Home സ്ത്രീ, കുടുംബം, വീട് വിവാഹം ഭാര്യ ആരെ അനുസരിക്കണം?

ഭാര്യ ആരെ അനുസരിക്കണം?

ചോദ്യം- എനിക്കൊരു പുത്രിയുണ്ട്. വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. ഇക്കാലമത്രയും അവളും ഭർത്താവും എന്നോടൊപ്പമായിരുന്നു താമസം. പിന്നീട് ഭർത്താവ് അവളോടൊത്ത് മറ്റൊരു വീട്ടിൽ താമസമാക്കാൻ തീരുമാനിച്ചു. അത് സംഭവിക്കുന്ന പക്ഷം ഒരിക്കലും അവളുടെ വീട്ടിൽ കാലുകുത്തുകയില്ലെന്ന് ഞാൻ ശപഥം ചെയ്തു. പക്ഷേ, അവൾ പോയി. ഒരു കുട്ടിയുമുണ്ട്. ഇപ്പോൾ ഗർഭിണിയും. അവളും ഭർത്താവും എപ്പോഴും എന്നെ സന്ദർശിക്കാറുണ്ട്. എന്താണിതിന് പരിഹാരം? എനിക്ക് അവളുടെ വീട്ടിൽ പ്രവേശിക്കാമോ?

ഉത്തരം- ഈ പ്രശ്‌നത്തിൽ ചോദ്യമുന്നയിച്ച സഹോദരി ഒരുപാട് അബദ്ധങ്ങൾ കാണിച്ചു. ഒന്ന്, മകളും ഭർത്താവും എന്നും തന്നോടൊത്ത് താമസിക്കാൻ ബാധ്യസ്ഥരാണെന്ന് ധരിച്ചു. രണ്ട്, മകൾ ഭർത്താവിനെ അനുസരിക്കുന്നതിനേക്കാൾ കൂടുതലായി തന്നെയാണ് അനുസരിക്കേണ്ടത് എന്നു കരുതി അവൾ ഭർത്താവിനോടൊപ്പം പോകാതിരിക്കാൻ പ്രേരണ ചെലുത്തി. മൂന്ന്, അവൾ പോകുന്നപക്ഷം ഒരിക്കലുമവളെ സന്ദർശിക്കുകയില്ലെന്ന് ശപഥം ചെയ്തു. സഹോദരി പരിഹാരം തേടുന്ന പ്രശ്‌നങ്ങളെല്ലാം സ്വയംകൃതാനർഥങ്ങളാണ്. ഭാര്യയോടൊത്ത് സ്വന്തമായി ഒരു വീട്ടിൽ താമസിക്കുക എന്നത് ഭർത്താവിന്റെ അവകാശമാണ്. അയാൾക്കതിന് കഴിവുണ്ടെങ്കിൽ അതിലൊരു തെറ്റുമില്ല. തന്നെയുമല്ല, പുരുഷനും അയാളുടെ ഭാര്യാ ബന്ധുക്കളും തമ്മിലുണ്ടാകുന്ന ഉരസലുകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ കുറക്കുവാൻ ഇത് ഏറക്കുറെ ഉതകുകയും ചെയ്യും. സംഭവിച്ചുപോയ കാര്യങ്ങളിൽ സഹോദരിക്ക് ഖേദമുണ്ടെങ്കിൽ, പുത്രിക്ക് മാതാവിനെ എത്രയും ആവശ്യമായ ഒരു ഘട്ടത്തിൽ അവളെ സന്ദർശിക്കുവാനുദ്ദേശിക്കുന്നുവെങ്കിൽ, ആകുലപ്പെടേണ്ടതില്ല. തിരുദൂതർ ഈ പ്രശ്‌നം ലളിതമായി പരിഹരിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു: ‘ഒരാൾ ഒരു പ്രതിജ്ഞ ചെയ്യുകയും അതിനേക്കാൾ ഗുണകരമായ ഒന്ന് കാണുകയും ചെയ്താൽ ഗുണകരമായത് ചെയ്തുകൊള്ളട്ടെ. പ്രതിജ്ഞാലംഘനത്തിന് പ്രായശ്ചിത്തം നൽകുകയും ചെയ്യട്ടെ!’ ബന്ധുക്കളെ സന്ദർശിക്കുകയില്ലെന്നും കുടുംബബന്ധം ചേർക്കുകയില്ലെന്നും മറ്റും ഒരാൾ ശപഥം ചെയ്താൽ, അതിന്റെ പേരിൽ അയാൾ ശിക്ഷാർഹമായ ഈ കുറ്റകൃത്യം ചെയ്യണമെന്നോ? ശപഥം ഒരു സുകൃതം പ്രവർത്തിക്കുന്നതിന് തടസ്സമാവുകയോ? ഒരിക്കലുമില്ല. ഖുർആൻ പറയുന്നു: ‘നന്മ ചെയ്യുകയും സൂക്ഷ്മത പാലിക്കുകയും ജനങ്ങൾക്കിടയിൽ സൗഹൃദമുണ്ടാക്കുകയും ചെയ്യാതിരിക്കാൻ വേണ്ടി അല്ലാഹുവിന്റെ നാമത്തെ നിങ്ങളുടെ ശപഥങ്ങൾക്ക് ഉപകരണമാക്കരുത്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.’ ശപഥങ്ങൾ നന്മ പ്രവർത്തിക്കുന്നതിനും ജനങ്ങൾക്കിടയിൽ സൗഹൃദമുണ്ടാക്കുന്നതിനും ഒരു തടസ്സമായിക്കൂടെന്നർഥം. ഇമ്മട്ടിലൊരു ശപഥം ഒരാൾ ചെയ്തുപോയാൽ അതിൽനിന്ന് മുക്തനാവാൻ ശരീഅത്ത് വഴി കണ്ടിട്ടുണ്ട്- അതാണ് പ്രായശ്ചിത്തം. സ്വപുത്രിയെ സന്ദർശിക്കുകയില്ലെന്നാണ് സഹോദരിയുടെ ശപഥം. അതിനാൽ നിർബന്ധമായും പുത്രിയെ സന്ദർശിക്കുക. ശപഥത്തിന് പ്രായശ്ചിത്തം നൽകുകയും ചെയ്യുക. പ്രായശ്ചിത്തം സന്ദർശനത്തിന് മുമ്പോ പിമ്പോ ആകാം. പത്ത് അഗതികൾക്ക് നിങ്ങൾ കഴിക്കുന്ന മിതമായ ആഹാരമാണ് പ്രായശ്ചിത്തമായി നൽകേണ്ടത്.

Previous articleകാലുറ തടവൽ
Next articleദമ്പതികൾക്ക് അന്യോന്യം അസത്യം പറയാമോ?
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
error: Content is protected !!