പ്രവാചക പത്‌നിമാരെ അഭിസംബോധന ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘പ്രവാചക പത്‌നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക.’ (അഹ്‌സാബ് 32)
ഈ സൂക്തത്തില്‍ കൊഞ്ചിക്കുഴഞ്ഞുള്ള സംസാരമാണ് നിരോധിക്കപ്പെട്ടത്. നല്ല സംസാരങ്ങള്‍ മറ്റുള്ളവര്‍ കേള്‍ക്കുന്നത് നിഷിദ്ധമല്ല. ഇത് ഔറത്തായിരുന്നുവെങ്കില്‍ നല്ല സംസാരം അനുവദനീയമാക്കാതെ നിരുപാധികം എല്ലാ സംസാരങ്ങളെയും നിഷിദ്ധമാക്കുമായിരുന്നു. ഒരു പ്രയോജനവും ചെയ്യാത്തതിനാലും നിഷിദ്ധത്തിലേക്കുള്ള വാതിലുകള്‍ അടക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം പ്രത്യേകമായി നിരോധിച്ചത്.
പ്രവാചകന്‍(സ) പുരുഷന്മാരുടെ സാന്നിദ്ധ്യത്തിലായിരിക്കെ നിരവധി സഹാബി വനിതകള്‍ പ്രവാചക സവിദത്തില്‍ വന്നു തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രവാചകന്‍ അത് നിരോധിക്കുകയോ പുരുഷന്മാരോട് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെടുമോ ചെയ്തിരുന്നില്ല. സ്ത്രീകളുടെ ശബ്ദം ഔറത്തായിരുന്നെങ്കില്‍ ഇവയില്‍ രണ്ടിലൊന്ന് പ്രവാചകന്‍ കല്‍പിക്കുമായിരുന്നു.
സ്ത്രീ ശബ്ദം ഔറത്തല്ല എന്ന് ഹമ്പലി പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നമസ്‌കാരത്തില്‍ വല്ല മറവിയും ഇമാമിന് സംഭവിച്ചാല്‍ പുരുഷന്മാര്‍ തസ്ബീഹ് ചെല്ലുകയും സ്ത്രീകള്‍ കൈമുട്ടുകയും ചെയ്യണമെന്ന് പറഞ്ഞത് നമസ്‌കാരത്തിന്റെ വിഷയത്തില്‍ പ്രത്യേകമായിട്ടുള്ള വിധിയാണ്. അത് വീട്ടില്‍ വെച്ചാണെങ്കിലും രക്ത ബന്ധുക്കളുടെ കൂടെയാണെങ്കിലും സ്ത്രീകള്‍ തസ്ബീഹ് ചൊല്ലാതെ കൈ മുട്ടുകയാണ് ചെയ്യേണ്ടത് എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്