Saturday, April 20, 2024
Homeവിശ്വാസംസ്ത്രീകളോട് സലാം പറയൽ

സ്ത്രീകളോട് സലാം പറയൽ

ചോദ്യം- ഞങ്ങൾ സർവകലാശാലാ വിദ്യാർഥിനികളാണ്. ഞങ്ങളുടെ ഗുരുനാഥന്മാർ ക്ലാസിൽ വരുമ്പോൾ ഞങ്ങളോട് സലാം പറയുകയും ഞങ്ങൾ സലാം മടക്കുകയും ചെയ്യുന്നു; വിശുദ്ധ ഖുർആനിൽ പറഞ്ഞതുപോലെ: ”നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനെക്കാൾ മെച്ചമായി പ്രത്യഭിവാദ്യം അർപ്പിക്കുക. അല്ലെങ്കിൽ അതുതന്നെ തിരിച്ചുനൽകുക” (അന്നിസാഅ്: 86). ഈ നിയമം പുരുഷന്മാർക്ക് മാത്രം ബാധകമല്ല എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

പക്ഷേ, ഞങ്ങളുടെ ഗുരുനാഥന്മാരിൽ ഒരാൾ ഈ പതിവ് തെറ്റിക്കുന്നു. അദ്ദേഹം ഒരിക്കൽപോലും ഞങ്ങളോട് സലാം പറഞ്ഞിട്ടില്ല. വിദ്യാർഥിനികളിൽ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: ”സാർ, താങ്കൾ എന്താണ് ഞങ്ങളോട് സലാം പറയാത്തത്?” അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”സ്ത്രീകളോട് സലാം പറയൽ മതപരമായി വിലക്കപ്പെട്ടതാണ്. സ്ത്രീയുടെ ശബ്ദം ഔറത്തു(നഗ്നത)മാണ്.”
അതോടൊപ്പം അദ്ദേഹം ഞങ്ങൾക്ക് ക്ലാസെടുക്കുന്നു. അദ്ദേഹം ഞങ്ങളോടും, ഞങ്ങൾ അദ്ദേഹത്തോടും സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഞങ്ങളും, ഞങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹവും മറുപടി പറയുന്നു. വളരെയേറെ വിഷയങ്ങൾ ഞങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യുന്നു. അതിനൊന്നും അദ്ദേഹം എതിരല്ല. അപ്പോൾ സലാം പറയൽ മാത്രമാണോ തെറ്റ്?

മുസ്‌ലിം സ്ത്രീ അന്യപുരുഷന്മാരുടെ മുമ്പിൽ പാലിക്കേണ്ട മര്യാദകൾ പാലിച്ചുകൊണ്ട് സംസാരിക്കുമ്പോൾ -സലാം മടക്കുക പോലുള്ള സൽകാര്യങ്ങളിൽപോലും- അവളുടെ ശബ്ദം ഔറത്താണെന്ന് പറയുന്നത് ശരിയാണോ?

ഉത്തരം- ‘നിങ്ങൾ സലാം വ്യാപിപ്പിക്കുക’ എന്ന പൊതുനിർദേശം പരിശോധിക്കുമ്പോൾ അത് സ്ത്രീപുരുഷന്മാർക്കിടയിൽ വിവേചനം കൽപിച്ചിട്ടില്ലെന്ന് കാണാൻകഴിയും. ഭക്ഷണം കൊടുക്കുക, സലാം വ്യാപിപ്പിക്കുക, കുടുംബബന്ധം ചേർക്കുക, രാത്രിനമസ്‌കാരം നിർവഹിക്കുക തുടങ്ങിയ കാര്യങ്ങൾ പരാമർശിക്കുന്ന ഹദീസുകൾ പോലെ.

