Thursday, April 18, 2024
Homeപ്രവാചകൻതിരുദൂതരുടെ വിവാഹങ്ങൾ

തിരുദൂതരുടെ വിവാഹങ്ങൾ

ചോദ്യം- മുസ്ലിംകൾക്ക് നാലിൽ കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യുന്നത് നിഷിദ്ധമായിരിക്കെ, നബി(സ) ഒൻപതു പേരെ ഭാര്യമാരായി സ്വീകരിച്ചിട്ടുണ്ടല്ലോ. ഇതിലടങ്ങിയ യുക്തിയെന്താണ്?

ഉത്തരം- മുഹമ്മദ് നബിയുടെ ആഗമന ഘട്ടത്തിൽ വിവാഹത്തിന് നിയന്ത്രണമോ നിബന്ധനയോ ഉപാധികളോ ഉണ്ടായിരുന്നില്ല. പുരുഷന് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാമായിരുന്നു. പൗരാണിക ജനതകളിലും ഇതായിരുന്നു സമ്പ്രദായം. ദാവീദിന് നൂറ് ഭാര്യമാരും സോളമന് എഴുനൂറ് ഭാര്യമാരും മുന്നൂറ് വെപ്പാട്ടികളും ഉണ്ടായിരുന്നതായി പൗരാണിക വേദഗ്രന്ഥങ്ങൾ പോലും ഉദ്ധരിക്കുന്നു. എന്നാൽ നബിതിരുമേനിയുടെ ആഗമനത്തോടെ നാലിലേറെ ഭാര്യമാരെ സ്വീകരിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. നാലിലേറെ ഭാര്യമാരുള്ള ഒരാൾ ഇസ്ലാം ആശ്ലേഷിച്ചാൽ, അവരിൽ നാലുപേരെ തെരഞ്ഞെടുത്ത് മറ്റുള്ളവരെ വിവാഹമോചനം ചെയ്യുവാൻ തിരുദൂതർ ആജ്ഞാപിച്ചു. ഒന്നിലേറെ വിവാഹം കഴിക്കുന്നതിന് കർക്കശമായ ഒരു നിബന്ധന ഇസ്ലാം ഏർപ്പെടുത്തുകയും ചെയ്തു- ഭാര്യമാർക്കിടയിൽ തുല്യനീതി പുലർത്തുക. അത് സാധ്യമല്ലെന്ന് തോന്നുന്നുവെങ്കിൽ ഭാര്യ ഒന്നു മാത്രം. അല്ലാഹു പറഞ്ഞു: “എന്നാൽ (അവർക്കിടയിൽ) നീതി പുലർത്തുകയില്ലെന്ന് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്യുക…’

പക്ഷേ, അല്ലാഹു നബിതിരുമേനിക്ക്, വിശ്വാസികൾക്ക് നൽകാത്ത ഒരു സവിശേഷത നൽകി- താൻ വിവാഹം ചെയ്തുകഴിഞ്ഞ സ്ത്രീകളെയെല്ലാം ഭാര്യമാരായി നിർത്തിക്കൊള്ളാൻ അനുവദിച്ചു. അവരെ വിവാഹമോചനം ചെയ്യാൻ ആവശ്യപ്പെട്ടില്ല. അതേസമയം ഇനിയൊരു വിവാഹം കഴിക്കുന്നതും ഒരാൾക്കു പകരം മറ്റൊരാളെ സ്വീകരിക്കുന്നതും വിലക്കുകയും ചെയ്തു. അൽ അഹ്സാബ് അധ്യായത്തിൽ പ്രവാചകന്നുള്ള ഇൗ നിർദേശം ഇപ്രകാരം കാണാം: “ഇതിനുശേഷം സ്ത്രീകൾ നിനക്ക് അനുവദനീയമല്ല. ഒരു ഭാര്യക്ക് പകരം മറ്റൊരാളെ സ്വീകരിക്കുവാനും പാടില്ല-അവരുടെ അഴക് നിന്നെ പ്രസാദിപ്പിച്ചാൽപോലും.’

