Friday, March 29, 2024
Homeസ്ത്രീ, കുടുംബം, വീട്സ്ത്രീ പുരുഷന്റെ പകുതിയോ?

സ്ത്രീ പുരുഷന്റെ പകുതിയോ?

സ്ത്രീ ഇസ്‌ലാമിക സമൂഹത്തിന്റെ പാതിയാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ, അവളുടെ സാക്ഷ്യത്തിന്റെ വിഷയത്തില്‍ ഇസ്‌ലാം ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നത് എന്ത് കൊണ്ട്? ‘അവള്‍ മറന്നാല്‍ മറ്റൊരുത്തി ഓര്‍മിപ്പിക്കാന്‍ വേണ്ടി’ എന്നാണ് അതിന്റെ ന്യായമായി ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളത്. പുരുഷനേക്കാള്‍ ബുദ്ധിശക്തിയിലും ഓര്‍മയിലും അവള്‍ രണ്ടാംകിടയാണെന്നല്ലേ ഇത് സാക്ഷ്യപ്പെടുത്തുന്നത്? -നബീല്‍ വളാഞ്ചേരി-

മനുഷ്യനെ സൃഷ്ടിച്ച, അവന്റെ കഴിവുകളും ദൗര്‍ബല്യങ്ങളും ശരിയായി അറിയുന്ന പ്രപഞ്ച നാഥന്‍ നിയമമാക്കിയ വിധിവിലക്കുകളാണ് ഇസ്‌ലാമിക ശരീഅത്ത്. നിയമങ്ങളിലെ സൂക്ഷ്മത, സുതാര്യത, ഭദ്രത തുടങ്ങിയവയാണ് സാക്ഷ്യം എന്ന സംവിധാനത്തിലൂടെ ദൈവം പരിഗണിക്കുന്നത്. അല്ലാതെ പ്രപഞ്ചത്തിലെ ഏതെങ്കിലും സൃഷ്ടികളോടുള്ള ആദരവ്, ബഹുമാനം, നിന്ദ്യത എന്നിവ അതിന്റെ അടിസ്ഥാനമോ, മാനദണ്ഡമോ അല്ല.

തങ്ങളുടെതായ ഉത്തരവാദിത്തങ്ങളോട് കൂടിയാണ് സ്ത്രീയും പുരുഷനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും ഇപ്രകാരം ഉത്തരവാദിത്തങ്ങളുണ്ട്. യാതൊരു ലക്ഷ്യവുമില്ലാതെ വെറുതെ സൃഷ്ടിക്കപ്പെട്ട ഒന്നും പ്രപഞ്ചത്തിലില്ല എന്നത് അല്ലാഹുവിന്റെ തന്നെ വചനമാണ്. മാനവ സാമൂഹിക നിര്‍മാണത്തില്‍ സ്ത്രീയും പുരുഷനും തുല്യ പങ്കാണ് വഹിക്കുന്നത്. അവരുടെ ഉത്തരവാദിത്തങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്. ‘പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്.’ (നിസാഅ് 34)

ഇവിടെ സ്ത്രീ-പുരുഷന്മാരുടെ ദൗത്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട, അതിനാവശ്യമായ സാമ്പത്തിക ഉത്തരവാദിത്തം വഹിക്കേണ്ട ചുമതല പുരുഷന്റെ മേലാണ്. സ്ത്രീയുടെ ഉത്തരവാദിത്വത്തെ സൂചിപ്പിക്കാനുപയോഗിച്ച രീതി തന്നെ വ്യത്യസ്തമാണ്. സ്ത്രീ എന്ന് കുറിക്കുന്ന പദം പോലും ഉപേക്ഷിച്ച്, സദ്‌വൃത്ത എന്ന വിശേഷണത്തിലൂടെയാണ് അവളെ പരിചയപ്പെടുത്തുന്നത് തന്നെ. ഉത്തരവാദിത്വത്തെ അവളുടെ നാമമായി, നാമത്തോളം എത്തുന്ന വിശേഷണമായി ഖുര്‍ആന്‍ സമര്‍പ്പിച്ചിരിക്കുന്നുവെന്ന് ചുരുക്കം. സംസ്‌കരണത്തിന്റെ ചുമതലയുള്ളവള്‍ക്ക് സദ്ഗുണമുള്ളവള്‍, സദ്‌വൃത്ത തുടങ്ങിയവയേക്കാള്‍ യോജിച്ച വിശേഷണമെന്തുണ്ട് !

സാക്ഷ്യത്തിന്റെ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പരിഗണിച്ചത് ഈ ഉത്തരവാദിത്തങ്ങളെയാണ്. സ്ത്രീയുടെ സാമൂഹ്യ സന്ദേശം കുടുംബത്തിന്റെ മേല്‍നോട്ടവും, സംസ്‌കരണവും നടത്തുന്നതിലൂടെയാണ് പൂര്‍ണമാവുന്നത്. കൂടുതല്‍ സമയവും വീടുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമാണത്. അവരെ സംബന്ധിച്ചിടത്തോളം പ്രസ്തുത ഉത്തരവാദിത്തം മറ്റേതൊരു ദൗത്യത്തേക്കാളും മുന്‍ഗണനയര്‍ഹിക്കുന്നതാണ്. സാമൂഹിക പ്രശ്‌നങ്ങളിലുള്ള അജ്ഞത സൃഷ്ടിക്കുന്നതിന് ഇത് കാരണമാവുന്നുവെന്നതില്‍ സംശയമില്ല. സ്ത്രീ ശാരീരികമായും, മാനസികമായും പുരുഷനെ അപേക്ഷിച്ച് ദുര്‍ബലയാണെന്നതും സുവ്യക്തമാണ്. സമ്മര്‍ദ്ദവേളകളെ അതിജയിക്കാനോ, വാദങ്ങളില്‍ സ്ഥൈര്യത്തോടെ നില്‍ക്കാനോ അവര്‍ക്ക് സാധിച്ച് കൊള്ളണമെന്നില്ല. അതിനാല്‍ തന്നെ രണ്ട് പുരുഷന്‍മാര്‍ക്ക് പകരം നാല് സ്ത്രീകള്‍ സ്വീകാര്യയോഗ്യമല്ല.

