ചോദ്യം: ആരെയാണ് ആലു ബൈത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
മറുപടി: آل النبي – പ്രവാചക കുടുംബം ആരാണെന്ന കാര്യത്തിൽ പണ്ഡിതർക്കിടയിൽ നാല് അഭിപ്രായമാണുള്ളത്.
ഒന്ന്: സ്വദഖ നൽകൽ നിഷിദ്ധമാക്കപ്പെട്ടവരെയാണ് ആലു ബൈത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അഥവാ അവർക്ക് സ്വദഖ നൽകാൻ പാടില്ല. ഇതിൽ മൂന്ന് അഭിപ്രായമുണ്ട്. ഒന്ന്, അവർ ബനൂഹാശിം, ബനൂ മുത്വലിബ് ഗോത്രങ്ങളാണ്. ഇത് ഇമാം ശാഫഈയുടെയും ഇമാം അഹ്മദിൽ നിന്നുള്ള ഒരു റിപ്പോർട്ട് പ്രകാരമുള്ള അഭിപ്രായമാണ്. രണ്ട്, അവർ ബനൂഹാശിം ഗോത്രം മാത്രമാണ്. ഇത് ഇമാം അബൂ ഹനീഫയുടെയും ഇമാം അഹമ്ദിൽ നിന്നുള്ള രണ്ടാമത്തെ റിപ്പോർട്ട് പ്രകാരമുള്ള അഭിപ്രായമാണ്. മൂന്ന്, ബനൂ ഹാശിമും അവർക്ക് മുകളിലെ ഗാലിബ് ഗോത്രം വരെയുമാണ്. അതിൽ ബനൂ മുത്വലിബ്, ബനൂ ഉമയ്യ, ബനൂ നൗഫൽ, അവർക്ക് മുകളിൽ ബനൂ ഗാലിബ് വരെയുള്ള ഗോത്രങ്ങൾ ഉൾപ്പെടുന്നു. മാലിക്കീ മദ്ഹബുകാരനായ അശ്ഹബിന്റെ അഭിപ്രായമാണിത്.
Also read: ഉറക്കത്തിൽ നമസ്കാരം നഷ്ടപ്പെട്ടവൻ ഏതാണ് ആദ്യം നമസ്കരിക്കേണ്ടത്?
രണ്ട്: ആലു ബൈത്തെന്നത് പ്രവാചകന്റെ സന്താനങ്ങളും പത്നിമാരും മാത്രമാണ്. അത് ഇബ്നു അബ്ദിൽ ബർറ് അത്തംഹീദിൽ ഉദ്ധരിക്കുന്നു.
മൂന്ന്: ഖിയാമത്ത് നാളുവരെ പ്രവാചകനെ പിൻപറ്റുന്നവരെയാണ് ആലു ബൈത്ത് എന്ന് വിളിക്കുന്നത്. ഇബ്നു അബ്ദിൽ ബർറ് ചില പണ്ഡിതന്മാരിൽ നിന്ന് അത് ഉദ്ധരിക്കുന്നുണ്ട്. ചില ശാഫിഈ മദ്ഹബുകാരുടെയും, ആധുനികരായ പണ്ഡിതന്മാരുടെയും അഭിപ്രായമാണിത്.
നാല്: പ്രവാചകന്റെ സമുദായത്തിലെ തഖ്‌വ-സൂക്ഷമത കൈകൊള്ളുന്നവരാണ് ആലു ബൈത്ത്. ഖാദി ഹുസൈനും, റാഗിബും, ഒരു വിഭാഗം പണ്ഡിതന്മാരും അത് ഉദ്ധരിക്കുന്നു. ഇബ്നുൽ ഖയ്യിമിന്റെ ജലാഉൽ അഫ്ഹാമിനെ തൊട്ട് അസ്സഫാരീനി റിപ്പോർട്ട് ചെയ്യുന്നത് ഈ അഭിപ്രായമാണ്.
അവലംബം: islamonline.net