ചോദ്യം: ഉമ്മയുടെ ആവശ്യപ്രകാരം ഉപ്പ വാണിജ്യ സമുച്ചയത്തിന്റെ പകുതി ഉമ്മക്ക് ഇഷ്ടദാനമായി നൽകി. സമുച്ചയത്തിന്റെ പകുതി നൽകിയ ശേഷം, വർഷങ്ങളോളം – ഉപ്പ മരിക്കുന്നതുവരെ – അവർ ഉപ്പയെ വിട്ടുപോയി. മരിക്കുന്നതിന് മുമ്പ്, ഉപ്പ ഇഷ്ടദാനമായി നൽകിയത് തരികെവാങ്ങുന്നതിന് കടലാസുകൾ തരപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ, അത് പൂർത്തീകരിക്കുന്നതിന് മുമ്പ് ഉപ്പ മരണപ്പെട്ടു. മരിക്കുകയാണെങ്കിൽ, തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കണമെന്ന് രോഗിയായ സന്ദർഭത്തിൽ എന്നോട് ഉപദേശിച്ചിരുന്നു(വസ്വിയ്യത്ത്). മകനായ എനിക്ക് അദ്ദേഹത്തിന് വേണ്ടി അത് പൂർത്തീകരിക്കാമോ?
മറുപടി: കൈപ്പറ്റുന്നതിന് മുമ്പ് ഇഷ്ടദാനം തിരിച്ചുവാങ്ങാമോ? ഇഷ്ടദാനം (ഹിബ-സമ്മാനം) കൈപ്പറ്റുന്നതിന് (ഖബ്ദ്-സ്വീകരിക്കുക) മുമ്പ് തിരിച്ചുവാങ്ങുന്നത് അനുവദനീയമാണ്. കാരണം, കൈപ്പറ്റിക്കൊണ്ടല്ലാതെ അത് അനിവാര്യമാകുന്നില്ല. മൗസൂഅ അൽഫിഖ്ഹിയ്യയിൽ (164/6) വന്നിരിക്കുന്നു: കൈപ്പറ്റുന്നതിന് മുമ്പ് സമ്മാനം തിരികെവാങ്ങുന്നത് ഭൂരിപക്ഷം കർമശാസ്ത്ര പണ്ഡിതരുടെ അടുക്കലും അനുവദനീയമാണ്. ഇഷ്ടദാനം സ്വീകരിച്ചുകഴിഞ്ഞാൽ തിരികെവാങ്ങുന്നത് അനുവദനീയമല്ലെന്നാണ് ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ വീക്ഷണം. എന്നാൽ, പിതാവ് മക്കൾക്ക് സമ്മാനം-ഇഷ്ടദാനം നൽകുകയാണെങ്കിൽ അത് തിരികെവാങ്ങാവുന്നതാണ്. പുറമെയുള്ളവർക്ക് നൽകുന്നത് തിരികെവാങ്ങാമെന്ന് ഹനഫികൾ കാണുന്നു. പിതാവ് മക്കൾക്ക് നൽകുന്ന സമ്മാനമല്ലാതെ, മൊത്തത്തിൽ, കൈപ്പറ്റുന്നതിന് മുമ്പും ശേഷവും സമ്മാനം തിരികെവാങ്ങാൻ പാടില്ലെന്നന്നാണ് മാലിക്കികളുടെ അഭിപ്രായം. താങ്കളുടെ ഉമ്മ സമ്മാനം സ്വീകരിച്ചിട്ടില്ലെങ്കിൽ, ഉടമസ്ഥയെന്ന നിലയിൽ കൈകാര്യം ചെയ്തിട്ടില്ലെങ്കിൽ, മരിക്കുകയാണെങ്കിലും നൽകിയത് താങ്കളുടെ പിതാവിന് തിരികെവാങ്ങാവുന്നതാണ്. മരിക്കുകയാണെങ്കിൽ അത് പിതാവിന്റെ അനന്തരാവകാശത്തിലേക്ക് ചേരുന്നതാണ്.
