ചോദ്യം- “നബിതിരുമേനി ദൈവത്തിന്റെ അന്ത്യദൂതനായതെന്തുകൊണ്ട്? ദൈവത്തിന്റെ മാർഗദർശനം ഇന്നും ആവശ്യമല്ലേ? എങ്കിൽ എന്തുകൊണ്ടിപ്പോൾ ദൈവദൂതന്മാരുണ്ടാകുന്നില്ല?”
ഉത്തരം- മനുഷ്യരുടെ മാർഗദർശനമാണല്ലോ ദൈവദൂതന്മാരുടെ നിയോഗലക്ഷ്യം. മുഹമ്മദ് നബിക്കു മുമ്പുള്ള പ്രവാചകന്മാരിലൂടെ അവതീർണമായ ദൈവികസന്ദേശം ചില പ്രത്യേക കാലക്കാർക്കും ദേശക്കാർക്കും മാത്രമുള്ളവയായിരുന്നു. ലോകവ്യാപകമായി ആ സന്ദേശങ്ങളുടെ പ്രചാരണവും അവയുടെ ഭദ്രമായ സംരക്ഷണവും സാധ്യമായിരുന്നില്ലെന്നതാവാം ഇതിനു കാരണം. ഏതായാലും അവരിലൂടെ ലഭ്യമായ ദൈവികസന്ദേശം മനുഷ്യ ഇടപെടലുകളിൽനിന്ന് തീർത്തും മുക്തമായ നിലയിൽ ലോകത്തിന്ന് എവിടെയുമില്ല. എന്നാൽ പതിനാലു നൂറ്റാണ്ടിനപ്പുറം മുഹമ്മദ് നബിതിരുമേനിയിലൂടെ അവതീർണമായ ഖുർആൻ മുഴുവൻ മനുഷ്യർക്കും മാർഗദർശനമേകാൻ പര്യാപ്തമത്രെ. അന്നത് ലോകമെങ്ങും എത്താൻ സൗകര്യപ്പെടുമാറ് മനുഷ്യനാഗരികത വളർന്നു വികസിച്ചിരുന്നു. പ്രവാചക നിയോഗാനന്തരം ഏറെക്കാലം കഴിയുംമുമ്പേ അന്നത്തെ അറിയപ്പെട്ടിരുന്ന നാടുകളിലെങ്ങും ഖുർആന്റെ സന്ദേശം ചെന്നെത്തുകയും പ്രചരിക്കുകയും ചെയ്തു. ഖുർആൻ മനുഷ്യരുടെ എല്ലാവിധ ഇടപെടലുകളിൽനിന്നും കൂട്ടിച്ചേർക്കലുകളിൽനിന്നും വെട്ടിച്ചുരുക്കലുകളിൽനിന്നും മുക്തമായി തനതായ നിലയിൽ ഇന്നും നിലനിൽക്കുന്നു. ലോകാവസാനം വരെ അത് അവ്വിധം സുരക്ഷിതമായി ശേഷിക്കും. ദൈവികമായ ഇൗ ഗ്രന്ഥത്തിൽ ഒരക്ഷരം പോലും മാറ്റത്തിന് വിധേയമായിട്ടില്ല. അതിന്റെ സൂക്ഷ്മമായ സംരക്ഷണം ദൈവംതന്നെ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. അവൻ വാഗ്ദാനം ചെയ്യുന്നു: “”ഇൗ ഖുർആൻ നാം തന്നെ അവതരിപ്പിച്ചതാണ്. നാം തന്നെയാണതിന്റെ സംരക്ഷകനും”(15: 9).
മനുഷ്യരാശിക്കായി നൽകപ്പെട്ട ദൈവികമാർഗദർശനം വിശുദ്ധഖുർആനിലും അതിന്റെ വ്യാഖ്യാനവിശദീകരണമായ പ്രവാചകചര്യയിലും ഭദ്രമായും സൂക്ഷ്മമായും നിലനിൽക്കുന്നതിനാൽ പുതിയ മാർഗദർശനത്തിന്റെയോ പ്രവാചകന്റെയോ ആവശ്യമില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ പതിനാലുനൂറ്റാണ്ടിൽ പുതിയ വേദഗ്രന്ഥമോ ദൈവദൂതനോ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഇക്കാര്യം ഖുർആൻതന്നെ ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. “”ജനങ്ങളേ, മുഹമ്മദ് നബി നിങ്ങളിലുള്ള പുരുഷന്മാരിലാരുടെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരിൽ അവസാനത്തെയാളുമാകുന്നു. അല്ലാഹു സർവസംഗതികളും അറിയുന്നവനല്ലോ”(32: 40).