Wednesday, May 22, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹമോചനംമയക്കുമരുന്ന് അഡിക്റ്റായ ഭര്‍ത്താവിനെ വിവാഹമോചനം നടത്താമോ?

മയക്കുമരുന്ന് അഡിക്റ്റായ ഭര്‍ത്താവിനെ വിവാഹമോചനം നടത്താമോ?

ചോദ്യം: എന്റെ ഭര്‍ത്താവ് ഒരു മയക്കുമരുന്ന് (ക്രാക്ക്)അഡിക്റ്റാണ്. എനിക്ക് 11 മാസം പ്രായമുള്ള ഒരു മകനുണ്ട്. ഞാനയാളെ വിവാഹമോചനം നടത്തണമെന്നാഗ്രഹിക്കുന്നു. എന്റെ മകന് വിശ്വസ്തനായൊരു നല്ല മുസ്‌ലിം പിതാവിനെ കിട്ടണമെന്ന് ഞാനാഗ്രഹിക്കുന്നു. എനിക്കെന്ത് ചെയ്യാന്‍ കഴിയും? വല്ല ഉപദേശവും? പ്രാര്‍ഥിക്കുമല്ലോ

മറുപടി : ഇത് കേള്‍ക്കേണ്ടി വന്നതില്‍ ദുഖമുണ്ട്. മയക്കുമരുന്ന് അഡിക്റ്റായൊരു ആളുടെ കൂടെ ജീവിക്കുക പ്രയാസം തന്നെ. എന്നാല്‍, അയാളെ വിടാന്‍ ഇത് പര്യപ്തമായൊരു കാരണമാണെന്നു പെട്ടെന്നു ഞാന്‍ പറയുന്നില്ല. ആയിരിക്കാം, ആകാതെയുമിരിക്കാം.
പരിശുദ്ധമായൊരു കരാറാണ് വിവാഹം. വിവാഹമോചനമാകട്ടെ, എപ്പോഴും, അവസാന ശരണവുമാണ്. സുഖദുഖങ്ങളില്‍ പരസ്പരം പങ്കാളികളായിരിക്കുമെന്ന് നിങ്ങളും ഭര്‍ത്താവും ശപഥം ചെയ്തതാണ്. ഇപ്പോഴുള്ളത് ഒരു ദുഖകരമായ അവസ്ഥയാണെന്നാണ് കത്ത് സൂചിപ്പിക്കുന്നത്.
അയാള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടോ? തന്റെ ദുസ്വഭാവം ഒഴിവാക്കി നല്ലൊരു മനുഷ്യനായി വര്‍ത്തിക്കാന്‍ അയാള്‍ സന്നദ്ധനാണെങ്കില്‍, അയാളോട് സഹകരിച്ചു പോകാന്‍ നിങ്ങള്‍ തയ്യാറാണോ? അയാളെ സഹായിക്കുന്നത് വിലയേറിയ കാര്യമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അതായിരിക്കും ഉത്തമം.
എന്നാല്‍, അത് പ്രയാസകരമാണെന്നും, ഒരു മയക്കുമരുന്ന് അഡിക്റ്റിനോടൊപ്പം കഴിയുന്നത്, ഏറ്റവും അപായ സാധ്യതയുള്ള കാര്യമാണെന്നുമാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍, ഒരു പദ്ധതി തയ്യാറാക്കി അയാളെ വിടാവുന്നതാണ്. നിങ്ങളുടെ തെരഞ്ഞെടുപ്പ് ബുദ്ധിപൂര്‍വകമായിരിക്കണം. താനെന്താണ് വിട്ടുപോകുന്നതെന്നും വിവാഹമോചന ശേഷം ജീവിതമെങ്ങനെയായിരിക്കുമെന്നും അറിയണം.

