ചോദ്യം: അമുസ്ലിം സഹോദരനുമായുള്ള മുസ്ലിം സ്ത്രീയുടെ വിവാഹം നിഷിദ്ധമാണെന്നുതുമായി ബന്ധപ്പെട്ട്(അത് വേദക്കാരനാണെങ്കില്‍ പോലും) വലിയ ചര്‍ച്ചകള്‍ നടക്കുന്നു. 2006ല്‍ ഡോ. ഹസനുത്തുറാബി സമാന പ്രശ്‌നം ഉന്നയിച്ചിരുന്നു. രണ്ട് പ്രശ്‌നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്; വിവാഹം ബന്ധം തുടങ്ങാന്‍ പറ്റുമോ എന്നതാണ് അതില്‍ ആദ്യത്തേത്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷവും അമുസ്ലിമായ ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം തുടര്‍ന്നുകൊണ്ടുപോകേണ്ടതുണ്ടോ എന്നതാണ് രണ്ടാമത്തെ വിഷയം. രണ്ടും അനുവദനീയമല്ലെന്നതാണ് പൊതു അഭിപ്രായം. എന്നാല്‍, ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം ബന്ധം തുടരാം എന്ന് യൂറോപ്യന്‍ ഫത് വ കമ്മിറ്റി പ്രസ്താവന ഇറക്കിയിട്ടുണ്ട്. 2001ലാണ് ഇസ്ലാം മതം സ്വീകരിച്ച ഒരു വ്യക്തിയുടെ വിഷയത്തില്‍ അവര്‍ ഫത് വ നല്‍കിയത്. എന്നിരുന്നാലും, വിവാഹം ബന്ധം ആരംഭിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും ചര്‍ച്ച തുടരുന്നു.
മറുപടി: കര്‍മ്മശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും നിര്‍ദ്ധാരണം ചെയ്യുന്ന രീതിയുമായും വിധി നിര്‍ണ്ണയിക്കന്നതുമായാണ് ഇത്തരം ചര്‍ച്ചകള്‍ നിലനില്‍ക്കുന്നത്. മൂന്ന് കാര്യങ്ങളാണ് അതിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്: (വിധികളുടെ അടിസ്ഥാനം പ്രമാണമാണോ അതോ ഇജ്തിഹാദാണോ?), (ഖുര്‍ആനിക ഉദ്ധരണികളെ വ്യാഖ്യാനിക്കല്‍. രണ്ടാമതൊരു അര്‍ത്ഥത്തിന് സാധ്യതയില്ലാത്ത വിധം ഖുര്‍ആനിക ഉദ്ധരണികളെ പ്രാമാണിക തെളിവുകളാക്കി മാറ്റാന്‍ പണ്ഡിതസഭക്കാകുമോ?), (വിധികളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും വിധിക്കുപിന്നിലെ രഹസ്യത്തെക്കുറിച്ചുമുള്ള അന്വേഷണം).
ഇതില്‍ മൂന്നാമത് പറഞ്ഞത് സമകാലിക സാഹചര്യത്തില്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. അത് സുസ്ഥിരമായ വിധിവിലക്കുകളെ വിമര്‍ശനാത്മകമായി ചോദ്യം ചെയ്തുകൊണ്ടേയിരിക്കുന്നു. അതിനാല്‍തന്നെ അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും അന്വേഷണവും വീണ്ടും ആവര്‍ത്തിക്കപ്പെടുകയും അതിന്റെ പ്രാധാന്യവും സാധ്യതയും യുക്തിയും അന്വേഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഓരോ കാലഘട്ടത്തിലും വിത്യസ്ത മാതൃകകളും രീതികളും സ്വീകരിക്കുന്നു. വിധിയുടെ കാരണം കര്‍മ്മശാസ്ത്രപരമായ ധാരണകളോട് ചേര്‍ന്നുള്ള കാര്യമാണെങ്കില്‍ ജ്ഞാനം വഴക്കമുള്ള കാര്യമാണ്. അതിനാല്‍, ന്യായവിധിയുടെ രഹസ്യങ്ങള്‍ തേടിയുള്ള യാത്ര യുക്തിപൂര്‍ണ്ണമായ പുതിയൊരു മാതൃകയെ പ്രതിഫലിപ്പിക്കുന്നു. ഓരോ യുഗത്തിനുമനുസരിച്ചും അതില്‍ നിലനില്‍ക്കുന്ന അറിവും സ്ഥാപിത മാനദണ്ഡങ്ങളും മൂല്യങ്ങളുമനുസരിച്ചും ആളുകള്‍ പുതിയൊരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നു.
മുസ്ലിമായൊരു സ്ത്രീ അമുസ്ലിമായൊരു വ്യക്തിയെ വേള്‍ക്കുന്നത് നിഷിദ്ധമാണെന്ന് വിധിയുടെ ഉറവിടങ്ങളെക്കുറിച്ചാണ് ഒന്നാമത് പറഞ്ഞത്. എല്ലാ തെളിവുകളെയും ഖുര്‍ആനിന്റെ പ്രാമാണികതയിലേക്ക് ചുരുക്കിക്കെട്ടാനുള്ള ശ്രമം സമകാലിക സമീപനത്തിലുണ്ട്. ഏതെങ്കിലും വിധിയില്‍ നിന്നും മറ്റൊന്ന് നിര്‍ദ്ധാരണം ചെയ്‌തെടുക്കുമ്പോള്‍ അത് ഖുര്‍ആനിലില്ലെന്ന് പറയും. വിധിന്യായങ്ങളുടെ അടിസ്ഥാനം നിരവധിയാണെന്ന് എല്ലാ കര്‍മ്മശാസത്ര വിശാരദന്മാരും മദ്ഹബുകളും അംഗീകരിച്ചതാണ്. അവയില്‍ ചിലത് പ്രമാണികമായിരിക്കും, ചിലത് അവയല്ലാത്തതും(ബൗദ്ധികവും പൊതു നടപ്പുശീലങ്ങളും പോലെ). മതം എന്നതില്‍ നിന്നും ഇസ്ലാമിന്റെ പ്രകൃതത്തെ വേറിട്ടു നിര്‍ത്തുന്നത് ഇതാണ്. മതപരമെന്നത് ക്രിസ്ത്യന്‍ ദൈവശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും പറയാറുള്ളത്. മേല്‍പറഞ്ഞ പ്രശ്‌നത്തിന് രണ്ട് സൂക്തവും ഒരു ഹദീസുമാണ് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ തെളിവായി അവലംബിക്കുന്നത്; ‘ബഹുദൈവാരാധകന്മാര്‍ക്ക്, അവര്‍ സത്യവിശ്വാസം വരിക്കുവോളം നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കരുത്'(ബഖറ: 221), ‘അവര്‍ വിശ്വാസിനികള്‍ തന്നെയാണെന്ന് ബോധ്യമായാല്‍ പിന്നെയവരെ നിഷേധികളിലേക്ക് മടക്കിവിടരുത്; ഇവര്‍ അവര്‍ക്കും അവര്‍ ഇവര്‍ക്കും അനുവദനീയരല്ല. അവര്‍ക്കായി ആ വിശ്വാസികള്‍ ചെലവുചെയ്തത് നിങ്ങള്‍ കൊടുക്കണം. വിവാഹമൂല്യം നല്‍കുന്നുവെങ്കില്‍ നിങ്ങല്‍ക്കവരെ വേള്‍ക്കുന്നതിന് കുഴപ്പമില്ല'(മുംതഹിന: 10), ‘ഇസ്ലാം ഉയര്‍ന്നു നില്‍ക്കും. അതിനെ ആരും മികക്കുകയില്ല’.
