ചോദ്യം: ഹിജ്‌റ മുഹമ്മദ് നബി(സ)ക്ക് പ്രത്യേകമായുള്ള കല്‍പനയായിരുന്നോ? ഇതര പ്രവാചകന്മാരും ഹിജ്‌റ ചെയ്തിട്ടുണ്ടോ?
പ്രവാചകന്‍(സ) മാത്രമല്ല, ഹിജ്‌റ ചെയ്തത്. ഇതര പ്രവാചകന്മാരും ഹിജ്‌റ ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രവാചകന്റെ ഹിജ്‌റ ഇതര പ്രവാചകന്മാരുടേതില്‍ നിന്നും ഭിന്നമായിരുന്നു. . ഇബ്രാഹീം നബി(അ)യുടെ ഹിജ്‌റയെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നു. ‘അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. ഇബ്‌റാഹീം പറഞ്ഞു: ‘ഞാന്‍ നാടുവിടുകയാണ്. എന്റെ നാഥന്റെ സന്നിധിയിലേക്കു പോവുകയാണ്. സംശയമില്ല; അവന്‍ തന്നെയാണ് പ്രതാപിയും യുക്തിമാനും.'(അല്‍അന്‍കബൂത് : 26) , ‘ഇബ്‌റാഹീം പറഞ്ഞു: ‘ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും'( അസ്സ്വാഫ്ഫാത്ത് 99). ഫലസ്തീനില്‍ സ്ഥിരതാമസമാക്കുന്നതുവരെ അദ്ദേഹം നിരവധി രാഷ്ട്രങ്ങളില്‍ ചുറ്റിത്തിരിഞ്ഞു. അദ്ദേഹത്തെ ഖബറടക്കപ്പെട്ട നഗരത്തിന് മദീനതുല്‍ ഖലീലു ഇബ്രാഹീം എന്നാണ് നാമകരണം ചെയ്യപ്പെട്ടത്.
മൂസാ നബിയും ഹിജ്‌റ ചെയ്തിട്ടുണ്ട്. പക്ഷെ, അദ്ദേഹത്തിന്റെ പലായനം പ്രവാചകനായി നിയോഗിക്കുന്നതിന് മുമ്പായിരുന്നു. ഒരു ഖിബ്തിയെ അബദ്ധവശാല്‍ വധിച്ചതിന് ശേഷം അദ്ദേഹം ഈജിപ്തില്‍ നിന്ന് പുറപ്പെടുന്നുണ്ട്. പിന്നീട് അദ്ദേഹം അല്ലാഹുവിനോട് പാപമോചനം തേടുകയുണ്ടായി. ഖുര്‍ആന്‍ പറയുന്നു ‘ അപ്പോള്‍ പട്ടണത്തിന്റെ മറ്റേ അറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ‘ഓ, മൂസാ, താങ്കളെ കൊല്ലാന്‍ നാട്ടിലെ പ്രധാനികള്‍ ആലോചിക്കുന്നുണ്ട്. അതിനാല്‍ ഒട്ടും വൈകാതെ താങ്കളിവിടെനിന്ന് പുറത്തുപോയി രക്ഷപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളിലൊരാളാണ്. അങ്ങനെ മൂസ പേടിയോടും കരുതലോടും കൂടി അവിടെനിന്ന് പുറപ്പെട്ടു. അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു: ‘എന്റെ നാഥാ, അക്രമികളായ ഈ ജനതയില്‍ നിന്ന് നീയെന്നെ രക്ഷപ്പെടുത്തേണമേ.”’ (അല്‍ഖസസ് 20-21). അപ്രകാരം അദ്ദേഹം മദയനിലേക്ക് പോയി. അവിടെ നിന്നും പത്തുവര്‍ഷത്തോളം വൃദ്ധനായ പിതാവിന് ജോലി ചെയ്തുകൊടുത്തു അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്യുകയുണ്ടായി. പ്രസ്തുത കാലയളവില്‍ അദ്ദേഹത്തിന് പ്രത്യേക ദൗത്യമൊന്നുമുണ്ടായിരുന്നില്ല.
എന്നാല്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ഹിജ്‌റ ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു. പീഢനങ്ങളില്‍ നിന്നും കുഴപ്പങ്ങളില്‍ നിന്നുമുള്ള രക്ഷ പ്രാപിക്കലായിരുന്നില്ല പ്രവാചകന്റെ പലായനം. ഒരു പുതിയ സമൂഹത്തിന്റെ സംസ്ഥാപനത്തിനുള്ള കഠിനമായ പരിശ്രമമായിരുന്നു അത്, ദൈവിക ബോധത്തിലും മാനവികവും ധാര്‍മികവും സാര്‍വലൗകികവുമായ മൂല്യങ്ങളിലധിഷ്ഠിതമായ ഒരു രാഷ്ട്രത്തിന്റെ നിര്‍മിതിയായിരുന്നു മുഹമ്മദ് നബിയുടെ ഹിജ്‌റയുടെ ലക്ഷ്യം. ജനങ്ങള്‍ക്ക് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമൂഹമായിരുന്നു അത്.