Saturday, April 20, 2024
Homeവസ്ത്രധാരണംഭാര്യക്ക് ചെലവിന് കിട്ടേണ്ടതെത്ര?

ഭാര്യക്ക് ചെലവിന് കിട്ടേണ്ടതെത്ര?

ചോദ്യം- എന്റെ ഭർത്താവ് സമ്പന്നനാണ്. വമ്പിച്ച സ്ഥാവര സ്വത്തുക്കളും ബേങ്ക് നിക്ഷേപവുമുണ്ട്. പക്ഷേ, അദ്ദേഹമൊരു പിശുക്കനാണ്. വളരെ പാടുപെട്ടാലേ അദ്ദേഹത്തിന്റെ കയ്യിൽനിന്ന് വല്ലതും കിട്ടൂ. ഇത് എന്റെ ജീവിതത്തെ തകിടം മറിക്കുന്നു. വീട്ടാവശ്യങ്ങൾക്ക് കുറഞ്ഞ പണമേ തരൂ. അദ്ദേഹത്തിന്റെ അവസ്ഥയിലുള്ള ഒരാൾക്ക് ഒട്ടും ചേരാത്ത ഒരു തുക. കൃത്യവരുമാനക്കാരായ പലരുടെയും ഭവനങ്ങൾ എന്റേതിനെക്കാൾ എത്രയോ മെച്ചമാണ്. അവരുടെ സ്ത്രീകൾ ആടയാഭരണങ്ങളിലും ഇക്കാലത്ത് സ്ത്രീകൾക്ക് ആവശ്യമായ മറ്റു കാര്യങ്ങളിലും എന്നെക്കാൾ സൗഭാഗ്യവതികളാണ്. അവരുടെ മക്കളും അതെ. അല്ലാഹു അളവറ്റ അനുഗ്രഹം നൽകിയ ഈ മനുഷ്യൻ എന്നെയും മക്കളെയും ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് ശരീഅത്തിന്റെ ദൃഷ്ടിയിൽ ശരിയാണോ? ചെലവിന് നൽകുന്നതിൽ ഭർത്താവ് പിശുക്കു കാണിച്ചാൽ ഭാര്യ എന്തു ചെയ്യണം? കോടതിയിൽ പോകാമോ? അത് അന്യർ അറിഞ്ഞാൽ മോശമല്ലേ? ദാമ്പത്യബന്ധം പോലും അതുനിമിത്തം തകരില്ലേ? അതോ, ഭർത്താവിന്റെ അറിവും അനുവാദവുമില്ലാതെ ആവശ്യത്തിനു വേണ്ടതെടുക്കുകയോ- സാധിക്കുമെങ്കിൽ? അപ്പോൾ ഉടമയുടെ അനുവാദം കൂടാതെ അയാളുടെ പണം എടുത്തു എന്ന കുറ്റം ഉണ്ടാവില്ലേ? പിന്നെയെന്താണ് പരിഹാരം?

ഉത്തരം- ഖേദകരമെന്ന് പറയട്ടെ, ഈ വിഷയത്തിൽ ഭർത്താക്കന്മാർ വിരുദ്ധ ധ്രുവങ്ങളിലാണ്. ഒരു വിഭാഗം എല്ലാ അധികാരവും ഭാര്യമാർക്ക് നൽകുന്നു. ഭാര്യമാർ വാരിക്കോരി ചെലവഴിക്കുകയും ചെയ്യുന്നു- ആവശ്യത്തിനും അല്ലാതെയും. തന്റെ ദുരഭിമാനവും പൊങ്ങച്ചവും സംരക്ഷിക്കുകയാണവരുടെ ഏക ലക്ഷ്യം. കുടുംബത്തിന്റെയോ രാഷ്ട്രത്തിന്റെയോ സമുദായത്തിന്റെയോ നേട്ടകോട്ടങ്ങൾ ഒട്ടും പരിഗണിക്കാതെ യൂറോപ്പും അമേരിക്കയും ഉൽപാദിപ്പിക്കുന്ന അതിനൂതന വസ്തുക്കളുടെയും പുതുഫേഷൻ വസ്ത്രങ്ങളുടെയും പിന്നാലെ ഭ്രാന്തുപിടിച്ച് മൽസരിച്ചോട്ടമാണവർ. നാളെയുടെ അപ്രതീക്ഷിതമായ ആവശ്യങ്ങൾ അവർ തീരെ കണക്കിലെടുക്കുന്നില്ല. മറുചേരിയിലുണ്ട് മറ്റൊരു കൂട്ടം ഭർത്താക്കന്മാർ. ഭാര്യമാരോട് അറുപിശുക്ക് കാട്ടി അവരെ ശ്വാസംമുട്ടിച്ചുകളയും. അത്യാവശ്യത്തിനുള്ളതുപോലും കൊടുക്കില്ല.
എന്നാൽ, ധൂർത്തിനും ലുബ്ധിനുമിടയിൽ ഒരു മധ്യമാർഗം സ്വീകരിക്കുവാൻ അല്ലാഹു ആജ്ഞാപിക്കുന്നു: “നീ നിന്റെ കൈ പിരടിയിൽ ബന്ധിച്ചുകളയരുത്. തീർത്തും അയച്ചുവിടുകയുമരുത്. അങ്ങനെ ചെയ്താൽ നീ ആക്ഷിപ്തനും ദുഃഖിതനുമായി തളർന്നിരുന്നുപോകും.'( അൽ ഇസ്റാഅ് 29 ) ദൈവദാസന്മാരുടെ വിശേഷഗുണങ്ങൾ എണ്ണിപ്പറയവെ അല്ലാഹു വ്യക്തമാക്കുന്നു: “ധനവ്യയത്തിൽ ധൂർത്തോ ലുബ്ധോ കാണിക്കാത്തവരുമാണ് അവർ- ഒരു മധ്യമ നിലപാടാണ് അവരുടേത്.'( അൽ ഫുർഖാൻ 67 )

