Thursday, July 18, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംപഠനത്തിന് വേണ്ടി പ്രസവം വൈകിപ്പിക്കാമോ?

പഠനത്തിന് വേണ്ടി പ്രസവം വൈകിപ്പിക്കാമോ?

ചോദ്യം: വിവാഹിതയായ എനിക്ക് ഇരുപത്തിയാറ് വയസ്സായി. ഇപ്പോൾ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭർത്താവിന്റെ സമ്മതത്തോടെ പ്രസവം വൈകിപ്പിക്കണമെന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, അത് നിഷിദ്ധമാണോയെന്ന് ഭയപ്പെടുന്നു. ആ വിഷയത്തിലെ ഇസ്‌ലാമിക വിധിയെന്താണ്?

മറുപടി: കുട്ടികളുണ്ടാവുകയെന്നത് ഇണകളായ രണ്ടുപേരുടെയും അവകാശമാണ്. രണ്ടുപേരുടെയും തൃപ്തിയില്ലാതെ ഒരാൾ മാത്രം മാറിനിൽക്കുകയെന്നത് അനുവദനീയമല്ല. കുട്ടികളുണ്ടാവുകയെന്നത് ഇസ്‌ലാമിൽ വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽപെട്ടതാണ്. പഠനം കഴിയുന്നതുവരെ പ്രസവം വൈകിപ്പിക്കുന്നതിന് ഭർത്താവ് സമ്മതിക്കുകയാണെങ്കിൽ അതിൽ പ്രശ്നമില്ല. ഇത്തരമൊരു തീരുമാനമെടുത്തതിൽ കുറ്റക്കാരനാകുന്നുമില്ല.

Also read: മുൻഭർത്താവിനെ കാണാമോ?

അസ്ഹറിലെ പണ്ഡിതനായ ഉസ്താദ് ഫുആദ് മുഖൈമിർ പറയുന്നു: വിവാഹത്തിന്റെ പ്രത്യേകതകളിലും, അതിന്റെ ആസ്വാദനത്തിലും പെട്ടതാണ് കുട്ടികളുണ്ടാവുകയെന്നത്. ഭാര്യക്കും ഭർത്താവിനോ അല്ലെങ്കിൽ അവിരിലൊരാൾക്കോ തടസ്സമൊന്നുമില്ലാതിരിക്കുകയും, രണ്ടുപേരും സ്നേഹത്തോടെയും ഇഷ്ടത്തോടെയും കാരുണ്യത്തോടെയും ജീവിതത്തെ സ്വീകരിക്കുകയുമാണെങ്കിൽ അതിൽ പ്രശ്നമില്ല. ക്ഷമ രണ്ടുപേർക്കും അല്ലാഹുവിൽ നിന്ന് പ്രതിഫലം നേടികൊടുക്കുന്നതാണ്.

യൂറോപ്യൻ കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച് വൈസ് പ്രസിഡന്റായിരുന്ന ശൈഖ് ഫൈസൽ മൗലവി പറയുന്നു: ഭാര്യ സമ്മതിക്കുകയാണെങ്കിൽ അസ്‌ല്‌ ( ശുക്ലം ഗർഭപാത്രത്തിലേക്കെത്തുന്നത് തടയുക – العزل) അനുവദനീയമാണെന്നതിൽ കർമശാസ്ത്ര പണ്ഡിതർ യോജിച്ചിരിക്കുന്നു. ഭാര്യയുടെ സമ്മതമില്ലെങ്കിലും അത് അനുവദനീയമാണെന്ന് അവരിൽ അധികപേരും അഭിപ്രായപ്പെടുന്നു. അസ്‌ല്‌ ചെയ്യുന്നത് കുട്ടികളുണ്ടാകുന്നതിനെ തടയുന്നു. അത്  ശുക്ലം ഗർഭപാത്രത്തിലെത്തുന്നതിനെ തടയുകയെന്നതാണ്. ഈയൊരു ഉദ്ദേശം സാക്ഷാത്കരിക്കുന്നതിന് ശാസ്ത്രീയമായ ഏതൊരു രീതിയും സ്വീകരിക്കുന്നതിനെ ഭൂരിപക്ഷ കർമശാസ്ത്ര പണ്ഡിതരും അനുവദനീയമായി കാണുന്നു. അതിനുള്ള കാരണമുണ്ടെങ്കിൽ പ്രത്യേകിച്ചും. എന്നാൽ, ഭാര്യയുടെ സമ്മതമുണ്ടെങ്കിൽ എല്ലാവരുടെയും അടുക്കൽ അത് അനുവദനീയമാകുന്നതാണ്.