Also read: വുദുവും തയമ്മുമും
ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിന്റെ ശാഖകള്‍ പഠനവിധേയമാക്കുന്നൊരു വ്യക്തിക്ക്, കുടുംബവുമായി ബന്ധപ്പെട്ടുള്ള വിധികളില്‍ ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നവയാണെന്ന് ബോധ്യമാകും. വിവാഹം, വിവാഹമോചനം, അനന്തരസ്വത്ത്, കുട്ടികളുടെ മേലുള്ള രക്ഷാകര്‍തൃത്വം, സ്ത്രീകളുടെ മേലുള്ള അധികാരം, ഭര്‍ത്താവിന് ഭാര്യയുടെ മേലുള്ള അവകാശ വ്യവസ്ഥ തുടങ്ങിയവ അതില്‍ ചിലതാണ്. ഇതില്‍ ഓരോന്നിനും വിത്യസ്തമായ തെളിവുകളാണുള്ളത്. ആ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിയമപരവും മതപരവുമയാ വ്യവസ്ഥിതി നിര്‍മാണങ്ങളുണ്ടാകുന്നത്. ഭര്‍ത്താവിന്റെ മതവുമായി ബന്ധപ്പെട്ട വിഷയവും അതിന്റെ ഭാഗമായി വരുന്നതാണ്.
പ്രമാണങ്ങളെ വ്യാഖ്യാനവും അതിന്റെ പ്രാധാന്യവും യുക്തിയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ അടിസ്ഥാന തത്വം. മുന്‍കഴിഞ്ഞ പണ്ഡിതന്മാര്‍ക്കിടയിലും സമകാലിക പണ്ഡിതന്മാര്‍ക്കിടയിലും ഇവ്വിഷയകമായി വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്;
ഒന്നാമത്തെ പ്രശ്‌നം: ‘ബഹുദൈവാരാധകന്മാര്‍ക്ക്, അവര്‍ സത്യവിശ്വാസം വരിക്കുവേളം നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കരുത്’ എന്ന സൂക്തം തെളിവായി പിടിക്കന്നത് പല പ്രശ്‌നങ്ങളെയും ഉള്‍കൊള്ളിക്കുന്നു.
1- നിഷേധികള്‍ എന്നത് അനേകം സാധ്യതകളുള്ള പൊതുവായ പദമാണ്. അമുസ്ലിമീങ്ങളായ എല്ലാവരെയും അതുള്‍കൊള്ളാം. ബിംബാരാധകരായ നിഷേധികളാകാം. അല്ലെങ്കില്‍ അതിനുദ്ദേശം മക്കയിലെ നിഷേധികളാകാം. അടിസ്ഥാനപരമായി അവസാനം പറഞ്ഞതിലേക്കായിരിക്കാം ഖുര്‍ആനിന്റെ ഉദ്ദേശ്യം. ആ പ്രയോഗം പൊതവാണോ അല്ലെയോ എന്നതാണ് മറ്റൊരു ചര്‍ച്ച. വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലും വേദക്കാര്‍ക്കിടയിലും നിഷേധികള്‍ക്കിടയിലും വേര്‍തിരിവ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നിഷേധിയെന്ന പദത്തില്‍ നിന്നും വേദക്കാര്‍ നിരുപാധികം പുറത്താണ്. അതിന് അനേകം തെളിവുകളുമുണ്ട്; ‘വേദക്കാരും ബഹുദൈവ വിശ്വാസികളുമായ നിഷേധികള്‍ തെളിവ് -അല്ലാഹുവിങ്കല്‍ നിന്നുള്ള ദൂതന്‍- വന്നെത്തുന്നതുവരെ നിഷേധം കൈവിട്ടില്ല'(ബയ്യിന: 1), ‘വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും നിന്നുള്ള നിഷേധികള്‍ നരകത്തില്‍ ശാശ്വതവാസികള്‍ തന്നെ'(ബയ്യിന: 6), ‘മനുഷ്യരില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റം കഠിനമായ ശത്രുത പുലര്‍ത്തുന്നത് ജൂതന്മാരും ബഹുദൈവ വിശ്വാസികളുമാണെന്ന് താങ്കള്‍ക്ക് കാണാം'(മാഇദ: 82), ‘ബഹുദൈവ വിശ്വാസികളിലോ വേദക്കാരിലോ പെട്ട നിഷേധികള്‍ റബ്ബിങ്കല്‍ നിന്ന് എന്തെങ്കിലും നന്മ നിങ്ങള്‍ക്ക് വന്നുകിട്ടുന്നത് ഇഷ്ടപ്പെടില്ല. അല്ലാഹുവാകട്ടെ ദിവ്യകാരുണ്യം കൊണ്ട് താനുദ്ദേശിക്കുന്നവരെ അനുഗ്രഹിക്കുന്നു. മഹോന്നതമായ ഔദാര്യത്തിന്റെ ഉടമയത്രെ (ബഖറ: 105), ‘സത്യവിശ്വാസികള്‍, ജൂതന്മാര്‍, സ്വാബിഉകള്‍, ക്രിസ്ത്യാനികള്‍, അഗ്നയാരാധകര്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ പുനരുത്ഥാനദിനം അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്. സകല കാര്യങ്ങള്‍ക്കും സാക്ഷി തന്നെയാണവന്‍'(ഹജ്ജ്: 17). യഹൂദരെയും ക്രിസ്ത്യാനികളെയും പൊതുവെ ബഹുദൈവ വിശ്വാസികള്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്തിട്ടില്ല. ‘അല്ലാഹുവുമായി കൂടുതല്‍ സാമീപ്യമുണ്ടാക്കിത്തരാന്‍ മാത്രമാണ് ഞങ്ങള്‍ അവയെ ആരാധിക്കുന്നത്'(സുമര്‍: 3) എന്ന വാക്കുകൊണ്ട് ബിംബാരാധകരും ‘അല്ലാഹുവിന്റെ പുത്രന്‍ ഈസാ’ എന്ന വാക്കുകൊണ്ട് ക്രിസ്ത്യാനികളും ‘അല്ലാഹുവിന്റെ പുത്രന്‍ ഉസൈര്‍’ എന്ന വാക്കുകൊണ്ട് യഹൂദികളും ശിര്‍ക്ക് ചെയ്തവര്‍ തന്നെയാണ്. ഇവ്വിഷയകമായി പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരായ ലഖ്മി അല്‍-മാലിക്കിയും സൈനുദ്ദീന്‍ അത്തനൂജി അല്‍-ഹമ്പലിയും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഖുര്‍ആനിന്റെ സാങ്കേതികാര്‍ത്ഥ പ്രകാരം മുശ്‌രിക്കുകള്‍ എ്ന്ന് പൊതുവാക്കി പറഞ്ഞതില്‍ വേദക്കാര്‍ ഉള്‍കൊള്ളുകയില്ല. എന്നാല്‍, ഇമാം കാസാനി അല്‍-ഹനഫിയുടെ അഭിപ്രായ പ്രകാരം ആ പ്രയോഗത്തിന്റെ ഉദ്ദേശ്യം നരഗത്തിലേക്ക് ക്ഷണിക്കുന്നവര്‍ എന്നാണ്. അതിനാല്‍ തന്നെ ആ പദം എല്ലാ നഷേധികളെയും ഉള്‍കൊള്ളുന്നതാണ്. നിഷേധികളുമായി മുശ്‌രിക്കുകളുമായി ബന്ധപ്പെട്ട എല്ലാ വിധികളും വേദക്കാര്‍ക്കും ബാധകമാണ്. ‘അവര്‍ നരഗത്തിലേക്കാണ് ക്ഷണിക്കുന്നത്'(ബഖറ: 221) എന്ന സൂക്തമാണ് അദ്ദേഹമതിന് തെളിവായി അവലംബിക്കുന്നത്.
Also read: തെറ്റായി ഓതുന്ന ഇമാമിനെ തുടർന്നു നമസ്കരിക്കാമോ?
രണ്ടാമത്തെ പ്രശ്‌നം: ബഹുദൈവാരാധകന്മാരെ നിങ്ങള്‍ വിവാഹം ചെയ്യരുതെന്ന് പറനഞ്ഞ സമാന ആയത്തില്‍ തന്നെ ബഹുദൈവരാധികകളെ നിങ്ങള്‍ വിവാഹം ചെയ്യരുതെന്നും പറയുന്നുണ്ട്. ‘സത്യനിഷേധികളുമായുള്ള ദാമ്പത്യബന്ധത്തില്‍ നിങ്ങള്‍ കടിച്ചുതൂങ്ങേണ്ടതില്ല'(മുംതഹിന: 10) എന്ന സൂക്തം അതിനെ ബലപ്പെടുത്തുന്നുമുണ്ട്. അതോടൊപ്പം തന്നെ വേദക്കാരിയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ മുസ്ലിമായൊരു പുരുഷനെ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അനുവദിക്കുന്നുണ്ട്. അതിന് രണ്ട് മറുപിടകള്‍ നല്‍കപ്പെടുന്നുണ്ട്:
1 വേദക്കാരില്‍ നിന്നും ചാരിത്രശുദ്ധിയുള്ളവരെ നിങ്ങള്‍ക്ക് വിവാഹം ചെയ്യാമെന്ന മാഇദ അധ്യായത്തിലെ സൂക്തം ബഖറയിലെ ബഹുദൈവാരാധികകളെ വിവാഹം ചെയ്യരുതെന്ന സൂക്തത്തിലെ വിധിയെ റദ്ദു ചെയ്തിട്ടുണ്ട് എന്ന് മഹാനായ ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു. ഇവിടെ വിധിയെ റദ്ദു ചെയ്തത് അതിന്റെ സാങ്കേതികാര്‍ത്ഥത്തിലാണെങ്കില്‍ പിന്നെ സൂക്തത്തിന്റെ ഒരു ഭാഗത്തെ വിധിയെ എടുത്തുകളയുകയും ബാക്കി വിധി അവശേഷിക്കുകയും ചെയ്തുവെന്ന സംശയം വരാം.
