Monday, May 13, 2024
Homeസ്ത്രീ, കുടുംബം, വീട്അനന്തരാവകാശംവിസ്തീര്‍ണ്ണം മാത്രം പരിഗണിച്ച് അനന്തരസ്വത്ത് വീതംവെക്കാമോ?

വിസ്തീര്‍ണ്ണം മാത്രം പരിഗണിച്ച് അനന്തരസ്വത്ത് വീതംവെക്കാമോ?

ഇസ്‌ലാമില്‍ അനന്തരസ്വത്ത് ഭാഗം വെക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ പകുതിയാണല്ലോ? എന്നാല്‍ പുരുഷന്‍മാര്‍ വീതം വെക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പലപ്പോഴും താരതമ്യേനെ മൂല്യം കുറഞ്ഞ സ്ഥലമോ വഴിയില്ലാത്ത സ്ഥലമോ നല്‍കാറുണ്ട്. മുപ്പത് സെന്റ് ഭൂമി വീതം വെക്കുമ്പോള്‍ റോഡിനോട് ചേര്‍ന്ന ഭാഗം പുരുഷനും പിറകുവശത്തുള്ള താഴ്ന്ന ഭാഗം സ്ത്രീക്കും കൊടുക്കുന്നത് ശരിയാണോ? താഴ്ന്ന ഭാഗം നികത്തുന്നതിന് മണ്ണടിക്കുന്നതിന് വണ്ടി പോകുന്നതിന് അതിലേക്ക് പത്തടി വഴികൂടി നല്‍കണമെന്ന ആവശ്യം ന്യായമല്ലേ? ഇതില്‍ ഇസ്‌ലാമിക ശരീഅത്തിന്റെ കാഴ്ച്ചപ്പാട് എന്താണ്?

മറുപടി: അനന്തരാവകാശം മാത്രമല്ല, ഏതൊരു അവകാശവും അതിന്റെ അവകാശിക്ക് വകവെച്ചു കൊടുക്കല്‍ അനിവാര്യമായ നിര്‍ബന്ധ ബാധ്യതയായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ‘അവകാശികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിങ്ങള്‍ വകവെച്ചു കൊടുക്കുക’ എന്ന് നബി(സ) പല സന്ദര്‍ഭളിലും സഹാബിമാരെ ഉണര്‍ത്തിയിട്ടുണ്ട്. ‘നിങ്ങളുടെ സന്താനങ്ങള്‍ക്കിടയില്‍ നീതി കാണിക്കുക’ എന്ന് ജീവിച്ചിരിക്കുന്ന കാലത്ത് സന്താനങ്ങള്‍ക്ക് സ്വത്ത് തുല്യമായി വീതിക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കി കൊണ്ട് നുഅ്മാന്‍ ബിന്‍ ബശീര്‍(റ)വിന്റെ പിതാവായ ബശീര്‍ ബിന്‍ സഅദ്(റ)നോട് നബി(സ) ശക്തമായി ആവശ്യപ്പെട്ടത് ഹദീസ് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാം. പിതാവ് ജീവിച്ചിരിക്കുമ്പോഴുള്ള കാര്യമാണിത്.

അനന്തരാവകാശികള്‍ ആരൊക്കെയാണെന്നും അവര്‍ ഓരോരുത്തര്‍ക്കുമുള്ള ഓഹരി എത്രയാണെന്നും വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഏതൊരു വ്യക്തിയും മരണപ്പെടുന്നതോട് കൂടി ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞിട്ടുള്ള അനന്തരാവകാശികള്‍ അയാളുടെ സ്വത്തിന്റെ അവകാശികളായി മാറുകയാണ്. അഥവാ ഒരു പിതാവ് മരണപ്പെടുമ്പോള്‍ ആ പിതാവിന്റെ ഭാര്യയും അദ്ദേഹത്തിന്റെ ആണും പെണ്ണും ഉള്‍പ്പടെയുള്ള സന്താനങ്ങളും അദ്ദേഹത്തിന്റെ സ്വത്തിന്റെ അവകാശികളായി മാറുന്നു. ഇവര്‍ക്ക് അവകാശം നല്‍കുന്നത് ഒരിക്കലും പുരുഷന്‍മാരല്ല. അങ്ങനെയൊരു തെറ്റിധാരണ പൊതുവെ നിലനില്‍ക്കുന്നുണ്ട്. പിതാവ് മരണപ്പെട്ടാല്‍ ആ കുടുംബത്തിലെ മുതിര്‍ന്ന ആണ്‍മക്കളോ പുരുഷന്‍മാരോ ആണ് സ്വത്ത് വീതം വെക്കേണ്ടത് എന്നത് തെറ്റിധാരണ മാത്രമാണ്.

