Tuesday, July 23, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംവിവാഹബന്ധം നിഷിദ്ധമാക്കുന്ന മുലകുടി

വിവാഹബന്ധം നിഷിദ്ധമാക്കുന്ന മുലകുടി

ചോദ്യം : ഒരു ബംഗ്ലാദേശി യുവാവാണ് ഞാന്‍. എന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയെ ഞാന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്റെ പിതൃസഹോദരിയുടെ പുത്രിയാണ് പെണ്‍കുട്ടി. അവള്‍ ജനിച്ച അടുത്ത ദിവസം തന്നെ ഉമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് പിതൃസഹോദരന്റെ ഭാര്യയാണ് അവളെ വളര്‍ത്തിയത്. അവള്‍ക്ക് ഏഴോ എട്ടോ മാസം പ്രായമുള്ളപ്പോള്‍ ഒരു തവണ എന്റെ ഉമ്മ അവളെ മുലയൂട്ടിയിട്ടുണ്ട്. ഒന്നോ രണ്ടോ മിനുറ്റുകള്‍ മാത്രമാണ് മുല കൊടുത്തത്. അവളെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് നാട്ടിലെ പണ്ഡിതന്‍മാരോട് അന്വേഷിച്ചപ്പോള്‍ അവളെ വിവാഹം ചെയ്യുന്നത് അനുവദനീയമല്ലെന്നാണ് അവര്‍ ഫത്‌വ നല്‍കിയത്. രണ്ടു മിനുറ്റു കൊണ്ട് അവള്‍ അഞ്ചിലധികം തവണ കുടിച്ചിട്ടുണ്ടെന്നതാണ് അവര്‍ കാരണം പറഞ്ഞത്. എന്നാല്‍ വിശപ്പ് മാറ്റുന്ന തരത്തിലുള്ള അഞ്ച് കുടിയില്‍ കുറഞ്ഞ മുലകുടി ബന്ധം കൊണ്ട് വിവാഹം നിഷിദ്ധമാകില്ലെന്ന് നിങ്ങളുടെ ‘അല്‍-ഹലാല്‍ വല്‍-ഹറാം’ എന്ന പുസ്തകത്തില്‍ വായിച്ചു. വിശപ്പു മാറുന്ന തരത്തിലുള്ള കുടി കൊണ്ടുദ്ദേശിക്കുന്നത് കുട്ടി വയര്‍ നിറഞ്ഞതു കൊണ്ട് മുലയുമായി സ്വയം ബന്ധം വേര്‍പ്പെടുത്തലാണ്. ഇത്തരത്തിലുള്ള ഒരു കുടി മാത്രമേ അവള്‍ കുടിച്ചിട്ടുള്ളൂ എന്ന് എനിക്കുറപ്പുണ്ട്. അപ്പോള്‍ അവളെ വിവാഹം ചെയ്യുന്നത് എനിക്ക് നിഷിദ്ധമാവുകയില്ല, പിന്നെ എന്തുകൊണ്ടാണ് ബംഗ്ലാദേശിലെ പണ്ഡിതന്‍മാര്‍ നിഷിദ്ധമാക്കി കൊണ്ട് ഫത്‌വ നല്‍കിയത്? വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

മറുപടി : ബംഗ്ലാദേശിലെ പണ്ഡിതന്‍മാര്‍ ഫത്‌വ നല്‍കിയിരിക്കുന്നത് അവര്‍ സ്വീകരിക്കുന്ന മദ്ഹബിന്റെ അടിസ്ഥാനത്തിലാണ്. ഹനഫീ മദ്ഹബ് മാത്രമാണ് അവര്‍ അതിന് ആശ്രയിച്ചിരിക്കുന്നത്. ഹനഫീ മദ്ഹബ് പ്രകാരം മുലകുടി കുറഞ്ഞ അളവിലാണെങ്കിലും കൂടിയ അളവിലാണെങ്കിലും അത് വിവാഹ ബന്ധം നിഷിദ്ധമാക്കും. അത് ഒറ്റ കുടിയാണെങ്കിലും ഒരൊറ്റ ഊമ്പല്‍ മാത്രമാണെങ്കിലും വിവാഹ ബന്ധം നിഷിദ്ധമാക്കും എന്നാണ് ഹനഫീ മദ്ഹബിലെ സുപ്രധാന ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നത്. അതുകൊണ്ട് തന്നെ ബംഗ്ലാദേശീ പണ്ഡിതന്‍മാര്‍ നല്‍കിയ ഫത്‌വ അവരുടെ മദ്ഹബ് പ്രകാരം ശരിയാണ്.

എന്നാല്‍ ഏതെങ്കിലും ഒരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് വിശുദ്ധ ഖുര്‍ആനോ പ്രവാചക ചര്യയോ ആവശ്യപ്പെട്ടിട്ടില്ല. മദ്ഹബിന്റെ ഇമാമുമാരും അതാവശ്യപ്പെട്ടിട്ടില്ല. ഇമാം അബൂഹനീഫയും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരും ഇതാവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ മദ്ഹബുണ്ടാക്കുന്ന ഇടുക്കത്തില്‍ നിന്ന് മറ്റൊരു മദ്ഹബിന്റെ വിശാലതയിലേക്ക് കടക്കുന്നതില്‍ വിരോധമില്ല. അത് ഇസ്‌ലാമിക സമൂഹത്തിന്റെ അംഗീകാരമുള്ള മദ്ഹബ് ആയിരിക്കണമെന്നു മാത്രം.

