Thursday, April 4, 2024
Homeസ്ത്രീ, കുടുംബം, വീട്സ്ത്രീകള്‍ക്ക് വീട്ടു തടങ്കലോ?

സ്ത്രീകള്‍ക്ക് വീട്ടു തടങ്കലോ?

ചോദ്യം : ‘സ്വവസതികളിലൊതുങ്ങിക്കഴിയുക. പഴയ ജാഹിലിയ്യാ കാലത്തെപ്പോലെ ചന്തംകാട്ടി വിലസി നടക്കാതിരിക്കുക. നമസ്‌കാരം നിലനിര്‍ത്തുക. സകാത്ത് നല്‍കുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. പ്രവാചക കുടുംബമായ നിങ്ങളെ വൃത്തികേടുകളില്‍നിന്ന് മോചിപ്പിക്കാനും സമ്പൂര്‍ണമായി ശുദ്ധീകരിക്കാനുമത്രെ അല്ലാഹു ഉദ്ദേശിക്കുന്നത്.'(33:33)

ഈ സൂക്തം, എല്ലാ കാലത്തെയും സ്ത്രീകള്‍ക്ക് ബാധകമാണോ, അതോ പ്രവാചക പത്‌നിമാര്‍ക്ക് മാത്രം ബാധകമായതാണോ?

മറുപടി : മറുപടി പറയുന്നതിന്നു മുമ്പായി, ഇസ്‌ലാം സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥാനം തന്നെ നല്‍കുന്നുണ്ടെന്ന വസ്തുത വ്യക്തമാക്കട്ടെ. സമൂഹത്തിന്റെ ഒരവിഭാജ്യ ഘടകമായി കരുതപ്പെടുന്ന അവരാണ്, പുരുഷന്മാരോടൊപ്പം, സമൂഹ ഘടനക്ക് പരിപൂര്‍ത്തി നല്‍കുന്നത്.

‘സ്വവസതികളിലൊതുങ്ങിക്കഴിയുക. പഴയ ജാഹിലിയ്യാ കാലത്തെപ്പോലെ ചന്തംകാട്ടി വിലസി നടക്കാതിരിക്കുക. നമസ്‌കാരം നിലനിര്‍ത്തുക. സകാത്ത് നല്‍കുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. പ്രവാചക കുടുംബമായ നിങ്ങളെ വൃത്തികേടുകളില്‍നിന്ന് മോചിപ്പിക്കാനും സമ്പൂര്‍ണമായി ശുദ്ധീകരിക്കാനുമത്രെ അല്ലാഹു ഉദ്ദേശിക്കുന്നത്.'(33:33)

താങ്കളുദ്ദരിച്ച ഈ സൂക്തം, പ്രവാചക പത്‌നിമാരെയാണ് സംബോധന ചെയ്യുന്നതെന്ന് മുസ്‌ലിം പണ്ഡിതന്മാര്‍ അംഗീകരിക്കുന്നു. ഇതിന്റെ തൊട്ടു മുമ്പുള്ള സൂക്തം അത് വ്യക്തമാക്കുന്നുണ്ട്:

‘അല്ലയോ പ്രവാചക പത്‌നിമാരേ, നിങ്ങള്‍ സാധാരണ വനിതകളെപ്പോലെയല്ല. നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുന്നവരാണെങ്കില്‍, മനസ്സില്‍ വൃത്തികേടുള്ളവര്‍ പ്രലോഭിതരാകുംവണ്ണം കൊഞ്ചിക്കുഴഞ്ഞു സംസാരിക്കരുത്. പ്രത്യുത, നേരെച്ചൊവ്വെ വര്‍ത്തമാനം പറയണം.’ (33: 32)

മറ്റൊരു സൂക്തം, ഈ വസ്തുത ഉറപ്പിച്ചു പറയുന്നു. പ്രവാചകനുമായുള്ള ഗാഢ ബന്ധത്തിലൂടെ, അദ്ദേഹത്തില്‍ നിന്ന് നേരിട്ട് തന്നെ പഠിക്കാന്‍ കഴിഞ്ഞ അവര്‍ക്ക്, മുസ്‌ലിംകളെയെല്ലാം പഠിപ്പിക്കുകയെന്ന ബാധ്യതയുണ്ടല്ലോ.

