Sunday, February 28, 2021
Home സ്ത്രീ, കുടുംബം, വീട് വിവാഹം പ്രസവിക്കാത്ത സ്ത്രീയെ ത്വലാഖ് ചൊല്ലൽ?

പ്രസവിക്കാത്ത സ്ത്രീയെ ത്വലാഖ് ചൊല്ലൽ?

ചോദ്യം: ഒരു വർഷം മുമ്പാണ് ഞാൻ വിവാഹം കഴിക്കുന്നത്. ഏകദേശം ഒരു മാസത്തോളം ഞാൻ ഭാര്യക്കൊപ്പം താമസിച്ചു. അവൾ ഗർഭിണിയായില്ല. ഒരു മാസത്തിന് ശേഷം ഞാൻ ജോലിയിലേക്ക് തിരിച്ചുപോയി. വാർഷിക അവധി എടുക്കുന്നതിന് മുമ്പ് ഗർഭ പരിശോധന നടത്താൻ ഞാൻ ഭാര്യയോട് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങളും തടസ്സങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ടിയായിരുന്നു അത്. ഇനിയെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എന്റെ യാത്രക്ക് മുമ്പ് ചികിത്സിക്കേണ്ടതിനും, ഞാൻ വരുന്ന സമയത്ത് എല്ലാം ശരിയാകുന്നതിനും വേണ്ടിയായിരുന്നു. പരിശോധന നടത്തിയപ്പോൾ, അവൾക്ക് ഗർഭിണിയാകാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മറ്റൊരു കുടംബം പുലർത്താനുള്ള ശേഷി എനിക്കില്ല. അവളെ ത്വലാഖ് ചൊല്ലുന്നതിൽ തെറ്റുണ്ടോ?

മറുപടി: ത്വലാഖ് അനുവദനീയമാണ്. അത് ആവശ്യമാകുമ്പോൾ പ്രത്യേകിച്ചും. ആവശ്യമില്ലാതെ ത്വലാഖ് ചെയ്യുകയെന്നത് മക്‌റൂഹാണ്-വെറുക്കപ്പെട്ടതാണ്. താങ്കളുടെ ഇണയെ താങ്കൾക്ക് ത്വലാഖ് ചൊല്ലുന്നതിൽ പ്രശ്‌നമില്ല. താങ്കൾ ഇണയോട് അക്രമം കാണിക്കുന്നുമില്ല.

‘അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും വെറുക്കപ്പെട്ട ഹലാലാണ് (അനുവദനീയമായ കാര്യമാണ്) ത്വലാഖ്’ – അബൂദാവൂദും ഹാക്കിമും റിപ്പോർട്ട് ചെയ്യുന്നു, ഇമാം സൂയൂത്വി സ്വഹീഹാണെന്ന് അഭിപ്രായപ്പെടുന്നു. അൽബാനിയും മറ്റുള്ളവരും ഈ ഹദീസിനെ ദുർബലമായിട്ടാണ് കാണുന്നത്. ഇണയോട് അനിഷ്ടം തോന്നിയാലും അവളെ നിലനിർത്താൻ വിശുദ്ധ ഖുർആൻ പ്രേരിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ‘ഇനി നിങ്ങൾക്ക് അവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങൾ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേ കാര്യത്തിൽ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം.’ (അന്നിസാഅ്: 19)