2- അമുസ്ലിമീങ്ങളായ എല്ലാവരെയും ഉള്‍കൊള്ളുന്നതാണത്. പക്ഷെ, അതില്‍ നിന്നും ചാരിത്രശുദ്ധിയുള്ള വേദക്കാരികളെ പ്രത്യേകം ഒഴിവാക്കി. കാരണം, അവര്‍ അക്കൂട്ടത്തില്‍ പെടില്ലെന്നതിന് മറ്റൊരു തെളിവ് ഖുര്‍ആനില്‍ തന്നെയുണ്ട്; ‘സത്യവിശ്വാസികളായ പതിവ്രതകളും നേരത്തെ വേദം നല്‍കപ്പെട്ടവരിലെ പതിവ്രതകളും നിങ്ങള്‍ക്ക് അനുവദനീയം തന്നെ'(മാഇദ: 5). അഥാവ വേദക്കാരായ സ്ത്രീകള്‍ അനുവദനീയമാണെന്ന് സാരം. അടിസ്ഥാനപരമായ അഭിസംബോധനയില്‍ ഇവരും ഉ്ള്‍പെടുന്നുവെന്ന് അതില്‍ നിന്നും മനസ്സിലാക്കാം. പക്ഷെ, പിന്നീട് പ്രത്യേകമയൊരു തെളിവ് വന്നതിനാല്‍ അവരെ അതില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
അവസാനം പറഞ്ഞ മറുപടി മുസ്ലിമായ ഒരു സ്ത്രീ വേദക്കാരനായ ഒരു പരുഷനെ വിവാഹം കഴിക്കുന്നത് നിഷിദ്ധമാണെന്നതിനെയും മുസ്ലിമായ ഒരു പുരുഷന്‍ വേദക്കാരിയായ സ്ത്രീയെ വിവാഹം കഴിക്കുന്നത് അനുവദനീയമാണെന്നതിനെയും ശക്തിപ്പെടുത്തുന്നു. പക്ഷെ, ബഹുദൈവാരാധകരെയും വേദക്കാരെയും വേര്‍തിരിക്കുന്ന ഖുര്‍ആനിക അഭിസംബോധനയുമായി അത് ഒത്തുപോകുന്നില്ല. മറിച്ച്, അത് മറ്റു ചില സംശയങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഈ അഭിപ്രായ പ്രകാരം വേദക്കാരികള്‍ ബഹുദൈവാരാധികകളാണെങ്കില്‍ പിന്നെയന്തിനാണ് അവരെ മാത്രം വിധിയില്‍ നിന്നും ഒഴിവാക്കിയത്. ബഹുദൈവാരാധികന്മാരും ബഹുദൈവാധികകളുമെന്ന അഭിസംബോധനയും അവര്‍ക്കിടയിലെ വിശേഷണവും ഒന്നുതന്നെയാണ്. എന്നിട്ടും അവരെങ്ങനെ വിധിയില്‍ നിന്നും പുറത്തായി. ബഹുദൈവാരാധികന്മാരെ വിവാഹം ചെയ്യുന്നത് വിലക്കുന്നതിന് മുമ്പ് സമാന കാരണങ്ങള്‍ കൊണ്ട് തന്നെ ബഹുദൈവാരാധികകളെയും വിവാഹം ചെയ്യുന്നത് വിലക്കിക്കൊണ്ടാണ് സൂക്തം തുടങ്ങുന്നത്; ‘അവര്‍ നരഗത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ തന്റെ അനുമതി പ്രകാരം പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും ക്ഷണിക്കുകയും മാനവതക്കു തന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു- അവര്‍ ചിന്തിച്ചുവെങ്കിലോ!'(ബഖറ: 221). പിന്നീട് വേദക്കാരുടെ ഭക്ഷണം കഴിക്കുന്നത് അനുവദനീയമാണ്, വേദക്കാരില്‍ നിന്നും പതിവ്രതകളായവരെ വിവാഹം ചെയ്യല്‍ അനുവദനീയമാണ് എന്നിവ പ്രതിപാദിക്കുന്ന മാഇദയിലെ സൂക്തം വേദക്കാരില്‍ നിന്നു തന്നെ പതിവ്രതയുള്ള പുരുഷന്മാരെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് പറയുന്നില്ല. ഇവിടെ അനേകം വ്യാഖ്യാങ്ങള്‍ക്ക് ഇടമുണ്ട്. അവിടെ പൊതുവായ അര്‍ത്ഥം നല്‍കലാണ് അഭികാമ്യം.
Also read: ചൂഷണത്തിൽ നിന്നും തൊഴിലാളികളെ ശരീഅത്ത് സംരക്ഷിക്കുന്നുണ്ടോ?
പ്രാമാണിക തെളിവുകള്‍ അന്വേഷിക്കുന്നതിലെ പരിമിതികളും പ്രശ്‌നമാണ്. അതുപോലെത്തന്നെ പ്രത്യേകമായ അര്‍ത്ഥമാണോ പൊതുവായ അര്‍ത്ഥമാണോ ഉചിതമെന്ന ചര്‍ച്ചയും നിലനില്‍ക്കുന്നു. മക്കയിലും മദീനയിലും വെച്ചുള്ള തിരുമൊഴികളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഒരുപാട് ഹദീസുകള്‍ വന്നിട്ടുണ്ട്. അതിനു തൊട്ട് പിറകെ സ്വഹാബികളുടെയും താബിഉകളുടെയും പ്രവര്‍ത്തനങ്ങള്‍ വന്നു. പിന്നീട് വിത്യസ്തങ്ങളായ അടിത്തറയുടെയും രീതിയുടെയും അടിസ്ഥാനത്തില്‍ കര്‍മ്മശാസ്ത്ര മദ്രസകള്‍ വളര്‍ന്നുവന്നു. മൂന്ന് കാര്യങ്ങളാണ് അവയുടെയെല്ലാം അടിസ്ഥാനമായി വര്‍ത്തിച്ചത്; പ്രമാണം(അഭിസംബോധനാത്മകമായ സൂക്തങ്ങള്‍), വ്യാഖ്യാനവും അതിന്റെ രീതിയും, പാരമ്പര്യ പ്രവര്‍ത്തനം(നബിയുടെയും സ്വഹാബികളുടെയും താബിഉകളുടെയും ചര്യകള്‍ ഇതില്‍ പെടുന്നു).
