Friday, March 29, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹമോചനംകൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭധാരണം?

കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭധാരണം?

റജ്ഇയ്യായ ത്വലാഖ്: ഈ സമയത്ത് അല്ലാഹു സ്ത്രീയോട് നിശ്ചിത കാലയളവ് കാത്തിരിക്കാന്‍ കല്‍പ്പിക്കുകയും ഗര്‍ഭം മറയ്ച്ചുവെക്കുന്നത് വിലക്കുകയും ചെയ്തു. മാത്രമല്ല, ഈ ത്വലാഖിന്റെ കാലയളവില്‍ താല്‍പര്യമെങ്കില്‍ അവളെ തിരിച്ചെടുക്കാനുള്ള അവകാശം ഭര്‍ത്താവിന് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ മൂന്ന് വിധികളും വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നു: ‘വിവാഹമോചിതര്‍ മൂന്നു ശുദ്ധിവരെ പ്രതീക്ഷിക്കണം. തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചുവെച്ചത് അവര്‍- അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍- മറച്ചു വെക്കാവതല്ല. രജ്ഞിപ്പില്‍ കഴിയണമെന്ന് ഭര്‍ത്താക്കളുദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ ദീക്ഷാവേളയില്‍ ഭാര്യമാരെ തിരിച്ചെടുക്കാന്‍ അവര്‍ അര്‍ഹതപ്പെട്ടവരാണ്. ബാധ്യതകളുള്ളതുപോലെ അവകാശങ്ങളും ഭാര്യമാര്‍ക്കുണ്ട്. എന്നാല്‍ അവരെക്കാളുന്നത പദവി പുരുഷന്മാര്‍ക്കാണ്. അല്ലാഹു പ്രതാപശാലിയും യുക്തമാനുമാകുന്നു'(ബഖറ: 228).

ഭാര്യയെ മടക്കിയെടുക്കുന്നതിലെ ഭര്‍ത്താവിന്റെ ഉദ്ദേശത്തെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ബന്ധം തിരിച്ചെടുക്കുകയെന്നത് ഭര്‍ത്താവിന്റെ ഉദ്ദേശവുമായാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. അവനാണ് മടക്കിയെടുക്കാനുള്ള അവകാശം. ശുക്ലം പ്രവേശിപ്പിക്കുന്നതിനോ അതിനു മുമ്പുള്ള ബീജസങ്കലന പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനോ അല്ലെങ്കില്‍ ആരംഭിക്കുന്നതിനോ ഭര്‍ത്താവിന് അനുമതിയുണ്ട്. ഇതുകൊണ്ടാണ് ഭാര്യയെ മടക്കിയെടുക്കാം എന്ന് പറയുന്നത്. എന്നാല്‍ സ്ത്രീയെ സംബന്ധിച്ചെടുത്തോളം, അവള്‍ക്ക് അതിനുള്ള ഒരവകാശവുമില്ല. കാരണം, അവളെ സംബന്ധിച്ചെടുത്തോളം ഭര്‍ത്താവ് അവള്‍ക്ക് ചെലവ് നല്‍കുകയും താമസ സൗകര്യം ശരിയാക്കുകയും ചെയ്യുന്ന കാലം മാത്രമാണ് അവള്‍ ഭാര്യയാകുന്നത്. റജ്ഇയ്യത്തിന്റെ ത്വലാഖ് കാലയളവില്‍ ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ക്കൊരു ബാധ്യതയുമില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവ് ഉറങ്ങുന്ന സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിഷിദ്ധമാണ്. കാരണം, അവനെ സംബന്ധിച്ചെടുത്തോളം അവള്‍ അന്യസ്ത്രീയെപ്പോലെയാണ്.

