Thursday, April 25, 2024
Homeജനാസ സംസ്കരണംഇണയുടെ മൃതദേഹം ചുംബിക്കാമോ?

ഇണയുടെ മൃതദേഹം ചുംബിക്കാമോ?

ചോദ്യം :ദമ്പതിമാരില്‍ ഒരാള്‍ മരണപ്പെട്ടാല്‍, മറ്റെയാള്‍ക്ക് വിടവാങ്ങല്‍ എന്ന നിലക്ക് മൃതദേഹം ചുംബിക്കാമൊ? ആകാമെങ്കില്‍, മയ്യിത്ത് കുളിപ്പിച്ച ശേഷം മാത്രമേ അത് അനുവദനീയമാകുകയുള്ളു? അതോ, മുമ്പും ആകാമോ?

മറുപടി : ദമ്പതിമാരിലൊരാള്‍ മരണമടഞ്ഞാല്‍, മറ്റെയാള്‍, തന്റെ ഇണയുടെ ഇസ്‌ലാമികമായ സംസ്‌കരണങ്ങള്‍ നടത്തേണ്ടതാണ്. മരിച്ചയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. മരണത്തോടെ ദാമ്പത്യ ബന്ധം അവസാനിക്കുന്നില്ലെന്നതിനാല്‍, മൃതദേഹം ചുംബിക്കാവുന്നതുമാണ്.
ടൊറൊണ്ടോ ഇസ്‌ലാമിക് സെന്റര്‍ സീനിയര്‍ ലക്ചറും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ ശൈഖ് അഹ്മദ് കുട്ടി താങ്കളുടെ ചോദ്യത്തൊട് പ്രതികരിക്കുന്നു:
മരണത്തോടെ വൈവാഹിക ബന്ധം നിലക്കുകയില്ല. നിലക്കുമെന്ന കാഴ്ചപ്പാട് പ്രബലമല്ല. കാരണം, പ്രമാണങ്ങള്‍ക്കും പൂര്‍വ സൂരികളുടെ നടപടികള്‍ക്കും വിരുദ്ധമാണത്.
norgerx.com

തദ്‌വിഷയകമായി, പരിഗണിക്കപ്പെടേണ്ട ചില കാര്യങ്ങളിതാ:
1.    സഹധര്‍മ്മിണി ആയിശ(റ)യുടെ മടിത്തട്ടില്‍ മരണപ്പെടാനാണല്ലോ, തിരുമേനി(സ) ഇഷ്ടപ്പെട്ടത്. തന്റെ മരണത്തോടെ, അവര്‍ക്ക് തന്നെ സ്പര്‍ശിക്കാന്‍ അനുവാദമില്ലെന്ന് തിരുമേനിക്ക് അറിഞ്ഞു കൂടായിരുന്നോ? മരണത്തൊടെ ബന്ധം നിലക്കുമെങ്കില്‍, എങ്ങനെയാണ് അവിടുന്ന് ഇത് ചെയ്യുക?
2.    പ്രവാച പുത്രി ഫാത്വിമ(റ) മരണപ്പെട്ടപ്പോള്‍, ഭര്‍ത്താവ് അലിയായിരുന്നു മയ്യിത്ത് കുളിപ്പിച്ചതെന്ന് സ്രോതസ്സുകളില്‍ നിന്നറിയുന്നു. സഹാബികളില്‍ ഏറ്റവും അറിവുള്ളയാളായിരുന്നുവല്ലൊ അദ്ദേഹം? എന്നിട്ടും, അടിസ്ഥാനപരമായ ഈ കാര്യം അദ്ദേഹത്തിന്ന് അറിഞ്ഞു കൂടായിരുന്നുവെന്നോ?
3.    അബൂബക്കര്‍ സിദ്ദീഖിന്റെ മൃതദേഹം കുളിപ്പിച്ചത്, സഹധര്‍മ്മിണി അസ്മാ ബിന്ത് ഉമൈശ് അല്ലാതെ മറ്റാരുമായിരുന്നില്ലെന്ന് നമുക്കറിയാം. ആദികാല മുസ്‌ലിംകളില്‍ പെട്ട ഒരാളായിരുന്നു അസ്മാ എന്നത് ശ്രദ്ധേയമാണ്. അവിടെ സന്നിഹിതരായ സഹാബികളുടെ അറിവോടെയായിരുന്നു ഇത് നടന്നത്. ആരും ഈ നടപടിയെ എതിര്‍ക്കുകയുമുണ്ടായില്ല. അവരുടെ മൗനാനുവാദം, ഈ നടപടി അനുവദനീയമാണെന്നല്ലേ തെളിയിക്കുന്നത്? മറ്റു വാക്കുകളില്‍, വൈവാഹിക ബന്ധം മരണത്തൊടെ നിലച്ചു പോവുകയില്ലെന്നതിന്നതിന്ന്, സഹാബികളുടെ മൗനമായ കൂട്ടായ്മ( അല്‍ ഇജ്മാഉ സുകൂതി) ഉണ്ടെന്നാണല്ലൊ ഇത് സൂചിപ്പിക്കുന്നത്.
4.    ഒരിക്കല്‍, പ്രവാചകന്‍, സഹധര്‍മ്മിണി ആയിശ(റ)യോട് ഇങ്ങനെ പറഞ്ഞതായി, പ്രബലമായ ഹദീസില്‍ വന്നിട്ടുണ്ട്: നീ എന്റെ മുമ്പ് മരണപ്പെടുകയാണെങ്കില്‍, ഒന്നും വിഷമിക്കേണ്ട. കുളിപ്പിക്കുന്നതും കഫന്‍ ചെയ്യുന്നതും നമസ്‌കരിക്കുന്നതും മറമാടുന്നതുമെല്ലാം ഞാനായിരിക്കും.’
ദമ്പതികളിലൊരാള്‍ മരണമടഞ്ഞാല്‍, മറ്റെയാള്‍ അയാളെ സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും കുറ്റകരമല്ലെന്നാണല്ലോ, ഉപരിസൂചിത സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
അപ്പോള്‍, മരണമടഞ്ഞ ഇണയെ സ്പര്‍ശിക്കുന്നതും വിടവാങ്ങലെന്ന നിലയില്‍ ചുംബിക്കുന്നതും,  ഇണക്ക് തികച്ചും അനുവദനീയമാണ്. അത് കുളിപ്പിക്കുന്നതിന്നും കഫന്‍ ചെയ്യുന്നതിന്നും മുമ്പ് മാത്രമേ ആകാവൂ, ശേഷം പറ്റില്ലാ എന്നൊന്നും സൂചിപ്പിക്കുന്ന യാതൊന്നും പ്രമാണങ്ങളിലില്ല. മറ്റൊരു നിലക്കും നിഷിദ്ധമാകാത്ത കാര്യങ്ങള്‍ അനുവദനീയമാണെന്നാണ് കരുതപ്പെടെണ്ടത് എന്ന പൊതു ഇസ്‌ലാമിക നിയമം പൊതുവെ ബാധകമാണ്.

വിവ: കെ.എ. ഖാദര്‍ ഫൈസി

Recent Posts

Related Posts

error: Content is protected !!