3- വിധി, വിധിയുടെ കാരണങ്ങള്‍, അതിനുപിന്നിലെ രഹസ്യങ്ങള്‍: ഇവിടെ വിധിയും കാരണവും തമ്മില്‍ വിത്യാസമുണ്ട്. വിധികളെ നിര്‍ദ്ധാരണം ചെയ്‌തെടുക്കാനുള്ള മാര്‍ഗമാണ് കാരണങ്ങള്‍ എന്ന് പറയാം. കാരണങ്ങള്‍ വിശകലന വിധേയമാക്കുമ്പോള്‍ പ്രമാണങ്ങളായി വന്നിട്ടില്ലാത്ത പല വിഷയങ്ങളിലേക്കും വിധി എത്തിച്ചേര്‍ന്നേക്കാം. അതേസമയം വിധിക്കു പിന്നിലെ കാരണങ്ങള്‍ വ്യക്തമാകാത്ത സമയത്താണ് അതിലുള്ള ഹിക്മത്ത് വ്യക്തമാകുക. എ്ന്നിരുന്നാലും വിധികളുടെ മേലുള്ള ബൗദ്ധികമായ താല്‍പര്യങ്ങളിലേക്ക് പലപ്പോഴും അതിനെ ചുരുക്കാറുണ്ട്.
കര്‍മ്മശാസ്ത്രത്തില്‍ വിധികളുടെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നിടത്ത് പറയുന്ന ചില ചര്‍ച്ചകള്‍ ഇവിടെയും പറയല്‍ ഉചിതമാണ്. ഇസ്ലാമിന്റെയും ഭര്‍ത്താവിന്റെയും സ്ഥാനം ഉന്നതിയിലാണെന്ന് വ്യക്തമാക്കുന്നിടത്ത് ‘ഇസ്ലാം സ്വയം ഉന്നതി പ്രാപിക്കും. അതാരാലും കീഴ്‌പെടുത്തപ്പെടുകയില്ല’ എന്ന ഹദീസാണ് മഹാനായ സര്‍ഖസി അതിന് തെളിവായി പിടിച്ചത്. എന്നാല്‍ ഹനഫി പണ്ഡിതനായ ഇമാം കാസാനി പറയുന്നു: ഹദീസില്‍ ഉയരും അല്ലെങ്കില്‍ ഉന്നതി പ്രാപിക്കും എന്നെല്ലാം അര്‍ത്ഥം പറയുന്ന വാചകത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. വിശ്വാസിയായ ഒരു സ്ത്രീ സത്യനിഷേധിയായ ഒരു യുവാവിനെ വേള്‍ക്കുമ്പോള്‍ അതവളുടെ വിശ്വാസത്തെ വികലപ്പെടുത്താന്‍ സാധ്യതയുണ്ട്. കാരണം, അവളെ ഭര്‍ത്താവ് അവന്റെ മതത്തിലേക്ക് ക്ഷണിച്ചേക്കാം. ഭര്‍ത്താവിന്റെ പ്രവര്‍ത്തികളിലെല്ലാം അദ്ദേഹത്തെ പിന്തുണക്കുന്ന ഭാര്യയെ സംബന്ധിച്ചെടുത്തോളം ഭര്‍ത്താവിന്റെ ക്ഷണം സ്വീകരിക്കാന്‍ ഒരുപക്ഷെ അവള്‍ തയ്യാറായേക്കാം. അവള്‍ ഭര്‍ത്താവിന്റെ മതത്തെ പിന്തുടര്‍ന്നേക്കാം. അതിനാല്‍ തന്നെ സ്ത്യനിഷേധിയായ ഒരു വ്യക്തിയുമായുള്ള വിവാഹം ബന്ധം സത്യനിഷേധത്തിലേക്ക് സ്ത്രീയെ എത്തിച്ചേരാനുള്ള കാരണമായേക്കാം. ശരീഅത്താണെങ്കില്‍ വിശ്വാസികളുടെ മേലുള്ള സത്യനിഷേധികളുടെ പരമാധികാരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുമുണ്ട്: ‘സത്യവിശ്വാസികള്‍ക്കെതിരെ അല്ലാഹു നിഷേധികള്‍ക്ക് യാതൊരു വഴിയും വെച്ചുകൊടുക്കുന്നതേ അല്ല'(നിസാഅ്: 141). നിഷേധിയുമായുള്ള വിവാഹത്തിന് അനുവാദം നല്‍കിയാല്‍ അത് വിശ്വാസിയായ സ്ത്രീയുടെ മേല്‍ നിഷേധിക്ക് അധികാരം പ്രയോഗിക്കാനുള്ള അവസരമായി മാറും, അത് അംഗീകരിക്കാനാകില്ല.
വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞ വഴിയും തിരുമൊഴിയില്‍ പ്രതിപാദിച്ച ഉയര്‍ച്ചയും പൊതുവായ അര്‍ത്ഥമാണ് ഉള്‍കൊള്ളുന്നത്. മുസ്ലിമായ ഒരു സ്ത്രീയെ സംബന്ധച്ചെടുത്തോളമുണ്ടാകുന്ന പേടി മുസ്ലിമായ പുരുഷനെ സംബന്ധിച്ചെടുത്തോളവും ഉണ്ടായേക്കാം. ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നുവെന്നത് ഒരു സാംസ്‌കാരിക ചിട്ടയാണ്. അത് ഇന്ന് നാം കാണുന്നതുപോലെ ചില ദേശങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ച് മാറിയേക്കാം. കൂടാതെ, ഇസ്ലാമിനെ ഒരു മതമായും മുസ്ലിമായ ഒരു സ്ത്രീയെ ഭാര്യയായും വേര്‍തിരിക്കുന്നതില്‍ പലയിടങ്ങളിലും വലിയ അന്തരമുണ്ട്. അത്തരം ഇടങ്ങളില്‍ ഉന്നതിയെ ആവശ്യപ്പെടാന്‍ മാത്രമുള്ള പ്രത്യേകത പലപ്പോഴും ഇസ്ലാമിനുണ്ടാവാറില്ല. ഭര്‍ത്താവിന്റെ മതമേതാണെന്നൊന്നും പരിഗണിക്കാറേയില്ല. ഇവിടങ്ങളില്‍ മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കപ്പുറം വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കാറുള്ളത്. അത് അവരുടെ ജീവിതശൈലിയെത്തന്നെ വലിയ രീതിയില്‍ സ്വാധീനിക്കുകയും ‘പ്രായോഗിക ദൈവശാസ്ത്ര’മെന്ന സമകാലിക ചിന്താഗതിയിലേക്ക് മാറുകയും ചെയ്യും. അഥവാ, ഭാര്യഭര്‍ത്താക്കന്മാരില്‍ ഓരോരുത്തരും അവരുടെ ഇഷ്ടങ്ങള്‍ക്കനുസിരിച്ചുള്ള വിശ്വാസത്തിലേക്ക് മടങ്ങും. അതവുടെ കുട്ടികളുടെ ജീവിത രീതികളെയും ഭാവി മാര്‍ഗ തെരെഞ്ഞെടുപ്പുകളെയും ബാധിക്കും. അതാണ് പലപ്പോഴും സംഘര്‍ഷങ്ങളിലേക്കും കലഹങ്ങളിലേക്കും എത്തിച്ചേരാന്‍ കാരണാകുന്നത്.
