Tuesday, April 16, 2024
Homeഫിഖ്ഹ്- വൈദ്യശാസ്തംദമ്പതികളിഷ്ടപ്പെടുന്ന കുട്ടിയെ തെരഞ്ഞെടുക്കാമോ ?

ദമ്പതികളിഷ്ടപ്പെടുന്ന കുട്ടിയെ തെരഞ്ഞെടുക്കാമോ ?

ചോദ്യം- ഗർഭസ്ഥശിശു ആണോ പെണ്ണോ എന്നറിയാൻ ഇന്ന് മാർഗങ്ങളുണ്ട്. മാത്രമല്ല, പുരുഷബീജത്തിലെ ക്രോമസോമുകളെ നിയന്ത്രിച്ച് ദമ്പതികളിഷ്ടപ്പെടുന്നവിധം ആൺകുട്ടിയെയോ പെൺകുട്ടിയെയോ തെരഞ്ഞെടുക്കാൻ കഴിയുന്ന കാലം വിദൂരമല്ലെന്ന് ശാസ്ത്രം കരുതുകയും ചെയ്യുന്നു. ഇതുസംബന്ധിച്ച് ഇസ്ലാമിന് എന്തു പറയുവാനുണ്ട്?

ഉത്തരം- ഗർഭസ്ഥശിശുവിന്റെ ലിംഗം നിർണയിക്കുവാൻ കഴിയുമെന്ന തത്ത്വം പ്രഥമ ശ്രവണത്തിൽതന്നെ നമ്മുടെ ഇസ്ലാമിക മനഃസാക്ഷിയുമായി ഏറ്റുമുട്ടുന്നതാണ്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി, ഗർഭപാത്രത്തിലുള്ളതിനെക്കുറിച്ച അറിവ് സൃഷ്ടികർത്താവായ അല്ലാഹുവിന് മാത്രമേ ഉള്ളൂ. സൃഷ്ടികൾക്കില്ല. അല്ലാഹു പറയുന്നു: “ഓരോ സ്ത്രീയും തന്റെ ഗർഭപാത്രത്തിൽ ചുമക്കുന്നത് അല്ലാഹു അറിയുന്നു. ഗർഭാശയങ്ങൾ ചുരുങ്ങുന്നതും വികസിക്കുന്നതും അവനറിയുന്നു.'( അ‍ർറഅ്ദ് 8 ) ലുഖ്മാൻ അധ്യായത്തിലെ അന്ത്യസൂക്തത്തിൽ അല്ലാഹുവിന്റെ മാത്രം അധീനത്തിലുള്ളതായി എണ്ണിപ്പറഞ്ഞ അഞ്ചു കാര്യങ്ങളിലൊന്ന് ഗർഭസ്ഥശിശുവത്രെ. “നിശ്ചയം, അന്ത്യദിനത്തെക്കുറിച്ച അറിവ് അല്ലാഹുവിനാണ്; അവൻ മഴ വർഷിപ്പിക്കുന്നു; ഗർഭാശയങ്ങളിലുള്ളത് അവൻ അറിയുന്നു. നാളെ എന്ത് പ്രവർത്തിക്കും എന്ന് ഒരാത്മാവും അറിയുന്നില്ല. ഏത് നാട്ടിൽവച്ച് മരിക്കുമെന്നും ഒരാളുമറിയുന്നില്ല; തീർച്ചയായും അല്ലാഹു അറിവുറ്റവനും ബോധവാനുമത്രെ.'( ലുഖ്മാൻ 34 ) ഇത്രയും വ്യക്തമായി ഇക്കാര്യം പ്രതിപാദിക്കപ്പെട്ടിരിക്കെ, ഗർഭസ്ഥശിശു ആണോ പെണ്ണോ എന്ന് നിർണയിക്കുവാൻ സാധിക്കുമെന്ന് മനുഷ്യൻ വാദിക്കുന്നതെങ്ങനെ?