‘സ്വഗൃഹങ്ങളില്‍ പാരായണം ചെയ്യപ്പെടുന്ന ദൈവികസൂക്തങ്ങളും തത്ത്വോപദേശങ്ങളും ഓര്‍ക്കുക. അല്ലാഹു സൂക്ഷ്മജ്ഞനും  അഗാധജ്ഞനുമല്ലോ.'(33: 34)

‘അല്ലയോ പ്രവാചക പത്‌നിമാരേ, നിങ്ങള്‍ സാധാരണ വനിതകളെപ്പോലെയല്ല.’ എന്ന വാക്ക് അവര്‍ക്ക് പ്രത്യേക നിയമങ്ങള്‍ തന്നെയുണ്ടെന്നാണല്ലോ സൂചിപ്പിക്കുന്നത്. മുസ്‌ലിം സമൂഹത്തില്‍ പ്രത്യേക സ്ഥാനം തന്നെ അവര്‍ക്കുണ്ടല്ലോ.

‘വിശ്വാസികളുടെ മാതാക്കള്‍’ (ഉമ്മുഹാതുല്‍ മുഅ്മിനീന്‍) എന്നു വിളിച്ചു കൊണ്ട്, ആഗോള മുസ്‌ലിംകള്‍ അവര്‍ക്ക് സമുന്നതമായൊരു സ്ഥാനമാണ് കല്‍പിച്ചിരിക്കുന്നത്. വിശദാംശങ്ങൡലേക്ക് കടക്കാതെ, ഒറ്റ ഉദാഹരണം മാത്രം സൂചിപ്പിക്കുകയാണിവിടെ. പ്രവാചകന്റെ മരണ ശേഷം, അവര്‍ക്ക് പുനര്‍വിവാഹം നിഷിദ്ധമാണെന്നതത്രെ അത്.  ‘നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനെ ഒരിക്കലും ശല്യം ചെയ്തുകൂടാത്തതാകുന്നു. അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വേള്‍ക്കുന്നതും നിങ്ങള്‍ക്ക് അനുവദനീയമല്ല.'(33: 53)

താങ്കളുടെ ചോദ്യം ഒരു പ്രത്യേക സൂക്തത്തെ കുറിച്ചായിരുന്നുവല്ലോ. എന്നാല്‍, സ്ത്രീകള്‍ വീട്ടില്‍ ഒതുങ്ങിക്കഴിയണമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു സൂക്തമുണ്ട്. അതൊന്നു വ്യക്തമാക്കട്ടെ: ‘നിങ്ങളുടെ സ്ത്രീകളില്‍ ദുര്‍നടപ്പിലേര്‍പ്പെടുന്നവര്‍ക്കെതിരില്‍, നിങ്ങളില്‍നിന്നുള്ള നാലു പേരെ സാക്ഷികളായി കൊണ്ടുവരിക. നാലുപേര്‍ സാക്ഷ്യം വഹിച്ചുവെങ്കില്‍, ആ സ്ത്രീകളെ മരണംവരെ, അല്ലെങ്കില്‍ അല്ലാഹു മറ്റൊരു വഴി നിര്‍ദേശിക്കുന്നതുവരെ വീടുകളില്‍ തടഞ്ഞുവെക്കുക.'(4: 15) നിയമനിര്‍മ്മാണ പൂര്‍ത്തീകരണത്തിന്നു മുമ്പുള്ളതായിരുന്നു ഈ വീട്ടു തടങ്കല്‍ നിയമം. അതിന്നു ശേഷം അത് നിലനില്‍ക്കുന്നില്ല.

ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു കഥീര്‍ എഴുതുന്നു: ഇസ്‌ലാമിന്റെ ആദ്യകാലത്ത്, ഒരു സ്ത്രീ വ്യഭിചരിക്കുകയും നാലു പേര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്താല്‍, മരണം വരെ വീട്ടു തടങ്കലില്‍ കഴിയുകയായിരുന്നു ശിക്ഷ. അവള്‍ക്ക് പുറത്തു പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. ‘അല്ലാഹു മറ്റൊരു വഴി നിര്‍ദേശിക്കുന്നതുവരെ’ എന്നാണല്ലോ സൂക്തത്തില്‍ പറയുന്നത്. പ്രസ്തുത ‘വഴി’ സൂറത്തുന്നൂറിലാണുള്ളത്. ഈ നിയമം ദുര്‍ബ്ബലപ്പെടുത്തുന്നതാണാ സൂക്തം:

‘വ്യഭിചാരിണിയും വ്യഭിചാരിയും, ഇവരില്‍ ഓരോരുത്തരേയും നൂറുവീതം അടിക്കുക. അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തില്‍ അവരോടുള്ള ദാക്ഷിണ്യം നിങ്ങളെ ബാധിക്കാതിരിക്കട്ടെ -നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍. അവരെ ശിക്ഷിക്കുമ്പോള്‍ ഒരുപറ്റം സത്യവിശ്വാസികള്‍ ദൃസാക്ഷികളായി ഉണ്ടായിരിക്കേണം.'(24: 2)

ഉബാദത്ത് ബിന്‍ സാമിത് പ്രവാചകനില്‍ നിന്ന് ഉദ്ദരിക്കുന്നു: ‘എന്നില്‍ നിന്ന് ഉപദേശം സ്വീകരിക്കുക! എന്നില്‍ നിന്ന് ഉപദേശം സ്വീകരിക്കുക! അല്ലാഹു ആ സ്ത്രീകള്‍ക്ക് ഒരു വഴി വിധിച്ചിരിക്കുന്നു. ഒരു അവിവാഹിത അവിവാഹിതനുമായി വ്യഭിചരിച്ചാല്‍, അവര്‍ നൂറ് ചാട്ടവാര്‍ അടിയും ഒരു വര്‍ഷത്തെ നാടുകടത്തലും അനുഭവിക്കണം. വിവാഹിതനും വിവാഹിതയും തമ്മിലാണ് വ്യഭിചാരം നടക്കുന്നതെങ്കില്‍, നൂറു ചാട്ടവാര്‍ അടിയും മരണം വരെയുള്ള കല്ലെറിയലുമാണ് ശിക്ഷ.’ (മുസ്‌ലിം)

സൗന്ദര്യവും ശരീരകാന്തിയും മനശുദ്ധിയില്ലാത്തവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു, ആഭരണങ്ങളണിഞ്ഞു, ജാഹിലിയ്യാ കാലത്തെ സ്ത്രീകളെ പോലെ പുറത്തു പോകരുതെന്നാണ്, താങ്കള്‍ സൂചിപ്പിച്ച സൂക്തത്തിന്റെ പൊരുള്‍. എന്നാല്‍, ‘സ്വവസതികളിലൊതുങ്ങിക്കഴിയുക’ എന്ന വാക്യം, സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തു പോകുന്നതിന്ന്, പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ക്ക് തടസ്സമായിരുന്നില്ല. അവര്‍ പ്രവാചകനില്‍ നിന്ന് പഠിക്കുകയും മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരുന്നു. മുറിവേറ്റവരെ ശുശ്രൂഷിക്കുക, ഭക്ഷണങ്ങള്‍ തയ്യാറാക്കുക, യോദ്ധാക്കള്‍ക്ക് സേവനം ചെയ്യുക പോലുള്ള കാര്യങ്ങള്‍ക്കായി, മുസ്‌ലിം സ്ത്രീകള്‍, സേനയോടൊപ്പം യുദ്ധത്തിന്നു പോയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.

ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിയായിരുന്നു സുമയ്യ(റ). ആദ്യത്തെയും രണ്ടാമത്തെയും ഉടമ്പടികളില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. ആളുകള്‍ക്ക് വെള്ളം കൊടുത്തും, അവരെ സേവിച്ചും, മരിച്ചവരെയും മുറിയേറ്റവരെയും മദീനയിലേക്ക് തിരിച്ചു കൊണ്ടുവന്നും തങ്ങള്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നതായി റാബിഅ ബിന്ത് മുഅവ്വിദ് നിവേദനം ചെയ്യുന്നു. (ബുഖാരി) മാത്രമല്ല, നഗരത്തില്‍ ബിസിനസ്സ് നടത്തുന്നതിന്നായി, സഹാബി വനിതകള്‍ നാനാ ദിക്കിലും പോയിരുന്നതായി ഇസ്‌ലാമിക ചരിത്രത്തില്‍ നാം വായിക്കുന്നു.