ഒരാള്‍ മരണപ്പെടുന്നതോട് കൂടി അയാളുടെ സ്വത്തില്‍ മൂന്ന് തരം അവകാശികളുണ്ടാവും. ജീവിച്ചിരുന്ന കാലത്ത് അയാള്‍ക്ക് ആരുടെയെങ്കിലും അടുക്കല്‍ നിന്ന് കടം വാങ്ങിയിട്ടുണ്ടെങ്കില്‍ ആ കടം തിരിച്ചു കിട്ടാനുള്ളവരാണ് ഒന്നാമത്തെ വിഭാഗം. വസിയ്യത്താണ് രണ്ടാമത്തെ വിഭാഗം. അനന്തരാവകാശത്തെ കുറിച്ച് പറയുന്നിടത്ത് ”അവരുടെ വസിയത്തുകള്‍ പൂര്‍ത്തീകരിക്കുകയും കടങ്ങള്‍ വീട്ടുകയും ചെയ്തശേഷം.” എന്ന് വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ഒരാള്‍ വിട്ടേച്ചു പോകുന്ന സ്വത്തില്‍ നിന്ന് കടവും വസിയത്തും പൂര്‍ത്തീകരിച്ച ശേഷം അവശേഷിക്കുന്നത് അനന്തരാവകാശികള്‍ക്കുള്ളതാണ്. അത് ആരെങ്കിലും കനിഞ്ഞു നല്‍കുന്നതോ, ആരുടെയെങ്കിലും ഔദാര്യമോ അല്ല. മറിച്ച് അല്ലാഹു കൃത്യമായി നിശ്ചയിച്ചിട്ടുള്ള അനന്തരാവകാശമാണ്.

അനന്തരാവകാശികല്‍ക്ക് ആര്‍ക്കൊക്കെ എത്രവീതം നല്‍കണം എന്ന് വളരെ കൃത്യമായി ഖുര്‍ആന്‍ നിര്‍ണയിച്ചിട്ടുണ്ട്. ഭൂമിയുടെ വീതം വെപ്പുമായി ബന്ധപ്പെട്ട കാര്യമാണ് ഇവിടെ ചോദിച്ചിട്ടുള്ളത്. ഭൂമി പോലുള്ള സ്ഥാവര സ്വത്തുക്കള്‍ വീതം വെക്കുമ്പോള്‍ കറന്‍സി പോലെ എണ്ണിത്തിട്ടപ്പെടുത്തി വീതം വെക്കാന്‍ സാധിക്കുകയില്ല. ഭൂമിയുടെ കിടപ്പ്, സ്വഭാവം, ജലലഭ്യത, റോഡ് സൗകര്യം, മണ്ണിന്റെ ഫലഭൂയിഷ്ടത പോലുള്ള പല ഘടകങ്ങളും പരിഗണിച്ചാണ് അതിന്റെ മൂല്യം കണക്കാക്കുക. ഇത്തരം ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള സ്ഥലത്തിന്റെ ഓരോ ഭാഗ്യത്തിനും വ്യത്യസ്തമായ മൂല്യമാണ് ഉണ്ടാവുക. അതുകൊണ്ട് ഓരോ ഭാഗത്തിന്റെയും മൂല്യനിര്‍ണയം നടത്തുകയാണ് ആദ്യം വേണ്ടത്. റോഡരികിലുള്ള ഫലഭൂയിഷ്ടമായ ജല ലഭ്യതയുള്ള ഭൂമിയുടെ വിലയും തരിശായ കുന്നിന്റെ വിലയും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ടാകുമെന്നത് സര്‍വാംഗീകൃതമായ യാഥാര്‍ഥ്യമാണ്. നിശ്ചിത ‘സെന്റ്’ സ്ഥലം എന്നല്ല അല്ലാഹു പറഞ്ഞിട്ടുള്ളത്, മറിച്ച് മൊത്തം സ്വത്തിന്റെ ‘നിശ്ചിത’ ഓഹരി എന്നാണ്. അതുകൊണ്ടു തന്നെ സ്ഥലം ഓഹരി വെക്കുമ്പോള്‍ അതിന്റെ വിസ്തീര്‍ണം മാത്രമല്ല പരിഗണിക്കേണ്ടത്. മൊത്തം സ്ഥാവര സ്വത്തിന്റെ മൂല്യം നിര്‍ണയിക്കുകയും ആ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വീതം വെക്കുകയുമാണ് വേണ്ടത്. നാല് നിലകളുള്ള ഒരു കെട്ടിടമാണ് പരേതന്‍ വിട്ടേച്ചു പോയിട്ടുള്ളതെങ്കില്‍ അതിന്റെ ഓരോ നിലയുടെയും മൂല്യത്തില്‍ വ്യത്യാസമുണ്ടാവാം. ഓഹരിവെക്കുമ്പോള്‍ ആ മൂല്യമാണ് പരിഗണിക്കപ്പെടേണ്ടത്.