രണ്ടാമതായി, ഗർഭാശയത്തിൽ ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ ഇഷ്ടാനുസാരം സൃഷ്ടിക്കുവാൻ കഴിയുമെന്ന വാദം അല്ലാഹുവിന്റെ ഇച്ഛാശക്തിയോടുള്ള വെല്ലുവിളിയും അതിക്രമവും ആണ്. യുക്തിദീക്ഷയോടും ആവശ്യത്തിനനുസരിച്ചും ഇരുവിഭാഗത്തെയും സൃഷ്ടിക്കുന്നവനാണവൻ. കാലാകാലങ്ങളിൽ ഇരുലിംഗങ്ങൾക്കുമിടയിൽ അവൻ സന്തുലിതത്വം പുലർത്തിപ്പോന്നിട്ടുണ്ട്. ദൈവത്തിന്റെ അസ്തിത്വത്തിനും സൃഷ്ടികളുടെ കാര്യത്തിൽ അല്ലാഹു പുലർത്തുന്ന ശ്രദ്ധക്കും പ്രാപഞ്ചിക വ്യവസ്ഥയുടെ കുറ്റമറ്റ സംവിധാനത്തിനും തെളിവായി സ്ത്രീപുരുഷ വിഭാഗങ്ങൾക്കിടയിലുള്ള ഇൗ സന്തുലിതത്വം എടുത്തുകാട്ടപ്പെടുന്നു. അല്ലാഹു പറയുന്നതു നോക്കൂ: “ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാകുന്നു; അവൻ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. താനിച്ഛിക്കുന്നവർക്ക് പെൺകുഞ്ഞുങ്ങളെ നൽകുന്നു. താനിച്ഛിക്കുന്നവർക്ക് ആൺകുഞ്ഞുങ്ങളെ നൽകുന്നു. അല്ലെങ്കിൽ ആണും പെണ്ണും ഇടകലർത്തി നൽകുന്നു. താനിച്ഛിക്കുന്നവരെ അവൻ വന്ധ്യരാക്കുന്നു. അവൻ അറിയുന്നവനും കഴിവുറ്റവനുമത്രെ.'( അശ്ശൂറ 49,50 )

എന്നാൽ, “ഗർഭപാത്രത്തിലുള്ളത് സംബന്ധിച്ച അറിവ്’ എന്ന പ്രയോഗത്തെ “ഗർഭപാത്രത്തിലുള്ളതിനെ സംബന്ധിച്ച വിശദവും സമ്പൂർണവുമായ അറിവ്’ എന്ന് എന്തുകൊണ്ട് വ്യാഖ്യാനിച്ചുകൂടാ? ഗർഭസ്ഥശിശു ജീവിക്കുമോ മരിച്ചുപോകുമോ, ജീവിച്ചിരിക്കുമെങ്കിൽ അത് ബുദ്ധിമാനായിരിക്കുമോ ഭോഷനായിരിക്കുമോ, ബലവാനായിരിക്കുമോ ബലഹീനനായിരിക്കുമോ, സൗഭാഗ്യവാനായിരിക്കുമോ നിർഭാഗ്യവാനായിരിക്കുമോ ഇത്യാദി വിശദാംശങ്ങളെ സംബന്ധിച്ച സമഗ്രവും പരമവുമായ അറിവ് അല്ലാഹുവിന് മാത്രമാണ്. മനുഷ്യന് പരമാവധി അറിയാവുന്നത് ഗർഭസ്ഥശിശു ആണോ പെണ്ണോ എന്നു മാത്രം.

അപ്രകാരം തന്നെ ആണിനെയോ പെണ്ണിനെയോ ഇഷ്ടംപോലെ തെരഞ്ഞെടുക്കാനുള്ള മനുഷ്യസിദ്ധി ദൈവേച്ഛക്ക് അതീതമായി സംഭവിക്കുന്ന ഒന്നല്ലെന്നും ദൈവേച്ഛയുടെ പ്രയോഗവൽക്കരണം മാത്രമാണെന്നും വ്യാഖ്യാനിക്കാം. മനുഷ്യ പ്രവർത്തനങ്ങൾക്കാധാരം ദൈവദത്തമായ കഴിവുകളാണ്. ദൈവേച്ഛക്കനുസരിച്ചേ മനുഷ്യേച്ഛയും സംഭവിക്കുന്നുള്ളൂ. “അല്ലാഹു ഇച്ഛിച്ചെങ്കിലല്ലാതെ നിങ്ങൾ ഇച്ഛിക്കുന്നതല്ല!’

ഈ വ്യാഖ്യാനത്തിന്റെ വെളിച്ചത്തിൽ ഇഷ്ടമുള്ള കുഞ്ഞിനെ തെരഞ്ഞെടുക്കുന്നതിൽ ദീനിന് ഇളവ് നൽകാവുന്നതാണ്. അത് പക്ഷേ, ഒരു നിർബന്ധിത സാഹചര്യത്തിലോ ഒരനിവാര്യ ഘട്ടത്തിലോ മാത്രമേ ആകാവൂ എന്നു മാത്രം. എന്നാൽ, ലിംഗനിർണയം അല്ലാഹുവിന്റെ ഇച്ഛക്കും യുക്തിക്കും വിട്ടുകൊടുക്കുന്നതാണ് സുരക്ഷിതവും ഉത്തമവും. “നിന്റെ നാഥൻ അവനിച്ഛിക്കുന്നത് സൃഷ്ടിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. എന്നാൽ മനുഷ്യർക്ക് അതിന് സ്വാതന്ത്ര്യമില്ല.'( അൽ ഖസ്വസ് 68 ).

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!