ചോ: മുഹമ്മദ് നബി (സ) യുടെ ഫോട്ടോ എവിടെയെങ്കിലുമുണ്ടോ? ഈ ഫോട്ടോ മുസ്ലിംകൾ ആരാധിക്കാറുണ്ടോ?
ഉത്തരം : മുഹമ്മദ് നബി (സ) യുടെ ഫോട്ടോ എവിടെയുമില്ല. ഉണ്ടാവാൻ സാധ്യതയുമില്ല. പ്രവാചകന്റെ കാലത്ത് ഛായാഗ്രഹണ യന്ത്രം കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ. മുഹമ്മദ് നബി (സ) യുടെ ഓരോ ജീവിത ചലനവും വിശദമായിരേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവയാണ് ഹദീസ് ഗ്രന്ഥങ്ങൾ, പ്രവാചകൻ എപ്പോഴെങ്കിലും തന്റെ പടം വരപ്പിച്ചതായോ പ്രതിമ ഉണ്ടാക്കിച്ചതായോ അവയൊന്നും പറയുന്നില്ല. എന്നല്ല, പടങ്ങളെയും പ്രതിമകളെയും ആരാധിക്കുന്നത് കർശനമായി നിരോധിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ആരാധിക്കപ്പെടാനിടയായേക്കാം എന്ന കാരണത്താൽ ജീവികളുടെ പടങ്ങളും പ്രതിമകളും നിർമ്മിക്കുന്നത് പൊതുവിൽ തന്നെ അനിസ്ലാമികമാണെന്ന അഭിപ്രായക്കാരാണ് ധാരാളം മുസ്ലിം പണ്ഡിതൻമാർ.
മുഹമ്മദ് നബി (സ) യുടേതെന്ന പേരിൽ എവിടെയെങ്കിലും വല്ല ചിത്രങ്ങളോ, പ്രതിമകളോ ഉണ്ടെങ്കിൽ, അത് അദ്ദേഹത്തിന്നു ശേഷം നിർമ്മിച്ച സങ്കൽപ സൃഷ്ടികൾ മാത്രമാണ്. മുഹമ്മദ് നബിയുടെ ചിത്രങ്ങളോ പ്രതിമകളാ ആയി മുസ്ലിംകൾ അവയെ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ മുസ്ലിംകൾ മുഹമ്മദ് നബിയുടെ ഫോട്ടോവിനെ ആരാധിക്കുന്ന പ്രശ്നമേയില്ല.
Also read: നമസ്കരിക്കാത്ത യുവാവിനെ വിവാഹം ചെയ്യുന്നത്?
കൂടാതെ, മുസ്ലിംകളുടെ ദൃഷ്ടിയിൽ മുഹമ്മദ് നബി ഒരാരാധ്യനല്ല. ആചാരൻ മാത്രമാണ്. അഗാധ പണ്ഡിതനും ശിഷ്യവത്സലനുമായ ഒരു ആചാര്യനോട്, സത്യസന്ധതയും ആത്മാർത്ഥതയും നയചതുരതയുമുള്ള ഒരു മഹാ
നേതാവിനോട് ഉള്ള ആദരവും സ്നേഹവുമാണ് മുസ്ലിംകൾക്കദ്ദേഹത്തോടുള്ളത്. സർവ്വലോകസഷ്ടാവും നാഥനുമായ അല്ലാഹു ഏകൻ മാത്രമാണ് ആരാധ്യൻ. മറ്റെല്ലാ സൃഷ്ടികളെയും പോലെ മുഹമ്മദ് നബി (സ) യും ആ അല്ലാഹുവിന്റെ ദാസനാണ്.