ഇതിന്റെ സാഹചര്യം പരിശോധിക്കാം: തിരുദൂതരുടെ പത്നിമാർക്ക് സവിശേഷമായ പദവിയും പവിത്രതയും കൽപിക്കപ്പെട്ടിരുന്നു. മുഴുവൻ സത്യവിശ്വാസികളുടെയും മാതാക്കളായി അവർ പരിഗണിക്കപ്പെട്ടു. “സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളിലുള്ളതിൽ കൂടുതൽ അവരുടെമേൽ പ്രവാചകന് ബാധ്യതയുണ്ട്. അദ്ദേഹത്തിന്റെ പത്നിമാർ അവരുടെ മാതാക്കളുമാണ്'( അൽഅഹ്സാബ് 6) എന്ന് ഖുർആൻ പ്രസ്താവിച്ചു. വിശ്വാസികളുടെ ആത്മീയ മാതൃത്വം വഹിച്ചതിന്റെ ഫലമായി തിരുദൂതർക്കുശേഷം അവർ മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നത് നിഷിദ്ധമായിത്തീർന്നു. അക്കാര്യം ഖുർആൻ ഇപ്രകാരം ഉണർത്തുന്നു: “അല്ലാഹുവിന്റെ ദൂതന് ക്ലേശമുണ്ടാക്കുവാൻ നിങ്ങൾക്ക് പാടില്ല. അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ പത്നിമാരെ വിവാഹം ചെയ്യാനും പാടില്ല’. പ്രവാചകൻ വിവാഹമോചനം ചെയ്യുന്ന ഒരു ഭാര്യ ശേഷിച്ച ജീവിതകാലം മുഴുവൻ വിധവയായിരിക്കുക എന്നതാണ് ഇതിന്റെ ഫലം. പ്രവാചകപത്നീപദമില്ല; മറ്റൊരാളുടെ ഭാര്യയാവാനും പറ്റില്ല. ഇത് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷിക്കുന്നതിന് തുല്യമാണ്. ഇനി, നാലുപേരെ തെരഞ്ഞെടുത്ത് അഞ്ചുപേരെ വിവാഹമോചനം ചെയ്തു എന്നു വെക്കുക. പ്രവാചകൻ തെരഞ്ഞെടുത്ത നാലുപേർ വിശ്വാസികളുടെ മാതാക്കൾ എന്ന പദവിയിൽ തുടരും. അഞ്ചുപേർക്ക് അത് നിഷേധിക്കപ്പെടുകയും ചെയ്യും. അങ്ങേയറ്റം മനഃപ്രയാസവും ക്ലേശവും ഉണ്ടാക്കുന്ന കാര്യമാണിത്. ഇൗ ശ്രേഷ്ഠവനിതകളിൽ ആർക്കെല്ലാമാണ് പ്രവാചക കുടുംബവുമായുള്ള ബന്ധം നിഷേധിക്കുക? ആരിൽനിന്നെല്ലാമാണ് അവർ നേടിക്കഴിഞ്ഞ പദവി തട്ടിത്തെറിപ്പിക്കുക? ഇക്കാരണങ്ങളാൽ എല്ലാവരെയും പ്രവാചകപത്നിമാരായിത്തുടരാൻ അനുവദിക്കുകയും അവരെ പൊതു നിയമത്തിൽ നിന്നൊഴിവാക്കുകയും ചെയ്യുക എന്നതാണ് ദൈവികനീതിയുടെ താൽപര്യം.