അതുപോലെത്തന്നെ, ബാഹ്യ ബീജസങ്കലനവും മേല്‍പറഞ്ഞ രീതിയില്‍ തന്നെ നിഷിദ്ധമാണ്. കാരണം, ഒരേ സമയം അവള്‍ അന്യസ്ത്രീയും ശുദ്ധിക്കായി കാത്തിരിക്കുന്നവളുമാണ്. അതുകൊണ്ട് തന്നെ അല്ലാഹു അനുവദിച്ച കാര്യങ്ങളല്ലാതെ മറ്റൊന്നും ചെയ്യാന്‍ അവള്‍ക്ക് അനുമതിയില്ല. ഒരു അന്യപുരുഷന്റെ ശുക്ലം ശരീരത്തിലേക്ക് പ്രവേശിക്കുന്നത് അവളെ സംബന്ധിച്ചെടുത്തോളം നിഷിദ്ധം തന്നെയാണ്. ത്വലാഖ് ചൊല്ലിയ വ്യക്തിയുടെ ശുക്ലവും അതുപോലെത്തന്നെയാണ്. കാരണം, അവനുമായുള്ള അവളുടെ ഇടപാടുകള്‍ അന്യപുരുഷനോടുള്ള ഇടപാടുകള്‍ പോലെത്തന്നെയാണ്. അവനെ സ്പര്‍ശിക്കുന്നതും തൊലി തമ്മില്‍ ചേരുന്നത് പോലും അനുവദനീയമല്ലെങ്കില്‍ പിന്നെ ശുക്ലം പ്രവേശിപ്പിക്കുന്നതും ബീജസങ്കലനം നടത്തുന്നതും ഏതായാലും നിഷിദ്ധം തന്നെയാണ്. അങ്ങനെയവള്‍ ചെയ്താല്‍ അവള്‍ വന്‍ദോശം ചെയ്തവളും ശരീഅത്ത് വിരുദ്ധമായി പ്രവര്‍ത്തിച്ചവളാവുകയും ചെയ്യും. ഈ പറഞ്ഞതെല്ലാം വിവാഹമോചനത്തിന് ശേഷമുള്ള കാര്യങ്ങളാണ്.

Also read: ഇസ്‌ലാം പുരുഷമേധാവിത്വത്തിന്റെ മതമോ?

വിവാഹമോചനത്തിന് മുമ്പ് ബീജസങ്കലനം നടത്തിയാലും ഇപ്രാകരം തന്നെയാണ് വിധി. കാരണം, അന്യപുരുഷന്റെ ബീജമാണ് അവള്‍ അവളിലേക്ക് ചേര്‍ക്കുന്നത്. അത് നിഷിദ്ധമാണ്. ഇനി അവള്‍ ബീജസങ്കലനം നടത്തിയാല്‍ ആ പുരുഷനിലേക്കാണ് ആ കുട്ടി ചേര്‍ക്കപ്പെടുക. അവനത് നിഷേധിക്കാനുമാകില്ല. അവള്‍ അവന്റെ ഭാര്യയായി പരിഗണിക്കപ്പെടുകയും ചെയ്യും. അന്നേരം ആ പുരുഷന് അവളുടെ അടുത്തേക്ക് വരല്‍ അനുവദനീയമാണ്. റജ്ഇയ്യത്തിന്റെ ഗണത്തിലാണ് ഇതു എണ്ണപ്പെടുക. കാരണം, വാക്കിനേക്കാള്‍ ശക്തി പ്രവര്‍ത്തിക്കാണ്. എന്നാല്‍, ഹറാം ചേര്‍ക്കപ്പെടുക സ്ത്രീയുടെ പ്രവര്‍ത്തിയിലേക്കാണ്. അവളാണ് മറ്റൊരുത്തന്റെ അവകാശത്തിനുമേല്‍ കൈകടത്തിയത്. അവള്‍ ചെയ്തതിന് അവള്‍ കുറ്റക്കാരിയാവുകയും കുട്ടി ആ പുരുഷനിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്യും.