ശിഫാ ബിന്‍ത് അബ്ദില്ല എന്ന വനിതയെ, മദീനാ മാര്‍ക്കറ്റിന്‍ മേല്‍നോട്ടം വഹിക്കുന്നതിന്ന് ഉമര്‍ ബ്‌നുല്‍ ഖത്വാബ് നിയമിച്ചിരുന്നതായി അവരുടെ ജീവചരിത്രത്തില്‍ കാണാം. മാത്രമല്ല, പൊതു താല്‍പര്യ പ്രശ്‌നങ്ങളിലെ നിയമനിര്‍മാണ വേളകളില്‍, ഖലീഫമാരോടു പോലും മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ന്യായമായവ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഉമറി(റ)ന്റെ കാലത്ത് നടന്ന ഒരു സംഭവം ഉദാഹരണമാണ്. കരാര്‍, വ്യവസായം, സമ്പാദ്യം, ഉടമസ്തത എന്നീ കാര്യങ്ങളില്‍, സ്വതന്ത്രമായ തുല്യാവകാശം, ഇസ്‌ലാം സ്ത്രീക്ക് അനുവദിച്ചിട്ടുണ്ട്.

‘സ്വവസതികളിലൊതുങ്ങിക്കഴിയുക’ എന്ന വാക്യത്തിന്ന്, ആദ്യ കാല നൂറ്റാണ്ടിന്റെ വ്യാഖ്യാനം ഇങ്ങനെയായിരുന്നു. എങ്കില്‍ 1400 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സ്ഥിതിയെന്തായിരിക്കും?

ജോലിക്കോ, സ്‌കൂളിലേക്കോ, യൂനിവേഴ്‌സിറ്റിയിലേക്കോ പോകാന്‍ സ്ത്രീക്ക് അനുവാദമില്ലെന്ന് പറയാനും വാദിക്കാനും ഇക്കാലത്ത് ആര്‍ക്കും കഴിയുകയില്ല. അങ്ങനെയെങ്കില്‍, എല്ലാ സ്ത്രീകളും വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന ഒരു സമൂഹത്തെ കുറിച്ചു സങ്കല്‍പിച്ചു നോക്കുക. സമൂഹത്തിലെ വലിയൊരു ഭാഗം അലസരായി കഴിയുക എന്നാണല്ലോ അതിനര്‍ത്ഥം.

അതെ, ജോലിക്കോ, പഠനത്തിന്നോ മറ്റോ സ്ത്രീക്ക് പുറത്തു പോകാം. ചാരിത്ര്യം പരിരക്ഷിക്കുകയും മര്യാദ പാലിക്കുകയും വേണമെന്നു മാത്രം. തന്റെ ശരീരവും മുടിയും മറക്കാനും, സ്വച്ഛതയുള്ള വസ്ത്രം  ധരിക്കാതെ, ശരീരത്തിന്റെ ആകര്‍ഷക ഭാഗങ്ങള്‍ മുഴുവന്‍ മറക്കുന്ന തരത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനുമാണ് മുസ്‌ലിം സ്ത്രീകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കാമവെറിയന്മാരുടെ പീഡനങ്ങള്‍ക്കിരയാകുന്നതില്‍ നിന്നും അവരെ തടയുന്നതിന്നു വേണ്ടിയാണിത്.

പര്‍ദ്ദ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെതിരായ ലംഘനമല്ല, പ്രത്യുത, അവളുടെ അന്തസ്സും മഹത്വവും പരിരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് മനസ്സിലാക്കേണ്ടത്. തന്റെ പാതിവ്രത്യ സമരക്ഷണത്തിന്നും, മനുഷ്യനെന്ന നിലയിലുള്ള ആദരവിന്നും വേണ്ടിയുള്ള അവകാശമായാണ് പര്‍ദ്ദയെ Women in Islam എന്ന കൃതിയില്‍, ഡോ. ഫാത്വിമാ നസീഫ് കാണുന്നത്.

വിവ : കെ.എ. ഖാദര്‍ ഫൈസി

Recent Posts

Related Posts

error: Content is protected !!