ഇൗ ഒൻപതു പേരെ വിവാഹം ചെയ്യുവാൻ ഇടയാക്കിയ സാഹചര്യങ്ങളെന്തായിരുന്നു? അതൊട്ടും രഹസ്യമായ ഒന്നല്ല. അതിന്റെ കാരണങ്ങൾ അവ്യക്തവുമല്ല. മഹാനായ ഇൗ പ്രവാചകനെതിരെ ഒാറിയന്റലിസ്റ്റുകളും മിഷനറികളും ആരോപിക്കുന്ന ലക്ഷ്യങ്ങളൊന്നും ആ വിവാഹങ്ങൾക്കു പിന്നിൽ ഉണ്ടായിരുന്നില്ല. ഇവരിൽ ഒരാളെപ്പോലും വിവാഹം ചെയ്യുവാൻ ലൈംഗികതയോ മറ്റു അധമവികാരങ്ങളോ പ്രചോദനമായി വർത്തിച്ചിട്ടില്ല. വ്യാജവും കള്ളവും മാത്രം കൈമുതലായുള്ള ഇൗ വിമർശകരുടെ ആരോപണങ്ങളിൽ ഒരു തരിയെങ്കിലും നേരുണ്ടായിരുന്നെങ്കിൽ, യുവത്വം തിളച്ചു മറിയുന്ന പ്രായത്തിൽ ജീവിതത്തിന്റെ ആ പൂക്കാലത്ത് തന്നെക്കാൾ പതിനഞ്ച് വയസ്സ് ഏറെയുള്ള ഒരു മധ്യവയസ്കയെ അദ്ദേഹം പരിണയിക്കുമായിരുന്നില്ല. അദ്ദേഹത്തിന് അന്ന് ഇരുപത്തഞ്ചായിരുന്നു പ്രായം. ഖദീജക്ക് നാൽപതും. മുമ്പ് രണ്ടു തവണ വിവാഹിതയായവളും ഒന്നിലേറെ പ്രസവിക്കുകയും ചെയ്ത ഒരു സ്ത്രീ. പ്രായം ചെന്ന ഇൗ സ്ത്രീയോടൊത്താണ് തന്റെ യുവത്വം മുഴുവൻ അദ്ദേഹം ചെലവിട്ടത്- സുഭഗസുന്ദരമായ ഒരു ദാമ്പത്യജീവിതം നയിച്ചുകൊണ്ട്. അവർ മൃതിയടഞ്ഞ വർഷത്തിന് അദ്ദേഹം “ദുഃഖവർഷം’ എന്ന് നാമകരണം ചെയ്തു. മരണശേഷവും അവരെ അദ്ദേഹം പുകഴ്ത്തിപ്പറയുമായിരുന്നു. അവരെക്കുറിച്ച്, സ്നേഹാനുരാഗങ്ങളാൽ വർണാഭയാർന്ന സ്മരണകൾ അദ്ദേഹത്തിന്റെ മനസ്സിൽ എന്നും പച്ചപിടിച്ച് നിന്നിരുന്നു. തന്നിമിത്തം, ആ ഖദീജ ഖബ്റിൽ കിടന്നുപോലും ആഇശയെ അസ്വസ്ഥയാക്കുകയുണ്ടായി.

ഖദീജയുടെ വേർപാടിനും മദീനാപലായനത്തിനും ശേഷം, അൻപത്തിമൂന്ന് വയസ്സ് പിന്നിട്ട ഘട്ടത്തിലാണ് തിരുമേനി മറ്റു സ്ത്രീകളെയെല്ലാം വിവാഹം ചെയ്തത്. ആദ്യവിവാഹം സംഅയുടെ പുത്രി സൗദയുമായിട്ടായിരുന്നു. പ്രായാധിക്യമുള്ള ഒരു സ്ത്രീയായിരുന്നു അവർ. ആദ്യം തൊട്ടേ തിരുദൂതരുടെ ഉറ്റ സുഹൃത്തും സന്തതസഹചാരിയുമായിരുന്നു അബൂബക്ർ. “ഇരുവരും ഗുഹയിലായിരുന്ന സന്ദർഭത്തിൽ രണ്ടിൽ രണ്ടാമൻ’ എന്ന് ഖുർആൻ വിശേഷിപ്പിച്ച സിദ്ദീഖുൽ അക്ബർ. അദ്ദേഹവുമായുള്ള സുഹൃദ്ബന്ധം ഒരു കുടുംബബന്ധമാക്കി മാറ്റിയുറപ്പിക്കണമെന്ന് പ്രവാചകൻ ആഗ്രഹിച്ചു. അതിന്റെ അനന്തരഫലമായിരുന്നു ആഇശയുമായുള്ള വിവാഹം. ആഇശ ലൈംഗികാകർഷണത്തിന്റെ പ്രായമെത്താത്ത ഒരു കൊച്ചു പെൺകുട്ടിയായിരുന്നു. പക്ഷേ, അബൂബക്റിന്റെ സംതൃപ്തിയായിരുന്നു പ്രവാചകന്റെ ലക്ഷ്യം. പ്രവാചകന്റെ രണ്ട് “വസീർ’മാരായി അറിയപ്പെട്ടവരാണ് അബൂബക്റും ഉമറും. അബൂബക്റിനിപ്പോൾ ലഭിച്ച പദവി ഉമറിനും ലഭിക്കേണ്ടതുണ്ടെന്ന് തിരുമേനിക്കു തോന്നി. ഉമറിന്റെ പുത്രി ഹഫ്സയെ വിവാഹം ചെയ്തുകൊണ്ട് അദ്ദേഹം അതു സാധിച്ചു. മുമ്പ് സ്വപുത്രിമാരിൽ ഫാത്വിമയെ അലിയ്യുബ്നു അബീത്വാലിബിനും ആദ്യം റുഖിയ്യയെയും അവരുടെ മരണശേഷം ഉമ്മുകുൽസൂമിനെയും ഉസ്മാനുബ്നു അഫ്ഫാന്നും വിവാഹം ചെയ്തുകൊടുത്തതും ഇതേ ലക്ഷ്യത്തോടെത്തന്നെ. ഉമറിന്റെ പുത്രി ഹഫ്സ ഒരു വിധവയായിരുന്നു- അംഗവടിവോ അഴകോ ഇല്ലാത്ത ഒരു സ്ത്രീ.