Also read: ആദ്യ ഭാര്യയറിയാതെ രണ്ടാം വിവാഹം കഴിക്കുന്നത്?

ഈജിപ്തിലെ പണ്ഡിതനും പ്രബോധകനുമായ ശൈഖ് അബ്ദുൽ ഖാലിഖ് അശ്ശരീഫ് പറയുന്നു: ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിനും, മനുഷ്യപ്രകൃതത്തിന്റെ പൂർത്തീകരണത്തിനുമായി അല്ലാഹു വിവാഹത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി സന്താനോത്പാദനത്തെ ആക്കിയിരിക്കുന്നു. എന്നാൽ അസ്‌ല് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അപ്രകാരം ചെയ്യാവുന്നതാണെന്ന് പ്രവാചകനിൽ നിന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ വിധി നടപ്പിലാവുകതന്നെ ചെയ്യുമെന്ന് അവരെ അറിയിക്കുക. പ്രവാചക ഹദസീന്റെ അടിസ്ഥാനത്തിൽ, ഭാര്യയും ഭർത്താവും യോജിക്കുകയാണെങ്കിൽ അനുവദനീയമാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. എന്നാൽ, തന്റെ അവകാശത്തെ തടയുകയോ, കുട്ടികളെ പരിപാലിക്കണമെന്ന മാതാവെന്ന ആഗ്രഹത്തെ വൈകിപ്പിക്കുകയോ ചെയ്യുന്നതിനാൽ ഭാര്യ അംഗീകരിക്കുന്നില്ലെങ്കിൽ അസ്‌ല് ചെയ്യുന്നതിനെയോ, അതുപോലെ കുട്ടികളുണ്ടാകാതിരിക്കാൻ ചെയ്യുന്ന രീതികളെയോ പണ്ഡിതർ അംഗീകരിക്കുന്നില്ല. സ്ത്രീകളുടെ നല്ല അവസ്ഥയിൽ അവർ ആഗ്രഹിക്കുന്നത് പൂർത്തീകരിക്കുകയാണ് വേണ്ടത്.

ഡോ.യൂസുഫുൽ ഖറദാവി പറയുന്നു: ഇണകൾ തീരുമാനിക്കുകയാണെങ്കിൽ അസ്‌ല് ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല. പ്രവാചക അനുചരന്മാർ ന്യായമായ കാരണങ്ങളാൽ അസ്‌ല് ചെയ്തിരുന്നു. സ്വഹീഹായ ഹദീസിൽ വന്നതുപോലെ പ്രവാചകൻ അതിൽ നിന്ന് അവരെ തടഞ്ഞിരുന്നില്ല.