ബാഇനായ ത്വലാഖ്: ബാഇനായ ത്വലാഖില്‍ കുറ്റം അല്‍പം കൂടി ഗൗരവമാകും. കാരണം, അത് അന്യപുരുഷനാണെന്ന് ഉറപ്പാണ്. എന്നാല്‍, ഇദ്ദ ഇരിക്കുന്ന സമയത്ത് അവള്‍ അവന്റെ ബീജം തന്നിലേക്ക് പ്രവേശിപ്പിച്ചാല്‍ കുട്ടി പുരുഷനിലേക്ക് തന്നെ ചേര്‍ക്കപ്പെടും. ശുബ്ഹത്തിന്റെ നിക്കാഹില്‍ ആ അന്യസ്ത്രീയില്‍ നിന്നുണ്ടാകുന്ന കുട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷനിലേക്ക് തന്നെ ചേര്‍ക്കപ്പെടുമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ബാഇനായ ത്വലാഖിലായിരിക്കുന്ന സമയത്ത് ബീജസങ്കലനം നടത്തുന്നതും അങ്ങനെത്തന്നെയാണ് കണക്കാക്കപ്പെടുക. കുടുംബ ബന്ധം സംരക്ഷിക്കപ്പെടാന്‍ വേണ്ടിയാണത്.

മരണത്തിന്റെ ഇദ്ദയിലും അതിനുശേഷവും നടത്തുന്ന ബീജസങ്കലനം: മരണത്തിന്റെ ഇദ്ദയിലായിരിക്കെ ബീജസങ്കലനം നടത്തുന്നത് മരിച്ച ഭര്‍ത്താവിനോടും അവന്റെ അനന്തരാവകാശികളോടും ചെയ്യുന്ന അക്രമമാണ്. ഭര്‍ത്താവിനെ സംബന്ധിച്ചെടുത്തോളം അവനതിന് അനുമതി നല്‍കുകയോ തൃപ്തിപ്പെടുകയോ ചെയ്തിട്ടില്ല. അതവന്റെ അവകാശമാണ്. അതിനെതിര് പ്രവര്‍ത്തിക്കല്‍ അക്രമവുമാണ്. എന്നാല്‍ അനന്തരാവകാശികളെ സംബന്ധിച്ചെടുത്തോളം അതവരുടെ സ്വത്തിനുമേലുള്ള അതിക്രമമാണ്. എന്നാല്‍ അതുകൊണ്ട് കുടുംബ ബന്ധം സ്ഥിരപ്പെടുമോ?
ശരീഅത്തിന്റെ നിയമങ്ങളില്‍ നിന്നും എനിക്ക് മനസ്സിലായത് ചേര്‍ക്കപ്പെടുമെന്ന് തന്നെയാണ്. ഒരാള്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. അത് പിന്നീട് രക്തപിണ്ഡമായി വളര്‍ന്നാല്‍ അത് അവനിലേക്ക് തന്നെയാണ് ചേര്‍ക്കപ്പെടുക.

Also read: വന്ധ്യത ചികിത്സ: അനുവദനീയമോ?