ഉമ്മുസലമയുടെ കഥയും ഭിന്നമല്ല. അവരും വിധവയായിരുന്നു. തന്റെ ഭർത്താവായ അബൂസലമയെക്കാൾ ശ്രേഷ്ഠനായി ആരുമില്ലെന്ന് അവർ വിശ്വസിച്ചു. അവർ അദ്ദേഹത്തോടൊപ്പം ഹിജ്റ പോയി. ഇരുവരും ഇസ്ലാമിന്റെ പേരിൽ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചു; പീഡനങ്ങൾ ഏറ്റുവാങ്ങി. ആപത്തു നേരിടുമ്പോൾ “ഞങ്ങളെല്ലാം അല്ലാഹുവിനുള്ളവരാണ്; ഇൗ വിപത്തിൽ, അല്ലാഹുവേ, നീ എന്നെ തുണക്കേണമേ, ഇതിലും ഉത്തമമായ ഒരവസ്ഥ എനിക്ക് പ്രദാനം ചെയ്യേണമേ’ എന്നു പറയണമെന്ന്, തിരുദൂതർ പഠിപ്പിച്ചതു പ്രകാരം അബൂസലമ അവരെ പഠിപ്പിച്ചിരുന്നു. ഭർത്താവിന്റെ മരണാനന്തരം അവർ അപ്രകാരം പ്രാർഥിച്ചു. അപ്പോൾ അവരുടെ മനസ്സിലൊരു ചോദ്യമുണർന്നു: അബൂസലമയെക്കാൾ ഉത്തമനായി ആരാണുള്ളത്? പക്ഷേ, അബൂസലമക്ക് പകരം അദ്ദേഹത്തെക്കാളുത്തമനായ ഒരാളെ അല്ലാഹു ഉമ്മുസലമക്ക് നൽകി- മുഹമ്മദ് നബി(സ)യെ. ഉമ്മുസലമക്കേറ്റ ദുരന്തത്തിന്റെ രൂക്ഷത കുറക്കുവാനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുവാനുമുദ്ദേശിച്ച് പ്രവാചകൻ അവരെ വിവാഹമന്വേഷിച്ചു. അങ്ങനെ ഇസ്ലാമിന്റെ പേരിൽ നാടും വീടും വിട്ട് പലായനം ചെയ്ത ആ വിധവക്ക് പ്രവാചകൻ ഒരു സംരക്ഷകനായി.
ഹാരിസിന്റെ പുത്രി ജുവൈരിയയുടെ വിവാഹത്തിന് പിന്നിൽ മതപ്രചാരണപരമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. മുസ്ത്വലിഖ് ഗോത്രവുമായുള്ള ഏറ്റുമുട്ടലിൽ പിടിക്കപ്പെട്ട വനിതകളിൽ ഒരാളായിരുന്നു ജുവൈരിയ. അവളെ വിവാഹം ചെയ്യുക വഴി ആ ഗോത്രത്തെ മുഴുവൻ ഇസ്ലാമിലേക്ക് ആകർഷിക്കുവാൻ കഴിയുമെന്ന് അദ്ദേഹം മനസ്സിലാക്കി. ജുവൈരിയയെ പ്രവാചകൻ വിവാഹം ചെയ്തതറിഞ്ഞ മുസ്ത്വലിഖ് ഗോത്രം അവർ തടവിലാക്കിയ മുസ്ലിംകളെ ഒന്നായി വിട്ടയച്ചു. കാരണം, അവർ പ്രവാചകന്റെ ഭാര്യാബന്ധുക്കളായി മാറിക്കഴിഞ്ഞിരുന്നു.
ഉമ്മുഹബീബയുടെ കഥ നോക്കൂ! ഇസ്ലാമിന്റെ കൊടിയ ശത്രുവായ അബൂസുഫ്യാന്റെ പുത്രി. ഭർത്താവിനോടൊപ്പം അവർ അബ്സീനിയയിലേക്ക് പലായനം ചെയ്തു. പക്ഷേ, അവിടെവെച്ച് അവരുടെ ഭർത്താവ് ഇസ്ലാമിനെ കൈവിട്ടുകളഞ്ഞു!