Also read: അഭയാർത്ഥികളായ സിറിയൻ കുട്ടികളെ കുടുംബത്തോട് ചേർക്കൽ?
എന്നാല്‍ സമകാലികമായ കാരണങ്ങളെല്ലാം വിത്യസ്തമാണ്. മുഹമ്മദ് ബ്‌നു സ്വാലിഹ് ഉസൈമിനെപ്പോലെയുള്ളവര്‍ ഭര്‍ത്താവിനെ നേതാവാക്കുകയും മുസ്ലിമായ സ്ത്രീ നിഷേധിയായ ഭര്‍ത്താവിന്റെ അധികാരത്തിന് കീഴില്‍ വരില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. കര്‍മ്മശാസ്ത്രത്തിലെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച കൂടിയാണിത്. ശൈഖ് യൂസുഫുല്‍ ഖറദാവി പറയുന്നു: ‘ഭര്‍ത്താവ് ഗൃഹനാഥനാണ്. സ്ത്രീയുടെ മേല്‍ അധികാരമുള്ളവനും അവളുടെ കാര്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നവനുമാണ്. മുസ്ലിം പുരുഷനു കീഴില്‍ തന്റെ മതസ്വാതന്ത്ര്യത്തിന് അനുസരിച്ച് ജീവിക്കാനുള്ള പൂര്‍ണ സമ്മതം വേദക്കാരിയായ സ്ത്രീക്ക് ഇസ്ലാം നല്‍കുന്നുണ്ട്. അവളെയും അവളുടെ അവകാശങ്ങളെയും അഭിമാനത്തെയും പരിരക്ഷിക്കാന്‍ മുസ്ലിമായ ഭര്‍ത്താവിനോട് നിസ്‌കര്‍ശിക്കുന്നുണ്ട്. മറ്റേത് മതത്തിനും അവകാശപ്പെടാനാകാത്ത കാര്യമാണിത്. മുസ്ലിമത്തായ ഒരു സ്ത്രീക്കും അന്യമതം അവളുടെ സ്വാതന്ത്ര്യമോ അവകാശങ്ങളോ വകവെച്ചുകൊടുക്കുന്നില്ല’. വേദക്കാരായ സ്ത്രീകളുടെ അടിസ്ഥാന വിശ്വാസത്തെ ഉള്‍കൊണ്ടുകൊണ്ടാണ് ഇസ്ലാം അവരെ പരിഗണിച്ചത്. അതേ പരിഗണന വേദക്കാരനായ ഭര്‍ത്താവില്‍ നിന്നും മുസ്ലിമായ ഭാര്യക്ക് ലഭിക്കണമെന്നില്ല. അതവര്‍ക്കിടയിലെ സ്‌നേഹത്തിന് ഇടര്‍ച്ചവരുത്താനും കുടുംബ ബന്ധം വേല്‍പ്പെട്ടുപോകാനും കാരണമാകും.
ക്രൈസ്തവ, യഹൂദി വിഭാഗങ്ങളെ ഇസ്ലാം മനസ്സിലാക്കിയിട്ടുണ്ടെന്നതാണ് ശൈഖുല്‍ അസ്ഹര്‍ അഹ്‌മദ് ത്വയ്യിബ് 2016ല്‍ ജര്‍മനിയില്‍ നടന്ന വിവാഹം അനുവദനീയമാക്കുന്ന വിധിക്ക് കാരണമായി പറഞ്ഞത്. അവിടെ വിവാഹത്തെ മതപരവും നിയമപരവുമായ ബന്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മിസ്വ്‌റിലെ ഫതുവ അസോസിയേഷന്‍ ഇപ്പോള്‍ ആവര്‍ത്തിച്ചു പറയുന്നതും അതുതന്നെയാണ്. ഈ വിധി നിയമപരവും ഇസ്ലാമിന്റെ അനിവാര്യ താല്‍പര്യങ്ങളില്‍ പെട്ട ഒന്നുമാണെന്നും വിവാഹത്തിന്റെ അടിസ്ഥാനം അത് പരിശുദ്ധമായ ദൈവിക കല്‍പനയാണെന്നും അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ‘പരസ്പരം ഇണചേരുകയും നിങ്ങളില്‍ നിന്ന് അവര്‍ ഈടുറ്റ കരാര്‍ വാങ്ങുകയും ചെയ്തിരിക്കെ അതെങ്ങനെ തിരിച്ചുവാങ്ങും'(നിസാഅ്: 21).
