ഒരു സഹോദരി അവളുടെ മുടിയോ ശരീരത്തിന്റെ മറക്കേണ്ട ഭാഗങ്ങളോ മറക്കാതെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ ലൈക് ചെയ്യുന്നതിന്റെ വിധി എന്താണ്? നാം ആ ഫോട്ടോക്ക് നല്‍കുന്ന ലൈകും കമ്മന്റും അതിനുള്ള പ്രോത്സാഹനമായി പരിഗണിക്കപ്പെടുമോ?
മറുപടി: ഫേസ്ബുക്കിലും ചാറ്റ്‌റൂമിലും അതുപോലുള്ള വെബ്‌സൈറ്റുകളിലും സ്ത്രീകള്‍ അവരുടെ ഫോട്ടോകള്‍ പോസ്റ്റു ചെയ്യുന്നത് നിഷിദ്ധമാണെന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ കാരണങ്ങളും അതോടൊപ്പം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സ്ത്രീ ശരീരം ശരിയായി മറക്കാതെ കഴുത്തോ മുടിയോ കാണിച്ചു കൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ ആ തെറ്റിന്റെ ഗൗരവം ഒന്നുകൂടി വര്‍ധിക്കുന്നു.
സോഷ്യല്‍ മീഡിയകളില്‍ ഒരു പോസ്റ്റിന് നല്‍കുന്ന ‘ലൈക്’ അതിനുള്ള ഒരുതരം അംഗീകാരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും ചുരുങ്ങിയത് ആ ചിത്രം പോസ്റ്റ് ചെയ്ത ആളെങ്കിലും അങ്ങനെയായിരിക്കും മനസ്സിലാക്കുക. പ്രത്യേകിച്ചും ലൈക് നല്‍കിയ ആള്‍ അറിവും മതനിഷ്ഠയും ഉള്ള ആളാകുമ്പോള്‍.
പ്രവാചകന്‍(സ) പറഞ്ഞു: ‘നിങ്ങളാരെങ്കിലും ഒരു തിന്മ കണ്ടാല്‍ കൈ കൊണ്ടത് തടയട്ടെ. അതിന് സാധ്യമല്ലെങ്കില്‍ നാവു കൊണ്ട്. അതിനും സാധ്യമല്ലെങ്കില്‍ മനസ്സു കൊണ്ട്, അതാണ് വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടി.’
ഉര്‍സ് ബിന്‍ ഉമൈറ അല്‍കിന്ദി(റ)ല്‍ നിന്നും അബൂദാവൂദ് അദ്ദേഹത്തിന്റെ സുനനില്‍ ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: ഭൂമിയില്‍ ഒരു തെറ്റ് സംഭവിക്കുമ്പോള്‍ അതിന് സാക്ഷിയായ ഒരാള്‍ അതിനെ വെറുത്തു, അവിടെ ഹാജരില്ലാത്തവനെ പോലെയാണ് അവന്‍. അവിടെ ഹാജരില്ലാത്ത ഒരാള്‍ അതിനെ (തെറ്റിനെ) ഇഷ്ടപ്പെട്ടാല്‍ അതിന് സാക്ഷ്യം വഹിച്ചവനെ പോലെയുമാണ്.’
ഇബ്‌നു റജബ് അല്‍ഹമ്പലി പറഞ്ഞു: ഒരാള്‍ ഒരു തെറ്റിന് സാക്ഷ്യം വഹിച്ചു. എന്നിട്ട് അതില്‍ പ്രതിഷേധം രേഖപ്പെടുത്താനോ ശക്തിയുപയോഗിച്ച് എതിര്‍ക്കാനോ സാധിച്ചിട്ടില്ലെങ്കിലും, മനസ്സു കൊണ്ട് അതിനെ വെറുത്തുവെങ്കില്‍ അത് കാണാത്തവനെ പോലെയാണ് അവന്‍. എന്നാല്‍ ആ സംഭവം നടക്കുന്ന സമയത്ത് അവിടെയില്ലാത്ത ഒരാള്‍ അതിനെ അംഗീകരിക്കുകയാണെങ്കില്‍ ആ പ്രവര്‍ത്തനം കണ്ടിട്ടും അതില്‍ പ്രതിഷേധിക്കാനും അത് തടയാനും ശേഷിയുണ്ടായിട്ടും അത് ചെയ്യാത്തവനെ പോലെയാണവന്‍. ഒരു തെറ്റിന് നല്‍കുന്ന അംഗീകാരം അതിന് നല്‍കുന്ന പ്രചോദനമാണ്. ഒരു തിന്മയെ മനസ്സുകൊണ്ടെങ്കിലും വെറുക്കല്‍ വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ്. (ജാമിഉല്‍ ഉലൂം വല്‍ഹികം)
അതുകൊണ്ട് തന്നെ നേരത്തെ ചോദിച്ച തരത്തിലുള്ള ഫോട്ടോകള്‍ക്ക് നല്‍കുന്ന ലൈക് ഒരാള്‍ ആ തെറ്റിനെതിരെ എന്തു പ്രതികരണമാണ് രേഖപ്പെടുത്തുന്നത്?
കടപ്പാട്: islamqa.info