ഭാര്യക്ക് ചെലവിന് നൽകുവാൻ ഒരു നിശ്ചിത തുക ശരീഅത്ത് ശിപാർശ ചെയ്തിട്ടില്ല. ഭാര്യയുടെ മര്യാദപ്രകാരമുള്ള ആവശ്യങ്ങൾ നിർവഹിച്ചുകൊടുക്കുക എന്ന് നിശ്ചയിക്കുകയാണ് ചെയ്തത്. കാരണം, കാലഘട്ടവും സാഹചര്യങ്ങളും വ്യക്തികളും മാറുന്നതിന്നനുസൃതമായി “മര്യാദപ്രകാരമുള്ള ആവശ്യങ്ങളു’ടെ തോതും സ്വഭാവവും മാറുന്നു. ഇക്കാര്യത്തിൽ നഗരവാസികളും ഗ്രാമീണരും തമ്മിലും സ്ഥിരവാസക്കാരും സഞ്ചാരിവർഗങ്ങളും തമ്മിലും വിദ്യാസമ്പന്നരും നിരക്ഷരരും തമ്മിലും സമ്പന്നരും ദരിദ്രരും തമ്മിലും അന്തരം ഉണ്ടായിരിക്കും. ഖുർആൻ ഈ വസ്തുത ചൂണ്ടിക്കാണിച്ചിട്ടുണ്ട്: “കഴിവുള്ളവൻ അവന്റെ കഴിവനുസരിച്ചും വിഭവം കണക്കാക്കപ്പെട്ടവൻ അല്ലാഹു അവന് നൽകിയതിൽ നിന്നും ചെലവഴിച്ചുകൊള്ളട്ടെ. ഓരോരുത്തർക്കും നൽകിയതിനനുസരിച്ചല്ലാതെ അല്ലാഹു ആരിലും ബാധ്യത ചുമത്തുകയില്ല.'( അത്ത്വലാഖ് 8 ). വിവാഹമുക്തക്ക് നൽകേണ്ടുന്ന നഷ്ടപരിഹാരം പരാമർശിക്കുന്നേടത്തും ഈ സൂചന കാണാം: “എന്നാൽ നിങ്ങൾ അവർക്ക് വല്ലതും അനുഭവിക്കാൻ കൊടുക്കേണ്ടതാകുന്നു. ധനവാൻ തന്റെ കഴിവനുസരിച്ചും ദരിദ്രൻ തന്റെ കഴിവനുസരിച്ചും മര്യാദപ്രകാരം നൽകേണ്ടതാണ്. സജ്ജനങ്ങൾക്കുള്ള ബാധ്യതയാണിത്.'( അൽ ബഖറ 236).