ഒരു ഹദീസിൽ ഇപ്രകാരം കാണാം: ”എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം, നിങ്ങൾ വിശ്വാസികളാകാതെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങൾ വിശ്വാസികളായിത്തീരുകയില്ല. ഞാൻ നിങ്ങൾക്ക് ഒരു കാര്യം അറിയിച്ചു തരട്ടെയോ? നിങ്ങൾ അത് പ്രവർത്തിച്ചാൽ നിങ്ങൾ പരസ്പരം സ്‌നേഹിക്കും. നിങ്ങൾ നിങ്ങൾക്കിടയിൽ സലാം വ്യാപിപ്പിക്കുക.” (മുസ്‌ലിം)
അല്ലാഹു പറയുന്നു: ”നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനെക്കാൾ മെച്ചമായി പ്രത്യഭിവാദ്യം അർപ്പിക്കുക. അല്ലെങ്കിൽ അവ്വിധമെങ്കിലും തിരിച്ചുനൽകുക.” (അന്നിസാഅ്: 86)

ഖുർആന്റെ സംബോധന -സ്ത്രീകളെ പ്രത്യേകം പരാമർശിക്കാത്തിടത്തൊക്കെ- പുരുഷന്മാരോടും സ്ത്രീകളോടും ഒന്നിച്ചാണ്. അപ്പോൾ ഒരു മുസ്‌ലിം പുരുഷൻ ഒരു മുസ്‌ലിം സ്ത്രീയോട് സലാം പറഞ്ഞാൽ ഖുർആന്റെ നിർദേശമനുസരിച്ച്, അതിനെക്കാൾ മെച്ചമായ രീതിയിലോ, നന്നെച്ചുരുങ്ങിയത് തുല്യമായ രീതിയിലോ സലാം മടക്കേണ്ടത് അവളുടെ ബാധ്യതയാണ്. ഒരു സ്ത്രീ പുരുഷന് സലാം ചൊല്ലിയാൽ, അതിനെക്കാൾ ഉത്തമമായ രീതിയിലോ തത്തുല്യമായോ സലാം മടക്കേണ്ടത് പുരുഷന്റെയും ബാധ്യതയാണ്. ഈ കൽപനകൾ പൊതുവായതും നിരുപാധികവുമാണെന്നതാണ് കാരണം. പുരുഷന്മാർ സ്ത്രീകളോടും, സ്ത്രീകൾ പുരുഷന്മാരോടും സലാം പറയണമെന്ന അഭിപ്രായത്തെ ബലപ്പെടുത്തുന്ന വേറെയും പ്രമാണങ്ങളുണ്ട് താനും.

‘സ്വഹീഹുൽ ബുഖാരി’യിൽ ഇപ്രകാരം കാണാം. തിരുമേനിയുടെ പിതൃവ്യൻ അബൂത്വാലിബിന്റെ മകൾ ഉമ്മുഹാനി പറയുന്നു: ”മക്കാ വിജയ വർഷത്തിൽ ഞാൻ തിരുമേനിയുടെ അടുക്കൽ ചെന്നു. അദ്ദേഹം കുളിക്കുകയായിരുന്നു. മകൾ ഫാത്വിമ അദ്ദേഹത്തെ മറച്ചുപിടിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ അദ്ദേഹത്തിന് സലാം ചൊല്ലി. തിരുമേനി ചോദിച്ചു: ”ഈ സ്ത്രീ ആരാണ്?” ഞാൻ പറഞ്ഞു: ”ഞാൻ അബൂത്വാലിബിന്റെ മകൾ ഉമ്മുഹാനിയാകുന്നു.” അപ്പോൾ അദ്ദേഹം പറഞ്ഞു: ”ഉമ്മുഹാനിക്ക് സ്വാഗതം.” മുസ്‌ലിമും ഈ ഹദീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

