ചോദ്യം: ഭർത്താവ് മരിച്ച സ്ത്രീ ഇദ്ദയിരിക്കാതിരിക്കുന്നതിന്റെ വിധിയെന്താണ്?
മറുപടി: ഭർത്താവ് മരിച്ചതിനെ തുടർന്ന് ഇദ്ദയിരിക്കലും, അലങ്കാരങ്ങൾ വെടിയുകയെന്നതും സ്ത്രീകൾക്ക് നിർബന്ധമാണ്. അൽമൗസൂഅ അൽഫിഖ്ഹിയ്യയിൽ ഇപ്രകാരം കാണാവുന്നതാണ്: ‘ശരിയായ വിവാഹ ഉടമ്പടിക്ക് ശേഷം, ബന്ധപ്പെടുന്നതിന് മുമ്പ് ഭർത്താവ് മരിക്കുന്നത് കാരണമായി സ്ത്രീകൾക്ക് ഇദ്ദയിരിക്കൽ നിർബന്ധമാകുന്നതുപോലെ, ബന്ധപ്പെട്ടതിന് ശേഷവും ലിആൻ (ഭർത്താവ് ഭാര്യക്കെതിരെ വ്യഭിചാരാരോപണം ഉയർത്തിയതിനെ തുടർന്ന് ഇരുവരും സാക്ഷ്യം വഹിക്കുക – اللعان), ഫസ്ഖ് (വിവാഹം ദുർബലപ്പെടുത്തുക – الفسخ) മരണം, ത്വലാഖ് എന്നിവ കാരണമായി ഇണകൾക്കിടയിൽ ബന്ധം വേർപ്പെട്ടുപോകുമ്പോൾ സ്ത്രീകൾ ഇദ്ദയിരിക്കൽ നിർബന്ധമാണ്.’
ഭർത്താവ് മരിച്ച സ്ത്രീ നാലുമാസവും പത്ത് ദിവസവും ഇദ്ദയിരിക്കൽ നിർബന്ധമാണ്. ‘നിങ്ങളിൽ ആരെങ്കിലും ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കിൽ അവർ (ഭാര്യമാർ) തങ്ങളുടെ കാര്യത്തിൽ നാലുമാസവും പത്ത് ദിവസവും കാത്തിരിക്കേണ്ടതാണ്.’ (അൽബഖറ: 234) അവർ ഗർഭിണിയാണെങ്കിൽ അവരുടെ ഇദ്ദയെന്നത് പ്രസവിക്കുന്നത് വരെയാണ്. ‘ഗർഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കലാകുന്നു.’ (അത്വലാഖ്: 4) ഭർത്താവ് മരിച്ച് ഇദ്ദയിരിക്കുന്ന സ്ത്രീ വീട്ടിൽ തുടരുകയും, അലങ്കാരങ്ങൾ, സുഗന്ധങ്ങൾ, ആഭരണങ്ങൾ എന്നിവ ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണ്.
Also read: ഭാര്യയുടെ മൊബൈൽ പരിശോധിക്കാൻ അനുവാദമുണ്ടോ?
ഇനി, ഒരു ന്യായവുമില്ലാതെ ഇദ്ദയിരിക്കാതിരിക്കുകയാണെങ്കിൽ അവർ വലിയ തെറ്റാണ് ചെയ്യുന്നത്. അവർ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങേണ്ടതാണ്; അവർക്ക് തൗബയല്ലാതെ മറ്റൊന്നുമില്ല. ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നതിലൂടെ അവരുടെ ഇദ്ദ അവസാനിക്കുന്നതാണ്. അല്ലെങ്കിൽ ഭർത്താവ് മരിച്ചത് മുതൽ നാലുമാസവും പത്ത് ദിവസവും കാത്തിരിക്കേണ്ടതാണ്. അവർ വീണ്ടും ഇദ്ദയിരിക്കേണ്ടതില്ല. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ മജ്മൂഅ് അൽഫതാവയിൽ പറയുന്നു: ‘ഭർത്താവ് മരിച്ച് ഇദ്ദയിരിക്കുന്ന സ്ത്രീ വീട്ടിൽ തുടരാതിരിക്കുന്നതിനെയും, അനിവാര്യമായ സാഹചര്യത്തിൽ പുറത്തുപോകുന്നതിനെയും സംബന്ധിച്ച് ചോദിക്കപ്പെട്ടു. അവർ വീണ്ടും ഇദ്ദയിരിക്കേണ്ടതുണ്ടോ? അപ്രകാരം ചെയ്യുന്നിതിലൂടെ അവർ കുറ്റക്കാരാണോ? അദ്ദേഹം ഉത്തരം നൽകി: മരിക്കുന്നത് മുഖേനയുള്ള ഇദ്ദ നാലുമാസവും പത്ത് ദിവസവും കഴിയുന്നതിലൂടെ അവസാനിക്കുന്നതാണ്. അവർ വീണ്ടും ഇദ്ദയിരിക്കേണ്ടതില്ല. ആവശ്യത്തിന് പുറത്തുപോവുകയും അവരുടെ വീട്ടിൽ തുടരുകയും ചെയ്യുകയാണെങ്കിൽ അതിൽ അവർക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ ആവശ്യത്തിനല്ലാതെ പുറത്തുപോവുകയും, ആവശ്യമില്ലാതെ അവരുടെ വീട്ടിലല്ലാതെ തുടരുകയും, അലങ്കാരങ്ങൾ ഒഴിവാക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അവർ അല്ലാഹുവിനോട് പാപമോചനം ചോദിക്കുകയും അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യേണ്ടതാണ്. അവർ വീണ്ടും ഇദ്ദിയിരിക്കേണ്ടതില്ല.
അവലംബം: islamweb.net