Home ഫിഖ്ഹ് മുഹർറമാസം മുഹര്‍റം ഒമ്പതും പത്തും

മുഹര്‍റം ഒമ്പതും പത്തും

ചോദ്യം – മുഹര്‍റവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഹദീസുകളില്‍ പല അവ്യക്തതകളുമുണ്ടോ?. ഉദാഹരണമായി, മദീനയിലെത്തിയ ശേഷം ജൂതന്മാര്‍ നോമ്പെടുക്കുന്നത് കണ്ടപ്പോഴാണോ നബി (സ) ആശൂറാഅ് നോമ്പ് തുടങ്ങിയത്? പത്തു വര്‍ഷം മദീനയില്‍ കഴിച്ചുകൂട്ടിയ നബി (സ) തന്റെ വിയോഗത്തിന്റെ തൊട്ടുമുമ്പുള്ള മുഹര്‍റം പത്തിനു മാത്രമാണോ നോമ്പനുഷ്ഠിട്ടുള്ളത്? ജൂതന്മാര്‍ നോമ്പനുഷ്ഠിക്കുന്നത് കണ്ടപ്പോള്‍ മുതലാണോ ഈ നോമ്പ് തുടങ്ങിയത്? ഇതൊന്ന് വിശദീകരിക്കാമോ.

ഉത്തരം- ഹദീസുകള്‍ പരിശോധിച്ചാല്‍, ആശൂറാഅ് നോമ്പിന് നാലു ഘട്ടങ്ങള്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കാം.

ഒന്നാം ഘട്ടം: മക്കയില്‍ വെച്ച്, ഇത് നബി (സ) നോറ്റിരുന്നു; നബിയോടൊപ്പം അനുചരന്മാരായ മുസ്‌ലിംകളും പ്രസ്തുത നോമ്പ് നോറ്റിരുന്നു. പക്ഷേ മറ്റുള്ളവരോട് അതിനു നിര്‍ദേശിച്ചിട്ടുണ്ടായിരുന്നില്ല. ആഇശ(റ) പറയുന്നു: ”ഖുറൈശികള്‍ ജാഹിലിയ്യത്തില്‍ ആശൂറാഇ(മുഹര്‍റം പത്ത്)ന്റെ നോമ്പ് അനുഷ്ഠിച്ചിരുന്നു. നബി(സ)യും അനുഷ്ഠിച്ചിരുന്നു. എന്നാല്‍ മദീനയിലേക്ക് വന്നപ്പോള്‍ നബി (സ) അത് അനുഷ്ഠിക്കുകയും ജങ്ങളോട് അനുഷ്ഠിക്കാന്‍ കല്‍പിക്കുകയും ചെയ്തിരുന്നു. അങ്ങനെ റമദാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ് നോമ്പ് ഉപേക്ഷിക്കുകയുണ്ടായി. താല്‍പര്യമുള്ളവര്‍ അത് അനുഷ്ഠിക്കുകയും താല്‍പര്യമില്ലാത്തവര്‍ അത് ഒഴിവാക്കുകയും ചെയ്തുപോന്നു” (ബുഖാരി ).

രണ്ടാം ഘട്ടം: മദീനയിലെത്തിയ ശേഷം ജൂതന്മാര്‍ ആശൂറാഅ് നോമ്പെടുക്കുന്നത് നബിയുടെ ശ്രദ്ധയില്‍പെട്ടു. മദീനാ ജീവിതത്തിന്റെ പ്രാരംഭ ദശയില്‍ വേദക്കാരായ ജൂതന്മാരുമായി പരമാവധി യോജിച്ചുപോവുക എന്ന നിലപാടായിരുന്നു അവിടുന്ന് സ്വീകരിച്ചിരുന്നത്. ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തിലാണ് ജൂതന്മാര്‍ ആശൂറാഅ് നോമ്പെടുക്കുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍പെടുന്നത്. കാരണമന്വേഷിച്ചപ്പോള്‍ മൂസാ നബിയെ അല്ലാഹു ഫിര്‍ഔനില്‍നിന്ന് രക്ഷിച്ച ദിവസമാണതെന്നും, അതിന്റെ നന്ദിയെന്നോണം അന്നേ ദിവസം മൂസാ നബി നോമ്പെടുത്തിരുന്നുവെന്നും, അതിന്റെ ഭാഗമായിട്ടാണ് ജൂതന്മാരും അന്നേ ദിവസം നോമ്പെടുക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു. എങ്കില്‍ നിങ്ങളേക്കാള്‍ എന്തുകൊണ്ടും മൂസാ നബിയുടെ പാരമ്പര്യത്തിന് ഏറ്റവും അര്‍ഹതയുള്ളവര്‍ തങ്ങളാണെന്ന് പറഞ്ഞ് നബി (സ) സ്വഹാബത്തിനോട് നോമ്പനുഷ്ഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത് റമദാന്‍ വ്രതം നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പായിരുന്നു.