ഇതുസംബന്ധിച്ച് ഇമാം ഗസ്സാലി തന്റെ “ഇഹ് യാ’യിൽ അത്യാകർഷകമായ ഒരു വിശകലനം നടത്തിയത് കാണുക: “ഭാര്യമാർക്ക് ചെലവിന് കൊടുക്കുന്നതിൽ പിശുക്ക് കാണിക്കുന്നത് അഭികാമ്യമല്ല. ധൂർത്തും ശരിയല്ല. മറിച്ച് ഒരിടനില സ്വീകരിക്കണം. നിങ്ങൾ തിന്നുകൊള്ളുക; കുടിച്ചുകൊള്ളുക; പക്ഷേ, ദുർവ്യയം അരുത്’ എന്നത്രെ അല്ലാഹുവിന്റെ ആജ്ഞ. “നീ നിന്റെ കൈകൾ പിരടിയിൽ ബന്ധിച്ചുകളയരുത്. തീർത്തും അയച്ചുവിടുകയുമരുത്’ എന്നും അല്ലാഹു പറയുകയുണ്ടായി. തിരുദൂതർ അരുളി: “നിങ്ങളിലുത്തമൻ ഭാര്യയോട് നല്ല നിലയിൽ വർത്തിക്കുന്നവനാണ്.'( ഇമാം ദിർമിദി ആഇശയിൽ നിന്ന് ഉദ്ധരിച്ച ഹദീസ്). മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: “നീ ദൈവമാർഗത്തിൽ ചെലവഴിച്ച ഒരു ദീനാർ; അടിമമോചനത്തിനുവേണ്ടി വിനിയോഗിച്ച ഒരു ദീനാർ; അഗതിക്ക് ദാനം ചെയ്യുന്ന ഒരു ദീനാർ; നിന്റെ കുടുംബത്തിനുവേണ്ടി ചെലവിടുന്ന ഒരു ദീനാർ- ഇവയിലേറ്റവും മഹത്തായ പ്രതിഫലം കുടുംബത്തിനുവേണ്ടി ചെലവിടുന്ന ദീനാറിനാണ്.'( ഇമാം മുസ്ലിം അബൂഹുറൈറയിൽ നിന്ന് ഉദ്ധരിച്ച ഹദീസ്). അലി(റ)ക്ക് നാലു ഭാര്യമാരുണ്ടായിരുന്നുവെന്നും ഓരോരുത്തർക്കും വേണ്ടി നാലു ദിവസം കൂടുമ്പോൾ ഓരോ ദീനാറിന്റെ മാംസം അദ്ദേഹം വാങ്ങിക്കാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

“എല്ലാ വെള്ളിയാഴ്ചയും കുടുംബാംഗങ്ങൾക്ക് ഫാലൂദജ്(ഒരു മധുരപലഹാരം) ഉണ്ടാക്കിക്കൊടുക്കുന്നത് കൊള്ളാമെന്ന് ഇബ്നുസീരീൻ പറയുന്നു. എന്നാൽ, മധുരപലഹാരം സുപ്രധാനമായ ഒന്നല്ലെങ്കിലും അത് തീരെ ഉപേക്ഷിക്കുന്നത് സാധാരണ നിലയിൽ പിശുക്കാണ്.’

“ഒരു വിശിഷ്ട ഭോജ്യം കുടുംബത്തിന് നൽകാതെ സ്വന്തമായി കഴിക്കുന്നത് ശരിയല്ല. അത് മനോവിഷമം ഉണ്ടാക്കുകയും നല്ല നിലയിലുള്ള സഹവാസം വിഷമകരമാക്കുകയും ചെയ്യും. അത്ര നിർബന്ധമാണെങ്കിൽ സ്വകാര്യമായി കഴിച്ചുകൊള്ളട്ടെ. കുടുംബം അതറിയരുത്. അവരെ ഭുജിപ്പിക്കാൻ ഉദ്ദേശ്യമില്ലാത്ത ഒരു ഭോജ്യത്തെ അവരോട് വർണിക്കരുത്. കുടുംബാംഗങ്ങളെല്ലാം അയാളോടൊപ്പമിരുന്ന് ആഹാരം കഴിക്കട്ടെ…'( ഇഹ് യാ ഉലൂമിദ്ദീൻ , ഭാ​ഗം2, പുറം 47).

ശരീഅത്ത് പ്രകാരം ഭാര്യക്ക് എന്തെല്ലാം നൽകുവാനാണ് ബാധ്യതയുള്ളത്? ഇതു സംബന്ധിച്ച് ഹമ്പലിയായ ശൈഖുൽ ഇസ്ലാം ഇബ്നു ഖുദ്ദാമ തന്റെ “അൽകാഫീ’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് നോക്കൂ:

“നാട്ടുമര്യാദയനുസരിച്ച് ഒരു സ്ത്രീയുടെ ദൈനംദിനാവശ്യങ്ങൾക്കുള്ളത് നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണ്’. “നിനക്കും നിന്റെ കുട്ടികൾക്കും മര്യാദപ്രകാരം ആവശ്യമുള്ളത് നീ എടുത്തുകൊള്ളുക'( ബു​ഖാരി, മുസ്ലിം) എന്ന് തിരുദൂതർ ഹിന്ദിനോട് പറഞ്ഞതാണ് ഇതിനു നിദാനം. “അവർക്ക് മര്യാദപ്രകാരം ഭക്ഷണവും വസ്ത്രവും നൽകാൻ പിതാവ് ബാധ്യസ്ഥനാണ്'( അൽ ബഖറ 233) എന്ന സൂക്തവും ഇതിന് ആധാരമാണ്. “മര്യാദപ്രകാരം’ എന്നതിന്റെ ഉദ്ദേശ്യം ആവശ്യത്തിന് തികയുന്നത് എന്നത്രെ. ആവശ്യത്തിന് മതിയായത് എന്നതിൽ അടിമക്ക് വേണ്ടിവരുന്ന ചെലവുകൾ പോലുള്ളതും കണക്കാക്കാം. “ആവശ്യത്തിന് തികയുന്നത്’ കണക്കാക്കാൻ കഴിയുന്നില്ല എന്നുവന്നാൽ അത് കോടതിയുടെ തീർപ്പിന് വിടണം. കോടതി അവളുടെ ആവശ്യത്തിന് മതിയായ തുക നിർണയിക്കും.

