ചോദ്യം : ഇന്ന് ധാരാളം സ്ത്രീകള്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരായിട്ടുണ്ട്. അവരില്‍ തന്നെ വീട്ടുവേലക്കാരികളായി ജോലി ചെയ്യുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീയുടെ ഭര്‍ത്താവ് നാട്ടില്‍ മരണപ്പെട്ടാല്‍ അവള്‍ എവിടെയാണ് ഇദ്ദ ആചരിക്കേണ്ടത്? ലീവ് കിട്ടാന്‍ പ്രയാസമുള്ള അത്തരം സാഹചര്യത്തില്‍ ജോലി ചെയ്യുന്ന വീട്ടില്‍ തന്നെ ഇദ്ദ അനുഷ്ഠിച്ചാല്‍ മതിയാകുമോ?
മറുപടി : വിവാഹമോചനമോ, ഭര്‍തൃമരണമോ കാരണം, സ്ത്രീ ആചരിക്കേണ്ട ഒരു നിശ്ചിത കാലയളവാണ് ഇദ്ദ. ഭര്‍ത്താവ് മരിക്കുമ്പോള്‍ അവള്‍ താമസിച്ചിരുന്ന വീട്ടിലാണ് അവള്‍ ഇദ്ദയാചരിക്കേണ്ടത്. ഒരു രക്തസാക്ഷിയുടെ വിധവയായ ഫരീഅയോട് നബി(സ) കല്‍പിച്ചു:
‘നിനക്ക് ഭര്‍തൃമരണ വിവരം ലഭിച്ച വീട്ടില്‍, ഇദ്ദക്കാലം കഴിയുന്നത് വരെ താമസിക്കുക.’
അവര്‍ പറയുകയാണ്: അങ്ങനെ, നാലു മാസവും പത്ത് ദിവസവും ഞാനവിടെ ഇദ്ദയാചരിച്ചു.
അവര്‍ വീണ്ടും പറയുന്നു: ഉഥ്മാന്‍ എന്റെയടുത്ത് ആളയക്കുകയും ഞാന്‍ വിവരം പറയുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. (തിര്‍മദി, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, അഹ്മദ്)
ഇബ്‌നു അബ്ദില്‍ ബര്‍റ് പറയുന്നു:
ഏകറാവീ റിപ്പോര്‍ട്ട് പ്രകാരം കര്‍മം ചെയ്യുക നിര്‍ബന്ധമാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. ഉഥ്മാന്‍ ബിന്‍ അഫ്ഫാന്‍ ഇത് സ്വീകരിക്കുകയും, തദാനുസാരം, ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ തന്റെ വീട്ടില്‍ ഇദ്ദയാചരിക്കണമെന്ന്, സഹാബികള്‍ക്കിടയില്‍, നിരാക്ഷേപം വിധിക്കുകയും ചെയ്തുവല്ലോ.
അദ്ദേഹം വീണ്ടും പറയുന്നു:
ഇത് മശ്ഹൂറായ ഹദീസാണ്. ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ, തന്റെ വീട്ടില്‍ തന്നെ ഇദ്ദയാചരിക്കണമെന്നും അവിടെ നിന്ന് പുറത്തു പോകാന്‍ പാടില്ലെന്നുമുളളത്, ഇറാഖിലെയും ഹിജാസിലെയും പണ്ഡിതന്മാര്‍ക്കിടയില്‍ സുവിദിതമത്രെ. മാലിക്, ശാഫി, അബൂ ഹനീഫ, അദ്ദേഹത്തിന്റെ അസ്ഹാബുകള്‍, ഥൗരി, ഔസാഈ, ലൈഥ് ബ്‌നു സഅദ് തുടങ്ങിയ, ഹിജാസ്, ശാം, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളിലെ പണ്ഡിത വ്യൂഹം ഈ പക്ഷക്കാരാണ്. ഉമര്‍, ഉഥ്മാന്‍, ഇബ്‌നു ഉമര്‍, ഇബ്‌നു മസ്ഊദ് തുടങ്ങിയ സഹാബികളും തഥൈവ. (തംഹീദ് 21:31)
അപ്പോള്‍, മരണത്തിന്നോ വിവാഹമോചനത്തിന്നോ മുമ്പ് അവള്‍ താമസിച്ചിരുന്ന വീട്ടിലാണവള്‍ ഇദ്ദയാചരിക്കേണ്ടതെന്നാണ് ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവ് അവിടെ താമസിക്കുന്നുവോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല. ഇദ്ദാ വേളയില്‍, ‘അവരുടെ വീടുകളില്‍ നിന്ന് അവരെ പുറത്താക്കരുതെ’ന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. അവള്‍ താമസിക്കുന്ന വീടാണല്ലോ ‘അവളുടേത്’.