‘സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിന്റെ സൂക്ഷിപ്പുസ്വത്തായിട്ടാണ് നിങ്ങള്‍ അവരെ സ്വീകരിച്ചിട്ടുള്ളത്. ദൈവിക വചനംകൊണ്ട് നിങ്ങള്‍ക്കിടിയില്‍ ലൈംഗികബന്ധവും അനുവദനീയമാക്കിത്തന്നിരിക്കുന്നു’ എന്ന ഹദീസിലെ ദൈവിക പ്രയോഗം വിവാഹം ദൈവികമാണെന്ന് സ്ഥിരപ്പെടുത്താനുള്ളതല്ല. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ സുപ്രധാനമായ വിവാഹ ഉടമ്പടിയുടെ താല്‍പര്യം മറ്റൊന്നാണ്. രണ്ടുപേര്‍ക്കിടിയില്‍ നടക്കുന്ന പരസ്പര ബന്ധം എന്ന രീതിയില്‍ പൊതുവായ അര്‍ത്ഥമാണ് ആ ഉടമ്പടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഉടമ്പടിയുടെ പരുഷത അതെത്രമാത്രം പ്രാധാന്യമേറിയതാണെന്നും അതില്‍ വഞ്ചന കാണിക്കലും ഇടര്‍ച്ചവരുത്തലും എത്രമാത്രം ഗൗരവമുള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്. കച്ചവട ഉടമ്പടിയേക്കാള്‍ മഹത്തരമാണ് വിവാഹമെന്ന് അതില്‍ നിന്നും നിസ്സംശയം മനസ്സിലാക്കിയെടുക്കാം. ഹദീസില്‍ പ്രതിപാദിച്ച ദൈവിക വചനം വിവാഹവും അതുവഴിയുള്ള ലൈംഗികബന്ധവും അനുവദനീയമാണെന്ന് പറഞ്ഞു തരികയാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അനാഥക്കുട്ടികളുടെ കാര്യത്തില്‍ നീതി പാലിക്കാന്‍ കഴിയില്ലെന്നു ഭയപ്പെടുകയാണെങ്കില്‍ മറ്റു വനിതകളില്‍ നിന്നു നിങ്ങളിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം കഴിക്കുക. അവരോടും നീതി ചെയ്യാനാവില്ലെന്ന് പേടിയുണ്ടെങ്കില്‍ ഒരുത്തിയെ മാത്രം; അല്ലെങ്കില്‍ നിങ്ങളുടെ അടിയാത്തികള്‍. പരിധികള്‍ ലംഘിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് അതാണേറ്റം നല്ലത്'(നിസാഅ്: 3).
Also read: കഅ്ബയിലെ കറുത്ത കല്ലും ശിലാപൂജയും
വിവാഹം ദൈവികമോ മതപരമോ ആയ ഉടമ്പടിയാണെന്നുള്ള വിശദീകരണങ്ങള്‍ സ്വീകാര്യമല്ല. മാത്രമല്ല, ഒരു മുസ്ലിം സ്ത്രീ അമുസ്ലിമിനെ വിവാഹം കഴിക്കുന്നതിന് എതിരായ വിധി ന്യായീകരിക്കാനുമാകില്ല. ഇത്തരം ബന്ധങ്ങളില്‍ കര്‍മ്മശാസ്ത്രപരമായ സങ്കല്‍പങ്ങള്‍ക്കപ്പുറം കാത്തോലിക്ക് ക്രിസ്ത്യന്‍ സങ്കല്‍പങ്ങള്‍ വലിയ തോതില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് എന്നുവേണം പറയാന്‍. കര്‍മ്മശാസ്ത്രത്തെ സംബന്ധിച്ചെടത്തോളം മറ്റനേകം ഉടമ്പടികളില്‍ പെട്ടൊരു ഉടമ്പടിയാണ് വിവാഹം. ഹലാല്‍, ഹറാം, കറാഹത്ത്, വാജിബ്, ഇബാഹത്ത് തുടങ്ങി ശരീഅത്തിന്റെ അഞ്ച് കല്‍പനകള്‍ക്ക് കീഴില്‍ വരുന്നുവെന്നതിനാല്‍ എല്ലാ ഉടമ്പടികള്‍ക്കും പൊതുവെ ‘മതപരം’ എന്ന വിശേഷണമാണ് നല്‍കാറുള്ളത്. അതുകൊണ്ട് തന്നെയാണ് മനഷ്യ പ്രവര്‍ത്തികളെ കര്‍മ്മശാസ്ത്രം ഇബാദാത്ത്, മുആമലാത്ത്, വ്യക്തിപരമായ അവസ്ഥകള്‍, ഉഖൂബാത്ത് തുടങ്ങിയ രീതിയില്‍ വേര്‍തിരിക്കുന്നത്. വിവാഹം ഇതില്‍ വ്യക്തപരമായ അവസ്ഥകളിലാണ് ഉള്‍പെടുത്തുന്നത്. ഹനഫി പണ്ഡിതന്മാരെ സംബന്ധിച്ചെടുത്തോളം കര്‍മ്മശാസ്ത്രത്തിലെ ഉപചര്‍ച്ചകളെ ഇബാദാത്ത്(നിയ്യത്ത് അടിസ്ഥാനമാക്കിയുള്ളത്), മുആമലാത്ത്(ഉദ്ദേശ്യ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളത്) എന്ന രീതിയിലാണ് വേര്‍തിരിക്കുന്നത്. മഹാനായ ഇമാം ശാത്വിബിയും അപ്രകാരമാണ് വേര്‍തിരിക്കുന്നത്. എന്നാല്‍, എല്ലാ പ്രവര്‍ത്തനങ്ങളെയും പൊതുവായ അര്‍ത്ഥത്തിലുള്ള ആരാധനയുടെ ഭാഗമാക്കി മാറ്റുന്നതിന് ഈ വിഭജനം ഒരു തടസ്സമേയല്ല. അതെല്ലാം പ്രവര്‍ത്തനത്തോടനുബന്ധിച്ചുള്ള ഒരു അടിമയുടെ നിയ്യത്തിന് അനുസൃതമായിരിക്കും. ഇവിടെ രണ്ടു രീതിയിലാണ് ആരാധനയെ വിശദീകരിക്കുന്നത്: ഒന്ന് സാങ്കേതികാര്‍ത്ഥത്തിലുള്ള ആരാധനയും രണ്ടാമത്തേത് പൊതുവായ അര്‍ത്ഥത്തിലുള്ള ആരാധനയും.
കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇബാദാത്തിനെയും നിക്കാഹിനെയും രണ്ടു ഭാഗമായിട്ടാണ് ചര്‍ച്ച ചെയ്യുന്നത്. കാരണം, സാങ്കേതികാര്‍ത്ഥത്തില്‍ നിക്കാഹ് ഇബാദാത്തിന്റെ ഭാഗമായി വരുന്നില്ല. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലെ നിക്കാഹിന്റെ ഇടത്തെക്കുറിച്ച് മദ്ഹബുകള്‍ ഭിന്നാഭിപ്രായക്കാരാണ്. മിക്കവരും ഇബാദാത്തിന് തൊട്ടുടനെയാണ് നിക്കാഹിനെക്കുറിച്ച ചര്‍ച്ചകള്‍ കൊണ്ടുവന്നിട്ടുള്ളത്. ഹമ്പലി മദ്ഹബുകാര്‍ മാത്രമാണ് അതിലൊരു അപവാദം. അവര്‍ ഇബാദത്തിനും നിക്കാഹിനും ഇടയില്‍ മറ്റു അനേകം ചര്‍ച്ചകളും കൊണ്ടുവരുന്നുണ്ട്. അടിസ്ഥാനപരമായി മനുഷ്യര്‍ തമ്മിലുള്ള ഉടമ്പടിയാണ് വിവാഹമെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. എന്നാല്‍, ആരാധനയുടെ ഘടനയായുള്ള അവകാശങ്ങളും അതില്‍ ഉള്‍ചേരുന്നുമുണ്ട്. ചിലപ്പോഴത് ദൈവികാവകാളങ്ങളിലേക്കും ചുരുങ്ങുന്നു. വിവാഹത്തില്‍ മനുഷ്യര്‍ തമ്മിലുള്ള അവകാശങ്ങള്‍ക്കാണ് പ്രാധാന്യ കൂടുതല്‍ എന്നതിനാല്‍തന്നെ അതിന്റെ സാങ്കേതികാര്‍ത്ഥം പരിഗണിച്ച് അതിനെ ഇബാദാത്തിന്റെ കൂട്ടത്തില്‍ നിന്നും വേര്‍പ്പെടുത്തി മറ്റൊരു ചര്‍ച്ചയാക്കിമാറ്റി. ബാക്കിയുള്ള ഉടമ്പടികളെപ്പോലെത്തന്നെ രണ്ട് കക്ഷികള്‍ക്കിടയിലുള്ള സ്വതന്ത്ര താല്‍പര്യത്തെ നിയമപരമായി മാനിക്കുന്നതാണിത്. അല്ലാഹുവും സൃഷ്ടിജാലങ്ങളും തമ്മിലുള്ള ഇതര ആരാധന കര്‍മ്മങ്ങളില്‍ നിന്നും വിത്യസ്തമാണിത്. വിവാഹത്തിലെ നിഷിദ്ധവും അനുവദനീയവുമായ ഭാഗവും ഇതര ഉടമ്പടികളേക്കാള്‍(കച്ചവടം പോലെ) ശക്തമായ നിബന്ധനകളും പരിഗണിക്കുമ്പോള്‍ തന്നെ മറ്റു ഉടമ്പടിയേക്കാള്‍ വളരെ വിത്യസ്തമാണ് വിവാഹ ഉടമ്പടിയെന്ന് വ്യക്തമാകും. അതുകൊണ്ടാണ് ഉടമ്പടികളുടെ കൂട്ടത്തില്‍ വിവാഹം ഉന്നത സ്ഥാനത്താകുന്നതും ആ ഉടമ്പടി ഈടുറ്റൊരു കരാറായി മാറുന്നതും.
വിവാഹ ഉടമ്പടിയുടെ നിര്‍വ്വചനത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളും വിശദീകരണങ്ങളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാനാകും. നിക്കാഹെന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു ഉടമ്പടിയാണോ അതോ അതിനര്‍ത്ഥം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടലാണോ ഇതര സുന്നത്തുകളില്‍ നിന്നും അതിനുള്ള സ്രേഷ്ഠതയെന്താണ് തുടങ്ങിയവയും അതിന്റെ ഭാഗമായി കാണാം. മുസ്ലിമായതിന് ശേഷവും വേദക്കാരല്ലാത്ത നിഷേധികള്‍ക്കൊപ്പമുള്ള ബന്ധം തുടരുന്ന സ്ത്രീകളുടെയും സത്യനിഷേധികളായ സ്ത്രീകള്‍ക്കൊപ്പമുള്ള ബന്ധം തുടരുന്ന പുരുഷന്മാരുടെയും(പിന്നീട് അവരെല്ലാം ഇസ്ലാം സ്വീകരിക്കുന്നുണ്ട്) നിരവധി ചരിത്രവും ഈ കൂട്ടത്തില്‍ പറയപ്പെടുന്നു. എന്നാല്‍ അവര്‍ക്കിടയിലെ വിവാഹ ഉടമ്പടി ശരിയാകുന്നതിനായി മഹാനായ ശാഫിഈ ഇമാം അതിന് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്; ഇണകളിലൊരാളുടെ ഇസ്ലാമാസ്ലേഷണം ഇദ്ദയുടെ കാലഘട്ടത്തിന്റെ ഭാഗമായിരുന്നു. അപ്പോള്‍ പിന്നെ ഇസ്ലാമിന് മുമ്പുള്ള ഉടമ്പടിയുടെ സാധുതയെക്കുറിച്ചാകും ചര്‍ച്ച. ഇണകളിലൊരാളുടെ ഇസ്ലാമാസ്ലേഷണത്തോടെ അത് അസാധുവാകുമോ ഇല്ലെയോ? ഉടമ്പിടി വീണ്ടും പുതുക്കേണ്ടി വരുമോ? ഇത്തരം ചര്‍ച്ചകളെല്ലാം ദൈവികമായ ഉടമ്പടിയെന്നതില്‍ നിന്നും വിവാഹത്തെ വിദൂരത്താക്കുന്നുണ്ട്.
Also read: അഭയാർത്ഥികളായ സിറിയൻ കുട്ടികളെ കുടുംബത്തോട് ചേർക്കൽ?
ഒരു മുസ്ലിം സ്ത്രീ അമുസ്ലിമനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചുള്ള വിധി ചര്‍ച്ച ചെയ്യലല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. മറിച്ച്, അത്തരം വിധിന്യായങ്ങളെ ഇരു വശങ്ങളില്‍ നിന്നും കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിക്കുകയെന്നതാണ്; അതിനുപിന്നിലെ യുക്തിയെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും വ്യക്തമായ ധാരണകളില്ലാതെ അതിനെ വിമര്‍ശിക്കുന്നതാണ് അതിലൊരു വശം. അതിനെ പ്രതിരേധിക്കുകയും അതിന് വേണ്ടി പൂര്‍ണ്ണ ബോധ്യം വരാത്ത രീതിയിലുള്ള വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് മറ്റൊരു വശം. അത് ചില പുതിയ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. എല്ലാം നന്നായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്.
വിവ- മുഹമ്മദ് അഹ്സന്‍ പുല്ലൂര്‍