Friday, July 19, 2024
Homeസ്ത്രീ, കുടുംബം, വീട്പൊതുജീവിതത്തിലെ സ്ത്രീ പങ്കാളിത്തം

പൊതുജീവിതത്തിലെ സ്ത്രീ പങ്കാളിത്തം

ചോദ്യം -”സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകല്ലേ ഇസ്‌ലാം ചെയ്യുന്നത്?”

ഉത്തരം-  പ്രകൃതിപരമായ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ സ്ത്രീയുടെ പ്രധാന പ്രവര്‍ത്തനരംഗം വീടുതന്നെയാണ്. മഹിതമായ കൃത്യം മാതൃത്വവും. എന്നാല്‍ സ്ത്രീ പൊതുജീവിതത്തില്‍ ഇടപെടുന്നതിനെയോ സജീവപങ്കാളിത്തം വഹിക്കുന്നതിനെയോ ഇസ്‌ലാം വിലക്കുന്നില്ല. എന്നല്ല; അതനുവദിക്കുകയും അനിവാര്യസന്ദര്‍ഭങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അധ്യയനത്തിലും അധ്യാപനത്തിലും പ്രവാചകന്റെ കാലംതൊട്ടുതന്നെ സ്ത്രീകളും പുരുഷന്മാരെപ്പോലെ സജീവമായി പങ്കെടുത്തുപോന്നിട്ടുണ്ട്. പ്രവാചകസന്നിധിയില്‍ വന്ന് കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കുന്നതിലും അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും അവരൊട്ടും പിന്നിലായിരുന്നില്ല. പ്രവാചകചര്യയുടെ നിവേദകരില്‍ പ്രമുഖരായ വനിതകള്‍ ഉണ്ടാവാനുള്ള കാരണവും അതത്രെ.

Also read: കാരിക്കേച്ചര്‍, ഡ്രോയിംഗ്, ഫോട്ടോഗ്രഫി … കര്‍മശാസ്ത്രം

പ്രവാചകപത്‌നി ആഇശയുടെ പാണ്ഡിത്യം സുവിദിതമാണ്. ഇമാം സുഹ്‌രി പറയുന്നു: ”ആഇശ ജനങ്ങളില്‍ ഏറ്റവും അറിവുള്ള വ്യക്തിയായിരുന്നു. പ്രവാചകന്റെ അനുചരന്മാരില്‍ പ്രമുഖര്‍ പോലും അവരോട് ചോദിച്ച് പഠിക്കാറുണ്ടായിരുന്നു”. സുബൈറിന്റെ മകന്‍ ഉര്‍വ രേഖപ്പെടുത്തുന്നു: ”ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, വിജ്ഞാനം, കവിത, കര്‍മശാസ്ത്രം, അനുവദനീയം, നിഷിദ്ധം, വൈദ്യം, അറബികളുടെ പുരാതന വൃത്താന്തങ്ങള്‍, ഗോത്രചരിത്രം എന്നിവയില്‍ ആഇശയേക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല”.

ലബീദിന്റെ മകന്‍ മഹ്മൂദ് പറയുന്നു: ”പ്രവാചകപത്‌നിമാരെല്ലാം ഹദീസുകള്‍ മനഃപാഠമാക്കിയിരുന്നു. എന്നാല്‍ ആഇശയോടും ഉമ്മുസല്‍മയോടുമൊപ്പമെത്തിയിരുന്നില്ല മറ്റുള്ളവര്‍.”

പ്രവാചകപത്‌നിമാരില്‍ ആഇശ മാത്രം 2210 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. ഉമ്മുസല്‍മയും നിരവധി ഹദീസുകള്‍ നിവേദനം ചെയ്യുകയുണ്ടായി. സ്ത്രീകള്‍ മാത്രമല്ല, ധാരാളം പുരുഷന്മാരും അവരില്‍നിന്ന് അറിവ് നേടിയിരുന്നു. വൈജ്ഞാനികരംഗത്തെന്നപോലെ ഇസ്‌ലാമികപ്രബോധന പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ സജീവ പങ്കുവഹിച്ചു. അതിനാല്‍ പുരുഷന്മാരെപ്പോലെത്തന്നെ അവരും കൊടിയ പീഡനങ്ങള്‍ക്കിരയായി. ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിപോലും സുമയ്യ എന്ന സ്ത്രീയാണ്. ജന്മനാട്ടില്‍ ജീവിതം ദുസ്സഹമായി പലായനം അനിവാര്യമായപ്പോള്‍ സ്ത്രീകളുമതില്‍ പങ്കാളികളായി.