“പ്രധാന ആഹാരത്തിൽ ഖുബ്സ്( പത്തിരി, ചപ്പാത്തി, ബ്രെഡ് തുടങ്ങിയവ) നിർബന്ധമാണ്. കാരണം, അത് പതിവനുസരിച്ചുള്ള പ്രധാന ഭക്ഷണമാണ്. നിങ്ങൾ സ്വകുടുംബത്തിന് നൽകുന്ന ഇടത്തരം ആഹാര വസ്തുക്കൾ'( അൽ മാഇദ 89) എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു അബ്ബാസ് ഇടത്തരം ആഹാരവസ്തുവായി ഖുബ്സും എണ്ണയും(സൈത്ത്) പരാമർശിക്കുന്നു. ഇബ്നു ഉമറിന്റെ അഭിപ്രായത്തിൽ അത് ഖുബ്സും വെണ്ണയുമോ, ഖുബ്സും “സൈത്തു’മോ, ഖുബ്സും കാരക്കയുമോ ആണ്. മേത്തരം ആഹാരമായി ഖുബ്സും മാംസവും.

“പ്രധാന ആഹാരത്തോടൊപ്പം, നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന അവശ്യ ഉപആഹാരങ്ങളും ( ഊണിനോടൊപ്പം ആവശ്യമായ മറ്റു കൂട്ടാനുകൾ) നിർബന്ധമാണ്. സൈത്തെണ്ണ, എള്ളെണ്ണ, വെണ്ണ, പാൽ, മാംസം തുടങ്ങി പ്രധാനാഹാരത്തോട് അവശ്യമായും ചേർത്ത് കഴിക്കുന്ന എല്ലാം മര്യാദപ്രകാരമുള്ള ചെലവിനങ്ങളിൽ പെടുന്നു. അല്ലാഹുവും അവന്റെ ദൂതനും ഇത് ആജ്ഞാപിച്ചിട്ടുണ്ട്.

“ഭർത്താവിന്റെ സാമ്പത്തികസ്ഥിതിക്കനുസൃതമായി ഇതിൽ വ്യത്യാസം വരാം. കഴിവുള്ളവൻ അവന്റെ കഴിവനുസരിച്ചും വിഭവം കണക്കാക്കപ്പെട്ടവൻ അല്ലാഹു അവന് നൽകിയതിൽനിന്നും ചെലവഴിച്ചുകൊള്ളട്ടെ’ എന്ന് അല്ലാഹു സ്പഷ്ടമാക്കിയതാണ്. “നിനക്കും നിന്റെ കുട്ടികൾക്കും ആവശ്യമുള്ളത് മര്യാദപ്രകാരം എടുത്തുകൊള്ളുക’ എന്ന് തിരുദൂതർ ഹിന്ദിനോട് പറഞ്ഞത് ഇവ്വിഷയത്തിൽ സ്ത്രീയുടെ അവസ്ഥയും പരിഗണിക്കേണ്ടതുണ്ട് എന്ന് കുറിക്കുന്നു. അപ്പോൾ സമ്പന്നനായ പുരുഷന്റെ സമ്പന്നയായ ഭാര്യക്ക്, തത്തുല്യരായ ഭാര്യാഭർത്താക്കന്മാരുടെ പതിവുശീലം അനുസരിച്ചുള്ള ഉയർന്നതരം ആഹാരം ലഭിക്കാൻ അവകാശമുണ്ട്. ദരിദ്രനായ ഭർത്താവിന്റെ ദരിദ്രയായ ഭാര്യക്ക് അവരുടെ പതിവനുസരിച്ച ആഹാരത്തിനും അവകാശമുണ്ട്. ഇടത്തരക്കാരുടെ അവസ്ഥയും ഇതുതന്നെ. സാമ്പത്തികനിലയിൽ ദമ്പതികൾ തമ്മിൽ അന്തരമുണ്ടെങ്കിൽ ഭർത്താവിന്റെ സാമ്പത്തിക നിലക്കനുസൃതമായി ഭാര്യക്ക് ചെലവ് നൽകേണ്ടതാണ്. കാരണം, ഒരു ദരിദ്രനോട് സമ്പന്നന് തുല്യം ചെലവ് നൽകാൻ ആജ്ഞാപിക്കുന്നതും ഒരു സമ്പന്നൻ ദരിദ്രനെപ്പോലെ ചെലവു നൽകുന്നതും മര്യാദപ്രകാരമുള്ളതല്ല. അത് ബന്ധപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണ്.

