Thursday, April 18, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംവധുവിനെ തിരഞ്ഞെടുക്കേണ്ടത് ആരാണ് ?

വധുവിനെ തിരഞ്ഞെടുക്കേണ്ടത് ആരാണ് ?

ചോ: ഞാൻ ഒരു യുവാവാണ്. എന്റെ പിതാവ് ഒരു വലിയ കുടുംബത്തിൽ നിന്ന് എനിക്ക് ഒരു ഇണയെ തിരഞ്ഞെടുത്തിരിക്കുന്നു. ആ കുടുംബവുമായുള്ള ബന്ധം ഞാനിഷ്ടപ്പെടുന്നില്ല. ഞാൻ മത വിദ്യാഭ്യാസമുള്ള ഒരു യുവതിയെസ്നേഹിക്കുന്നു. ഈ സാഹചര്യത്തിൽ എന്താണ് എനിക്കു കരണീയമായിട്ടുള്ളത്.

ഉ: നിങ്ങൾക്കുവേണ്ടി ഒരിണയെ തിരഞ്ഞെടുക്കേണ്ടത് നിങ്ങൾ തന്നെയാണ്. മറ്റാർക്കും അതിന്നധികാരമില്ല – നിങ്ങൾ വക്കാലത്തു നൽകിയിട്ടുണ്ടെങ്കിലല്ലാതെ. നിങ്ങൾക്ക് പറ്റിയ ഇണയെ ചൂണ്ടിക്കാണിച്ചുതരാനും ഉപദേശിക്കാനും മാത്രമേ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മറ്റും അവകാശമുള്ളൂ. അവർ ചൂണ്ടിക്കാണിക്കുന്നത് അനുയോജ്യമെന്ന് നിങ്ങൾക്കും ബോധ്യപ്പെടുന്നുവെങ്കിൽ അതു സ്വീകരിക്കാം. അല്ലെങ്കിൽ നിരസിക്കുകയും ചെയ്യാം.

മതവിദ്യാഭ്യാസമുള്ള ഒരു യുവതിയെ നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ, വിവാഹത്തിന് അവൾക്കും രക്ഷിതാക്കൾക്കും സമ്മതവുമാണെങ്കിൽ നിങ്ങൾക്ക് അവളെ വിവാഹം ചെയ്യാൻ യാതൊരു തടസ്സവുമില്ല. എന്നല്ല, മത പരമായ വീക്ഷണത്തിൽ കൂടുതൽ യോഗ്യയും അനുയോജ്യയുമെന്നു തോന്നുന്ന ഒരു യുവതിയെ സ്നേഹിക്കുന്ന യുവാവ് മറ്റുള്ളവരുടെ ശാഠ്യത്തിനു വഴങ്ങി വേറെ സ്ത്രീകളെ, തനിക്കിഷ്ടമില്ലാത്തവരെ വിശേഷിച്ചും വിവാഹം ചെയ്യാൻ തയ്യാറായിക്കൂടാത്തതാണ്.

Also read: അത്തൗബ’ അധ്യായത്തിലെ ‘ബിസ്മി’

മാതാപിതാക്കളെ അനുസരിക്കേണ്ടത് ദീനിൽ പ്രാധാന്യമുള്ള കാര്യമാണ്. വിവാഹ ത്തിന്റെ കാര്യത്തിലും ഈ അനുസരണം ബാധകമാണ്. പിതാവ് നിർദേശിക്കുന്ന സ്ത്രീയും നിങ്ങൾ ഇഷ്ടപ്പെടുന്ന സ്ത്രീയും തമ്മിൽ കാര്യമായ അന്തരമൊന്നുമില്ലെങ്കിൽ നിങ്ങളുടെ ഇഷ്ടം പിതാവിന്റെ ഇഷ്ടത്തിനുവേണ്ടി ഒഴിവാക്കുകയാണുചിതം. ഇനി പിതാവ് നിർദേശിച്ച യുവതിയെക്കാൾ അനുയോജ്യയാണ് നിങ്ങൾ ഉദ്ദേശിക്കുന്ന സ്ത്രീയെങ്കിലും പിതാവ് നിർദേശിച്ച അത് പിൽക്കാലത്തെ കുടുംബ ജീവിതത്തെ അസ്വസ്ഥമാക്കാനിടയി
ല്ലെങ്കിൽ – സ്വീകരിക്കുന്നത് പിതാവിന് വേണ്ടിയുള്ള ഒരു ത്യാഗമായി ഗണിക്ക പ്പെടാവുന്നതാണ്.

പ്രസിദ്ധ സഹാബിയായിരുന്ന ഇബ്നു ഉമറിനോട് അദ്ദേഹത്തിന്റെ പിതാവ് ഉമർ (റ) അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാൻ ആവശ്യപ്പെടുകയുണ്ടായി. ഇബ്നുഉമർ ആദ്യം അതിനു വിസമ്മതിച്ചു. പ്രശ്നം നബി (സ)യുടെ മുമ്പിലെത്തിയപ്പോൾ ഇബ്നു ഉമറിനോട് പിതാവിന്റെ ആവശ്യത്തെ മാനിക്കുവാനാണ് തിരുമേനി കൽപിച്ചത്.

എന്നാൽ മതപരമായ വീക്ഷണത്തിൽ പിതാവ് നിർദേശിക്കുന്ന ബന്ധം അനാരോഗ്യകരവും നിങ്ങൾ ഉദ്ദേശിക്കുന്നത് ആരോഗ്യകരവുമാണെങ്കിൽ അവിടെ പിതാവിനെ അനുസരിക്കേണ്ടതില്ല. കാരണം, ഒരു മുസ് ലിമിനെ സംബന്ധിച്ചേടത്തോളം അല്ലാഹുവിന്റെ ഇഷ്ടത്തെക്കാൾ വലുതല്ല മറ്റാരുടെയും ഇഷ്ടം.

കാരണവന്മാർ ചൂണ്ടിക്കാണിക്കുന്ന ബന്ധങ്ങൾ നിരസിക്കുകയും സ്വയം തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യുമ്പോൾ കുടുംബബന്ധങ്ങൾ വഷളാകാതെ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവരുടെ അനുവാദവും സഹകരണവും നേടാൻ കഴിവതും യത്നിക്കേണ്ടതാണ്. കാരണവന്മാരുടെ ഇഷ്ടത്തിന് വിപരീതമായി പ്രവർത്തിക്കേണ്ടത് അനിവാര്യമായിത്തീരുകയാണെങ്കിൽ തന്നെ അത് ധിക്കാരത്തിന്റെയോ നിന്ദയുടെയോ രൂപത്തിലായിരിക്കരുത്.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!