Also read: സ്ത്രീയുടെ പദവി ഇസ്‌ലാമില്‍

പ്രവാചകന്റെയോ സച്ചരിതരായ ഖലീഫമാരുടെയോ കാലത്ത് പൊതുജീവിതത്തില്‍നിന്ന് സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നില്ല. യുദ്ധരംഗത്തുപോലും സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ ഭടന്മാര്‍ക്ക് വെള്ളമെത്തിക്കാനും മുറിവേറ്റവരെ ശുശ്രൂഷിക്കാനും നേതൃത്വം നല്‍കിയത് പ്രവാചകപത്‌നി ആഇശയായിരുന്നു. ഉമ്മു സുലൈമും ഉമ്മു സലീത്തും ഈ സാഹസത്തില്‍ പങ്കുചേരുകയുണ്ടായി.

ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്ക് ആഹാരമൊരുക്കിക്കൊടുക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്ത വനിതകള്‍ക്ക് പ്രവാചകന്‍ സമരാര്‍ജിത സമ്പത്തില്‍നിന്ന് വിഹിതം നല്‍കുകയുണ്ടായി. ഉഹ്ദ് യുദ്ധത്തില്‍ മുറിവേറ്റവരെയും രക്തസാക്ഷികളെയും മദീനയിലേക്കെത്തിക്കുന്ന ചുമതല നിര്‍വഹിച്ചത് മുഅവ്വിദിന്റെ പുത്രി റുബയ്യഉം സഹപ്രവര്‍ത്തകരുമായിരുന്നു. ഉമ്മു അതിയ്യ ഏഴു യുദ്ധങ്ങളില്‍ സംബന്ധിക്കുകയുണ്ടായി. അനസുബ്‌നു മാലിക്കിന്റെ മാതാവ് ഉമ്മു സുലൈമും നിരവധി യുദ്ധങ്ങളില്‍ പ്രവാചകനെ അനുഗമിക്കുകയുണ്ടായി. ഖന്‍ദഖ് യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും അക്രമിക്കാനെത്തിയ ശത്രുവെ കൂര്‍ത്ത കമ്പെടുത്ത് കുത്തിക്കൊന്നത് സ്വഫിയ്യയാണ്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ പരിരക്ഷയ്ക്കായി പൊരുതിയ പ്രമുഖരിലൊരാള്‍ ഉമ്മു അമ്മാറയാണ്. അവരുടെ ശരീരത്തില്‍ നിരവധി മുറിവുകളേല്‍ക്കുകയുണ്ടായി. ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്തു നടന്ന യമാമ യുദ്ധത്തില്‍ പങ്കെടുത്ത അവരുടെ ശരീരത്തില്‍ പന്ത്രണ്ടു മുറിവുകളുണ്ടായിരുന്നു. ഈവിധം രണാങ്കണത്തില്‍ ധീരമായി പൊരുതിയ നിരവധി വനിതകളെ ഇസ്‌ലാമികചരിത്രം പരിചയപ്പെടുത്തുന്നുണ്ട്.

Also read: രാജ്യസ്‌നേഹവും ഇസ്‌ലാമും രണ്ടുപക്ഷമല്ല

സ്ത്രീ വീടിന് പുറത്തുപോയി തൊഴിലിലേര്‍പ്പെടുന്നതിനെയോ സേവനവൃത്തികളില്‍ വ്യാപൃതമാവുന്നതിനെയോ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിനെയോ ഇസ്‌ലാം ഒരു നിലയ്ക്കും വിലക്കുന്നില്ലെന്ന് ഇതും ഇതുപോലുള്ളവയുമായ സംഭവങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് കടകമ്പോളങ്ങളുടെ മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്വം ഏല്‍പിച്ചിരുന്നത് ശിഫാ ബിന്‍തു അബ്ദില്ലാ എന്ന സ്ത്രീയെയായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. നമ്മുടെ കാലത്തെ ഉപഭോക്തൃസംരക്ഷണ വകുപ്പിന്റെ ഡയറക്ടര്‍ പദവിക്കു സമാനമായ സ്ഥാനമാണത്.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!