“സൂക്തത്തിന്റെ വെളിച്ചത്തിൽ, വസ്ത്രവും ചെലവിനത്തിൽപെടുന്നു. ശരീരസംരക്ഷണത്തിന് അവൾക്ക് വസ്ത്രം ഒരു ആവശ്യമാണ്. ആഹാരകാര്യത്തിലെന്നപോലെ ഇതിലും സമ്പന്നനായ പുരുഷന്റെ സമ്പന്നയായ ഭാര്യക്ക് പട്ട്, പരുത്തി, ലിനൻ തുടങ്ങിയവകൊണ്ട് നിർമിച്ച മുന്തിയ തരം ഉടയാടകളും ദരിദ്രനായ പുരുഷന്റെ ദരിദ്രയായ ഭാര്യക്ക് അവർ ശീലിച്ചതരം വസ്ത്രങ്ങളും ഇടത്തരക്കാർക്ക് ഇടത്തരം വസ്ത്രങ്ങളും ലഭിക്കുവാൻ അവകാശമുണ്ട്. ഇരുവരും സാമ്പത്തികമായി ഭിന്നനിലവാരത്തിലാണെങ്കിൽ, ആഹാരകാര്യത്തിലെന്നപോലെ ഭർത്താവിന്റെ നിലയനുസരിച്ചുള്ള വസ്ത്രങ്ങൾക്കാണവകാശം.

“ഭാര്യക്ക് പാർപ്പിടം നൽകേണ്ടതും നിർബന്ധമാണ്. താമസിക്കുന്നതിനും പരദൃഷ്ടിയിൽനിന്ന് മറഞ്ഞിരിക്കുന്നതിനും ദൈനംദിന ജോലികൾ ചെയ്യുന്നതിനും ലൈംഗികബന്ധം പുലർത്തുന്നതിനും ഒരു പാർപ്പിടം ഒഴിച്ചുകൂടാത്തതാണ്. ആഹാരകാര്യത്തിലെന്നപോലെ, അത് സ്ത്രീയുടെ നിലവാരം അനുസരിച്ചുള്ളതായിരിക്കണം.

“ഉന്നതകുലജാതയോ രോഗിയോ ആയതുനിമിത്തം സ്വയം ജോലികൾ ചെയ്യാത്തവരാണെങ്കിൽ ജോലിക്ക് വേലക്കാരി നിർബന്ധമാണ്. “അവരോടൊപ്പം നിങ്ങൾ മര്യാദപൂർവം ജീവിതം നയിക്കുക’ എന്ന് അല്ലാഹു പറയുന്നു. വേലക്കാരികളെ നിശ്ചയിച്ചുകൊടുക്കുന്നത് മര്യാദപൂർവം ജീവിതം നയിക്കുക എന്നതിൽ പെടുന്നു. ഒന്നിൽ കൂടുതൽ വേലക്കാർ നിർബന്ധമല്ല. കാരണം, അവൾ അർഹിക്കുന്നത് അവളുടെ സ്വന്തം ആവശ്യത്തിനുള്ള സേവനമാണ്. അത് ഒരാളെക്കൊണ്ട് സാധ്യമാകുന്നതാണ്. സ്ത്രീകളെയോ വിവാഹം നിഷിദ്ധമായ രക്തബന്ധുക്കളെയോ കുട്ടികളെയോ അല്ലാതെ ജോലിക്ക് നിശ്ചയിച്ചുകൊടുക്കാൻ പാടില്ല.'( ഇബ്നു ഖുദാമ – അൽകാഫീ, ഭാ​ഗം 2,പുറം985 മുതൽ).

ഭർത്താവിന് ഭാര്യയോടുള്ള ബാധ്യതകൾ വിവരിക്കവെ, “അർറൗദതുന്നദിയ്യ’യുടെ കർത്താവ്, സയ്യിദ് സിദ്ദീഖ് ഹസൻഖാൻ പറയുന്നു: “ഭർത്താവ് നൽകേണ്ടുന്ന ജീവനാംശത്തിന്റെ സ്വഭാവം, സ്ഥലവും കാലവും ചുറ്റുപാടും വ്യക്തികളും മാറുന്നതനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. ക്ഷാമകാലത്തും ക്ഷേമകാലത്തും ബാധ്യതയാകുന്ന മര്യാദപ്രകാരമുള്ള ചെലവുകൾ തമ്മിൽ അന്തരമുണ്ട്. മരുഭൂവാസികൾക്കിടയിൽ പ്രചാരത്തിലുള്ള മര്യാദയായിരിക്കും അവർക്ക് നടപ്പ്. നഗരവാസികൾക്കിടയിൽ പ്രചാരത്തിലുള്ളവ ഭിന്നമായിരിക്കും. അപ്രകാരം തന്നെ സമ്പന്നന്റെ “മര്യാദപ്രകാര’വും വ്യത്യസ്തമാണ്. സമ്പന്നതയുടെ ഭിന്ന നിലവാരമനുസരിച്ച് അതും മാറും. അതാകട്ടെ, ദരിദ്രർക്കിടയിൽ മര്യാദപ്രകാരമുള്ള ജീവിതവിഭവങ്ങളായിരിക്കുകയേ ഇല്ല. കുലീനരും നേതാക്കളുമായവരുടെ ഇടയിൽ നടപ്പുള്ള മര്യാദകൾ താഴേക്കിടയിൽ മറ്റൊന്നായിരിക്കും. അതിനാൽ ഹദീസിൽ പരാമൃഷ്ടമായ “മര്യാദ’ നിർണിതമായ ഒന്നല്ല. വിവിധ പരിഗണനകളുടെ അടിസ്ഥാനത്തിൽ അന്തരം വരാവുന്ന ഒന്നാണ്.