യാത്രാ ദൂരമുള്ള മറ്റൊരു രാജ്യത്താണ് അവള്‍ക്ക് ഇദ്ദ നിര്‍ബന്ധമാകുന്നതെങ്കില്‍, അവിടെ ഇദ്ദയാചരിക്കണം. ഹനഫീ പണ്ഡിതനായ കാസാനി പറയുന്നു:
ഒരാള്‍ ഭാര്യാ സഹിതം യാത്രയിലായിരിക്കെ, അയാള്‍ മരണപ്പെടുകയോ വിവാഹമോചനം നടക്കുകയോ ചെയ്തുവെന്നിരിക്കട്ടെ. ഈ അവസ്ഥയില്‍, പുറപ്പെട്ട രാജ്യത്ത് നിന്ന് മൂന്നു ദിവസത്തേക്കാള്‍ കുറവും, ഉദ്ദിഷ്ട സ്ഥലത്തേക്ക് മൂന്നോ അതിലധികമോ ദിവസത്തെയും യാത്ര ആവശ്യമെങ്കില്‍, അവള്‍ സ്വന്തം രാജ്യത്തേക്ക് തന്നെ മടങ്ങുകയാണ് വേണ്ടത്. കാരണം, പിന്നീടുള്ള യാത്ര, ഒരു പുതിയ യാത്രയാണല്ലോ. അവളാകട്ടെ ഇദ്ദയാചരിക്കുന്നവളും. മടങ്ങുകയാണെങ്കില്‍ ആ പ്രശ്‌നമില്ല. അതിനാല്‍, മടങ്ങുന്നതാണ് നല്ലത്. നാട്ടില്‍, വീട്ടിന്നു പുറത്ത് വെച്ച് നടക്കുന്ന മോചനം പോലെയാണിത്. അവിടെ, വീട്ടിലേക്ക് മടങ്ങുകയാണല്ലോ വേണ്ടത്.
►ഇനി, പുറപ്പെട്ട രാജ്യത്തു നിന്നും മൂന്നോ അതിലധികമോ ദിവസത്തെയും, ഉദ്ദിഷ്ട സ്ഥലത്തേക്ക് മൂന്നു ദിവസത്തില്‍ കുറവും യാത്രയാണുള്ളതെങ്കില്‍, യാത്ര തുടരുകയാണ് വേണ്ടത്. കാരണം, ഇവിടെ യാത്ര തുടങ്ങുകയല്ല. മടക്കത്തിലാകട്ടെ, അതുണ്ട് താനും. ഇദ്ദയാചരിക്കുന്നവള്‍ക്ക് യാത്ര നിഷിദ്ധമാണല്ലോ. വിവാഹമോചനം നടക്കുന്നത് മരുഭൂമി പോലുള്ള ജനവാസ യോഗ്യമല്ലാത്ത സ്ഥലത്ത് വെച്ചാണോ, ജനവാസമുള്ള സ്ഥലത്ത് വെച്ചാണോ എന്നത്, ഇവിടെ പ്രശ്‌നമല്ല.