ഇവിടെ രണ്ട് രീതിയിലാണ് കാര്യങ്ങള്‍. ഒന്ന്, ഭര്‍ത്താവിന്റെ ശുക്ലത്തില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ ഭാര്യയുടെ ഇദ്ദയുടെ കാലയളവില്‍ അവള്‍ ഗര്‍ഭിണിയാകുന്നു. ഇവിടെ ശരീഅത്ത് അനുവദനീയമാക്കിയ കാരണങ്ങളാണുള്ളത്. രണ്ടാമത്തേത്, അതിക്രമം കാണിച്ച് ഗര്‍ഭിണിയായതാണ്. എങ്കിലും ഭര്‍ത്താവിലേക്ക് തന്നെയാണ് കുട്ടി ചേര്‍ക്കപ്പെടുക. ജനിതക പരിശോധനയിലൂടെ അത് അവനില്‍ നിന്നു തന്നെയാണെന്ന് തെളിയിക്കപ്പെട്ടാല്‍ രക്ഷാകര്‍തൃത്വത്തിനുള്ള അവകാശം അവനാണെന്ന നിലക്ക് ആ കുട്ടി അവനില്‍ നിന്നും അനന്തരമെടുക്കുകയും ചെയ്യും. നിഷിദ്ധമായ മാര്‍ഗത്തിലൂടെയാണ് അത് സംഭവിച്ചതെങ്കിലും അത് കുടുംബ ബന്ധം സ്ഥിരപ്പെടുന്നതിന് തടസ്സമാവുകയില്ല. അതെല്ലാം, ആർത്തവ സമയത്തോ ഹജ്ജിന് ഇഹ്‌റാം കെട്ടിനില്‍ക്കുന്ന സമയത്തോ ഭാര്യയെ ബന്ധപ്പെടുന്നത് പോലെയും ശുബ്ഹത്തിന്റെ ബന്ധത്തില്‍ അകപ്പെടുന്നത് പോലെയുമാണ്. ശരീഅത്ത് പ്രകാരം അതെല്ലാം നിഷിദ്ധമാണെന്നുള്ളത്, കുട്ടി ഭര്‍ത്താവിലേക്ക് ചേര്‍ക്കപ്പെടുന്നതിനോ അനന്തരമെടുക്കുന്നതിനോ അത് തടസ്സമാകുന്നില്ല. വ്യഭിചാരത്തിലൂടെ ഉണ്ടായ കുട്ടിയെ അവളിലേക്ക് തന്നെ ചേര്‍ക്കുന്നതില്‍ കര്‍മ്മശാസ്ത്രത്തില്‍ പരിഗണനീയമായ അഭിപ്രായമുണ്ട്, അവള്‍ ഭാര്യയല്ലെങ്കിലെന്നാണ് അതിനെക്കുറിച്ച് ഉര്‍വ്വത്ത് ബ്‌നു സുബൈര്‍, സുലൈമാന്‍ ബ്‌നു യസാര്‍, ഹസനുല്‍ ബസ്വരി, ഇബ്‌നു സീരീന്‍, ഇബ്രാഹീം നഖഈ, ഇസ്ഹാഖ് ബ്‌നു റാഹവയ്ഹി എന്നിവരിൽനിന്ന് ഇബ്‌നു ഖുദാമ ഉദ്ധരിച്ചിട്ടുള്ളത്(മുഗ്നി: 9/ 123).

ഇമാം അബൂ ഹനീഫയിൽനിന്ന് ഇബ്‌നു ഖുദാമ ഉദ്ധരിക്കുന്നു: ഒരാള്‍ ഒരു അന്യസ്ത്രീയുമായി വ്യഭിചാരത്തിലേര്‍പ്പെടുകയും ആ സ്ത്രീ ഗര്‍ഭിണിയായതിന് ശേഷം അയാള്‍ അവളെ വിവാഹം കഴിക്കുകയും ആ കുട്ടി അവനിലേക്ക് ചേര്‍ക്കപ്പെടുന്നതിലും പ്രശ്‌നമുള്ളതായി എനിക്ക് തോന്നുന്നില്ല. ഇബ്‌നു തൈമിയ്യയും സമകാലിക പണ്ഡിതനായ ഇബനു ഉസൈമീന്‍ തന്റെ ശറഹു മുംതിഇലും(12/ 127) പ്രബലമാക്കിയിട്ടുള്ളത് ഈ അഭിപ്രായമാണ്.

മുന്‍ചൊന്ന മസ്അലയുമായിട്ടാണ് ഇതിന് സാമ്യതയുള്ളത്. കാരണം, നിഷിദ്ധമാക്കപ്പെടാനുള്ള കാരണം മരണത്തിന് ശേഷം ശുക്ലം പ്രവേശിപ്പിക്കുകയോ അല്ലെങ്കില്‍ ട്യൂബുകള്‍ കുത്തിവെച്ച് ബീജസങ്കലനം നടത്തുകയോ ചെയ്തു എന്നതാണല്ലോ. മരണത്തിന്റെ ഇദ്ദയുടെ സമയത്ത് ഭര്‍ത്താവില്‍ നിന്നുള്ള രക്തപിണ്ഡത്തില്‍ ഇങ്ങനെയാണ് വിധിയെങ്കില്‍ പിന്നെ ഭര്‍ത്താവിന് ബന്ധമില്ലാതെ ഉണ്ടായതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ശുബ്ഹത്തിന്റെ നിക്കാഹിനോട് തന്നെയാണ് അതിനേറ്റവും സാമ്യത. കുടുംബവും അഭിമാനവും സംരക്ഷിക്കുകയെന്നാണ് ഇവിടെ ശരീഅത്തിന്റെ ലക്ഷ്യം. കാരണം, കുട്ടിയുടെ കുടുംബ ബന്ധം സ്ഥിരപ്പെടുത്തുകയെന്നത് കുട്ടിയുടെ അവകാശമാണ്. ശുബ്ഹത്ത് കൊണ്ടുണ്ടായതാണെങ്കില്‍ പോലും അതൊരിക്കലും നഷ്ടപ്പെടുത്തിക്കളയാനാവില്ല. ശരീഅത്തിന്റെ മഖാസിദുളില്‍ പെട്ടതാണ് കുടുംബ സംരക്ഷണമെന്നതിനാല്‍ അത് വ്യക്തമാക്കല്‍ അനിവാര്യവുമാണ്.