ത്വലാഖിന് അഞ്ച് വിധികളാണുള്ളത്. ഇബ്‌നു ഖുദാമ മുഗ്‌നിയിൽ അത് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘ത്വലാഖ് അഞ്ച് വിധത്തിലാണ്. വാജിബ് (നിർബന്ധം): ഈലാഅ് ചെയ്യുന്നവൻ (ഭാര്യയുമായി ബന്ധപ്പെടില്ലെന്ന് ശപഥം ചെയ്യുന്നവൻ) കാത്തിരിക്കേണ്ട സമയം കഴിഞ്ഞും ഇണയെ തിരിച്ചെടുക്കുന്നില്ലെങ്കിൽ, സ്വരച്ചേർച്ച ഇല്ലാതാകുമ്പോൾ മധ്യസ്ഥന്മാരിൽ ഇരു വിഭാഗവും അതാണ് കാണുന്നതെങ്കിൽ. മക്‌റൂഹ് (വെറുക്കപ്പെട്ടത്): അനാവശ്യമായി ത്വലാഖ് ചൊല്ലുക. മുബാഹ് (അനുവദനീയം): ഇണയുടെ മോശം സ്വഭാവമോ, സഹവാസമോ, ഒരു കാരണവുമില്ലാതെ ഉപദ്രവമേൽപ്പിക്കുകയോ ചെയ്യുന്നതിലൂടെ ആവശ്യമായി വരിക. മൻദൂബ് ഇലൈഹി (ഐച്ഛികം): സ്ത്രീയുടെ മേൽ നിർബന്ധമായ അല്ലാഹുവിന് വകവെച്ച് നൽകേണ്ട അവകാശങ്ങളിൽ വിട്ടുവീഴ്ച്ച വരുത്തുക. ഉദാഹരണം; നമസ്‌കാരം, അതുപോലെയുള്ള കാര്യങ്ങളിൽ അവളെ നിർബന്ധിക്കാൻ കഴിയാതിരിക്കുക, അല്ലെങ്കിൽ അവൾ വിശുദ്ധി കാത്തുസൂക്ഷിക്കാതിരിക്കുക. മഹ്ദൂർ (നിഷിദ്ധം): ആർത്തവ സമയത്തും, ലൈംഗികമായി ബന്ധപ്പെട്ട ശുദ്ധി സമയത്തും ത്വലാഖ് നിഷിദ്ധമാണ്. എല്ലാ നാട്ടിലെയും എല്ലാ കാലത്തെയും പണ്ഡിതന്മാർ അത് നിഷിദ്ധമാണെന്നതിൽ യോജിച്ചിരിക്കുന്നു.’

താങ്കളുടെ ഇണ ദീനീ നിഷ്ഠയുള്ള സ്ത്രീയാണെങ്കിൽ, താങ്കൾക്ക് കാര്യങ്ങൾ എളുപ്പമാകുന്നതാണ്. ഞാൻ താങ്കളോട് ഗുണകാംഷപൂർവം പറയാൻ ആഗ്രഹിക്കുന്നത്, താങ്കൾ ഇണയെ നിലനിർത്തണെന്നാണ്; ത്വലാഖ് ചൊല്ലരുതെന്നാണ്. ഇണയോട് നല്ല രീതിയിൽ വർത്തിക്കുകയാണെങ്കിൽ താങ്കൾക്ക് പ്രതിഫലം ലഭിക്കുന്നതാണ്. ഇണക്ക് വേണ്ടി ചെലവഴിക്കുന്നതെന്തോ അത് പ്രതിഫലം നൽകപ്പെടാൻ കാരണമാകുന്നതാണ്. സ്വഹീഹിൽ ഇപ്രകാരം കാണാവുന്നതാണ്: സഅദ് ബിൻ അബീ വഖാസ്(റ)വിൽ നിന്ന് നവേദനം: ‘തീർച്ചയായും നീ ഒന്നും ചെലവഴിക്കുന്നില്ല, അതിന് പ്രതിഫലം ലഭിച്ചുകൊണ്ടല്ലാതെ. എത്രത്തോളമെന്നാൽ നിന്റെ ഇണയുടെ വായിലേക്ക് വെച്ചുകൊടുക്കുന്ന ഉരുളക്കുപ്പോലും.’ ചിലപ്പോൾ ഡോക്ടർമാർ പറഞ്ഞതിന് വിരുദ്ധമായി കാര്യങ്ങൾ സംഭവിച്ചേക്കാം. അവൾക്ക് കുട്ടികൾ ജനിക്കുകയും ചെയ്‌തേക്കാം!

Also Read  മുസ്‌ലിമായ സ്ത്രീക്ക് അവിശ്വാസിയെ വിവാഹം കഴിക്കാമോ?
Also Read  പിതാവിന് മകളെ വിവാഹത്തിന് നിര്‍ബന്ധിക്കാമോ?

വിവ- അർശദ് കാരക്കാട്
അവലംബം: islamweb.net

Recent Posts

Related Posts