►അവള്‍ എത്തിയ സ്ഥലം, വീട്ടില്‍ നിന്നും മൂന്നു ദിവസ യാത്രയും ഉദ്ദിഷ്ട സ്ഥലത്തേക്ക് മൂന്നോ അതിലധികമോ ദിവസത്തെ ദൂരവുമുള്ളതാണെങ്കില്‍, വിവാഹമോചനം നടന്നത് മരുഭൂമിയിലോ, ആത്മഭയമോ സാമ്പത്തിക നഷ്ട ഭീതിയോ കാരണം, താമസയോഗ്യമല്ലാത്തതോ ആയ സ്ഥലത്ത് വെച്ചുമാണെങ്കില്‍, അവള്‍ക്ക് ഇഷ്ടം പ്രവര്‍ത്തിക്കാവുന്നതാണ്. യാത്ര തുടരുകയോ, തിരിച്ചു പോവുകയോ ചെയ്യാവുന്നതാണ്. ഈ രീതിയില്‍ മഹ്‌റമിന്റെ കാര്യം പ്രശ്‌നമല്ല. രണ്ടു രൂപങ്ങളിലും താമസ യോഗ്യമായ ഏറ്റവും അടുത്ത സ്ഥലത്തെത്തിയാല്‍, കൂടെ മഹ്‌റമില്ലെങ്കില്‍, അവിടെ താമസിക്കുകയാണ് വേണ്ടതെന്നതില്‍ അഭിപ്രായാന്തരമില്ല. മഹ്‌റമുണ്ടെങ്കിലും താമസിക്കണമെന്നാണ് അബൂ ഹനീഫയുടെ അഭിപ്രായം. യഥാര്‍ത്ഥത്തില്‍, അവിടെ വെച്ചായിരുന്നു വിവാഹമോചനം നടന്നതെങ്കില്‍, അവിടം വിടാന്‍ അവള്‍ക്ക് അനുവാദമില്ലല്ലോ എന്നാണ് അദ്ദേഹത്തിന്റെ ന്യായം.
►ജനതാമസമുള്ള സ്ഥലത്തോ, താമസയോഗ്യമായ സ്ഥലത്തോ വെച്ച് നടക്കുന്ന വിവാഹമോചന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇദ്ദ കഴിയുന്നത് വരെ അവിടെ താമസിക്കണമെന്നും അത് കഴിഞ്ഞാല്‍ മഹ്‌റമിനോടോപ്പമല്ലാതെ പോകാന്‍ പാടില്ലെന്നുമാണ് അബൂ ഹനീഫയുടെ അഭിപ്രായം. യാത്ര ഹജ്ജിന്നു വേണ്ടിയാണെങ്കില്‍ പോലും ഇതാണ് നിയമം. മഹ്‌റമുണ്ടെങ്കില്‍ യാത്ര തുടരണമെന്നാണ് അബൂ യൂസുഫും മുഹമ്മദും പറയുന്നത്. (ബദാഇഉസ്സ്വനാഇഅ് 3:207 )
►ഭര്‍ത്താവിന്റെ അനുമതി പ്രകാരം ഒരു സ്ത്രീ മറ്റൊരു വീട്ടിലേക്ക് മാറുകയും അവിടെ വെച്ച് ഇദ്ദാചരണം നിര്‍ബന്ധമാവുകയും ചെയ്താല്‍, അവിടെത്തന്നെ ഇദ്ദയാചരിക്കണമെന്നാണ് നസ്സ്വ് എന്ന് ഇമാം നവവി പറയുന്നു. മറ്റൊരു നാട്ടില്‍ പോകാനായിരുന്നു അനുമതിയെങ്കിലും ഇത് തന്നെ വിധി. (മിന്‍ഹാജ്. 3: 404)
ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍, ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിയുമ്പോള്‍, താന്‍ ജോലി ചെയ്യുകയായിരുന്ന ഗള്‍ഫിലെ വീട്ടിലാണ് ഈ സ്ത്രീ ഇദ്ദയാചരിക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം.
വിവ: സല്‍വാ കോര്‍മ്മത്ത്