ചോദ്യം: ഭർത്താവിന്റെ അറിവോ സമ്മതമോ കൂടാതെ ഭാര്യ ശരിക്കു ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത എട്ടൊമ്പതുമാസം മാത്രം പ്രായമായ ശിശുവിന്റെ മുലകുടി നിർത്തുന്നു. ഇതിന്റെ ശറഈ നിലപാടെന്താണ്?
ഉത്തരം: ശിശുക്കളുടെ മുലകുടി രണ്ടുവർഷമാണെന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. പൂർണമായ രീതിയിൽ ശിശുക്കളെ മുലയൂട്ടാൻ ഉദ്ദേശിക്കുന്നവരോട് മാതാക്കൾ അവരുടെ ശിശുക്കൾക്ക് രണ്ടുവർഷം തികച്ചും മുലയൂട്ടേണ്ടതാണ് എന്നു ഖുർആൻ നിർദേശമുണ്ട്. സൗകര്യമി ല്ലെങ്കിൽ വേണ്ടെന്നു വയ്ക്കാവുന്ന ഒരു ശുപാർശ മാത്രമാണിത്. എങ്കിലും പുരുഷനോ സ്ത്രീയോ ഏകപക്ഷീയമായി ശിശുവിന്റെ മുലകുടി മാറ്റാൻ പാടുള്ളതല്ല. (മാതാപിതാക്കൾ കൂടിയാലോചിച്ചും പരസ്പരം തൃപ്തിപ്പെട്ടും കുട്ടിയുടെ മുലകുടി മാറ്റാനുദ്ദേശിക്കുന്നുവെങ്കിൽ അവർക്ക് കുറ്റമില്ല) എന്നാണ് അതു സംബന്ധിച്ചു ഖുർആൻ അനുശാസിക്കുന്നത്. സാധാരണ ദമ്പതികൾക്കും മുലകുടിക്കുന്ന കുട്ടികളുള്ള അവസരത്തിൽ വിവാഹമോചിതരായ മാതാപിതാക്കൾക്കും ബാധകമാണ് ഈ നിയമം. അതുകൊണ്ട് നിശ്ചിത അവധിക്കുമുമ്പ് കുട്ടിയുടെ മുലകുടി നിർത്തുന്ന മാതാക്കൾ അക്കാര്യം പിതാക്കൻമാരെ അറിയിച്ച് സമ്മതം നേടേണ്ടതാണ്. മാതാവ് ഇഷ്ടപ്പെടുന്നില്ലെങ്കിൽ മാറ്റണമെന്നോ മാറ്റരുതെന്നോ നിർബന്ധിക്കുവാൻ പിതാവിനും അവകാശമില്ല. മാതാപിതാക്കളുടെയും ശിശുവിന്റെയും താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഇരുകൂട്ടരും യോജിച്ചു തീരുമാനമെടുക്കേണ്ടത്. ഈ വിഷയത്തിൽ, വിവാഹമോചിതരായാലും അല്ലാത്തവരായാലും മാതാപിതാക്കൾ വാശിപിടിച്ച് പരസ്പരം ബുദ്ധിമുട്ടിക്കുകയോ കഴിവിന്നതീതമായത് ചെയ്യാൻ കൽപിക്കുകയോ ചെയ്യരുതെന്ന് ഖുർആൻ കൽപിച്ചിട്ടുണ്ട്.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5