ചോദ്യം: ഇസ്‌ലാമിക നിയമപ്രകാരം, ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ശിക്ഷാര്‍ഹയല്ലെന്നാണെന്റെ അറിവ്. പക്ഷെ, ചിലര്‍ പറയുന്നത് ആണെന്നാണ്. ശരിയായ നിലപാടെന്തെന്ന് അറിയിക്കുമല്ലോ?
norgerx.com
മറുപടി: സഹോദരീ, നിങ്ങള്‍ മനസ്സിലാക്കിയതാണ് ശരി. ബലാത്സംഗ ഇര ശിക്ഷിക്കപ്പെടുകയോ? സ്വന്തം ധനം മോഷ്ടിക്കപ്പെട്ടയാള്‍ ശിക്ഷിക്കപ്പെടുന്നത് പോലെയാണല്ലോ അത്. തന്നെ സംബന്ധിച്ചിടത്തോളം നിയന്ത്രണാതീതമായൊരു കാര്യമാണവളെ ബാധിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ, നല്ല നിലയിലുള്ള പെരുമാറ്റമാണവള്‍ അര്‍ഹിക്കുന്നത്. അവളെ കുറ്റമുക്തയാക്കുന്നതിന്ന് അത് അനിവാര്യമാണ്. ഇവിടെയാണ് ഇസ്‌ലാമിന്റെ മികവ് നിലകൊള്ളുന്നത്.
ഒരു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍, താല്‍ക്കാലിക പരിഹാരം കാണുന്നതിന്നു പകരം, ഹേതുക്കള്‍ വിപാടനം ചെയ്തു, പ്രശ്‌നത്തെ ഉന്മൂലനം നടത്താനുപയുക്തമായ വ്യവസ്ഥകള്‍ നിശ്ചയിക്കുകയാണ് ഇസ്‌ലാമിന്റെ രീതി. അങ്ങനെ, കുറ്റകൃത്യങ്ങളുടെ കവാടം തുറക്കാതെ, പാതിവൃത്യം സംരക്ഷിക്കാന്‍ അത് സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നു.
‘നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക.'[33: 32]
സംബോധന പ്രവാചക പത്‌നിമാരോടാണെങ്കിലും, തങ്ങളുടെ അന്തസ്സും പാതിവൃത്യവും സരക്ഷിക്കുന്നതിന്ന്, ആന്തരികമായി, മുസ്‌ലിം സ്ത്രീസമൂഹത്തോട് പൊതുവായുള്ള ആഹ്വാനമാണിത്. താഴെ സൂക്തത്തില്‍ ഇത് കൂടൂതല്‍ വ്യക്തമായി കാണാം:
‘നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.[33: 59]
ഇതാണ് ഇസ്‌ലാം. ശിക്ഷിക്കാന്‍ വേണ്ടി കുറ്റകൃത്യങ്ങളെ വേട്ടയാടുകയല്ല അത് ചെയ്യുന്നത്, പ്രത്യുത, അവയുടെ പ്രവേശന മാര്‍ഗങ്ങള്‍ കൊട്ടിയടക്കാനുള്ള വഴികളാണത് അവതരിപ്പിക്കുന്നത്. ശിക്ഷ നടത്തുന്നത് അന്ധമായിക്കൊണ്ടല്ല, മറിച്ച്, കുറ്റകരങ്ങള്‍ കൊട്ടുകയത്രെ അത് ചെയ്യുന്നത്. അതിനാല്‍, ബലാത്സംഗ ഇര കുറ്റവിമുക്തയാക്കപ്പെടൂന്നതിന്ന്, അവള്‍, മോഷണത്തിന്നും ചാരിത്ര്യാപഹാരത്തിന്നും വീട് തുറന്നിടുന്നവളായിരിക്കരുതെന്ന് അത് നിഷ്‌കര്‍ശിക്കുന്നു. അതോടൊപ്പം, പരമാവധി കഴിവ് ഉപയോഗപ്പെടൂത്തി അക്രമിയെ ചെറുക്കാന്‍ ശ്രമിക്കുകയും വേണം. എന്നിട്ടും അവള്‍ കീഴ്‌പ്പെടുത്തപ്പെടൂകയാണെങ്കില്‍, ശിക്ഷയില്‍ നിന്നവള്‍ മുക്തയാക്കപ്പെടുമെന്നത് തീര്‍ച്ച.
ഇക്കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. സ്ഥിതി അവളുടെ നിയന്ത്രണത്തിന്നതീതമാണ് എന്നതാണ് കാരണം. ബലാല്‍ക്കാരത്തിലൂടെ കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതനായ ആള്‍ കുറ്റക്കാരനല്ലല്ലോ. വ്യഭിചാരത്തേക്കാള്‍ മോശപ്പെട്ട അവിശ്വാസത്തിന്റെ കാര്യത്തിലും ഇത് തന്നെ സ്ഥിതി. അല്ലാഹു പറയുന്നു:
‘വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും.'[16; 106]
‘മറവിയോ, ബലാല്‍ക്കാരമോ വഴി ചെയ്ത അബദ്ധം എന്റെ സമുദായത്തിന്നു അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു’ വെന്നു പ്രവാചകന്‍ (സ) പറഞ്ഞിരിക്കുന്നു.