അക്കാര്യം വ്യക്തമാക്കുന്ന ഒരു ഹദീസ് കാണുക: ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം. നബി (സ) മദീനയിലെത്തി. ആ സന്ദര്‍ഭത്തില്‍ ജൂതന്മാര്‍ ആശൂറാഇ(മുഹര്‍റം പത്ത്)ന് നോമ്പനുഷ്ഠിക്കുന്നതായി കണ്ടു, അപ്പോള്‍ തിരുമേനി (സ) ചോദിച്ചു; ‘ഇതെന്താണ്?’ (നിങ്ങള്‍ എന്തുകൊണ്ടാണ് നോമ്പനുഷ്ഠിക്കുന്നത്?) അവര്‍ പ്രത്യുത്തരം നല്‍കി: ‘ഇത് നല്ല ഒരു ദിനമാണ്, ഈ ദിവസമാണ് ബനൂ ഇസ്റാഈല്യരെ അവരുടെ ശത്രുക്കളില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയത്. അതുകൊണ്ട് ഈ ദിവസം മൂസാ നോമ്പനുഷ്ഠിക്കുകയുണ്ടായി.’ അപ്പോള്‍ നബി (സ) പറഞ്ഞു: ‘മൂസായോട് നിങ്ങളേക്കാള്‍ കൂടുതല്‍ കടപ്പെട്ടവന്‍ ഞാനാണ്.’ അങ്ങനെ ആ ദിവസം നബി (സ) നോമ്പനുഷ്ഠിച്ചു, ആ ദിവസം നോമ്പനുഷ്ഠിക്കാന്‍ മറ്റുള്ളവരോടും കല്‍പ്പിച്ചു (ബുഖാരി ).

മൂന്നാം ഘട്ടം: ഹി. രണ്ടാം വര്‍ഷം റമദാന്‍ വ്രതം നിര്‍ബന്ധമാക്കപ്പെട്ടു. അതുവരെയുണ്ടായിരുന്ന നിര്‍ബന്ധ നോമ്പെന്ന സ്ഥാനം അതോടെ ആശൂറാഇന് ഇല്ലാതായി. ഇനി മുതല്‍ അത് ഐഛികമാണെന്ന് നബി (സ) വ്യക്തമാക്കി.

നബി (സ) പറഞ്ഞു: ”ആശൂറാഅ് അല്ലാഹുവിന്റെ സവിശേഷം എണ്ണപ്പെടുന്ന ദിനങ്ങളില്‍പെട്ട ഒരു ദിനമാകുന്നു. അതിനാല്‍ ആരെങ്കിലും അന്ന് നോമ്പെടുക്കുന്നെങ്കില്‍ നോമ്പെടുക്കാം; ഇനി ആര്‍ക്കെങ്കിലും ഉപേക്ഷിക്കണമെന്നുണ്ടെങ്കില്‍ അങ്ങനെയുമാവാം” (മുസ്ലിം).

നാലാം ഘട്ടം: താസുആഅ് (മുഹര്‍റം ഒമ്പത്) സുന്നത്താണെന്ന കാര്യം പഠിപ്പിച്ചത് ഈ ഘട്ടത്തിലാണ്. ജൂതഗോത്രങ്ങളുടെ പകയും വെറുപ്പും വിദ്വേഷവും എല്ലാ അതിരുകളും ലംഘിക്കുകയും, അവരുമായി സമരസപ്പെടുക എന്ന നയത്തില്‍നിന്ന് മാറി അവരുമായി വിയോജിപ്പും വ്യതിരിക്തതയും പ്രകടിപ്പിക്കുക എന്ന നയം പ്രവാചകന്‍ നടപ്പാക്കി തുടങ്ങുകയും ചെയ്ത ഘട്ടമായിരുന്നു അത്. ആ വ്യത്യസ്തത അടയാളപ്പെടുത്താന്‍ ആശൂറാഇനൊപ്പം താസൂആഅ് കൂടി നോല്‍ക്കുക എന്ന് നിര്‍ദേശിക്കുകയായിരുന്നു ദൈവദൂതന്‍. അക്കാര്യം ഹദീസില്‍ ഇപ്രകാരം കാണാം:

ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അത് ജൂത- ക്രൈസ്തവര്‍ മഹത്വവല്‍ക്കരിക്കുന്ന ദിനമല്ലേ…’ അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: ‘ഇന്‍ശാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍നിന്നും വ്യത്യസ്തരാവാന്‍) ഒമ്പതാം ദിവസം കൂടി നോമ്പെടുക്കും.’ പക്ഷേ അടുത്ത വര്‍ഷം കടന്നുവരുമ്പോഴേക്ക് റസൂല്‍ (സ) വഫാത്തായിരുന്നു (സ്വഹീഹ് മുസ്ലിം ). അതുകൊണ്ടുതന്നെ മുഹര്‍റം പത്തിനോടൊപ്പം മുഹര്‍റം ഒമ്പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്.

കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Previous articleഇവിടെ സഹോദരികള്‍ “അസ്വബ” എന്ന നിലയില്‍ അവകാശികളാണ്
Next articleസഹോദരികള്‍ ഉള്ളതിനാല്‍ നേരത്തെ മരണപ്പെട്ട സഹോദരന്‍റെ മക്കള്‍ അവകാശികളല്ല
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.
error: Content is protected !!