‘സ്വഹീഹുൽ ബുഖാരി’യിൽ ‘പുരുഷന്മാർ സ്ത്രീകളോടും, സ്ത്രീകൾ പുരുഷന്മാരോടും സലാം പറയൽ’ എന്ന തലക്കെട്ടിൽ ഒരു അധ്യായമുണ്ട്. ഹാഫിസ് ഇബ്‌നുഹജർ പറയുന്നു: ”ബുഖാരി ഈ തലക്കെട്ട് കൊണ്ടുദ്ദേശിച്ചത്, പുരുഷന്മാർ സ്ത്രീകളോടും സ്ത്രീകൾ പുരുഷന്മാരോടും സലാം പറയൽ അഭികാമ്യമല്ല എന്ന അഭിപ്രായത്തിന് മറുപടിയാണ്.” സ്ത്രീപുരുഷന്മാർ പരസ്പരം സലാം പറയൽ അനുവദനീയമാണെന്നതിന് പ്രസ്തുത അധ്യായത്തിൽ അദ്ദേഹം രണ്ടു ഹദീസുകൾ ഉദ്ധരിച്ചിരിക്കുന്നു:

1. സഹ് ല് പറയുന്നു: ”ഞങ്ങളുടെ പ്രദേശത്തുണ്ടായിരുന്ന ഒരു വൃദ്ധ മദീനയിലെ ഈത്തപ്പനത്തോട്ടത്തിൽനിന്ന് പ്രത്യേകതരം ചെടിയുടെ വേരു ശേഖരിച്ച് ധാന്യം കൂട്ടിപ്പൊടിച്ച് തീൻപണ്ടം തയ്യാറാക്കും. ഞങ്ങൾ ജുമുഅഃ നമസ്‌കാരം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ അവർക്ക് സലാം പറയുകയും, അവർ അത് ഞങ്ങൾക്ക് ഭക്ഷിക്കാൻ തരികയും ചെയ്യും.”

2. ആഇശയിൽനിന്ന് നിവേദനം: ”തിരുമേനി പറഞ്ഞു: ആഇശാ, ഇതാ ജിബ്‌രീൽ വന്നിരിക്കുന്നു. അദ്ദേഹം നിനക്ക് സലാം പറയുന്നു. അപ്പോൾ ഞാൻ വ അലൈഹിസ്സലാം വ റഹ്മതുല്ലാഹ് എന്നു പറഞ്ഞു.”
ഹാഫിസ് പറയുന്നു: ”ഈ വിഷയകമായി അസ്മാഅ് ബിൻത് യസീദിന്റെ താഴെപ്പറയുന്ന ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (പക്ഷേ, അത് ബുഖാരിയുടെ നിബന്ധനക്കനുസരിച്ചുള്ളതല്ല): ”തിരുമേനി ഞങ്ങൾ സ്ത്രീകളുടെ അടുത്തുകൂടെ പോയി. അപ്പോൾ അദ്ദേഹം ഞങ്ങൾക്ക് സലാം ചൊല്ലി.”

ചില സ്വഹാബികളിൽനിന്ന് ഉദ്ധരിച്ചതനുസരിച്ച്, പുരുഷന്മാർ സ്ത്രീകളോട് സലാം പറയാം. സ്ത്രീകൾ പുരുഷന്മാരോട് സലാം പറയാവതല്ല. എന്നാൽ മേൽപറഞ്ഞ ഉമ്മുഹാനിയുടെ ഹദീസ് ഈ അഭിപ്രായത്തെ ഖണ്ഡിക്കുന്നു. ഉമ്മു ഹാനി മക്കാ വിജയനാളിൽ തിരുമേനിയോട് സലാം പറഞ്ഞു. അദ്ദേഹം അവർക്ക് വിവാഹം നിഷിദ്ധമായ വ്യക്തിയല്ല. പിതൃവ്യപുത്രനായിരുന്നു. ഒരിക്കൽ തിരുമേനി അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതുമാണ്.