ബഹുദൈവാരാധകരുടെ സൈനികനേതൃത്വം വഹിച്ച് മുസ്ലിംകളോട് ഘോരസമരം നടത്തുന്ന പിതാവിനെ കൈവിട്ടാണ് ഉമ്മുഹബീബ ഭർത്താവിനെ വിശ്വസിച്ച് നാടുംവീടും വിട്ടത്. പക്ഷേ, ഇപ്പോഴവർക്ക് ഭർത്താവും നഷ്ടപ്പെട്ടു. അവരിപ്പോൾ അബ്സീനിയയിൽ തീർത്തും നിരാലംബയും ഏകാകിനിയുമാണ്… അവരെ പ്രവാചകനെന്തു ചെയ്യും? ആലംബഹീനയും ഏകാകിനിയുമായി വിട്ടേക്കുകയോ? അദ്ദേഹം അത് ചെയ്തില്ല. അവർക്ക് ആശ്വാസം പകരുകയും സംരക്ഷണം നൽകുകയും ചെയ്യുന്ന ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. തനിക്കുവേണ്ടി അവരെ വിവാഹം ചെയ്യുന്നതിനും മഹ്റ് നൽകുന്നതിനും അദ്ദേഹം നജ്ജാശിക്ക് വക്കാലത്ത് നൽകുകയാണുണ്ടായത്- അങ്ങനെ, തിരുമേനി ഉമ്മുഹബീബയെ വിവാഹം ചെയ്യുമ്പോൾ അവർക്കിടയിൽ കാടും കടലും നീണ്ടു പരന്ന് കിടന്നു. അബൂസുഫ്യാന്റെ മനസ്സിൽ നല്ലത് തോന്നിക്കുവാൻ ഇതുപകരിച്ചെങ്കിലോ എന്നും അദ്ദേഹം ആഗ്രഹിച്ചുകാണണം. ഇരുവരും തമ്മിലിങ്ങനെയൊരു വൈവാഹികബന്ധമുള്ളത് ഇസ്ലാമിനോടും പ്രവാചകനോടുമുള്ള പോരാട്ടത്തിൽനിന്ന് വിരമിക്കുവാൻ പ്രേരണയാകുമല്ലോ.

ഇങ്ങനെ, പ്രവാചകന്റെ വിവാഹങ്ങളോരോന്നും എടുത്തു പരിശോധിച്ചാൽ, അവക്കു പിന്നിൽ ചില പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടായിരുന്നതായി കാണാം. അടക്കാനാവാത്ത ലൈംഗികതൃഷ്ണയോ, ഭോഗാസക്തിയോ, ഭൗതികലാഭമോ ആയിരുന്നില്ല അവയുടെ നിമിത്തങ്ങൾ. പരസേവന തൽപരതയും മനുഷ്യസ്നേഹവുമായിരുന്നു അവയുടെ പ്രേരകങ്ങൾ. ജനങ്ങളെ ഇസ്ലാമിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യവും അവക്കുണ്ടായിരുന്നു. വിശിഷ്യാ, വിവാഹബന്ധങ്ങൾക്കും കുടുംബബന്ധങ്ങൾക്കും വമ്പിച്ച പരിഗണന നൽകിയിരുന്ന ഒരു സമൂഹമായിരുന്നു അറബികൾ. അവർക്കിടയിൽ അതിന് വൻവിലയും വലിയ സ്വാധീനവുമുണ്ടായിരുന്നു. അതിനാൽ വിവിധ ജനവിഭാഗങ്ങളുമായി ബന്ധം സ്ഥാപിച്ച് അവർക്ക് ഇസ്ലാമിൽ പ്രതിപത്തി ജനിപ്പിക്കുവാനും അവരെ അതുമായി ബന്ധപ്പെടുത്തുവാനും അങ്ങനെ ഒട്ടേറെ മാനുഷികവും സാമൂഹികവുമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും അദ്ദേഹം ലക്ഷ്യമിട്ടു.