ഭര്‍ത്താവില്‍ നിന്നുമുണ്ടായ രക്തപിണ്ഡത്തെക്കുറിച്ച് അത്തുറുഖുല്‍ ഹികമിയ്യയ്യില്‍ ഇബ്‌നു ഖയ്യിം പറയുന്നു: കുടുംബ ബന്ധം സ്ഥരിപ്പെടുത്തുകയെന്നത് അതില്‍ അല്ലാഹുവിന് അവകാശമുണ്ട്, കുട്ടിക്ക് അവകാശമുണ്ട്, പിതാവിനും അവകാശമുണ്ട്. അടിമകളെ പരസ്പരം ചേര്‍ക്കുന്ന വിധികളെല്ലാം പിന്നീട് അതിനെത്തുടര്‍ന്നാണ് വരുന്നത്(പേജ്: 191).

Also read: മരിച്ചവർക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താമോ?

എന്നാല്‍, മരണത്തിന് ശേഷമോ ഇദ്ദക്ക് ശേഷമോ ബീജസങ്കലനം നടത്തിയാല്‍ കുട്ടി ഭര്‍ത്താവിലേക്ക് ചേര്‍ക്കപ്പെടുകയില്ല. വ്യഭിചാരത്തോടാണ് അതിന് സാദൃശ്യം. ജനിതക പരിശോധനയില്‍ അതാരുടെ കുട്ടിയാണെന്ന് തെളിഞ്ഞിട്ടില്ലെങ്കില്‍ അത് അവളുടെ കുട്ടി തന്നെയാണ്. കുടുംബ ബന്ധം ഇല്ലാതിരിക്കുകയെന്ന കാര്യത്തെ പ്രതിരോധിക്കാന്‍ ശരീഅത്ത് സ്വീകരിച്ച ഏറ്റവും നല്ല മാര്‍ഗം അത് അവളിലേക്ക് തന്നെ ചേര്‍ക്കുകയെന്നതാണ്. ഇവിടെ ചേര്‍ക്കപ്പെടാന്‍ ഭര്‍ത്താവില്ല എന്ന് പറയാനാവില്ല. കാരണം, മുന്‍ വൈവാഹിക ബന്ധത്തെ പരിഗണിച്ച് തന്നെ ജനിതക അന്വേഷണം നടത്തിയാണ് കുട്ടിയെ സ്ത്രീയിലേക്ക് തന്നെ ചേര്‍ത്തത്. അതിനാല്‍ തന്നെ ഇവിടെ ആരിലേക്കാണോ ചേര്‍ക്കപ്പെടുന്നത് എന്നോ അനന്തരസ്വത്തിനെക്കുറിച്ചോ പരിഭവപ്പെടേണ്ടതില്ല. കാരണം, പ്രസവിച്ച സ്ത്രീക്ക് കുടുംബ ബന്ധമുണ്ടല്ലോ, അതിലേക്കാണ് അവനും ചേര്‍ക്കപ്പെടുക. അനന്തരസ്വത്തിന്റെ വിഷയത്തില്‍ അവന് അര്‍ഹതപ്പെട്ടതുണ്ടെങ്കില്‍ മാത്രമേ അവനത് സ്ഥിരപ്പെടുകയുള്ളൂ.

