ചോദ്യം- റുഖ്സ്വയും അസീമയും (الرخص والعزائم) കൊണ്ടുള്ള ഉദ്ദേശ്യമെന്താണ് ?
ഉത്തരം – ഇസ്ലാം ഫ്ലെക്സിബിളാണ്. ഏത് സാഹചര്യത്തിലേക്കും പറ്റിയ ജീവിത വ്യവസ്ഥ . ഇസ്ലാമിന്റെ ഈ ഇലാസ്തികതയാണ് അതിനെ ഏത് കാലത്തേക്കും ഫിറ്റും ആപ്റ്റുമാക്കുന്നത്. യാത്രയിൽ 4 റക്അത്തുള്ള നമസ്കാരങ്ങൾ രണ്ടാക്കി ചുരുക്കുന്നതും രണ്ടു നേരത്തെ നമസ്കാരങ്ങൾ ഒരു നേരത്ത് നിർവഹിക്കുന്നതുമെല്ലാം ഇസ്ലാം നല്കുന്ന റുഖ്സ്വ / ഇളവുകളാണ്. നിർദ്ദേശിക്കപ്പെട്ടവ ആ അളവിലും സമയത്തും നിർവ്വഹിക്കലാണ് അസീമ: .
ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നമസ്കാരം. ഈ ആരാധന സ്വഹീഹാകുന്നതിനുള്ള ശര്‍ത്വുകളില്‍ ഒന്നാണ് വുദൂ ഉണ്ടായിരിക്കുക എന്നത്. വുദൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പൂര്‍ണമായ വുദൂഅ് എടുക്കുന്നതില്‍ ചില റുഖ്സ്വ(വിട്ടുവീഴ്ച)കള്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു റുഖ്സ്വയാണ് രണ്ട് കാലുകള്‍ ഞെരിയാണി വരെ കഴകുന്നതിന് പകരം ഖുഫ്ഫ(കാലുറ)യുടെ മേല്‍ തടവിയാല്‍ മതി എന്നത്. നിന്നു നമസ്കരിക്കാനുള്ള ശേഷിയില്ലെങ്കിൽ ഇരുന്നും അതിനും കഴിയില്ലെങ്കിൽ കിടന്നും നമസ്കരിക്കാമെന്നുമുള്ളത് ആ ഫ്ലെക്സിബ്ളിറ്റിയുടെ ഭാഗമാണ്. രോഗമായത് കൊണ്ടോ വെള്ളം ലഭ്യമല്ലാത്തത് കൊണ്ടോ തയമ്മും മതി എന്ന് പറയുന്നതും ഇത്തരത്തിലുള്ള ഇളവ് ആണ് . രോഗിക്ക് നോമ്പ് വേണ്ട , പകരം ഓരോ നോമ്പിനും ഒരഗതിക്ക് ഭക്ഷണം നല്കിയാൽ മതി. യാത്രക്കാരൻ നോമ്പ് മറ്റു ദിവസങ്ങളിൽ പിടിച്ചു വീട്ടിയാൽ മതി. സകാത്തും ഹജ്ജും സാമ്പത്തിക ഭദ്രതയുള്ളവർക്കേ ബാധകമാവൂ എന്നിങ്ങനെ നീളുന്നു ആ ഇളവുകൾ. ചില ഇളവുകൾ സ്വീകരിക്കൽ നിർബന്ധമാവുമെന്നാണ് പണ്ഡിതർ പഠിപ്പിക്കുന്നത്.
ഉദാ: പട്ടിണിയുടെ രൂക്ഷതയിൽ കിട്ടിയ പന്നിമാംസം ആ പട്ടിണിക്കാരന് നിഷിദ്ധമല്ല എന്നത് .
യാത്രയിലായാലും രോഗ/ ശത്രു ഭീതി നിലനില്ക്കുമ്പോഴെല്ലാമുള്ള ജുമുഅ: നമസ്കാരത്തിന്റെ കാര്യവും റുഖ്സ്വ തന്നെ.
റുഖ്സ്വകൾക്ക് അസീമയുടെ അതേ പ്രതിഫലമാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്.
Also read: പ്രായപൂര്‍ത്തിയാകുന്ന മക്കളോട് തുറന്ന് പറയേണ്ട 13 കാര്യങ്ങള്‍
إِنَّ اللهَ يُحِبُّ أَنْ تُؤْتَى رُخَصُهُ كَمَا يُحِبُّ أَنْ تُؤْتَى عَزَائِمُهُ
ദീൻ എളുപ്പമുള്ളതാണ് ; അതിനെ അതിജയിക്കാൻ ശ്രമിക്കുന്നവനാണ് അതിൽ തീവ്രത വെച്ചുപുലർത്തുന്നവർ …
إِنَّ الدِّينَ يُسْرٌ ، وَلَنْ يُشَادَّ الدِّينَ أَحَدٌ إِلاَّ غَلَبَهُ
ഇളവുകളെ കുറിച്ച് ഖുർആൻ പറയുന്നു:
: ﴿ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ ﴾ [البقرة: 185]
അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത് , പ്രയാസമല്ല
: ﴿ يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْ ﴾ [النساء: 28]
നിങ്ങള്‍ക്ക് ലഘുവാക്കിത്തരുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു.
: ﴿ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ﴾[البقرة: 286]
ഒരു ആത്മാവിനോടും [ഒരുവ്യക്തിയോടും] അതിന് നിവൃത്തിയുള്ളതല്ലാതെ അല്ലാഹു ശാസിക്കുകയില്ല.