ഒരു മയക്കുമരുന്ന് അഡിക്റ്റിനോട്, പ്രത്യേകിച്ചും ക്രാക്ക്, പൊരുതുക വളരെ പ്രയാസകരമാണെന്ന് മനസ്സിലാക്കുക പ്രധാനമാണ്. എന്തുകൊണ്ട്, ഏത് സാഹചര്യത്തില്‍, നിങ്ങളുടെ ഭര്‍ത്താവ് മയക്കുമരുന്ന് അഡിക്റ്റായി എന്നെനിക്കറിയില്ല. അയാളിത് ഉപേക്ഷിക്കാനുദ്ദേശിക്കുന്നുവെങ്കില്‍, മയക്കുമരുന്ന് അഡിക്ഷന്‍ കൈകാര്യം ചെയ്യുന്ന ഒരു കൗണ്‍സിലറുടെ സഹായവും കുടുംബത്തിന്റെയും സ്‌നേഹ ജനങ്ങളുടെയും പിന്തുണയും അയാള്‍ക്ക് ആവശ്യമാണ്.
നിങ്ങള്‍ക്കൊരു മകനുണ്ടെന്നു പറഞ്ഞുവല്ലോ. മിക്കവാറും അവനായിരിക്കും നിങ്ങള്‍ പ്രാധാന്യം കൊടുക്കുക എന്നെനിക്കറിയാം. ഒരു പക്ഷെ, വളരെ വലിയ ആവശ്യങ്ങളുള്ള ഒരു ഭര്‍ത്താവൊന്നിച്ച്, കുട്ടിയുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ തനിക്കാവില്ലെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടായിരിക്കാം. എന്നാല്‍, ഇരുവര്‍ക്കുമായി നിങ്ങള്‍ സമര്‍പ്പിതയാവുകയാണെങ്കില്‍ -നിങ്ങള്‍ക്കും ഒരു പിന്തുണ നിരയാവശ്യമാകും- എല്ലാവര്‍ക്കും അതൊരു പ്രയാസമായേക്കുംം. എന്നാല്‍, അത് അസാധ്യമൊന്നുമല്ല. പലരും മുമ്പ് അങ്ങനെ ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് സ്വയം മയക്കുമരുന്ന് അഡിക്റ്റായി തീരുകയും, അത് ഉപേക്ഷിക്കാന്‍ സന്നദ്ധനാകാതിരിക്കുകയുമാണെങ്കില്‍, പിന്നെ, ഈ ബന്ധത്തില്‍ തന്നെ കഴിയുന്നതിന് ശരിയായ കാരണമില്ല. ഉത്തരവാദിത്വ ബോധം, കുടുംബ ചെലവ് സജ്ജീകരണം, നല്ലൊരു ഭര്‍ത്താവോ പിതാവോ ആയിത്തീരുക തുടങ്ങിയ വിവാഹ ലക്ഷ്യങ്ങള്‍ മുറുകെ പിടിക്കാത്തയാളാണ് ഭര്‍ത്താവെങ്കില്‍, പിന്നെ, ആ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ക്ക് കൂടുതലൊന്നും നേടാനില്ല. അയാളുടെ മയക്കുമരുന്ന് അഡിക്ഷന്‍, നിങ്ങള്‍ക്കും മകന്നും നേരെ അസഭ്യമായ പെരുമാറ്റത്തിലേക്കാണ് അയാളെ നയിക്കുന്നതെങ്കില്‍, വിട്ടൊഴിവാകാന്‍ സുരക്ഷിതമായൊരു പദ്ധതി ആവിഷ്‌കരിക്കുകയാണ് വേണ്ടത്.

ഭര്‍ത്താവ് മയക്കുമരുന്ന് അഡിക്റ്റായിരിക്കട്ടെ, അല്ലാതിരിക്കട്ടെ, അയാളെപ്പോഴും നിങ്ങളുടെ കുട്ടിയുടെ പിതാവായിരിക്കുമെന്ന് സ്പഷ്ടമാക്കാനുദ്ദേശിക്കുകയാണ്. കുട്ടിക്ക് പിതാവിനെ മാറ്റി പ്രതിഷ്ടിക്കാന്‍ നിങ്ങള്‍ക്കാവില്ല. അവന് വിശ്വസ്തനായൊരു നല്ല മുസ്‌ലിം പിതാവിനെ കണ്ടെത്താനും നിങ്ങള്‍ക്ക് സാധിക്കുകയില്ല. നിങ്ങള്‍ക്ക് നല്ലൊരു മാതൃകാ പങ്കാളിയെ കണ്ടെത്താം. എന്നാല്‍, വിവാഹം ഏത് വഴി നീങ്ങിയാലും, കുട്ടിയുടെ ജീവിതത്തില്‍, ഭര്‍ത്താവിന്നു ഒരവകാശമുണ്ട്. മകന്ന് അയാള്‍ നന്നായിരിക്കില്ലെന്ന് തോന്നിയതിന്റെ പേരില്‍ ഈ ബന്ധം വിച്ഛേദിക്കാനൊരുമ്പെടുന്നത് വളരെ ബുദ്ധി ശൂന്യതയാണ്. അവന്റെ സുരക്ഷിതത്വത്തിന്നു ഭീഷണി തോന്നുന്നുവെങ്കില്‍, അത് ഉറപ്പുവരുത്താന്‍ നിരവധി നടപടികളെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കുട്ടിയുടെ നല്ല നാളേക്ക് വേണ്ടി ഭര്‍ത്താവിനെ വിടുന്നത് ആക്ഷേപാര്‍ഹമല്ല. പ്രതീക്ഷ യഥാതഥമായിരിക്കണമെന്നു മാത്രം.
വിവ: കെ എ ഖാദര്‍ ഫൈസി

Recent Posts

Related Posts

error: Content is protected !!