് കൂടുതല്‍ അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. ഇത്തരമൊരു ചോദ്യം ഉന്നയിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, ഉത്തരം നല്‍കുകയെന്നതിന് മുതിരുമായിരുന്നില്ല.
അവലംബം: islamonline.net