Friday, March 22, 2024
HomeQ&Aആല്‍ക്കഹോള്‍ ചേര്‍ത്തിട്ടുള്ള സ്പ്രേ ഉപയോഗിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി

ആല്‍ക്കഹോള്‍ ചേര്‍ത്തിട്ടുള്ള സ്പ്രേ ഉപയോഗിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി

ചോദ്യം – ആല്‍ക്കഹോള്‍ ചേര്‍ത്തിട്ടുള്ള സ്പ്രേ ഉപയോഗിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി എന്താണ്?

ഉത്തരം – സുഗന്ധതൈലങ്ങളെ (ഓയിലിനെ) അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ ഉപയോഗിക്കാന്‍ സാമ്പത്തികമായി വലിയ ചെലവുള്ളതാണ്. അതിനെ ഡയല്യൂട്ട് ചെയ്തിട്ടാണ് ഉപയോഗിക്കുക. അതിനു വേണ്ടി സോള്‍വെന്‍റ് ആയി ഉപയോഗിക്കുന്ന ലയനിയാണ് ആല്‍ക്കഹോള്‍. ആല്‍ക്കഹോൾ കൂടുതലും സുഗന്ധതൈലം കുറവുമാണ് സ്പ്രേകളുടെ അനുപാതം.

ആല്‍ക്കഹോളിന്‍റെ പല വകഭേദങ്ങളില്‍ എഥനോള്‍ അഥവാ ഈഥൈല്‍ ആല്‍ക്കഹോളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആല്‍ക്കഹോളിന്‍റെ ഏറ്റവും ഗുണമേന്‍മയുള്ള 99.999 ഗ്രേഡ് ആണ് പെര്‍ഫ്യൂമുകളില്‍ ഉപയോഗിക്കുന്നത്. മനുഷ്യന്‍ ലഹരിക്കായി ഉപയോഗിക്കുന്നതും എഥനോള്‍ ആണെങ്കിലും സ്പ്രേ നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുന്ന എഥനോള്‍ ലഹരിക്കായി കുടിക്കാന്‍ പറ്റാത്തതാണ്. ഈഥൈല്‍ ആല്‍ക്കഹോളിന്‍റെ അടിസ്ഥാനഗുണമായ ലഹരി അതില്‍ നിന്ന് ഒഴിവാക്കിയിട്ടാണ് സുഗന്ധദ്രവ്യങ്ങളില്‍ അത് ഉപയോഗിക്കുന്നത്. ഡീനാച്ചുവേര്‍ഡ് ഈഥൈല്‍ എന്നാണ് ഇതിനെ വിളിക്കുക. ആല്‍ക്കഹോളിന്‍റെ അടിസ്ഥാന പ്രകൃതിയായ “പെട്ടെന്ന് ബാഷ്പീകരിച്ചു പോകുന്നു” എന്ന ഗുണമാണ് അതിനെ സ്പ്രേകളില്‍ ഉപയോഗിക്കാന്‍ കാരണം. ഡീനാചുവേര്‍ഡ് ആകുന്നതോടെ ലഹരിയില്ലാത്ത ആല്‍ക്കഹോള്‍ വെറുമൊരു ബാഷ്പീകരണ ഏജന്‍റ് മാത്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ അത് ഹറാമിന്‍റെ ഗണത്തില്‍ പെടുകയില്ല എന്ന അഭിപ്രായമാണ് ഒരു കൂട്ടം പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നത്. അതാണ് ഈ കുറിപ്പുകാരന്‍ മുന്‍തൂക്കം നല്‍കുന്നതും.

മദ്യം സ്വയം തന്നെ നജസ് ആണോ എന്നൊരു ചര്‍ച്ച ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഉണ്ട്. അത് സ്വയം നജസ് അല്ല, വസ്ത്രത്തില്‍ ആയാല്‍ പ്രത്യേകം ശുദ്ധീകരണം ആവശ്യമില്ല എന്നാണ് ഒരു വീക്ഷണം. മദ്യം സേവിക്കുന്നതാണ് ഹറാം; അതിന്‍റെ ലഹരിയാണ് അതിലെ ഹറാം എന്നാണ് ആ വീക്ഷണത്തിന്‍റെ അടിസ്ഥാനം.

ഹലാല്‍ പെര്‍ഫ്യൂം എന്ന പേരില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ സ്പ്രേകളില്‍ ബാഷ്പീരണ ഏജന്റായി ജലമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ജലത്തിന് ആല്‍ക്കഹോളിന്‍റെ അത്ര ബാഷ്പീകരണ ശക്തി ഇല്ല. അതിനാല്‍ തന്നെ സ്പ്രേയുടെ ക്വാളിറ്റി താരതമ്യേന കുറവായിരിക്കും.

ചുരുക്കത്തില്‍ സൂക്ഷ്മതയുടെ ഭാഗമായി, മാര്‍ക്കറ്റില്‍ ലഭ്യമായ ഹലാല്‍ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുകയും ക്വാളിറ്റിയില്‍ അല്‍പം വിട്ടുവീഴ്ച ചെയ്യുന്നതാണ് ആല്‍ക്കഹോള്‍ ബേസിലുള്ള സ്പ്രേ ഉപയോഗിക്കുന്നതിനെക്കാള്‍ ഉത്തമം. എന്നാല്‍ നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ആല്‍ക്കഹോള്‍ ബേസ്ഡ് സ്പ്രേകള്‍ ഉപയോഗിക്കുന്നത് ഹറാമല്ല താനും.

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.

Recent Posts

Related Posts

error: Content is protected !!