അതേസമയം ഇമാം അഹ്മദ് തന്റെ ‘മുസ്‌നദി’ൽ രേഖപ്പെടുത്തുന്നു: ”മുആദ് യമനിലെത്തി. അപ്പോൾ ഖൗലാൻ ഗോത്രക്കാരിയായ സ്ത്രീ അദ്ദേഹത്തെ കണ്ടുമുട്ടി. അവരുടെ പന്ത്രണ്ടു മക്കളും കൂടെയുണ്ട്… അവൾ എഴുന്നേറ്റ് മുആദിന് സലാം ചൊല്ലി.”

ഒരിക്കൽ ഉമർ(റ) സ്ത്രീകളുടെ അടുക്കൽ ചെന്ന് സലാം ചൊല്ലിയിട്ട് പറഞ്ഞു: ”ഞാൻ ദൈവദൂതന്റെ ദൂതനായി നിങ്ങളുടെ അടുത്തേക്ക് വന്നതാണ്.”

ഇതാണ് പുരുഷന്മാർ സ്ത്രീകളോടും സ്ത്രീകൾ പുരുഷന്മാരോടും സലാം പറയുന്നതിനെക്കുറിച്ച് ഉദ്ധരിക്കപ്പെട്ട തിരുമേനിയുടെയും അനുചരന്മാരുടെയും മാതൃക. പക്ഷേ, ചില പണ്ഡിതന്മാർ സലാം പറയുമ്പോൾ കുഴപ്പമുണ്ടാകുമെന്ന ഭയപ്പാടുണ്ടാവരുതെന്ന് നിബന്ധന വെച്ചിരിക്കുന്നു.

ഹുലൈമി പറയുന്നു: ”നബി തിരുമേനി പാപസുരക്ഷിതനായതുകൊണ്ട് കുഴപ്പത്തിൽ വീഴുകയില്ല. അതുകൊണ്ട് കുഴപ്പമുണ്ടാവുകയില്ലെന്ന് ബോധ്യമുള്ളവർ സലാം പറയട്ടെ. അല്ലാത്തവർ മൗനം പാലിക്കുകയാണുത്തമം.”

മുഹ്‌ലബ് പറയുന്നു: ”കുഴപ്പമുണ്ടാകുമെന്ന ആശങ്കയില്ലെങ്കിൽ പുരുഷന്മാർ സ്ത്രീകളോടും, സ്ത്രീകൾ പുരുഷന്മാരോടും സലാം പറയൽ അനുവദനീയമാണ്.”

കുഴപ്പത്തിന്റെ മാർഗം അടയ്ക്കാൻ മാലികീ പണ്ഡിതന്മാർ യുവതിയുടെയും വൃദ്ധയുടെയും ഇടക്ക് വേർതിരിച്ച് പറഞ്ഞിരിക്കുന്നു.

ചില പണ്ഡിതന്മാർ യൗവനത്തോടൊപ്പം സൗന്ദര്യവും എടുത്തുപറഞ്ഞു. സ്ത്രീ സൗന്ദര്യവതിയും കുഴപ്പമുണ്ടാകുമെന്ന് ഭയപ്പെടുകയുമാണെങ്കിൽ സലാം പറയുകയോ സലാം മടക്കുകയോ വേണ്ടതില്ല. റബീഅ അത് നിരുപാധികം വിലക്കി.

കൂഫക്കാർ-അബൂഹനീഫയും കൂട്ടരും- പറയുന്നു: ”സ്ത്രീകൾ പുരുഷന്മാരോട് സലാം പറഞ്ഞുതുടങ്ങേണ്ടതില്ല. കാരണം, അവർ ബാങ്കും ഇഖാമത്തും കൊടുക്കുന്നതും ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നതും വിലക്കപ്പെട്ടിരിക്കുന്നു. എന്നാൽ വിവാഹബന്ധം നിഷിദ്ധമായ ബന്ധുവിനോട് സലാം പറയൽ അനുവദനീയമാണ്.