നാളെ അല്ലാഹുവിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാര്യമാണ് എന്ന ബോധ്യത്തോടെയായിരിക്കണം ഇതിനെ സമീപിക്കേണ്ടത്. മറ്റൊരാളുടെ അവകാശം അയാള്‍ മനസംതൃപ്തിയോടെ നല്‍കിയാലല്ലാതെ അനുവദനീയമാവുകയില്ല. ”അല്ലയോ വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്‍ഗങ്ങളിലൂടെ പരസ്പരം തിന്നാതിരിക്കുക.” (അന്നിസാഅ്: 29) എന്ന വിശുദ്ധ ഖുര്‍ആന്റെ താക്കീതും ഹറാമായ സമ്പത്തിലൂടെ വളര്‍ന്ന മാംസം ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന പ്രവാചകന്റെ(സ) മുന്നറിയിപ്പും നമ്മുടെ ഓര്‍മയിലുണ്ടാവണം. അതുകൊണ്ട് ഏറ്റവും നീതിയുക്തമായ വീതം വെപ്പാണ് നടത്തേണ്ടത്.

ഇവിടെ പറഞ്ഞിട്ടുള്ള പോലെ സെന്റിന്റെ കണക്കുകള്‍ മാത്രം വെച്ച് താഴ്ന്ന സ്ഥലം ഒരാള്‍ക്ക് കൊടുക്കുന്നതില്‍ അനീതിയുണ്ടെന്ന് ഏതൊരാള്‍ക്കും ബോധ്യമാവുന്ന കാര്യമാണ്. ഇങ്ങനെയുള്ള വീതംവെപ്പിന് ഇസ്‌ലാമിക ശരീഅത്തില്‍ യാതൊരു അടിസ്ഥാനവുമില്ല. അതുകൊണ്ട് ഭൂമിയുടെ മൂല്യത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള വിദഗ്ദരെ കൊണ്ടുവന്ന് അതിന്റെ മൂല്യനിര്‍ണയം നടത്തുകയും അതനുസരിച്ച് വീതം വെക്കുകയുമാണ് വേണ്ടത്. രണ്ട് പെണ്‍കുട്ടികള്‍ക്കുള്ള ഓഹരിയാണ് ഒരു ആണ്‍കുട്ടിക്കുണ്ടാവുക എന്ന മൗലികമായ അടിസ്ഥാനം അതില്‍ പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് ബന്ധപ്പെട്ട കക്ഷികള്‍ ഇതില്‍ പുനരാലോചന നടത്തുകയും അനീതി സംഭവിക്കാതെ വീതംവെപ്പ് നടത്തുകയാണ് വേണ്ടത്.

Recent Posts

Related Posts

error: Content is protected !!