ചോദ്യം: എനിക്കു കുട്ടികളുണ്ടാവില്ല എന്നാണ് വിദഗ്ധമായ വൈദ്യപരിശോധന നടത്തിയശേഷം ഡോക്ടർമാർ പറയുന്നത്. ഒരു കുഞ്ഞുണ്ടാകണമെന്ന എന്റെ മോഹം സഫലമാകുവാൻ, എന്റെ ഭാര്യയിൽ മറ്റേതെങ്കിലും പുരുഷൻമാരുടെ ബീജം നിക്ഷേപിക്കണമെന്ന് അവർ നിർദേശിക്കുന്നു. ഈ രീതി അവലംബിക്കുന്നത് ഇസ്ലാമികമാണോ? അങ്ങനെ ജനിക്കുന്ന കുട്ടിയുടെ പിതാവ് ഞാനാണെന്ന് അവകാശപ്പെടാമോ?
ഉത്തരം: ഖുർആനിലോ സുന്നത്തിലോ പൂർവിക കർമശാസ്ത്ര പണ്ഡിതന്മാരുടെ കൃതികളിലോ ചർച്ച ചെയ്തിട്ടില്ലാത്ത ഒരു പ്രശ്നമാണിത്. അതുകൊണ്ട് ഈ പ്രശ്നത്തിൽ ഖണ്ഡിതമായ ഒരു വിധി പറയാൻ പ്രയാസമുണ്ട്. ഒരാളുടെ ഭാര്യ അന്യ പുരുഷന്റെ ബീജം ഗർഭം ധരിക്കുന്നത് ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമല്ല എന്നാണ് ഈ ലേഖകൻ കരുതുന്നത്. ഇസ്ലാം വിലമതിക്കുന്ന വിശുദ്ധമായ കുടുംബവ്യവസ്ഥക്കും വംശപാരമ്പര്യത്തിനും വിരുദ്ധമാണത്.
ഒരാളുടെ ബീജത്തിൽ നിന്നുണ്ടായ കുഞ്ഞിന്റെ പിതൃത്വം ഒരിക്കലും വേറെ ഒരാളുടേതാവുകയില്ല. ആരാന്റെ കുട്ടി എപ്പോഴും ആരാന്റെ കുട്ടി തന്നെയാണ്. അവനവന്റെ ഭാര്യയുടെ ഉദരത്തിൽ വളർന്നതുകൊണ്ടുമാത്രം അത് അവനവന്റേതാകുന്നില്ല.
ചില ആളുകൾക്ക് അപരിഹാര്യമായ ചില കുറവുകളുണ്ടായിരിക്കും. അതു പരിഹരിച്ചുകിട്ടുവാൻ ന്യായമായ ശ്രമങ്ങൾ നടത്തുകയും അല്ലാഹുവിനോടു പ്രാർത്ഥിക്കുകയും അവൻ ഉത്തരം ചെയ്യുന്നതുവരെ ക്ഷമിക്കുകയുമാണ് കരണീയമായിട്ടുള്ളത്. പ്രകൃതിവിരുദ്ധമായ മാർഗങ്ങളിലൂടെ അയോഗ്യതകളെ മറികടക്കാൻ ശ്രമിക്കുന്നത് അധമവും ആപൽക്കരവുമാണ്.
ഒരു കുഞ്ഞിനെ ലാളിക്കാനും വളർത്താനും അതിയായ മോഹമുണ്ടെങ്കിൽ അതിന്ന്, ഏതെങ്കിലും അനാഥ ശിശുവിനെ സ്വീകരിക്കുന്നതാണ് ഉത്തമം. അത് ഇരുലോകത്തും ഒരു പുണ്യകർമവുമാകുന്നു.