ചോദ്യം: ഒരു യുവതിയെ വിവാഹം ചെയ്യുന്നതിനായി അവരുടെ വീട്ടുകാരുമായി ഞാന്‍ വിവാഹാന്വേഷണം നടത്തുകയും അവരത് സ്വീകരിച്ച് അംഗീകരിക്കുകയും ചെയ്തു. ആഘോഷപൂര്‍വം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് വിവാഹ നിശ്ചയം നടത്തുകയും അത് പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിവാഹ നിശ്ചയമെന്ന ഉടമ്പടിയെ വിവാഹമായി പരിഗണിച്ച് ആ പെണ്‍കുട്ടിയുമായി ഒറ്റക്ക് സമയം ചെലവഴിക്കാന്‍ എനിക്ക് അനുവാദമുണ്ടോ?
മറുപടി: ഇസ്‌ലാമിക ശരീഅത്തനുസരിച്ചും നാട്ടുനടപ്പിന്റെ അടിസ്ഥാനത്തിലും വിവാഹ നിശ്ചയവും വിവാഹവും രണ്ട് കാര്യങ്ങള്‍ തന്നെയാണ്. വിവാഹത്തിന്റെ മുന്നോടിയായി നടക്കുന്ന ഒരു കാര്യമാണ് വിവാഹനിശ്ചയമെന്നത്. നാട്ടുനടപ്പനുസരിച്ച് വിവാഹം നിശ്ചയിക്കപ്പെട്ടവനും വിവാഹിതനും തമ്മില്‍ വലിയ അന്തരമുണ്ട്. ശരീഅത്ത് അവ രണ്ടിനെയും വളരെ വ്യക്തമായി തന്നെ വേര്‍തിരിച്ചിട്ടുണ്ട്. വിവാഹനിശ്ചയമെന്നത് ഒരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള താല്‍പര്യം പ്രഖ്യാപിക്കലിനപ്പുറമൊന്നുമല്ല. എന്നാല്‍ വിവാഹമെന്നത് ബലിഷ്ടമായ, ഗൗരവപ്പെട്ട കരാറാണ്. അതിന് പരിധികളും നിബന്ധനകളും അവകാശങ്ങളും ഫലങ്ങളുമുണ്ട്.
ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീകളുടെ കാര്യത്തില്‍ ആ രണ്ട് കാര്യങ്ങളെ കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ”വിധവകളായ സ്ത്രീകളോട് അവരുടെ ഇദ്ദാവേളയില്‍ നിങ്ങള്‍ വിവാഹാഭിലാഷം സൂചിപ്പിക്കുകയോ മനസ്സില്‍ മറച്ചുവെക്കുകയോ ചെയ്യുന്നതില്‍ കുറ്റമൊന്നുമില്ല. നിങ്ങളുടെ മനസ്സില്‍ തീര്‍ച്ചയായും അവരെക്കുറിച്ച് വിചാരമുണ്ടാവുമെന്ന് അല്ലാഹുവിന്നറിയാം. പക്ഷേ, അവരോട് രഹസ്യമായി പ്രതിജ്ഞ ചെയ്യാതിരിക്കുക. വല്ലതും സംസാരിക്കുകയാണെങ്കില്‍ മാന്യമായ രീതിയില്‍ സംസാരിക്കുക. ഇദ്ദാവേള കഴിയുന്നതുവരെ വിവാഹ ഉടമ്പടി തീരുമാനിക്കാവതല്ല. അല്ലാഹു നിങ്ങളുടെ മനോഗതങ്ങള്‍പോലും അറിയുന്നുവെന്ന് നന്നായി ഗ്രഹിച്ചുകൊള്ളുക. അതിനാല്‍ അവനെ സൂക്ഷിക്കുക. അല്ലാഹു അത്യധികം ക്ഷമിക്കുന്നവനും വിട്ടുവീഴ്ചയരുളുന്നവനും ആണെന്ന് അറിയുക.” (അല്‍ബഖറ: 235)
വിഹാഹനിശ്ചയം എത്രതന്നെ വിപുലമായും ആഘോഷപരമായും നടന്നാലും അത് വിവാഹ ഉടമ്പടിക്ക് പകരമാവുന്നില്ല. താന്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയെ മറ്റൊരാള്‍ വിവാഹം ആലോചിക്കുന്നത് തടയുന്നു എന്നതിനപ്പുറം മറ്റൊരു അവകാശവും വിവാഹം നിശ്ചയിക്കപ്പെട്ട പുരുഷന് അതിലൂടെ ലഭിക്കുന്നില്ല. ”മറ്റൊരാള്‍ വിവാഹമാലോചിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ വിവാഹമാലോചിച്ച് സമീപിക്കരുത്.” (ബുഖാരി, മുസ്‌ലിം) എന്ന് പ്രവാചകന്‍(സ) വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹം നിശ്ചയിക്കപ്പെട്ടാലും നികാഹിന്റെ ഉടമ്പടി പൂര്‍ത്തിയാകുന്നത് വരെ വിവാഹം ആലോചിക്കുന്ന പുരുഷന് വിവാഹം ആലോചിക്കപ്പെടുന്ന സ്ത്രീക്ക് അന്യനാണ്. ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന വൈവാഹിക ഉടമ്പടി നടക്കുന്നതോടെ മാത്രമേ അവള്‍ അവന്റെ ഇണയെന്ന വൃത്തത്തിലേക്ക് പ്രവേശിക്കുകയുള്ളൂ. വിവാഹത്തിന്റെ അടിസ്ഥാന കാര്യമാണ് ഇണയാക്കി കൊടുക്കലും അത് സ്വീകരിക്കലും. അതിന് ഉപയോഗിക്കുന്ന വാക്കുകള്‍ പോലും നാട്ടുനടപ്പനുസരിച്ചും ശരീഅത്ത് പ്രകാരവും സുപരിചിതമാണ്. അത് സംഭവിക്കാത്തിടത്തോളം അവര്‍ പരസ്പരം അന്യര്‍ തന്നെയാണ്. അതുകൊണ്ട് തന്നെ പെണ്‍കുട്ടിയുടെ പിതാവ്, സഹോദരന്‍ പോലുള്ള രക്തബന്ധുക്കളുടെ സാന്നിദ്ധ്യത്തിലല്ലാതെ അവര്‍ക്ക് ഒറ്റക്ക് സമയം ചെലവഴിക്കുന്നതും യാത്ര ചെയ്യുന്നതും അനുവദനീയമല്ല.