ഹീനമായ ഈ പാപത്തോട് പ്രതികരിക്കുമ്പോള്‍, ഇരകളില്‍ അതുണ്ടാക്കി തീര്‍ത്ത ഭീകര ഫലങ്ങള്‍ ഇസ്‌ലാം കണക്കിലെടുക്കുന്നു. ഇത്തരം ഇരകളില്‍ ഭൂരിഭാഗത്തിന്നും ആത്മാഭിമാനം കുറയുന്നു; നാണവും അപമാനവും ഇടക്കിടെ വേട്ടയാടുന്നു; മറ്റുള്ളവരുമായി അടുത്തു ബന്ധപ്പെടുന്നത് പ്രയാസകരമാവും വിധം ഇത് പ്രക്ഷുബ്ധമാകുന്നു. അത് കൊണ്ടാണ്, അവര്‍ക്ക് സാന്ത്വനം നല്‍കുകയും, പ്രതീക്ഷക്കും അതിജീവനത്തിന്നും കൈവഴികള്‍ തുറന്നു കൊടുക്കുകയും ചെയ്യുന്ന പ്രത്യേക നിയമങ്ങള്‍ ഇസ്‌ലാം സ്ഥാപിച്ചത്.
അതിനാലാണ്, തന്റെ മേല്‍ പതിച്ച ഈ ഹാനിയുടെ പേരില്‍ ക്ഷമ കൈകൊള്ളുന്ന ഒരു മുസ്‌ലിം സ്ത്രീ, അതിന്റെ പേരില്‍ തന്നെ പ്രതിഫലാര്‍ഹയാണെന്നു ഇസ്‌ലാം വ്യക്തമാക്കുന്നത്. പ്രവാചകന്‍ (സ) പറഞ്ഞു:
‘ഒരു മുസ്‌ലിമിന്ന് ക്ഷീണമോ, രോഗമോ, വിഷമമോ, വ്യസനമോ, ഉപദ്രവമോ, ദുഖമോ ബാധിച്ചു. അല്ലെങ്കില്‍ അവന്റെ ശരീരത്തില്‍ മുള്ളു തറക്കുകയെങ്കിലും ചെയ്തു; എങ്കില്‍, അവന്റെ തെറ്റുകളില്‍ ചിലത് അല്ലാഹു പൊറുക്കാതിരിക്കില്ല. [ബുഖാരി]
ബലാത്സംഗ ഇരകളെ യഥാസ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ സമൂഹത്തിന്നും ഒരു പങ്കുണ്ട്. തനിക്കു യാതൊരു പങ്കുമില്ലാത്ത ഒരു പാപത്തിന്റെ പേരില്‍, അവളെ ത്യജിക്കുകയോ, സമൂഹത്തില്‍ കൊള്ളരുതാത്തവളായി കാണുകയോ ചെയ്യുന്നതിന്നു പകരം, അവളുടെ ജീവിതം പരിഷ്‌കരിച്ചു മെച്ചപ്പെടൂത്താന്‍ ബദ്ധപ്പെടാന്‍ സമൂഹത്തോട് ഇസ്‌ലാം ആഹ്വാനം ചെയ്യുകയാണ്. ഈ മാനഹാനിയില്‍ നിന്നുള്ള മുക്തി മാര്‍ഗം അവള്‍ക്കു കാണിച്ചു കൊടുക്കാന്‍ നാം ബാധ്യസ്തരാണ്.
ഇതിന്റെ വെളിച്ചത്തില്‍, ബലാത്സംഗ ഇരകളെ വിവാഹം കഴിക്കാന്‍ മുസ്‌ലിം യുവാക്കള്‍ മുന്നോട്ടു വരണമെന്ന്, ശൈഖ് ഖറാദാവിയുടെ നേതൃത്വത്തിലുള്ള നിരവധി പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അവരുടെ ദുരിതം കുറച്ചു കൊണ്ട്, സാന്ത്വനമേകുകയും, നഷ്ടപ്പെട്ട അമൂല്യ വസ്തുവിന്നു നഷ്ടപരിഹാരം നല്‍കുകയുമാണിതിന്റെ ലക്ഷ്യം. ഇത് മുസ്‌ലിം സമൂഹത്തിലെ പരസ്പര സ്‌നേഹത്തെയും, ഐക്യത്തെയും പരക്ഷേമകാംക്ഷയെയും പ്രതിഫലിപ്പിക്കും.
വിവ: കെ എ ഖാദര്‍ ഫൈസി