ചോദ്യം : വിദേശത്തു താമസിക്കുന്ന ഒരു വിവാഹിതനാണ് ഞാൻ. ഭാര്യ നാട്ടിലും. വിവാഹത്തിന്നു മുമ്പോ ശേഷമോ ഇതുവരെ അവൾ ദുർന്നടപ്പിലാെന്നും പെട്ടിട്ടില്ല. എങ്കിലും ആശങ്ക നിമിത്തം ഞാൻ എന്റെ ഭാര്യക്ക് ഇടക്കിടെ ഇപകാരം എഴുതാറുണ്ട്. ‘നമ്മുടെ വിവാഹത്തിന്നു ശേഷം എന്നെങ്കിലും നീ വ്യഭിചരിച്ചാൽ ആ നിമിഷം ഞാനും നീയും തമ്മിലുള്ള വിവാഹബന്ധം വേർപ്പെട്ടിരിക്കുന്നു എന്ന് ഞാൻ ഇതിനാൽ നിന്നെ രേഖാമൂലം അറിയിക്കുന്നു’, എന്നെങ്കിലും അവളിൽ നിന്ന് ആ വിധം സംഭവിച്ചാൽ എഴുത്തിൽ പറഞ്ഞ പോലെ വിവാഹബന്ധം വേർപ്പെടുകയില്ലേ? അതോ വിവാഹമോചനത്തിന് വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
ഉത്തരം : നിങ്ങൾ കാണിച്ചവിധം എഴുതിയാൽ എഴുത്തിൽ പറഞ്ഞ ഉപാധി പൂർത്തിയാകുന്നതോടെ വിവാഹമോചനം സംഭവിക്കുന്നതാണ്.
എന്നാൽ വിദേശത്തുള്ള പുരുഷന്മാർ നാട്ടിൽ വിരഹിണികളായി കഴിയുന്ന, തങ്ങളുടെ ഭാര്യ മാർക്ക് ഇടക്കിടെ ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുന്നത് ബുദ്ധിപൂർവകമല്ല. നിങ്ങളുടെ ഭാര്യയിൽ നിങ്ങൾക്ക് വിശ്വാസം പോരാ എന്നാണ് ഈ എഴുത്തുകൾ വിളിച്ചു പറയുക. ഒരിക്കലും ഭദ്രമായ ഒരു ദാമ്പത്യ ബന്ധത്തിന്റെ സൂചനയല്ല അത്. ഭാര്യയോടുള്ള അവിശ്വാസം സദുപദേശത്തിൽ പൊതിഞ്ഞതുകൊണ്ടൊന്നും വലിയ കാര്യമില്ല. അത് അവളിൽ വല്ല ഫലവും ചെയ്യുമെങ്കിൽ അതു വിപരീത ഫലം മാത്രമായിരിക്കും. നിങ്ങൾ എഴുതുന്ന അത്തരം കത്തുകൾ തന്റേടമുള്ള ഒരു ഭാര്യയിൽ നിങ്ങളോടുള്ള സ്നേഹവും മതിപ്പും കുറയ്ക്കുവാനും കാരണമാകും.
ഭാര്യയോടുള്ള നിങ്ങളുടെ ഈ നിലപാട് ചൂഷണം ചെയ്യപ്പെടാനും വളരെ സാധ്യതയുണ്ട്. നിങ്ങളോടോ ഭാര്യയോടോ വിദ്വേഷമുള്ളവർ ഭാര്യയെക്കുറിച്ച് നിങ്ങളോട് ദുരാരോപണങ്ങൾ പറഞ്ഞ് നിങ്ങളെ പരസ്പരം വേർപെടുത്തുവാൻ ശ്രമിച്ചുകൂടായ്കയില്ല.
ഇനി ഒരുവേള ഭാര്യക്ക് ഒരു തെറ്റുപറ്റുകയും ഒരിക്കൽ അവൾ പരപുരുഷന് വഴങ്ങുകയും, നിങ്ങൾ അറിയാതിരിക്കുകയും ചെയ്തുവെന്നു വെക്കുക. അപ്പോൾ നിങ്ങൾ വിവാഹ മോചനം ചെയ്ത സ്ത്രീയു മായി വീണ്ടും പൊറുക്കുക എന്ന ഒരവസ്ഥയാണ് അഡ്വാൻസ് ത്വലാഖമൂലം സൃഷ്ടിക്കപ്പെടുക. അതിനാൽ ഓരോ സന്ദർഭങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുകയല്ലാതെ, സന്ദർഭങ്ങൾ വരുമ്പോൾ ഫലിക്കാൻവേണ്ടി നടപടികൾ എടുത്തുവെക്കുന്നത് ആപൽക്കരമാകുന്നു.