ഒരു സ്തീ സദുദ്ദേശ്യപൂർവം തന്റെ മുൻഭർത്താവിനെ കാണുന്നത് അനുവദനീയമാണോ ?
ഉത്തരം: വിവാഹമുക്തയായ ഒരു സ്ത്രീയുടെ ഇദ്ദാ കാലം കഴിയുന്നതോടെ മുൻ ഭർത്താവ് മറ്റേതൊരു പുരുഷനെയും പോലെ അന്യനാണ്. ഒരന്യ പുരുഷനോട് സ്വീകരിക്കേണ്ടുന്ന നിലപാടാണ് അയാളോട് സ്വീകരിക്കേണ്ടത്. തനിച്ചാവാതെ അയാളെ കാണുന്നതും അഭിമുഖീകരിക്കുന്നതും തെറ്റല്ലല. പക്ഷേ, തനിച്ചാകൽ നിഷിദ്ധമാണ്. അന്യ സ്ത്രീപുരുഷന്മാർ തനിച്ചാകുന്നിടത്ത് മൂന്നാമനായി ഉണ്ടാവുക പിശാചാണ്. അതൊഴിച്ചാൽ, മതനിഷ്ഠയും, വസ്ത്ര ധാരണമര്യാദകളും പാലിച്ച് ജനങ്ങൾ കാൺകെ, മുൻഭർത്താവിനെ അഭിമുഖീകരിക്കാം.
ഇപ്പറയുന്നത് ഒന്നാമത്തെയോ രണ്ടാമത്തെയോ ത്വലാഖിന്റെ ഇദ്ദാകാലം കഴിഞ്ഞ സ്ത്രീകളെ സംബന്ധിച്ചാണ്. ഇദ്ദാകാലത്താണെങ്കിൽ മുൻഭർത്താവിനോട് സഹവസിക്കുകയാണ് വേണ്ടത്. അക്കാലത്ത് ഭർതൃഗൃഹം വിട്ടു പാകാൻ ഭാര്യക്കോ ഭാര്യയെ പുറത്താക്കാൻ ഭർത്താവിനോ പാടില്ല. വിവാഹമോചനം ചെയ്യുന്നതോടെ, ഭർത്താവിനെ വെറുത്ത് ഭാര്യ സ്വഭവനത്തിലേക്ക് പോയ്ക്കളയുന്ന ഇന്നത്തെ പതിവ് ശരിയല്ല. അല്ലാഹു പറയുന്നു:’അല്ലയോ നബിയേ, നിങ്ങൾ ഭാര്യമാരെ വിവാഹമോചനം ചെയ്യുമ്പോൾ അവരുടെ (ഇദ്ദയുടെ) അവധിക്ക് വെച്ചു ചെയ്യുക; ഇദ്ദയുടെ കാലം കണക്കാക്കുകയും ചെയ്യുക. നിങ്ങൾ സ്വന്തം രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെട്ടു കൊള്ളുവിൻ! നിങ്ങളവരെ അവരുടെ വീടുകളിൽനിന്ന് പുറത്താക്കരുത്. അവർ സ്വയമേവ പുറത്തുപോവുകയുമരുത്- അവർ സ്പഷ്ടമായും ഹീനമായ വല്ല കൃത്യവും ചെയ്യുന്നെങ്കിലല്ലാതെ. ഇത് അല്ലാഹുവിന്റെ നിയമപരിധികളാണ്, അല്ലാഹുവിന്റെ പരിധികൾ ലംഘിക്കുന്നവർ സ്വശരീരത്തോട് അക്രമം പ്രവർത്തിച്ചവരാണ്. അതിന് ശേഷം അല്ലാഹു വല്ല പുതിയ സംഭവത്തിനും ഇടവരുത്തിയേക്കും; നീ അതറിയുകയില്ല.'( സൂറ.ത്വലാഖ് 1-2) വിവാഹമോചനത്തിനു ശേഷവും ഭാര്യ അവളുടെ വീട്ടിൽ – ഭർതൃഗൃഹത്തിൽ – തുടരുന്നതുവഴി ഭർത്താവിന് മനംമാറ്റമുണ്ടാവാനും ഭാര്യയോട് സഹതാപവും കരുണയും തോന്നാനും ഇടയുണ്ട്. അത് പൂർവാധികം ഈടുറ്റ ഒരു ബന്ധത്തിന് വഴിയൊരുക്കും. അതുകൊണ്ട് ഒന്നാമത്തെയും രണ്ടാമത്തെയും ത്വലാഖുകൾക്കുശേഷം ഭാര്യ ഭർതൃഗൃഹം വിട്ടുപോകാൻ പാടില്ല. ഭർത്താവ് അവരെ അവരുടെ ഭവനത്തിൽനിന്ന് പുറത്താക്കാനും പാടില്ല.