ഇമാം ശൗക്കാനി, “ഫത്ഹുർറബ്ബാനി’ എന്ന തന്റെ ഗ്രന്ഥത്തിൽ, ചെലവിന്റെ തുക നിർണയിക്കാമോ ഇല്ലയോ എന്ന കാര്യത്തിൽ മദ്ഹബുകൾ തമ്മിലുള്ള അഭിപ്രായഭേദങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ആവശ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ചെലവിനുള്ള തുക നിർണയിച്ചുകൂടാ എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം. തുക നിശ്ചയിക്കാം എന്ന് അഭിപ്രായമുള്ള പണ്ഡിതരിൽനിന്ന് അത് എത്ര എന്നത് സംബന്ധിച്ച് വ്യത്യസ്തമായ വീക്ഷണങ്ങളാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ഇമാം ശാഫിഈ പറയുന്നു: “വരുമാനമുള്ള ദരിദ്രൻ ഒരു മുദ്ദും, ധനവാൻ രണ്ടു മുദ്ദും, ഇടത്തരക്കാർ ഒന്നര മുദ്ദും നൽകേണ്ടതാണ്.’ ധനവാൻ മാസാന്തം ഏഴു മുതൽ എട്ടുവരെ ദിർഹമും ദരിദ്രൻ നാലുമുതൽ അഞ്ചുവരെ ദിർഹമും നൽകണമെന്നാണ് അബൂഹനീഫയുടെ പക്ഷം. അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരുടെ അഭിപ്രായത്തിൽ, ഈ നിർണയം ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് ഉള്ളപ്പോഴാണ്. അല്ലാത്ത സന്ദർഭങ്ങളിൽ ആവശ്യമാണ് പരിഗണിക്കേണ്ടത്.

ശൗക്കാനി പറയുന്നു: “തുക നിർണയിച്ചുകൂടാ എന്ന വീക്ഷണമാണ് ശരി. കാരണം, സ്ഥലവും കാലവും ചുറ്റുപാടും വ്യക്തികളും മാറുന്നതനുസരിച്ച് അതും മാറും. ചില കാലത്ത് ഭക്ഷണച്ചെലവ് താരതമ്യേന കൂടും. ചില സ്ഥലങ്ങളും അങ്ങനെയാണ്. ചില പ്രദേശത്തുകാർക്ക് രണ്ടു നേരത്തെ ആഹാരം മതിയാകും. ചിലേടങ്ങളിൽ മൂന്നുനേരവും മറ്റു ചിലേടങ്ങളിൽ നാലുനേരവും വേണ്ടിവരും. അപ്രകാരം തന്നെയാണ് സാഹചര്യങ്ങളും. ക്ഷാമകാലത്ത്, ക്ഷേമകാലത്തെക്കാൾ ഭക്ഷണച്ചെലവ് വർധിക്കും. വ്യക്തികളുടെ കാര്യവും ഭിന്നമല്ല. ചിലർ ഒരു “സാഉം’ അതിൽ കൂടുതലും തിന്നും. ചിലർക്ക് അതിന്റെ പാതി മതിയാകും. മറ്റു ചിലർക്ക് അത്രയും വേണ്ട. ഈ വൈജാത്യങ്ങൾ പരക്കെ അറിവുള്ളതാണ്. ഇത് അറിഞ്ഞുകൊണ്ട് ഏതെങ്കിലും ഒരു രീതി സ്വീകരിച്ച് തുക നിർണയിക്കുന്നത് അക്രമവും അനീതിയുമാണ്.

“മാത്രവുമല്ല, ഈ വിശുദ്ധ ശരീഅത്തിൽ, ഒരു നിശ്ചിത തുക നിർണയിച്ചതിന് തെളിവുകളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മറിച്ച്, ആവശ്യമായ തുകക്ക് “മര്യാദപ്രകാരം’ എന്ന ഒരു നിബന്ധന വെക്കുകയാണ് തിരുദൂതർ ചെയ്തത്. ആഇശ(റ)യിൽനിന്ന് ബുഖാരിയും മുസ്ലിമും അബൂദാവൂദും നസാഇയും അഹ്മദുബ്നു ഹമ്പലും മറ്റുള്ളവരും ഉദ്ധരിച്ച ഹദീസ് അത് സ്പഷ്ടമാക്കുന്നു: “ഹിന്ദ് പറഞ്ഞു: തിരുദൂതരേ, അബൂസുഫ്യാൻ ഒരു പിശുക്കനാണ്. അദ്ദേഹം അറിയാതെ ഞാൻ അദ്ദേഹത്തിൽനിന്നെടുത്തതല്ലാതെ എനിക്കും കുട്ടിക്കും ആവശ്യമായ ചെലവ് അദ്ദേഹം തരുന്നില്ല.’ അപ്പോൾ തിരുദൂതർ പറഞ്ഞു: “നിനക്കും കുട്ടിക്കും വേണ്ടത് മര്യാദപ്രകാരം എടുത്തുകൊള്ളുക.’