കൂടാതെ പ്രവാചകപത്നിമാർ വിശ്വാസികളുടെ മാതാക്കളും കുടുംബപരവും സ്ത്രീസഹജവുമായ പ്രശ്നങ്ങളിൽ മുസ്ലിം സമൂഹത്തിന്റെ അധ്യാപികമാരുമാണ്. പ്രവാചകന്റെ കുടുംബജീവിതം സംബന്ധിച്ച പല കാര്യങ്ങളും- വളരെ രഹസ്യവും വ്യക്തിപരവുമായവപോലും- അവർ ജനങ്ങളെ അറിയിക്കുകയുണ്ടായി. തന്മൂലം അദ്ദേഹത്തിന്റെ ജീവിതത്തിൽ ജനങ്ങളിൽനിന്ന് ഒളിച്ചുവെച്ച രഹസ്യങ്ങളൊന്നും അവശേഷിച്ചില്ല. വെളിപ്പെടാത്ത രഹസ്യങ്ങളില്ലാതെ ചരിത്രത്തിൽ ആരുമില്ല. പക്ഷേ, ദൈവത്തിന്റെ പ്രവാചകൻ പറയുന്നു: “എന്നെ സംബന്ധിച്ച് നിങ്ങൾ സംസാരിച്ചുകൊള്ളുക…’ സമുദായത്തിന് ഒരു പാഠവും ഒരു മാർഗനിർദേശവും ആകുവാനായിരുന്നു ഇത്.

വിശദാംശങ്ങളിലേക്ക് കടക്കാൻ ഈ സന്ദർഭം അനുയോജ്യമല്ലെങ്കിലും സുപ്രധാനമായ ഒരു കാര്യംകൂടി സൂചിപ്പിക്കട്ടെ: മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സർവകാര്യങ്ങളിലും വിശ്വാസികളുടെ മാതൃകാപുരുഷനാണ് പ്രവാചകൻ. പ്രശ്നം മതപരമാകട്ടെ, ലൗകികമാകട്ടെ ഭാര്യയോടും ബന്ധുക്കളോടുമുള്ള പെരുമാറ്റം അതിലുൾപ്പെട്ടതാണ്. വിധവയോ കന്യകയോ, പ്രായം കൂടിയവളോ കുറഞ്ഞവളോ, അഴകുള്ളവളോ ഇല്ലാത്തവളോ, അറബിയോ അനറബിയോ, മിത്രപുത്രിയോ ശത്രുപുത്രിയോ ആയ ഒരു ഭാര്യയോടുള്ള പെരുമാറ്റത്തിന് പ്രവാചകനിൽ ഉത്തമ മാതൃക കണ്ടെത്തുവാൻ മുസൽമാന് സാധിക്കും. ദാമ്പത്യത്തിന്റെ ഇൗ വിഭിന്നാവസ്ഥകളെല്ലാം കുറ്റമറ്റതും ശ്രേഷ്ഠവും ചേതോഹരവുമായ രൂപത്തിൽ പ്രവാചകജീവിതത്തിൽ കാണാം.

ഇത് എല്ലാ ഭർത്താക്കന്മാർക്കും ഭാര്യയോടൊത്ത് മര്യാദപൂർവം ജീവിക്കുന്നതിനുള്ള ഉത്തമ മാതൃകയാണ്- ഭാര്യ ഒന്നാകട്ടെ, ഒന്നിലേറെയുണ്ടാവട്ടെ. അവൾ ഏതു തരക്കാരിയായിരുന്നാലും അവളോടൊത്ത് എങ്ങനെ നല്ല നിലയിൽ ജീവിക്കണം എന്നതിന് പ്രവാചക ദാമ്പത്യത്തിൽ മാതൃക കാണാതെ വരില്ല. പ്രവാചകന് കൂടുതൽ ഭാര്യമാരെ പുലർത്താൻ അനുമതി നൽകപ്പെട്ടതിൽ ദീക്ഷിക്കപ്പെട്ട ഏറ്റവും മഹത്തായ ലക്ഷ്യം ഇതായിരിക്കാം.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!