വിവാഹത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാമത്തേത് മനുഷ്യവംശം നിലനിൽക്കുകയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തീർച്ചയായും വംശം നിലനിൽക്കുന്നത് പ്രത്യുത്പാദനത്തിലൂടെ മാത്രമാണ്. കൂടുതൽ കുട്ടികളുണ്ടാകുന്നതിനെ ഇസ്‌ലാം വളരെയധികം പ്രോത്സാഹിപ്പിക്കുകയും, സന്താനങ്ങളെ അനുഗ്രഹമായി കാണുകയും ചെയ്യുന്നു. എന്നാൽ, വിശ്വാസികൾക്ക് ന്യായമായ കാരണങ്ങളുണ്ടാവുകയോ അനിവാര്യമായ സാഹചര്യമുണ്ടാവുകയോ ചെയ്യുകയാണെങ്കിൽ സന്താനങ്ങളെ നിയന്ത്രിക്കുന്നതിന് ഇളവ് ലഭിക്കുന്നു. പ്രവാചക കാലത്ത് പ്രത്യുത്പാദനം തടയുന്നതിനോ അല്ലെങ്കിൽ കുറക്കുന്നതിനോ വേണ്ടി ആളുകൾ  സ്വീകരിച്ച മാർഗമായിരുന്നു അസ്‌ല്.  പ്രവാചക കാലത്ത് അനുചരന്മാർ അപ്രകാരം ചെയ്തിരുന്നതായി സ്വഹീഹായ ഹദീസിൽ കാണാവുന്നതാണ്. ജാബിർ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു: ‘ഞങ്ങൾ പ്രവാചക കാലത്ത് അസ്‌ല് ചെയ്യുമായിരുന്നു. അത് വിശുദ്ധ ഖുർആൻ അവതരിക്കുന്ന കാലമായിരുന്നു.’ മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്നു: ‘ഞങ്ങൾ പ്രവാചകന്റെ കാലത്ത് അസ്‌ല് ചെയ്യുമായിരുന്നു. ആ വിവരം പ്രവാചകന്റെ അടുക്കലെത്തിയപ്പോൾ പ്രവാചകൻ ഞങ്ങളെ വിലക്കിയില്ല.’

പ്രവാചകന്റെ അടുക്കൽ വന്ന് ഒരാൾ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എനിക്ക് ഒരു പരിചാരികയുണ്ട്. ഞാൻ അവളുമായ ബന്ധപ്പെടുമ്പോൾ അസ്‌ല് ചെയ്യുന്നു. അവൾ ഗർഭംധരിക്കുന്നതിന് എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. മറ്റുള്ളവർ വിചാരിക്കുന്നതുപോലെ ഞാനും വിചാരിച്ചു. ജൂതന്മാർ പറയുന്നു: അസ്‌ല് എന്നത് മൗഊദത് അസ്സുഗ്റയാണെന്ന് (കുട്ടികളെ ജീവിനോടെ കുഴിച്ചുമൂടകുയെന്ന ജാഹിലിയ്യ കാലത്തെ രീതിയുടെ ചെറിയ രൂപം അല്ലെങ്കിൽ മറ്റൊരു രൂപം – الموءودة الصغرى). പ്രവാചകൻ പറഞ്ഞു: ‍ജൂതന്മാർ കളവ് പറയുകയാണ്. അല്ലാഹു ജനിപ്പിക്കുവാൻ ഉദ്ദേശിക്കുകയാണെങ്കിൽ താങ്കൾക്ക് അതിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല.’ അതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഭർത്താവ് അസ്‌ല് ചെയ്യുകയാണെങ്കിലും, അയാൾ അറിയാതെ ശുക്ലം ഗർഭപാത്രത്തിൽ ചെന്ന് അത് ഗർഭംധരിക്കുന്നതിന് കാരണമാകുന്നു എന്നതാണ്.

ഉമറിന്റെ മജ്‌ലിസിൽ അസ്‌ലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഒരാൾ പറഞ്ഞു: കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നതിന്റെ ചെറിയ രൂപമാണ് അതെന്ന് അവർ (ജൂതന്മാർ) വാദിക്കുന്നു. അലി(റ) പറഞ്ഞു: ഏഴ് ഘട്ടം കഴിഞ്ഞാലല്ലാതെ അത് കുട്ടികളെ കുഴിച്ചമൂടുന്നതാവുകയില്ല. കളിമണ്ണിന്റെ സത്ത, ബീജം, മാംസപിണ്ഡം, അസ്ഥികൂടം, അസ്ഥികൂടത്തെ മാംസംകൊണ്ട് പൊതിയുക, മറ്റൊരു സൃഷ്ടിയായി രൂപപ്പെടുക എന്നീ ഏഴ് ഘട്ടം കഴിയായതെ അത് മൗഊദ് അസ്സുഗ്റയാവുകയില്ല. ഉമർ(റ) പറഞ്ഞു: താങ്കൾ പറഞ്ഞത് സത്യമാണ്. അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ.

അവലംബം: islamonline.net

Recent Posts

Related Posts

error: Content is protected !!