സാമ്പത്തിക മേഖലയിലെ പരിജ്ഞാനവും, അനുഭവവും, അതിനാവാശ്യമായ ശാരീരികവും മാനസികവുമായ ദാര്‍ഢ്യവുമുള്ള പുരുഷനാണ് പ്രസ്തുത മേഖലയില്‍ സാക്ഷി നില്‍ക്കാന്‍ തീര്‍ത്തും യോഗ്യന്‍. അങ്ങാടിയില്‍ ജീവിക്കുന്ന,  അവിടത്തെ വിഷയങ്ങളില്‍ പരിജ്ഞാനമുള്ള, ആവശ്യമായ സന്ദര്‍ഭത്തില്‍ തെളിവിന് ഹാജരാവാന്‍ സാധിക്കുന്നവനാണ് അവന്‍. അതിനാല്‍ അവരില്‍ നിന്ന് രണ്ട് പേരാണ് സാക്ഷികളാവേണ്ടത്. അവരിലൊരാളുടെ അഭാവത്തില്‍ രണ്ട് സ്ത്രീകളെ സാക്ഷികളാക്കേണ്ടതാണ്. തീര്‍ത്തും, അപരിചിതമായ ഒരു മേഖലയില്‍, പ്രതിസന്ധികള്‍ നേരിടാന്‍ സാധ്യതയുള്ള വിഷയങ്ങളില്‍ അവള്‍ക്കൊരു കൂട്ടാണ് രണ്ടാമത്തെ സ്ത്രീ. ഇതിനൊരു മറുപുറവുമുണ്ട്. ആര്‍ത്തവം, പ്രസവം, കുട്ടിയുടെ പിതൃത്വം, കന്യകത്വം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീയുടെ സാക്ഷ്യമാണ് പരിഗണനീയം എന്ന് മാത്രമല്ല പുരുഷന്റെ സാക്ഷ്യം സ്വീകാര്യമല്ല താനും. ഇവിടെ പ്രയോഗിച്ച ‘വഴിതെറ്റുക’ അല്ലെങ്കില്‍ ‘മറക്കുക’ എന്നത് ബലഹീനതയെ, അനുഭവക്കുറവിനെ കുറിക്കുന്ന വിശേഷണമാണ്. കടമിടപാടിന്റെ മേഖലയില്‍ സ്ത്രീയും, കുടുംബപരമായ വിഷയത്തില്‍ പുരുഷനും ഇത് ഒരു പോലെ ബാധകമാണ്.

സ്ത്രീയുടെ മാന്യതയും, പതിവ്രതയും കാത്ത് സൂക്ഷിക്കുകയാണ് ഇസലാം ചെയ്തത്. അവളുടെ ചാരിത്ര്യത്തിന് നേരെ ആരോപണമുന്നയിക്കുന്നവര്‍ നാല് പുരുഷകേസരികളെയാണ് സാക്ഷികളാക്കി ഹാജരാക്കേണ്ടതെന്ന നിയമം(നൂര്‍ 6) ഇസ്‌ലാം അവര്‍ക്ക് നല്‍കിയ പരിഗണനയുടെ ആഴത്തെയാണ് കുറിക്കുന്നത്. എന്നാല്‍ സ്ത്രീയും പുരുഷനും മുഖത്തോട് മുഖം വരുന്ന അപകടരമായ സാഹചര്യത്തില്‍ ഇസ്‌ലാം സ്വീകരിച്ച നയം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇണക്കെതിരായ വ്യഭിചാരാരോപണ വിഷയത്തില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും സാക്ഷ്യം തുല്യമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്.  മാത്രമല്ല, പുരുഷന്റെ ആരോപണത്തെ നിരാകരിച്ച് കൊണ്ടുള്ള സ്ത്രീയുടെ സാക്ഷി പറയുന്നുവെങ്കില്‍ അതാണ് സ്വീകരിക്കപ്പെടുകയെന്ന്(നൂര്‍ 8,9) കൂടി മനസ്സിലാക്കേണ്ടതുണ്ട്.

അതിനാല്‍തന്നെ കഴിവും അനുഭവവും പരിഗണിച്ചുള്ള ഈ ഏറ്റവ്യത്യാസം മാനവികതയുമായോ, യോഗ്യതയുമായോ ബന്ധപ്പെട്ട ഒന്നല്ല. ഇത് സ്ത്രീക്ക് നല്‍കിയ പിന്തുണയും സഹായവും ആദരവുമാണ്. സ്വേഛാധിപതിയായ ഫറോവയുടെ മുന്നിലേക്ക് പുറപ്പെട്ട മൂസാ പ്രവാചകന്‍ സഹോദരന്‍ ഹാറൂന്റെ സഹായം ചോദിച്ചതും, അല്ലാഹു അനുവദിച്ചതും മൂസായുടെ ദൗര്‍ബല്യത്തെയോ, ന്യൂനതയെയോ അല്ല മറിച്ച് ദൈവസാമീപ്യത്തെയും സംരക്ഷണത്തെയും സഹായത്തെയുമാണ് കുറിക്കുന്നത്.

Recent Posts

Related Posts

error: Content is protected !!