സ്വഹീഹായ ഈ ഹദീസിൽ ആവശ്യത്തിനുള്ള തുക എന്നതിന് “മര്യാദപ്രകാരം’ എന്ന ഒരു നിബന്ധന മാത്രമാണുള്ളത്. ഹദീസിലെ ഈ നിബന്ധനയാകട്ടെ, നിർണിതമോ ഒരു പ്രത്യേക ദിക്കിലുള്ള ആളുകൾക്കിടയിൽ പരിചിതമായതോ അല്ല, മറിച്ച് ഓരോ പ്രദേശത്തുകാരിലും പ്രചാരത്തിലുള്ളതും അറിയപ്പെട്ടതുമായ നാട്ടുമര്യാദയെന്താണോ അത് പരിഗണിച്ചുള്ളതാണ്.

അതിനാൽ ഓരോ പ്രദേശത്തും അവിടത്തെ നാട്ടുമര്യാദയാണ് പരിഗണിക്കപ്പെടേണ്ടത്. ഉഭയസമ്മതത്തോടെയല്ലാതെ അതിൽനിന്ന് വ്യതിചലിക്കുവാൻ പാടില്ല. ന്യായാധിപനും ഇത് പരിഗണിക്കണം. അദ്ദേഹം സ്ഥലവും കാലവും സാഹചര്യവും വ്യക്തികളും മാറുന്നതനുസരിച്ച് മര്യാദപ്രകാരം എന്നതിന്റെ താൽപര്യത്തിൽ വരുന്ന വ്യത്യാസം നിർബന്ധമായും കണക്കിലെടുക്കണം. അതോടൊപ്പം ഭർത്താവിന്റെ സാമ്പത്തിക നിലയും പരിഗണിക്കേണ്ടതുണ്ട്. കാരണം, “ധനവാൻ അവന്റെ കഴിവനുസരിച്ചും ദരിദ്രൻ അവന്റെ കഴിവനുസരിച്ചും’ എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളതാണ്. ആഹാരത്തിന്റെ അളവ് നിർണയിക്കാതിരിക്കുകയാണ് നീതി എന്ന് ഇത്രയും പറഞ്ഞതിൽനിന്ന് സ്പഷ്ടമാണല്ലോ. അപ്രകാരം തന്നെയാണ് ഉപആഹാരവും. അതിലും പരിഗണിക്കേണ്ടത് മര്യാദപ്രകാരമുള്ള ആവശ്യത്തിന്റെ തോതാണ്.'( അർറൗദതുന്നദിയ്യ ശർഹുദ്ദുററുൽ ബഹിയ്യ, ഭാ​ഗം 2, പുറം 77).

ഉപ ആഹാരത്തിന്റെ അളവ് സംബന്ധിച്ച് തർക്കമുണ്ടാകുമ്പോൾ ന്യായാധിപൻ തന്റെ ഇജ്തിഹാദ് അനുസരിച്ച് നിർണയിക്കുന്ന തുക പരിഗണിക്കപ്പെടേണ്ടതാണെന്ന് “ശർഹുൽ ഇർശാദി’ലുണ്ട്. ഒരു മുദ്ദ് പ്രധാനാഹാരത്തിന് ആവശ്യമായ ഉപ ആഹാരം സാധാരണനിലയിൽ നിർണയിക്കാം. ധനവാന് ഇരട്ടിയും ഇടത്തരക്കാരന് ഇടത്തരം ഒരളവും. മാംസത്തിന്റെ കാര്യത്തിൽ ധനവാന്മാരെയും ഇടത്തരക്കാരെയും സംബന്ധിച്ചിടത്തോളം മറ്റുള്ളവരെപ്പോലെത്തന്നെ നാട്ടിലെ പതിവാണ് മാനദണ്ഡം. റാഫിഈ പറയുന്നു: “ഇക്കാലത്ത് പഴങ്ങൾക്കും പ്രാധാന്യമുണ്ട്. അതിനാൽ അതും നിർബന്ധമാണ്.'( അർറൗദതുന്നദിയ്യ ശർഹുദ്ദുററുൽ ബഹിയ്യ).