വിവാഹ ഉടമ്പടി നടക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് വിവാഹമോചനം ചെയ്യുകയുമാണെങ്കില്‍ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് നിശ്ചയിക്കപ്പെട്ട മഹറിന്റെ പകുതി പെണ്‍കുട്ടിക്ക് അവകാശപ്പെട്ടതാണ്. ”ഇനി പരസ്പര സ്പര്‍ശനത്തിനുമുമ്പ് ത്വലാഖ് കൊടുത്തു, വിവാഹമൂല്യം നിശ്ചയിച്ചിട്ടുമുണ്ട്. എങ്കില്‍ അപ്പോള്‍ നിശ്ചിത വിവാഹമൂല്യത്തിന്റെ പകുതി നല്‍കേണ്ടതാകുന്നു.” (അല്‍ബഖറ: 237) അതേ സമയം വിവാഹ നിശ്ചയത്തിന് ശേഷം പുരുഷന്‍ ആ ബന്ധം വേണ്ടെന്നു വെക്കുകയാണെങ്കില്‍ അത്തരം ഒരു അവകാശവും പെണ്‍കുട്ടിക്ക് ലഭിക്കുന്നില്ല. അപ്പോള്‍ പിന്നെ എങ്ങനെയാണ് വിവാഹ നിശ്ചയവും വിവാഹവും ഒരുപോലെയാവുക?
ചോദ്യമുന്നയിച്ച സഹോദരനോട് എനിക്ക് പറയാനുള്ളത് എത്രയും വേഗം വിവാഹം നിശ്ചയിച്ചിട്ടുള്ള ആ പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നാണ്. നിങ്ങളുടെ സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും നിങ്ങള്‍ ചോദിച്ചിട്ടുള്ള കാര്യം അനുവദനീയമാകാന്‍ മറ്റൊരു മാര്‍ഗമില്ല. ദീനീനിഷ്ഠ പുലര്‍ത്താനും വികാരങ്ങളെ നിയന്ത്രിക്കാനും അതാണ് മാര്‍ഗം. ഹലാലിന്റെ പരിധിവിട്ട് ഹറാമിലേക്ക് കടന്നു കൊണ്ട് ആരംഭിക്കുന്ന കാര്യത്തില്‍ നന്മയില്ലെന്ന് ഓര്‍ക്കുക.
ഈ വിഷയത്തില്‍ കുറച്ച് കൂടി ഉള്‍ക്കാഴ്ച്ചയോടെ വര്‍ത്തിക്കണമെന്നാണ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളോട് എനിക്ക് പറയാനുള്ളത്. വിവാഹനിശ്ചയത്തിന്റെ പേരില്‍ അവരെ നിങ്ങള്‍ അഴിച്ചുവിടരുത്. കാലം മാറിമറിയുന്നതാണ്. മനസ്സുകളിലും മാറ്റങ്ങളുണ്ടാവും. ചെറിയ അതിരുവിടലുകള്‍ പോലും പലപ്പോഴും ഗുരുതര പ്രത്യാഘാതങ്ങളാണുണ്ടാക്കുക. അല്ലാഹു നിശ്ചയിച്ച അതിരുകള്‍ പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ”ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അതിനെ അതിലംഘിക്കാതിരിക്കുവിന്‍. ദൈവികനിയമങ്ങളെ അതിലംഘിക്കുന്നവരാരോ, അവര്‍ അധര്‍മികള്‍ തന്നെയാകുന്നു.” (അല്‍ബഖറ: 229)
”
അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും ധിക്കരിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തവരാരോ, അവര്‍ മാത്രമാകുന്നു വിജയികള്‍.” (അന്നൂര്‍: 52)
മൊഴിമാറ്റം: അബൂഅയാശ്