Friday, October 11, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംവ്യഭിചരിച്ചവര്‍ തമ്മിലുള്ള വിവാഹം

വ്യഭിചരിച്ചവര്‍ തമ്മിലുള്ള വിവാഹം

ചോദ്യം : വ്യഭിചരിച്ച സ്ത്രീയും പുരുഷനും പിന്നീട് വിവാഹിതരാവാന്‍ തീരുമാനിച്ചാല്‍, അവര്‍ തമ്മിലുള്ള വിവാഹത്തിന്റെ ഇസ്‌ലാമിക വിധി എന്താണ്?

മറുപടി : വ്യഭിചാരികളായ സ്ത്രീ പുരുഷന്മാര്‍ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും മലിനമായ ജീവിതത്തില്‍ നിന്ന് മാറി വിശുദ്ധമായ ജീവിതം ആഗ്രഹിക്കുകയുമാണെങ്കില്‍ അവരുടെ വിവാഹം സാധൂകരിക്കുമെന്നാണ് പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായം. വ്യഭിചാരിയുമായുള്ള വിവാഹത്തിന് ഉപാധിയായി പശ്ചാത്താപത്തെ ഭൂരിപക്ഷ പണ്ഡിതന്മാരും എണ്ണിയിട്ടില്ല. ഉമര്‍(റ)ന്റെ മുമ്പില്‍ വ്യഭിചാരിയായ സ്ത്രീ – പുരുഷന്മാരെ ഹാജരാക്കി, അവര്‍ അത് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് അവരിരുവരെയും വിവാഹിതരാക്കാന്‍ അദ്ദേഹം താല്‍പര്യപ്പെടുകയും ചെയ്തു.(ബൈഹഖി)

ഹമ്പലികളുടെ വീക്ഷണത്തില്‍ വിവാഹം സ്വീകാര്യമാകണമെങ്കില്‍ തൗബ ഉണ്ടായിരിക്കണം; സൂറതുന്നൂറിലെ മൂന്നാം സൂക്തമാണ് ഇതിന് ആധാരമായി അവര്‍ സ്വീകരിച്ചത്. ‘വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹംചെയ്യുകയുമില്ല. സത്യവിശ്വാസികള്‍ക്ക് അത് നിഷിദ്ധമാക്കിയിരിക്കുന്നു’.

വ്യഭിചരിച്ച സ്ത്രീ ഇദ്ദ ഇരിക്കണമോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. വ്യഭിചാരിയായ സ്ത്രീ വ്യഭിചാരത്തിലൂടെ ഗര്‍ഭിണിയാണെങ്കിലും ഇദ്ദ ഇരിക്കേണ്ട ആവശ്യമില്ല എന്ന അഭിപ്രായമാണ് ഇമാം അബൂ ഹനീഫ, ശാഫി, സൗരി തുടങ്ങിയവര്‍ക്കുള്ളത്. അബൂബക്കര്‍, ഉമര്‍, അലി എന്നിവരും ഇതേ പക്ഷക്കാരാണ്. ‘കുട്ടി വിരിപ്പിനുളളതാണ്, (വ്യഭിചാരത്തിലുണ്ടാവുന്ന കുട്ടിയെ മാതാവിലേക്കാണ് ചേര്‍ക്കുക)  വ്യഭിചാരിണിക്ക് കല്ലേറ്’ എന്ന ഹദീസ് ആണ് ഇവര്‍ തെളിവായി സ്വീകരിച്ചത്. വംശപരമ്പര സംരക്ഷിക്കാനും ഗര്‍ഭമില്ല എന്നു സ്ഥിരപ്പെടുത്താനും വേണ്ടിയാണ് ഇദ്ദ നിയമമാക്കിയിട്ടുള്ളത്. അപ്പോള്‍ വ്യഭിചാരിയുടെ വംശപരമ്പര നിര്‍ണയിക്കേണ്ടതില്ലാത്തതിനാല്‍ ഇദ്ദ ആവശ്യമില്ലന്നാണ് അവരുടെ അഭിപ്രായം.

മറ്റുള്ളവരില്‍ നിന്ന് വ്യഭിചാരത്തിലൂടെ ഗര്‍ഭംധരിച്ച ഒരുവളെയാണ് വിവാഹം ചെയ്യുന്നതെങ്കില്‍ ഹനഫീ മദ്ഹബ് പ്രകാരം പ്രസവിക്കുന്നതുവരെ അവളുമായി ബന്ധപ്പെടാന്‍ പാടില്ല. ‘മറ്റൊരാളുടെ കൃഷിയിടത്തിന് വെള്ളമൊഴിക്കല്‍ വിശ്വാസിയായ ഒരുവന് അനുവദനീയമല്ല’ എന്ന ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഇതിന് തെളിവായി സ്വീകരിച്ചത്.

എന്നാല്‍ അവനില്‍ നിന്ന് തന്നെ വ്യഭിചാരത്തിലൂടെ ഗര്‍ഭം ധരിച്ചവളാണെങ്കില്‍ അവര്‍ തമ്മിലുള്ള വിവാഹവും ലൈംഗിക ബന്ധവും ഹനഫികളുടെയും മറ്റു പണ്ഡിതന്മാരുടെയും വീക്ഷണത്തില്‍ അനുവദനീയമാണ്.
(അവലംബം: യൂറോപ്യന്‍ ഫതവാ കൗണ്‍സില്‍)

വിവ: അബ്ദുല്‍ബാരി കടിയങ്ങാട്

Recent Posts

Related Posts

error: Content is protected !!