ശൗക്കാനി തുടരുന്നു: “ഉപ ആഹാരത്തിന്റെ ഇനവും തരവും അളവും നിർണയിക്കുന്നതിന്റെ മാനദണ്ഡം ഓരോ പ്രദേശത്തെയും നിവാസികളിൽ അറിയപ്പെട്ടതെന്തോ അതായിരിക്കണം. പഴങ്ങളുടെ കാര്യവും അതെ. ഈ കാര്യത്തിൽ ചെലവു നൽകാൻ ബാധ്യസ്ഥനായയാൾ ഒരളവ് നിർണയിക്കുകയാണെങ്കിൽ, നാട്ടുമര്യാദപ്രകാരം അറിയപ്പെട്ട അളവിലൊട്ടും കുറവ് വരുത്തിക്കൂടാ. വിശേഷാവസരങ്ങളിൽ കൂടുതലായി കൊടുക്കുന്നതും ഇപ്രകാരം തന്നെ. ചുരുക്കത്തിൽ “ആവശ്യമായ തുക’ എന്ത് എന്നത് സംബന്ധിച്ച് നിയമദാതാവ് വ്യക്തമായ നിർദേശമാണ് നൽകിയിരിക്കുന്നത്. സമഗ്രവും സമ്പൂർണവുമായ ഈ മാനദണ്ഡം മുമ്പിലിരിക്കെ, ഇനിയും വിശദീകരിക്കേണ്ട ആവശ്യമെന്തുണ്ട്?'( അർറൗദതുന്നദിയ്യ ശർഹുദ്ദുററുൽ ബഹിയ്യ).

“നിനക്കും കുട്ടിക്കും ആവശ്യമായത് എടുത്തുകൊള്ളുക’ എന്ന തിരുവചനം ഭക്ഷ്യപാനീയങ്ങൾക്ക് മാത്രം ബാധകമാകുന്ന ഒന്നല്ല. മറിച്ച്, ആവശ്യമായ എല്ലാ വസ്തുക്കളെയും അത് പൊതുവേ ഉൾക്കൊള്ളുന്നു. അപ്പോൾ, നിരന്തരമായ ഉപയോഗം മൂലം ഉപേക്ഷിച്ചാൽ അസ്വാസ്ഥ്യവും ആലസ്യവും ഉണ്ടാകും വിധം ശീലമായിപ്പോയ ആഡംബര വസ്തുക്കളും ആവശ്യം തന്നെ. വ്യക്തികളും സ്ഥലവും കാലവും ചുറ്റുപാടുമനുസരിച്ച് അതിലും വ്യത്യാസം വരും. ഔഷധങ്ങളും ആവശ്യത്തിന്റെ പട്ടികയിലുൾപ്പെടുന്നു. “അവർക്ക് മര്യാദപ്രകാരം “രിസ്ഖും’ വസ്ത്രവും നൽകുവാൻ കുട്ടിയുടെ പിതാവിന് ബാധ്യതയുണ്ട്’ എന്ന സൂക്തം ഇതിലേക്ക് സൂചന നൽകുന്നുണ്ട്. ചെലവിന് കൊടുക്കേണ്ടവർക്ക് “രിസ്ഖ്’ നൽകാൻ ബാധ്യതയുണ്ട് എന്നാണ് ഖുർആൻ ഉപയോഗിച്ചത്. നാമിപ്പറഞ്ഞതെല്ലാം “രിസ്ഖ്’ എന്ന പദത്തിന്റെ അർഥത്തിൽപെടും.’ കുളിക്കുന്നതിനുള്ള ചെലവുകളും ഔഷധങ്ങളുടെ വിലയും ഡോക്ടറുടെ ഫീസും ശരീരരക്ഷ ഉദ്ദേശിച്ചുള്ള ചെലവുകളാകയാൽ “രിസ്ഖി’ൽ പെടില്ല എന്ന ശാഫിഈയുടെ അഭിപ്രായം “അൽ ഇൻതിസ്വാറി’ൽ കാണാം. വാടകവീടിന്റെ കേടുപാടുകൾ തീർക്കുന്നതിനുള്ള ചെലവ് വഹിക്കുവാൻ വാടകക്കാരൻ ബാധ്യസ്ഥനല്ലല്ലോ. അതുപോലെയാണിതും എന്നാണദ്ദേഹത്തിന്റെ പക്ഷം. എന്നാൽ ഔഷധം ജീവരക്ഷക്കുള്ളതാകയാൽ അത് ചെലവുകളുടെ ഇനത്തിൽ പെടുമെന്ന് “അൽഗൈസി’ലുണ്ട്. എന്റെ അഭിപ്രായത്തിൽ “ഗൈസി’ൽ പറഞ്ഞതാണ് ശരി. കാരണം, ഔഷധങ്ങൾ “ആവശ്യമായത്’, “രിസ്ഖ്’ എന്നീ പദങ്ങളുടെ വ്യാപകാർഥത്തിൽ പെടുന്നു.'( ശൗക്കാനിയുടെ ഈ ഉദ്ധരണികളെല്ലാം സയ്യിദ് സിദ്ദീഖ് ഹസൻ ഖാന്റെ “അർറൗദതുന്നദിയ്യ’യിൽനിന്ന്.)

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!