Homeസ്ത്രീ, കുടുംബം, വീട്സ്ത്രീയുടെ സാക്ഷ്യം

സ്ത്രീയുടെ സാക്ഷ്യം

ചോദ്യം- ”സാക്ഷ്യത്തിന് ഒരാണിനു പകരം രണ്ട് സ്ത്രീ വേണമെന്നാണല്ലോ ഇസ്‌ലാമിക നിയമം. ഇത് സ്ത്രീയോടുള്ള അനീതിയും വിവേചനവും പുരുഷമേധാവിത്വപരമായ സമീപനവുമല്ലേ?”

ഉത്തരം-  ഒരു പുരുഷനു പകരം രണ്ട് സ്ത്രീയെന്നത് സാക്ഷ്യത്തിനുള്ള ഇസ്‌ലാമിന്റെ പൊതു നിയമമല്ല; സാമ്പത്തിക ഇടപാടുകളിൽ മാത്രം ബാധകമായ കാര്യമാണ്. സ്ത്രീകൾ സാധാരണ ഗതിയിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരും കൊള്ളക്കൊടുക്കകളിൽ ഏർപ്പെടുന്നവരുമല്ലാത്തതിനാൽ പണമിടപാടുകളുടെ സാക്ഷ്യത്തിൽ അബദ്ധം സംഭവിക്കാതിരിക്കാനും സൂക്ഷ്മത പാലിക്കാനുമായി നിശ്ചയിക്കപ്പെട്ട നിബന്ധന മാത്രമാണിത്. സ്ത്രീക്കെതിരെ സദാചാര ലംഘനം ആരോപിക്കപ്പെട്ടാൽ സ്വീകരിക്കേണ്ട സ്വയം സാക്ഷ്യത്തിന്റെയും സത്യം ചെയ്യലിന്റെയും കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസമൊട്ടുമില്ലെന്ന് ഖുർആൻ തന്നെ സംശയത്തിനിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട് (അധ്യായം 24, വാക്യം 6-9).

ഇതര സാക്ഷ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെ. വിവാഹമോചനത്തെക്കുറിച്ച് ഖുർആൻ പറയുന്നു: ”ഇനി അവരുടെ ദീക്ഷാവധി സമാപിച്ചാലോ, ഒന്നുകിൽ അവരെ മാന്യമായി കൂടെ നിർത്തുകയോ അല്ലെങ്കിൽ മാന്യമായ നിലയിൽ വേർപിരിയുകയോ ചെയ്യുക. നിങ്ങളിൽ നീതിമാന്മാരായ രണ്ടാളുകളെ സാക്ഷികളാക്കുകയും ചെയ്യുക. അവർ അല്ലാഹുവിനുവേണ്ടി നീതിപൂർവം സാക്ഷ്യം വഹിക്കട്ടെ.”(65: 2). ഒസ്യത്തിനെ സംബന്ധിച്ച് ഖുർആൻ പറയുന്നു: ”വിശ്വസിച്ചവരേ, നിങ്ങളിലൊരുവന്ന് മരണമാസന്നമാവുകയും അയാൾ ഒസ്യത്ത് ചെയ്യുകയുമാണെങ്കിൽ അതിനുള്ള സാക്ഷ്യത്തിന്റെ മാനം ഇപ്രകാരമത്രെ. നിങ്ങളിൽനിന്നുള്ള രണ്ടു നീതിമാന്മാർ സാക്ഷ്യം വഹിക്കണം. അല്ലെങ്കിൽ നിങ്ങൾ യാത്രാവസ്ഥയിലായിരിക്കുകയും അവിടെ മരണവിപത്ത് അഭിമുഖീകരിക്കുകയുമാണെങ്കിൽ അപ്പോൾ മറ്റു ജനത്തിൽനിന്നു രണ്ടാളുകളെ സാക്ഷികളാക്കണം.”(5: 106)

ആർത്തവം, പ്രസവം, തുടങ്ങി പുരുഷന്മാർക്ക് സാക്ഷികളാകാൻ പ്രയാസമുള്ള കാര്യങ്ങളിൽ സ്ത്രീകളുടെ മാത്രം സാക്ഷ്യമാണ് സ്വീകാര്യമാവുകയെന്നതിൽ ഇസ്‌ലാമിക പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്.

ഇസ്‌ലാമിൽ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ഭരണപരവുമായ എല്ലാ നിയമങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങളിലൊന്ന് പ്രവാചക ചര്യയാണ്. ഈ പ്രവാചക ചര്യയുടെ നിവേദനത്തിന്റെ സ്വീകാര്യതയിൽ പുരുഷന്റേതു പോലെത്തന്നെ സ്ത്രീയുടേതും പ്രാമാണികവും പ്രബലവുമത്രേ. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലിവിടെ ഒരുവിധ വിവേചനവുമില്ല. അതുകൊണ്ടു തന്നെ പ്രബലമായ ഹദീസ് ഗ്രന്ഥങ്ങളിൽ പുരുഷൻമാരെന്ന പോലെ സ്ത്രീകൾ നിവേദനം ചെയ്തവയും ധാരാളമായി കാണാവുന്നതാണ്. എല്ലാ സാക്ഷ്യങ്ങളുടെയും സാക്ഷ്യമായ അടിസ്ഥാന പ്രമാണത്തിന്റെ കാര്യത്തിൽ പുരുഷന്റെ പദവി തന്നെ സ്ത്രീക്കും കൽപിച്ച ഇസ്‌ലാം ഇടപാടുകളുടെ കാര്യത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് വിവേചനപരമോ അവഗണനയോ അനീതിയോ അല്ലെന്നും മറിച്ച്, അബദ്ധം സംഭവിക്കാതിരിക്കാനുള്ള സൂക്ഷ്മത മാത്രമാണെന്നും വ്യക്തമത്രേ.

ഇമാം അബൂഹനീഫ, ത്വബരി പോലുള്ള പണ്ഡിതൻമാർ സ്ത്രീകൾക്ക് ന്യായാധിപസ്ഥാനം വരെ വഹിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിയമത്തിന്റെയും നീതിയുടെയും കാര്യത്തിൽ വിവേചനമുണ്ടെങ്കിൽ നിയമനടത്തിപ്പിന്റെ പരമോന്നത പദവിയായ ന്യായാധിപസ്ഥാനം സ്ത്രീക്ക് ആവാമെന്ന് പ്രാമാണിക പണ്ഡിതന്മാർ പറയുകയില്ലല്ലോ.

Also Read  താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അനുവദനീയമാണോ?
ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
Also Read  വരന്‍റെ അസാന്നിധ്യത്തിലുഉള്ള വിവാഹം
33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!