ബുഖാരി ഉദ്ധരിച്ച സഹ്‌ലിന്റെ ഹദീസാണ് മറുകക്ഷിക്ക് തെളിവ്. കാരണം, വൃദ്ധയെ സന്ദർശിക്കുകയും അവരുണ്ടാക്കിയ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന സ്വഹാബികൾ വൃദ്ധയുടെ വിവാഹബന്ധം നിഷിദ്ധമായ ബന്ധുക്കളായിരുന്നില്ല.

ഇതെല്ലാം വെച്ചുനോക്കുമ്പോൾ കുഴപ്പമുണ്ടാകുമെന്ന ഭയപ്പാടിന്റെയും സൂക്ഷ്മതയുടെയും നിബന്ധനകൾ പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് മനസ്സിലാക്കാൻ കഴിയും. അല്ലാതെ സ്വീകാരയോഗ്യമായ ഒരു തെളിവും അതിനില്ല.

തിരുമേനിയുടെ സ്വഹാബികളും താബിഉകളും ഒന്നും ഇപ്രകാരം കുഴപ്പം ഭയപ്പെടുന്നവരോ, ഇത്തരത്തിൽ അനാവശ്യ സൂക്ഷ്മത കാണിക്കുന്നവരോ ആയിരുന്നില്ല.

ഇതുസംബന്ധമായ രേഖകൾ പരിശോധിച്ചാൽ പണ്ഡിതന്മാരിൽ ഭൂരിഭാഗവും സ്ത്രീകളോട് സലാം പറയുന്നതിൽ കുഴപ്പമുണ്ടെന്ന് കണ്ടിരുന്നില്ല. പ്രത്യേകിച്ച് പുരുഷൻ അവരെ സന്ദർശിക്കാൻ ചെല്ലുമ്പോഴും, ചികിത്സ, അധ്യാപനം പോലുള്ള അത്യാവശ്യഘട്ടങ്ങളിലും. എന്നാൽ പൊതുവഴിയിൽ കണ്ടുമുട്ടുന്ന സ്ത്രീയുടെ കാര്യം വ്യത്യസ്തമാണ്. ഇവിടെ അവർ തമ്മിൽ കുടുംബബന്ധമോ വിവാഹബന്ധമോ ഒന്നും ഇല്ലെങ്കിൽ അവളോട് സലാം പറയാതിരിക്കുകയാണ് ഉത്തമം.

ഹാഫിസ് അബൂബക്‌റുബ്‌നു അബീശൈബ തന്റെ ‘മുസന്നഫി’ൽ സ്ത്രീകളോട് സലാം പറയുന്നതിനെക്കുറിച്ച് മുൻകാല പണ്ഡിതന്മാരെ ഉദ്ധരിച്ച് രേഖപ്പെടുത്തിയ കാര്യങ്ങൾ ഞാൻ ഇവിടെ ഉദ്ധരിക്കുകയാണ്. നാം മുകളിൽ ഉദ്ധരിച്ച അസ്മാഅ് ബിൻത് യസീദിന്റെ ”തിരുമേനി ഞങ്ങൾ സ്ത്രീകളുടെ അടുക്കലൂടെ പോവുകയും ഞങ്ങൾക്ക് സലാം പറയുകയും ചെയ്തു” എന്ന ഹദീസ് ഉദ്ധരിച്ചശേഷം അദ്ദേഹം തുടരുന്നു:
ജരീറിൽനിന്ന് നിവേദനം: ”തിരുമേനി സ്ത്രീകൾക്കരികിലൂടെ പോകവേ, അവർക്ക് സലാം പറഞ്ഞു.”

മുജാഹിദിൽനിന്ന് നിവേദനം: ”ഇബ്‌നു ഉമർ ഒരു സ്ത്രീയുടെ അടുത്തുകൂടി പോകവേ അദ്ദേഹം അവൾക്ക് സലാം ചൊല്ലി.”

അബൂദർറിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”സ്ത്രീകൾക്ക് സലാം ചൊല്ലുന്നതിനെക്കുറിച്ച് ഞാൻ അത്വാഇനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ”അവർ യുവതികളാണെങ്കിൽ പാടില്ല.”

