Thursday, July 18, 2024
HomeQ&Aക്രമം തെറ്റിയ ആ‌‍ർത്തവം- ഞാനെന്തു ചെയ്യണം

ക്രമം തെറ്റിയ ആ‌‍ർത്തവം- ഞാനെന്തു ചെയ്യണം

ചോദ്യം – എനിക്കിപ്പോൾ കഴിഞ്ഞ മൂന്ന് മാസമായി ആർത്തവം അഞ്ച് ദിവസമായാൽ നിലക്കുകയും വീണ്ടും പതിമൂന്നാം ദിവസം (ഒരു ദിവസം ) രക്തം കാണുന്നുമുണ്ട്. അപ്പോൾ അതിന്റെ ഇടക്കുള്ള ദിവസം ശുദ്ധിയിൽ പെടുമോ?

ഉത്തരം- ആര്‍ത്തവം ഓരോ സ്ത്രീയിലും വ്യത്യസ്ഥമായ രീതിയിലാണ്. ആര്‍ത്തവം തുടങ്ങി കുറച്ച് കാലങ്ങള്‍ക്ക് ശേഷമാണ് അത് കൃത്യമായ ഒരു ചക്രത്തില്‍ എത്തിച്ചേരുക. പ്രായം, ജീവിതശൈലി, ഭക്ഷണക്രമം, മരുന്നുകള്‍ എന്നിവയൊക്കെ ഈ സൈക്കിളില്‍ വ്യത്യാസം വരുത്തലും സ്വാഭാവികമാണ്. എന്നാലും ഒരു സ്ത്രീക്ക് തന്‍റെ മെന്‍സ്ട്രല്‍ സൈക്കിള്‍ (ആര്‍ത്തവ ചക്രം) എന്താണ് എന്ന് കൃത്യമായി അറിയാനും കണക്കാക്കാനും കഴിയും.

ഏറ്റവും ചുരുങ്ങിയത് ഒരു ദിവസവും പരമാവധി 15 ദിവസവുമാണ് ആര്‍ത്തവം എന്നാണ് ആരോഗ്യമേഖലയും കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും പറയുന്നത്. സാധാരണഗതിയില്‍ അത് 7 ദിവസമാണ്. അപ്പോള്‍ പരമാവധി ഒരു സ്ത്രീക്ക് കണക്കാക്കാന്‍ കഴിയുക 15 ദിവസത്തെ ആര്‍ത്തവചക്രമാണ്. ഒരു സ്ത്രീക്ക് 7 ദിവസമാണ് സാധാരണ ഉള്ളതെങ്കില്‍, ഏതെങ്കിലും മാസം കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്നുവെങ്കില്‍ അത് ചികില്‍സ ആവശ്യമുള്ള രോഗമാണ്. കര്‍മ്മശാസ്ത്രഭാഷയില്‍ ഇസ്തിഹാദ ( استحاضة ) എന്നാണ് അതിന് പറയുന്നത്.

ഓരോ സ്ത്രീയും അവരുടെ ആര്‍ത്തവകാലത്ത് നമസ്കാരവും നോമ്പും ഒഴിവാക്കുകയും (നഷ്ടപ്പെടുന്ന നോമ്പ് പിന്നീട് നോറ്റുവീട്ടണം, നമസ്കാരം വീട്ടേണ്ടതില്ല), ഇസ്തിഹാദ കാലത്ത് പാഡുകള്‍ ഉപയോഗിച്ചുകൊണ്ട് നമസ്കരിക്കുകയും ചെയ്യുക. നോമ്പെടുക്കുന്നതിനോ, ലൈംഗികബന്ധത്തിനോ അത് തടസ്സവുമല്ല.

അവര്‍ക്ക് സൌകര്യപ്രദമായ ഒരു നമസ്കാരക്രമം താഴെ പറയാം. രണ്ട് നമസ്കാരങ്ങള്‍ ഒരു സമയത്ത് നമസ്കരിക്കുക. ഉദാഹരണത്തിന് ദുഹര്‍ നമസ്കാരം അതിന്‍റെ അവസാനസമയത്തേക്ക് നീട്ടിവെക്കുകയും അസ്വര്‍ ബാങ്കിന് തൊട്ടുമുമ്പായി ദുഹര്‍ നമസ്കരിക്കുകയും അസ്വര്‍ ബാങ്ക് വിളിച്ചാലുടന്‍ അസ്വര്‍ നമസ്കരിക്കുയയും ചെയ്യുക. മഗ് രിബും ഇശായും അതുപോലെ ചെയ്യുക. ഇസ്തിഹാദ കാലത്ത് നോമ്പ് എടുക്കാവുന്നതാണ്. ആ നോമ്പുകള്‍ പിന്നീട് വീട്ടേണ്ടതോ മുദ്ദ് നല്‍കേണ്ടതോ ഇല്ല.

ചോദ്യത്തില്‍ പറഞ്ഞതുപോലെ, 5 ദിവസം അശുദ്ധിയില്‍ കഴിഞ്ഞ ശേഷം ശുദ്ധിയാവുകയും പിന്നെ ഇടക്കൊരു ദിവസം രക്തം കാണുകയും ചെയ്യുന്നുവെങ്കില്‍, അതിന് രണ്ട് നിലപാടുകളാണ് കര്‍മ്മശാസ്ത്രപണ്ഡിതര്‍ മുന്നോട്ട് വെക്കുന്നത്.

ഒന്ന്: സഹ്ബ് (السحب): അശുദ്ധി ആയത് മുതല്‍ പൂര്‍ണ്ണമായി ശുദ്ധിയാവുന്നതുവരെ, പരമാവധി 15 ദിവസം വരെ, ഇടക്കുള്ള ശുദ്ധി ദിവസങ്ങളോടൊപ്പം അശുദ്ധിയായി തന്നെ കണക്കാക്കുക.

രണ്ട്: തല്‍ഫീഖ് (التلفيق): സാധാരണഗതിയില്‍ തനിക്ക് വന്നിരുന്ന ആര്‍ത്തവചക്രം പരിഗണിച്ച് ശുദ്ധി കണക്കാക്കുക. ശുദ്ധമാവുന്ന ദിവസങ്ങള്‍ ശുദ്ധിയായി പരിഗണിക്കുക. നമസ്കാരം നോമ്പ് തുടങ്ങിയ ആരാധനകള്‍ സാധാരണപോലെ നിര്‍വഹിക്കുക. പിന്നെ, എപ്പോഴാണോ എത്ര ദിവസമാണോ അശുദ്ധി കാണുന്നത്, ആ ദിവസങ്ങള്‍, പരമാവധി 15 ദിവസം വരെ, അശുദ്ധമായി കണക്കാകുകയും നോമ്പ്നമസ്കാരങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. 15 ദിവസത്തില്‍ കൂടുതല്‍ ആണെങ്കില്‍ അതിനെ ഇസ്തിഹാദ ആയി പരിഗണിക്കുക.

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.

Recent Posts

Related Posts

error: Content is protected !!