Thursday, October 3, 2024
Homeപ്രവാചകൻപ്രവാചകൻ പ്രകാശമാണോ അതല്ല, നമ്മെ പോലെയുള്ള മനുഷ്യനാണോ?

പ്രവാചകൻ പ്രകാശമാണോ അതല്ല, നമ്മെ പോലെയുള്ള മനുഷ്യനാണോ?

ചോദ്യം: പ്രവാചകൻ(സ) പ്രകാശമാണോ അതല്ല, വിശുദ്ധ ഖുർആൻ അറിയിച്ചതുപോലെ നമ്മെ പോലെയുള്ള മനുഷ്യനാണോ?

മറുപടി: പ്രവാചകൻ(സ) പ്രകാശമാണ് (نور) എന്ന് പറയുന്നത് ശരിയാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘വേദക്കാരെ, വേദഗ്രന്ഥത്തിൽ നിന്ന് നിങ്ങൾ മറച്ച് വെച്ചുകൊണ്ടിരിക്കുന്ന പലതും നിങ്ങൾക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതൻ ഇതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങൾക്കിതാ അല്ലാഹുവിങ്കൽ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു വേദഗ്രന്ഥവും വന്നിരിക്കുന്നു.’ (അൽമാഇദ: 15) പ്രവാചകൻ(സ) പ്രകാശമാണ്, പ്രകാശിപ്പിക്കുന്നവനുമാണ് (منير). അല്ലാഹു പ്രവാചകനെ നൂറായി വിശേഷിപ്പിക്കുകയും, അങ്ങനെ അഭിസംബോധന ചെയ്യുകയും ചെയ്യുമ്പോൾ പ്രവാചകൻ നൂറാണെന്ന് പറയുന്നതിൽ യാതൊരു പ്രശ്നവുമില്ല. പ്രവാചകനിൽ നിന്ന് സ്ഥിരപ്പെട്ടിരിക്കുന്നു: പ്രവാചക അനുചരന്മാർ പറയുമായിരുന്നു: ‘തീർച്ചയായും അദ്ദേഹത്തിന്റെ മുഖം ചന്ദ്രനെ പോലെയാണ്.’ തന്റെ മാതാവ് ഗർഭം ചുമന്ന സമയത്തെ കുറിച്ച് പ്രവാചകൻ അറിയിക്കുന്നു: ‘പ്രകാശിക്കുന്നതായി അവർ (മാതാവ്) കണ്ടു. അത് (പ്രകാശം) ശാമിലെ ബസ്വറ കൊട്ടാരങ്ങളെ പ്രകാശിപ്പിച്ചു.’ പ്രവാചക അനുചരന്മാർ അറിയിക്കുന്നു: ‘പ്രവാചകൻ(സ) മദീനയിലേക്ക് പ്രവേശിച്ചപ്പോൾ അവിടെയുള്ളതെല്ലാം പ്രകാശിച്ചു. പ്രവാചകൻ മരണപ്പെട്ടപ്പോൾ അവിടെയുള്ളതെല്ലാം ഇരുട്ടിലായി.’ പ്രവാചകൻ നൂറാണെന്നത് മറ്റ് ഹദീസുകളിലും ഉദ്ധരണികളിലും കാണാവുന്നതാണ്. ആ പ്രകാശം ഭൗതികാർഥത്തിലുള്ളതായിരുന്നുവെന്നതിനെ (النور الحسي) നിഷേധിക്കാവതല്ല. പ്രവാചകൻ മുനീറാണെന്നത് (പ്രകാശിപ്പിക്കുന്നവൻ) വൈരുധ്യം സൃഷ്ടിക്കുന്ന ഒന്നല്ല. പ്രവാചകൻ അനുഭവവേദ്യമായ പ്രകാശമായിരുന്നുവെന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തോട് ചേർന്നുനിൽക്കുന്നതാണ്. അതോടൊപ്പം, വിശുദ്ധ ഖുർആൻ അറിയിച്ച മനുഷ്യനെന്ന പ്രകൃതവുമായി വൈരുധ്യപ്പെടുന്നുമില്ല.

Also read: വരന്‍റെ അസാന്നിധ്യത്തിലുഉള്ള വിവാഹം

എന്നാൽ, പ്രവാചകൻ മനുഷ്യനല്ല എന്ന് പറയുന്നത് നിഷിദ്ധമാണ്. കാരണം അത് വിശുദ്ധ ഖുർആനോട് എതിരാവുന്ന കാഴ്ചപ്പാടാണ്. ‘പറയുക, ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നൽകപ്പെടുന്നു.’ (അൽകഹ്ഫ്: 110) പ്രവാചകനെ കുറിച്ച് അല്ലാഹു സ്ഥിരപ്പെടുത്തിയ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാതെ, സൈദ്ധാന്തികവത്കരിക്കാതെ സ്ഥിരപ്പെടുത്തുകയെന്നതാണ് ശരിയായിട്ടുള്ളത്. അല്ലാഹുവിന്റെ പ്രവാചകൻ പ്രകാശമാണ്, പ്രകാശിപ്പിക്കുന്നവനുമാണ്. അതോടൊപ്പം നമ്മെ പോലെയുള്ള മനുഷ്യനുമാണ്. ഭൗതികാർഥത്തിൽ പ്രകാശമാണെന്നത് മനുഷ്യനാണെന്നതിനോട് വൈരുദ്ധ്യം പുലർത്തുന്നില്ല. ചന്ദ്രന്റെ പ്രകൃതമെന്നത് ശിലാത്മകമാണ്. അതോടൊപ്പം അത് പ്രകാശവുമാണ്. അഥവാ ഭൗതികാർഥത്തിലുള്ള പ്രകാശം. ചന്ദ്രനെക്കാൾ ശ്രേഷ്ഠനാണ് പ്രവാചകൻ; മുഴുവൻ സൃഷ്ടികളെക്കാളും ശ്രേഷ്ഠനാണ്. അല്ലാഹുവേ, ഞങ്ങളെ ശരിയായ മാർഗത്തിലേക്ക് നയിക്കേണമേ. ഇതാണ് പ്രവാചകൻ പ്രകാശമാണോ എന്നതുമായി ബന്ധപ്പെട്ട വിഷയം.

വിവ- അർശദ് കാരക്കാട്

Recent Posts

Related Posts

error: Content is protected !!