ഇബ്‌നു ഔനിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”ഞാൻ മുഹമ്മദുബ്‌നു സീരീനോട് ചോദിച്ചു: ”ഞാൻ സ്ത്രീകൾക്ക് സലാം പറയട്ടെയോ? അപ്പോൾ അദ്ദേഹം പറഞ്ഞു: ”അതിൽ വിരോധമുള്ളതായി എനിക്കറിയില്ല.”

ഹസന്റെ അഭിപ്രായത്തിൽ, സ്ത്രീയെ വീട്ടിൽചെന്ന് കാണുമ്പോൾ സലാം പറയാം. അല്ലെങ്കിൽ സലാം പറയേണ്ടതില്ല.

ഉബൈദുല്ലയിൽനിന്ന് നിവേദനം: ”അംറുബ്‌നു മൈമൂൻ സ്ത്രീകൾക്കും കുട്ടികൾക്കും സലാം പറഞ്ഞിരുന്നു.”

ശുഅ്ബയിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”ഞാൻ ഹകമിനോടും ഹമ്മാദിനോടും സ്ത്രീകൾക്ക് സലാം ചൊല്ലുന്നതിനെക്കുറിച്ച് ചോദിച്ചു. യുവതിയോടും വൃദ്ധയോടും സലാം പറയുന്നത് അവർ ഇഷ്ടപ്പെട്ടില്ല. ഹകം പറഞ്ഞു: ”ശുറൈഹ് എല്ലാവരോടും സലാം പറയുമായിരുന്നു.” അപ്പോൾ ഞാൻ ചോദിച്ചു: ”സ്ത്രീകളോടും സലാം പറയുമായിരുന്നോ?” അദ്ദേഹം പറഞ്ഞു: ”എല്ലാവരോടും.”
സ്ത്രീകളോട് സലാം ചൊല്ലരുതെന്ന് പറയുന്നവർക്കുള്ള ന്യായം കുഴപ്പമുണ്ടാകുമെന്ന ആശങ്കയാണ്. അതാകട്ടെ, ഒരു മുസ്‌ലിം തന്റെ ദീനിനെയും അഭിമാനത്തെയും കാത്തുസൂക്ഷിക്കാൻവേണ്ടി എപ്പോഴും ശ്രദ്ധിക്കേണ്ടതുമാണ്. ഇക്കാര്യത്തിൽ ഓരോരുത്തരും തന്റെ മനഃസാക്ഷിയോടാണ് അഭിപ്രായം തേടേണ്ടത്.

ഇവിടെ ഉന്നയിക്കപ്പെട്ട വിഷയം ഏറെ വ്യത്യസ്തമാണ്. ഒരു സംഘം യുവതികളോട് സലാം പറയുന്നത് ഒറ്റ സ്ത്രീയോട് സലാം പറയുന്നതുപോലെയല്ല. ഒരു ക്ലാസ്മുറിക്ക് അതിന്റെ പവിത്രതയും മാന്യതയും ഗാംഭീര്യവും ഒക്കെയുണ്ട്. അപ്പോൾ അവിടെവെച്ച് സലാം പറയുന്നത് പൊതുസ്ഥലത്തുവെച്ച് സലാം പറയുന്നതുപോലെയല്ല.

ഒരു ഗുരുനാഥൻ -അദ്ദേഹം മിയ്ക്കപ്പോഴും അവരുടെ പിതാവിന്റെയോ പിതാമഹന്റെയോ പ്രായമുള്ള വ്യക്തിയായിരിക്കും- തന്റെ വിദ്യാർഥിനികളോട് സലാം പറയുന്നത് ഒരു സാധാരണ വ്യക്തി സലാം പറയുന്നതുപോലെയല്ല.