മുലകുടി ബന്ധത്തിന്റെ കാര്യത്തിലും മദ്ഹബുകള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. ശാഫിഈ, ഹമ്പലി മദ്ഹബുകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇവിടെ ഫത്‌വ  നല്‍കുന്നത്. വിശപ്പു മാറുന്ന തരത്തിലുള്ള അഞ്ച് മുലകുടി കൊണ്ട് മാത്രമേ മുലകുടി ബന്ധത്തിലൂടെ നിഷിദ്ധമാവുകയുള്ളൂ എന്നതാണ് അവയിലെ നിലപാട്. സ്വഹീഹായ ഹദീസിന്റെ പിന്‍ബലമുള്ള അഭിപ്രായമാണിത്.

ആഇശ(റ)ല്‍ നിന്നും ഇമാം മുസ്‌ലിം സ്വഹീഹായി ഉദ്ധരിച്ചിട്ടുള്ള ഹദീസില്‍ പറയുന്നു : ‘ഒന്നോ രണ്ടോ ഊമ്പല്‍ കൊണ്ട് വിവാഹബന്ധം നിഷിദ്ധമാക്കുന്നില്ല.’
ഉമ്മുല്‍ ഫദ്ല്‍(റ)ല്‍ നിന്നും റിപോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ പറയുന്നു : ‘നബി(സ) വീട്ടിലായിരിക്കെ ഒരു ഗ്രാമീണന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു. അയാള്‍ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഒരു ഭാര്യയുണ്ട്, അവള്‍ക്ക് പുറമെ മറ്റൊരാളെ കൂടി ഞാന്‍ വിവാഹം ചെയ്തു. പുതുതായി വിവാഹം ചെയ്ത് സ്ത്രീയ ആദ്യ ഭാര്യ ഒന്നോ രണ്ടോ തവണ മുലയൂട്ടിയിട്ടുണ്ടെന്ന് വാദിച്ചു. അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു : ‘ഒന്നോ രണ്ടോ കുടി കൊണ്ട് (വിവാഹബന്ധം) നിഷിദ്ധമാവുകയില്ല.’
മറ്റൊരു റിപോര്‍ട്ടിലുള്ളത് ‘ഒന്നോ രണ്ടോ കുടിയോ, ഊമ്പലോ വിവാഹ ബന്ധം നിഷിദ്ധമാക്കുകയില്ല.’ എന്നാണ്. വിവാഹബന്ധം നിഷിദ്ധമാകുന്നതിന് ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും വിശപ്പ് മാറുന്ന തരത്തില്‍ മുല കൊടുക്കണമെന്ന് വ്യക്തമാക്കുന്ന ആഇശ(റ) റിപോര്‍ട്ട് ചെയ്ത ഹദീസ് ഇമാം മാലികും അഹ്മദും ഉദ്ധരിച്ചിട്ടുണ്ട്.

വ്യക്തമായ അഞ്ച് മുലകുടിയില്‍ കുറഞ്ഞ ബന്ധം കൊണ്ട് വിവാഹ ബന്ധം നിഷിദ്ധമാവില്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. മുലകൊടുക്കുന്ന സ്ത്രീക്കും കുട്ടിക്കും ഇടയില്‍ ഇത്തരത്തിലുള്ള ഒരു മാതൃബന്ധം രൂപപ്പെടുന്നതിന് അതനിവാര്യമാണ്. മുലകുടിയുടെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് മാതൃബന്ധവും ശക്തിപ്പെടുന്നു. അഞ്ചു പ്രാവശ്യത്തെ മുലകുടിയിലൂടെ മാംസവളര്‍ച്ചയും എല്ലുകളുടെ വികാസവും ഉണ്ടാകുമെന്ന സൂചിപ്പിക്കുന്ന വേറെയും ഹദീസുകളുണ്ട്.

വിവാഹബന്ധം നിഷിദ്ധമാക്കുന്നത് അഞ്ച് മുലകുടിയാണെന്ന് പ്രമാണങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നു. എന്നാല്‍ ഓരോ കുടിയുടെയും തോത് എത്രയെന്ന് നിര്‍ണയിച്ചിട്ടില്ല. പലകാര്യങ്ങളും നാട്ടുനടപ്പിന് വിട്ടുകൊടുത്തിരിക്കുന്നത് പോലെ ഇതും അതിനായി വിട്ടിരിക്കുകയാണ്. വിശപ്പു മാറുന്ന രീതിയിലുള്ള മുലകുടിയെ മാത്രമാണ് ഒരു മുലകുടിയായി പരിഗണിക്കുക. അതുകൊണ്ട് ജനങ്ങള്‍ പറയും : ഒരു കുട്ടിക്ക് ഒരു ദിവസം നാലോ അഞ്ചോ തവണം മുലകുടിക്കേണ്ടി വരും. ഒരു മുതിര്‍ന്ന വ്യക്തിയുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ സ്ഥാനത്താണ് ഒരു കുട്ടിയുടെ മുലകുടി.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിങ്ങള്‍ സൂചിപ്പിച്ച പിതൃവ്യ പുത്രിയെ വിവാഹം ചെയ്യുന്നത് അനുവദനീയമാണ്. ശാഫിഈ, ഹമ്പലി മദ്ഹബുകള്‍ പ്രകാരം അവളെ വിവാഹം ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. ഈ അഭിപ്രായത്തിന് സ്വഹീഹായ ഹദീസുകളുടെ പിന്‍ബലവുമുണ്ട്.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!