Saturday, April 20, 2024
Homeപ്രവാചകൻഎന്തുകൊണ്ട് സ്ത്രീപ്രവാചകന്മാരില്ല?

എന്തുകൊണ്ട് സ്ത്രീപ്രവാചകന്മാരില്ല?

ചോദ്യം- ”ദൈവത്തിങ്കൽ ലിംഗവിവേചനമില്ലെങ്കിൽ എന്തുകൊണ്ട് സ്ത്രീ പ്രവാചകന്മാരെ നിയോഗിച്ചില്ല?”

ഉത്തരം-  ദൈവിക ജീവിതവ്യവസ്ഥ സമൂഹത്തിന് സമർപ്പിക്കലും അതിന് കർമപരമായ സാക്ഷ്യം വഹിക്കലും പ്രായോഗിക മാതൃക കാണിച്ചുകൊടുക്കലുമാണല്ലോ പ്രവാചകൻമാരുടെ പ്രധാന ദൗത്യം. അതിനാൽ ആരാധനാകാര്യങ്ങളിലും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, ഭരണരംഗങ്ങളിലും യുദ്ധം, സന്ധി പോലുള്ളവയിലും സമൂഹത്തിന് അവർ മാതൃകയാവേണ്ടതുണ്ട്. മാസത്തിൽ ഏതാനും ദിവസം ആരാധനാകർമങ്ങൾക്ക് നേതൃത്വം നൽകാനും ഗർഭധാരണം, പ്രസവം പോലുള്ള ഘട്ടങ്ങളിൽ നായകത്വപരമായ പങ്കുവഹിക്കാനും സ്ത്രീകൾക്ക് സാധ്യമാവാതെ വരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിന് സദാ സകല മേഖലകളിലും നേതൃത്വം നൽകേണ്ട പ്രവാചകത്വബാധ്യതയിൽനിന്ന് സ്ത്രീകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എങ്കിലും മൂസാനബിയുടെ മാതാവ് സ്വന്തം ജീവിതത്തിൽ പകർത്തേണ്ട നിർദേശങ്ങൾ ദൈവത്തിൽനിന്ന് നേരിട്ട് സ്വീകരിച്ചതായി വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. അല്ലാഹു അറിയിക്കുന്നു: ”നാം മൂസായുടെ മാതാവിനു ബോധനം നൽകി. അവനെ മുലയൂട്ടിക്കൊള്ളുക. അവന്റെ ജീവനിൽ ആശങ്കയുണ്ടായാൽ അവനെ നദിയിലെറിയുക. ഒന്നും ഭയപ്പെടേണ്ടതില്ല. ഒട്ടും ദുഃഖിക്കേണ്ടതില്ല. നാം അവനെ നിന്റെ അടുക്കലേക്കുതന്നെ തിരികെ കൊണ്ടുവരുന്നതാകുന്നു. അവനെ ദൈവദൂതന്മാരിലുൾപ്പെടുത്തുകയും ചെയ്യും”(28: 7).

Also read: കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭധാരണം?

പ്രവാചകൻമാർക്ക് ലഭിക്കും വിധം യേശുവിന്റെ മാതാവ് മർയമിന് മലക്കിൽനിന്ന് സന്ദേശം ലഭിച്ചതായും ഖുർആൻ പ്രസ്താവിക്കുന്നു: ”അങ്ങനെ മർയം ആ കുഞ്ഞിനെ ഗർഭം ധരിച്ചു. ഗർഭവുമായി അവൾ അകലെയുള്ള ഒരു സ്ഥലത്ത് ചെന്നെത്തി. പിന്നെ പ്രസവവേദന അവളെ ഒരു ഈന്തപ്പനയുടെ ചുവട്ടിലെത്തിച്ചു. അവൾ കേണുകൊണ്ടിരുന്നു. ഹാ കഷ്ടം! ഇതിനു മുമ്പുതന്നെ ഞാൻ മരിക്കുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കിൽ! അപ്പോൾ താഴെനിന്ന് മലക്ക് അവളെ വിളിച്ചറിയിച്ചു. വ്യസനിക്കാതിരിക്കുക! നിന്റെ നാഥൻ നിനക്കു താഴെ ഒരു അരുവി ഒഴുക്കിയിരിക്കുന്നു. നീ ആ ഈന്തപ്പനയുടെ തടിയൊന്നു കുലുക്കി നോക്കുക. അതു നിനക്ക് പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരും. അതു തിന്നുകയും കുടിക്കുകയും കൺകുളിർക്കുകയും ചെയ്തുകൊള്ളുക. പിന്നെ, വല്ല മനുഷ്യരെയും കാണുകയാണെങ്കിൽ അവരോടു പറഞ്ഞേക്കുക: ഞാൻ കാരുണികനായ ദൈവത്തിനുവേണ്ടി വ്രതം നേർന്നിരിക്കുകയാണ്. അതിനാൽ ഞാനിന്ന് ആരോടും സംസാരിക്കുന്നതല്ല”(19: 22-26).

Also read: സ്വപ്ന വ്യാഖ്യാനവും ജോത്സ്യവും ഒന്നുതന്നെയോ?

പ്രകൃതിപരമായ കാരണങ്ങളാൽ സ്ത്രീകൾ പ്രവാചകരായി നിയോഗിതരായിട്ടില്ലെങ്കിലും പ്രവാചകന്മാർക്കെന്നപോലെ അവർക്കും ദിവ്യബോധനം ലഭിച്ചിരുന്നതായി ഈ വേദവാക്യങ്ങൾ വ്യക്തമാക്കുന്നു.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!