ഇവിടെ പ്രത്യേകം പരാമർശിക്കേണ്ട കാര്യം, സലാം പറയുന്നതിൽ വളരെ സൂക്ഷ്മതപുലർത്തുന്ന ഗുരുനാഥൻ, അദ്ദേഹം വിദ്യാർഥിനികളോടും അവർ അദ്ദേഹത്തോടും ചോദ്യങ്ങൾ ചോദിക്കുന്നു. അവർ അദ്ദേഹത്തിനും അദ്ദേഹം അവർക്കും മറുപടി നൽകുന്നു. അപ്പോൾ ഇതൊക്കെ അനുവദനീയവും, സലാം പറയുന്നതുമാത്രം അനുവദനീയമല്ലാതിരിക്കുകയും ചെയ്യുന്നതെങ്ങനെയാണ്? ഇവിടെ കുഴപ്പമുണ്ടാകുമെന്ന ഭയപ്പാടിന് ഒരു യുക്തിയുമില്ല. കാരണം, സലാം പറയുക എന്നാൽ ക്ലാസിലെ സംസാരം, സംവാദം, ചർച്ച എന്നിവയിൽ കൂടുതൽ പ്രത്യേകമായ ഒന്നുമല്ല. അദ്ദേഹം സലാം പറയാതിരിക്കുന്നത് അവരെ ഒറ്റപ്പെടുത്തലും നിന്ദിക്കലുമാണ്. അതിനാൽ മനസ്സ് ശുദ്ധമാക്കാനും പ്രയാസങ്ങൾ ഒഴിവാക്കാനും വേണ്ടി അദ്ദേഹം സലാം പറയുകതന്നെയാണ് ഏറെ നല്ലത്.

സ്ത്രീയുടെ ശബ്ദം ഔറത്താണെന്ന് പറയുന്നതിന് ഞാൻ ഒരു ന്യായവും കാണുന്നില്ല. അവലംബിക്കപ്പെടുന്ന ഒരു ഇമാമും അങ്ങനെ പറഞ്ഞിട്ടുമില്ല.

പ്രവാചകപത്‌നിമാരെക്കുറിച്ച് അല്ലാഹു പറയുന്നു: ”നിങ്ങൾ അവരോട്(നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽനിന്ന് ചോദിച്ചുകൊള്ളുക.” (അൽഅഹ്‌സാബ്: 53)

ഇതിന്റെ അർഥം, മറക്കുപിന്നിൽനിന്ന് ചോദിക്കുന്നവർക്ക് അവർ ഉത്തരംനൽകി എന്നാണ്. അപ്രകാരമാണ് ആഇശയും സഹപത്‌നിമാരും ചെയ്തത്. മറ്റുള്ളവർക്കില്ലാത്ത കർശന നിയന്ത്രണങ്ങൾ ഉണ്ടായിട്ടുകൂടി അവർ ചോദിക്കുന്നവർക്ക് ഉത്തരം നൽകുകയും, അവർക്ക് ഹദീസും നബിചര്യയും പറഞ്ഞുകൊടുക്കുകയും ചെയ്തു.

നബിയുടെ സദസ്സിൽ എത്രയോ സ്ത്രീകൾ തിരുമേനിയോട് സംസാരിച്ചു, സംശയനിവാരണം നടത്തി.

പ്രവാചകന്റെയും സ്വഹാബിമാരുടെയും കാലത്ത് ചോദ്യവും മറുപടിയും, കൊടുക്കലും വാങ്ങലും, സലാം പറയലും സംസാരവും എന്നിങ്ങനെ എത്രയെത്ര വിഷയങ്ങളിലാണ് സ്ത്രീകൾ പുരുഷന്മാരോട് സംവദിച്ചിരുന്നത്. അപ്പോൾ ആരും സ്ത്രീയോട് ‘പെണ്ണേ, നീ മിണ്ടാതിരിക്ക്, നിന്റെ ശബ്ദം ഔറത്താണ്’ എന്ന് പറഞ്ഞില്ല!

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!