Monday, May 13, 2024
Homeസ്ത്രീ, കുടുംബം, വീട്യാത്രക്ക് ഭാര്യയുടെ അനുമതി ആവശ്യമുണ്ടോ?

യാത്രക്ക് ഭാര്യയുടെ അനുമതി ആവശ്യമുണ്ടോ?

ചോദ്യം : ഒരു പുരുഷന്‍ ഒന്നോ അതിഅതിലധികമോ വര്‍ഷം വിദേശത്ത് ജോലി ചെയ്യുന്നതിന്നു ഭാര്യയുടെ അനുമതി തേടേണ്ടതുണ്ടോ? രണ്ടു വര്‍ഷ കരാറിന്റെ അടിസ്ഥാനത്തില്‍, ഞാന്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. നാലു മാസത്തിലധികം, വീട്ടില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ഭാര്യയുടെ അനുമതി ആവശ്യമാണെന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണോ?

മറുപടി : മനശാന്തി, സ്‌നേഹം, കരുണ എന്നിവമേലാണ് ഭാര്യ-ഭര്‍തൃ ബന്ധം സ്ഥാപിതമാകേണ്ടതെന്ന് ആദ്യമായി മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: “നിങ്ങള്‍ക്കന സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക്  ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെവ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്  ദൃഷ്ടാന്തങ്ങളുണ്ട്. (30: 21)

പരസ്പരം പരിചരിക്കേണ്ടവരാണ് ഭര്യാഭര്‍ത്താക്കന്മാര്‍. പരസ്പര ധാരണ, ആദരവ്, കരുണ  എന്നിവമേലായിരിക്കണം ഈ ബന്ധം സ്ഥാപിക്കപ്പെടേണ്ടത്. അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ, ഹദീസ് – ഉലൂമുല്‍ ഹദീസ് ഫാക്കല്‍റ്റി പ്രൊഫസ്സര്‍ ഡോ. മര്‍വാന്‍ ശാഹീന്‍ താങ്കളുടെ ചോദ്യത്തോട് പ്രതികരിക്കുന്നു:

അസാധ്യമോ, വളരെ പ്രയാസമോ അല്ലെങ്കില്‍, ഭര്‍ത്താവ് തന്റെ ഭാര്യയെ കൂടെ യാത്രയില്‍ പങ്കാളിയാക്കുകയാണ് ആദ്യമായി വേണ്ടത്. ഒരു യാത്രക്ക് ഒരുങ്ങുമ്പോള്‍, ഭാര്യമാരില്‍ ആരെ കൂടെ കൊണ്ടു പോകണമെന്ന് തിരുമേനി(സ) നറുക്കെടുപ്പിലൂടെ തീരുമാനിച്ചിരുന്നുവെന്ന് ആയിശ (റ) നിവേദനം ചെയ്തിരിക്കുന്നു. നറുക്ക് വീണ ഭാര്യയെ കുടെ കോണ്ടു പോവുകയായിരുന്നു അവിടുന്ന് സ്വീകരിച്ചിരുന്ന രീതി.

ചെലവ് കൂടുന്നതോ, സമ്പാദ്യം കുറഞ്ഞു പോകുന്നതോ നോക്കാതെ, ഭാര്യയെ സഹയാത്രികയാക്കണം. ഇണകള്‍ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കാന്‍ പറ്റിയ ഒരു ചുറ്റുപാടില്‍ ഒരുമിച്ചു കഴിയണമെന്നതും, ഹറാമില്‍ നിന്ന് അകന്നു കഴിയണമെന്നുമുള്ളത് കൊണ്ടത്രെ ഇത്.

എന്നാല്‍, ഒരുമിച്ച് യാത്ര ചെയ്യാന്‍ ഭാര്യക്ക് കഴിയാതിരിക്കുകയോ, വളരെ പ്രയാസകരമായിരിക്കുകയോ ചെയ്യുന്ന അനിവാര്യ ഘട്ടങ്ങളില്‍, അയാള്‍, യാത്രക്ക് മുമ്പ് അവളുടെ അനുമതി വാങ്ങേണ്ടതുണ്ട്. അവള്‍ സ്വമേധയാ അനുവദിക്കുകയാണെങ്കില്‍, നാലു മാസത്തിലധികം വിട്ടു നില്‍ക്കരുതെന്നാണ് അയാളോടുള്ള ആജ്ഞ. ഈ കാലയളവ് തന്നെ, ചുരുക്കാന്‍ പരമാവധി അയാള്‍ ശ്രമിക്കേണ്ടതുമാണ്.

പ്രജകളുടെ സ്ഥിതിഗതികളന്വേഷിക്കാന്‍, രാത്രി ഇറങ്ങി പുറപ്പെട്ട ഖലീഫ ഉമര്‍ ബ്‌നുല്‍ ഖത്വാബ്, വിരഹ ദുഖമനുഭവിക്കുന്ന ഒരു സ്ത്രീയുടെ ഈരടികള്‍ കേള്‍ക്കുകയുണ്ടായി. അന്വേഷണത്തില്‍, ആ സ്ത്രീയുടെ ഭര്‍ത്താവ് വളരെ കാലമായി സൈനിക യാത്രയിലാണെന്നറിയുകയുണ്ടായി. ഉടനെ, സ്വപുത്രിയും,  പ്രവാചക പത്‌നിയുമായ ഹഫ്‌സ(റ)യോട് അദ്ദേഹം അന്വേഷിച്ചു: ഒരു സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും പരമാവധി എത്ര കാലം ക്ഷമിച്ചിരിക്കാന്‍ കഴിയും?’ അവര്‍ പറഞ്ഞു: ‘നാലു മാസം!’

തദ്ഫലമായി, വിവാഹിതനായ ഒരു പുരുഷനെ, നാലു മാസത്തിലധികം ദൂരെ അയക്കുന്നതല്ലെന്നു അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ചുരുക്കത്തില്‍, പുരുഷന്‍ ഭാര്യയെ സഹയാത്രികയാക്കണം. അതിന്നു കഴിഞ്ഞില്ലെങ്കില്‍, യാത്രക്ക് അവളുടെ അനുമതി വാങ്ങണം. നാലു മാസത്തിലധികം, അവളില്‍ നിന്ന് അകന്നു കഴിയരുത്. ഈ കാലയളവ് തന്നെ, ചുരുക്കാന്‍ പരമാവധി ശ്രമിക്കുകയും വേണം.

വിവ: കെ.എ. ഖാദര്‍ ഫൈസി

Recent Posts

Related Posts

error: Content is protected !!