സ്വീകരിച്ചുകഴിഞ്ഞ സമ്മാനം തിരികെവാങ്ങാമോ? സമ്മാനം സ്വീകരിച്ചുകഴിഞ്ഞാൽ, താങ്കളുടെ പിതാവ് ജീവിച്ചിരിക്കുന്ന കാലത്തും താങ്കളുടെ മാതാവിന് ഉടമസ്ഥയെന്ന നിലയിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. നൽകിയ സമ്മാനം അല്ലെങ്കിൽ ഇഷ്ടദാനം തിരികെവാങ്ങുന്നത് നിഷിദ്ധമാണെന്നതാണ് അടിസ്ഥാനം. രണ്ട് കാര്യങ്ങൾ അതിൽ നിന്ന് ഒഴിവാകുന്നു: ഒന്ന്, പിതാവ് മക്കൾക്ക് നൽകിയ സമ്മാനം തിരികെവാങ്ങുന്നത്. ഇബ്‌നു ഉമറും ഇബ്‌നു അബ്ബാസും (റ) പ്രവാചകനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ‘പിതാവ് മക്കൾക്ക് നൽകുന്നതിലല്ലാതെ, സമ്മാനം നൽകി അത് തിരികെവാങ്ങാൻ ആർക്കും അനുവാദമില്ല. സമ്മാനം നൽകി പിന്നീട് അത് തിരിച്ചുവാങ്ങുന്നവൻ നായയെ പോലെയാണ്. നായ ഭക്ഷിക്കുകയും വയറ് നിറഞ്ഞാൽ ഛർദിക്കുകയും ചെയ്യുന്നു. പിന്നീട് ഛർദിച്ചതിലേക്ക് മടങ്ങുകയും ചെയ്യുന്നു.’ (അബൂദാവൂദ്: 3539, തുർമുദി: 2132, അന്നസാഈ: 3690, ഇബ്‌നു മാജ: 2377) രണ്ട്, ഒരുവൻ എന്തെങ്കിലും ലക്ഷ്യത്തിനായി സമ്മാനം നൽകുകയും പിന്നീട് ലക്ഷ്യം പൂർത്തീകരിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ നൽകിയ സമ്മാനം തിരികെവാങ്ങുന്നത്.
ഉദാഹരണമെടുത്താൽ, ബന്ധം നന്നാകുന്നതിന് താങ്കളുടെ പിതാവ് സമുച്ചയത്തിന്റെ പകുതിയാണ് താങ്കളുടെ ഉമ്മക്ക് നൽകിയതെന്ന് വിചാരിക്കുക. നിശ്ചിത സമയത്തിനുളളിൽ സാക്ഷാത്കരക്കപ്പെടുന്നില്ലെങ്കിൽ പിതാവിന് അത് തിരികെവാങ്ങാവുന്നതാണ്. കാരണം, ഇത് വെറുതെ സമ്മാനമായി നൽകുന്നതല്ല; അത് താൽപര്യത്തെ മുൻനിർത്തിയാണ്. കർമശാരസ്ത്ര പണ്ഡിതർ ഇതിനെ ‘അൽഹിബ ലിസ്സവാബ്’ (പ്രയോജനത്തിനായുള്ള സമ്മാനം) എന്ന് വിളിക്കുന്നു. സമ്മാനം നൽകുന്നതിലൂടെ പ്രയോജനം ലക്ഷ്യംവെക്കുകയും അത് ലഭ്യമാവുകയും ചെയ്യുന്നില്ലെങ്കിൽ നൽകിയ വ്യക്തിക്ക് അത് തിരികെവാങ്ങാവുന്നതാണ്. എന്നാൽ, ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയും പിന്നീട് പിണങ്ങുകയും ചെയ്യുകയാണെങ്കിൽ നൽകിയ സമ്മാനം തിരിച്ചുവാങ്ങാവതല്ല. കാരണം നൽകിയ സമ്മാനത്തിന് പ്രയോജനം ലഭ്യമായി. ഇമാം മാലിക് മുവത്വയിൽ ഉദ്ധരിക്കുന്നു: ‘ഉമർ ബിൻ ഖത്വാബ്(റ) പറയുന്നു: ‘ആരെങ്കിലും കുടുംബ ബന്ധം ചേർക്കുന്നതിനായോ അല്ലെങ്കിൽ ദാനധർമെന്ന രീതിയിലോ സമ്മാനം നൽകുകയാണെങ്കിൽ അത് തിരിച്ചുവാങ്ങവതല്ല. ആരെങ്കിലും സമ്മാനം നൽകുന്നതിലൂടെ പ്രയോജനം ഉദ്ദേശിക്കുകയാണെങ്കിൽ അവന് ആ സമ്മാനത്തിൽ അധികാരമുണ്ട്. സംതൃപ്തനല്ലെങ്കിൽ അവന് അത് തിരികെവാങ്ങാവുന്നതാണ്.’ അൽബാനി പറയുന്നു: ‘മുസ്‌ലിമിന്റെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഈ ഹദീസിന്റെ പരമ്പര ശരിയാണ്.’
സംഗ്രഹം: സമ്മാനം നൽകുകയെന്ന ഉദ്ദേശത്താൽ മാത്രം സമ്മാനം നൽകുകയും അത് സ്വീകരിക്കുകയും ചെയ്താൽ താങ്കളുടെ പിതാവിന് അത് തിരികെവാങ്ങവതല്ല. പ്രത്യേകമായ ലക്ഷ്യമില്ലാതെയോ അല്ലെങ്കിൽ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയോ ആണെങ്കിൽ തരികെവാങ്ങുന്നത് അനുവദനീയമല്ല. എന്നാൽ, സമ്മാനം നൽകുന്നതിലൂടെ എന്തെങ്കിലും ലക്ഷ്യംവെക്കുകയും അത് സാക്ഷത്കരിക്കപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ നൽകിയ സമ്മാനം തിരികെവാങ്ങാവുന്നതാണ്.
വിവ- അർശദ് കാരക്കാട്
അവലംബം: islamqa.info