Sunday, May 12, 2024
Homeപ്രവാചകൻആറാം നൂറ്റാണ്ടിലെ മതം!

ആറാം നൂറ്റാണ്ടിലെ മതം!

ചോദ്യം- “പതിനാലു നൂറ്റാണ്ടിനകം ലോകം വിവരിക്കാനാവാത്ത വിധം മാറി. പുരോഗതിയുടെ പാരമ്യതയിലെത്തിയ ആധുനിക പരിഷ്കൃതയുഗത്തിൽ ആറാം നൂറ്റാണ്ടിലെ മതവുമായി നടക്കുന്നത് വിഡ്ഢിത്തമല്ലേ?”

ഉത്തരം- കാലം മാറിയിട്ടുണ്ട്, ശരിയാണ്. ലോകത്തിന്റെ കോലവും മാറിയിരിക്കുന്നു. മനുഷ്യനിന്ന് വളരെയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ശാസ്ത്രം വിവരണാതീതമാം വിധം വളർന്നു. സാങ്കേതികവിദ്യ സമൃദ്ധമായി. വിജ്ഞാനം വമ്പിച്ച വികാസം നേടി. ജീവിതസൗകര്യങ്ങൾ സീമാതീതമായി വർധിച്ചു. നാഗരികത നിർണായക നേട്ടങ്ങൾ കൈവരിച്ചു. ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടു. എന്നാൽ മനുഷ്യനിൽ ഇവയെല്ലാം എന്തെങ്കിലും മൗലികമായ മാറ്റം വരുത്തിയിട്ടുണ്ടോ? വിചാരവികാരങ്ങളെയും ആചാരക്രമങ്ങളെയും ആരാധനാരീതികളെയും പെരുമാറ്റ സമ്പ്രദായങ്ങളെയും സ്വഭാവ സമീപനങ്ങളെയും അൽപമെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ? ഇല്ലെന്നതല്ലേ സത്യം? സഹസ്രാബ്ദങ്ങൾക്കപ്പുറം അന്ധവിശ്വാസങ്ങൾ സമൂഹത്തെ അടക്കിഭരിച്ചിരുന്നു. സമകാലീന സമൂഹത്തിലെ സ്ഥിതിയും അതുതന്നെ. അന്നത്തെപ്പോലെ ഇന്നും മനുഷ്യൻ അചേതന വസ്തുക്കളെ ആരാധിക്കുന്നു. ചതിയും വഞ്ചനയും കളവും കൊള്ളയും പഴയതുപോലെ തുടരുന്നു. മദ്യം മോന്തിക്കുടിക്കുന്നതിൽ പോലും മാറ്റമില്ല. ലൈംഗിക അരാജകത്വത്തിന്റെ അവസ്ഥയും അതുതന്നെ. എന്തിനേറെ, ആറാം നൂറ്റാണ്ടിലെ ചില അറേബ്യൻ ഗോത്രങ്ങൾ ചെയ്തിരുന്നതുപോലെ പെൺകുഞ്ഞുങ്ങളെ ആധുനിക മനുഷ്യനും ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് ഒന്നും രണ്ടുമൊക്കെയായിരുന്നുവെങ്കിൽ ഇന്ന് ലക്ഷങ്ങളും കോടികളുമാണെന്നു മാത്രം. വൈദ്യവിദ്യയിലെ വൈദഗ്ധ്യം അത് അനായാസകരമാക്കുകയും ചെയ്തിരിക്കുന്നു. നാം കിരാതമെന്ന് കുറ്റപ്പെടുത്തുന്ന കാലത്ത് സംഭവിച്ചിരുന്നപോലെ തന്നെ ഇന്നും മനുഷ്യൻ തന്റെ സഹജീവിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് കൂർത്തുമൂർത്ത കല്ലായിരുന്നു കൊലയ്ക്ക് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് വൻ വിസ്ഫോടന ശേഷിയുള്ള ബോംബാണെന്നു മാത്രം. അതിനാൽ കൊല ഗണ്യമായി വർധിച്ചിരിക്കുന്നു. ചുരുക്കത്തിൽ, ലോകത്തുണ്ടായ മാറ്റമൊക്കെയും തീർത്തും ബാഹ്യമത്രെ. അകം അന്നും ഇന്നും ഒന്നുതന്നെ. മനുഷ്യന്റെ മനമൊട്ടും മാറിയിട്ടില്ല. അതിനാൽ മൗലികമായൊരു മാറ്റവും സംഭവിച്ചിട്ടില്ല. പിന്നിട്ട നൂറ്റാണ്ടുകളിലെ പുരുഷാന്തരങ്ങളിൽ മനംമാറ്റവും അതുവഴി ജീവിത പരിവർത്തനവും സൃഷ്ടിച്ച ആദർശവിശ്വാസങ്ങൾക്കും മൂല്യബോധത്തിനും മാത്രമേ ഇന്നും അതുണ്ടാക്കാൻ സാധിക്കുകയുള്ളൂ. ആറാം നൂറ്റാണ്ടിലെ മാനവമനസ്സിന് സമാധാനവും ജീവിതത്തിന് വിശുദ്ധിയും കുടുംബത്തിന് സൈ്വരവും സമൂഹത്തിന് സുരക്ഷയും രാഷ്ട്രത്തിന് ഭദ്രതയും നൽകിയ ദൈവികജീവിതവ്യവസ്ഥക്ക് ഇന്നും അതിനൊക്കെയുള്ള കരുത്തും പ്രാപ്തിയുമുണ്ട്. പ്രയോഗവൽക്കരണത്തിനനുസൃതമായി അതിന്റെ സമകാലിക പ്രസക്തിയും പ്രാധാന്യവും സദ്ഫലങ്ങളും പ്രകടമാകും; പ്രകടമായിട്ടുണ്ട്; പ്രകടമാകുന്നുമുണ്ട്. വിശുദ്ധ ഖുർആനും പ്രവാചകചര്യയും സമർപ്പിക്കുന്ന സമഗ്ര ജീവിതവ്യവസ്ഥയിൽ ഒരംശം പോലും ആധുനിക ലോകത്തിന് അപ്രായോഗികമോ അനുചിതമോ ആയി ഇല്ലെന്നതാണ് വസ്തുത. എന്നല്ല; അതിന്റെ പ്രയോഗവൽക്കരണത്തിലൂടെ മാത്രമേ മാനവരാശി ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും പൂർണമായും പരിഹരിക്കപ്പെടുകയുള്ളൂ.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!