ഒരാള്‍ ശുബ്ഹത്തിന്റെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഉണ്ടായ കുട്ടിയുമായി വന്നാല്‍, ബന്ധപ്പെട്ട സ്ത്രീ അവന്റെ ഭാര്യയല്ലെങ്കില്‍ പോലും കുട്ടി അവന്റേത് തന്നെയാണ്. അത് അനന്തരസ്വത്ത് സ്ഥിരപ്പെടുന്നത് പോലെത്തന്നെയാണ്. ഒരാള്‍ മരിക്കുമ്പോള്‍ അനന്തരാവകാശി രക്തപിണ്ഡമായോ അല്ലെങ്കില്‍ പ്രസവിക്കപ്പെട്ടോ ഉണ്ടെങ്കില്‍ അവനും സ്വത്തില്‍ നിന്നും വിഹിതം നല്‍കപ്പെടും. അതിനോട് ചേര്‍ത്താണ് നാം, മരണ ശേഷം ഇദ്ദയിലിരിക്കുന്ന സ്ത്രീ ബീജസങ്കലനം നടത്തുന്ന മസ്അലയെക്കുറിച്ച പറഞ്ഞത്. കാരണം, ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം ഒരാള്‍ മരണപ്പെടുകയും അയാളുടെ മരണ ശേഷം അയാളില്‍ നിന്നുമുള്ള അത് രക്തപിണ്ഡമായി മാറുകയും ചെയ്യുന്നതിനോടാണ് അതിനേറ്റം സാദൃശ്യമുള്ളത്. എന്നാല്‍, അയാള്‍ മരിക്കുകയും സ്ത്രീയുടെ ഇദ്ദ തീരുകയും ചെയ്തതിന് ശേഷമാണ് ഉണ്ടാകുന്നതെങ്കില്‍ അത് അന്യപുരുഷന്റെ ബീജമാണെന്നതില്‍ സംശയമില്ല. അത് ആ അന്യപുരുഷനിലേക്ക് തന്നെ ചേര്‍ക്കപ്പെടുന്നത് കുട്ടിയുടെ കുടുംബ ബന്ധം സംരക്ഷിക്കപ്പെടാന്‍ വേണ്ടിയാണ്. ഇതാണ് ഇത്തരം പ്രാധാന്യമേറിയ വിഷയങ്ങളില്‍ ഞാന്‍ തിരഞ്ഞെടുക്കുന്ന അഭിപ്രായങ്ങള്‍.

വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

ഡോ. ഫദ്ൽ മുറാദ്
യമന്‍ തലസ്ഥാനമായ സന്‍ആഇന്റെ പടിഞ്ഞാറ് ഭാഗം റയ്മയില്‍ ജനനം. ആന്‍ആയിലെ ദാറുല്‍ ഖുര്‍ആനുല്‍ കരീമില്‍ വെച്ച് ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. യമനിലെ മുഫ്തിയായിരുന്ന മുഹമ്മദ് ബ്‌നു ഇസ്മാഈല്‍, മുഹമ്മദ് അല്‍ജുറാഫി എന്നിവരില്‍ നിന്നും മുഹമ്മദ് ബ്‌നു അബ്ദില്ലാഹില്‍ ഹസനി എന്നിവരില്‍ നിന്നും കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യം നേടി. ആധുനിക കര്‍മ്മശാസ്ത്രത്തെ വിശകലനം ചെയ്യുന്ന അല്‍-മുഖദ്ദിമത്തു ഫീ ഫിഖ്ഹില്‍ അസ്വ്ര്‍ അടക്കം കര്‍മ്മശാസ്ത്രത്തിലും ഹദീസിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. യമനിലെ ഈമാന്‍ യുനിവേഴ്‌സിറ്റിയിലെ ശരീഅത്ത് വിഭാഗം ഡീന്‍ ആയരുന്ന അദ്ദേഹം ഇപ്പോള്‍ ഖത്തര്‍ യുനിവേഴ്‌സിറ്റിയിലെ സമകാലിക കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശരീഅത്ത് വിഭാഗത്തില്‍ പ്രൊഫസറായി ജോലി ചെയ്യുന്നു.

Recent Posts

Related Posts

error: Content is protected !!