Home സ്ത്രീ, കുടുംബം, വീട് അനന്തരാവകാശം അനന്തര സ്വത്ത് വീതം വെക്കുന്നതിന് മുമ്പേ പരിഗണിക്കേണ്ടതാണ് കടം

അനന്തര സ്വത്ത് വീതം വെക്കുന്നതിന് മുമ്പേ പരിഗണിക്കേണ്ടതാണ് കടം

ചോദ്യം – ഒരാള്‍ വിദേശത്തു വെച്ച് മരണപ്പെട്ടു. മാതാപിതാക്കള്‍, ഭാര്യ, 2 ആണ്‍മക്കള്‍ എന്നിവര്‍ ഉണ്ട്. ജോലി ചെയ്ത കമ്പനിയില്‍ നിന്ന്‍ ലഭിച്ച പണം ഉള്‍പ്പടെ ഇയാളുടെ സ്വത്ത് എങ്ങിനെ വീതിക്കും? ഭാര്യയുടെ സ്വര്‍ണ്ണം എടുത്തിട്ടാണ് മരണപ്പെട്ട വ്യക്തി വീട് പുതുക്കി പണിതത്. അത് എങ്ങിനെ പരിഹരിക്കും?

ഉത്തരം – ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ അനന്തര സ്വത്ത് വീതം വെക്കുന്നതിന് മുമ്പേ പരിഗണിക്കേണ്ടത് അയാളുടെ കടം വീട്ടലാണ്. ഇവിടെ ഭാര്യയുടെ സ്വര്‍ണ്ണം എടുത്തിട്ടാണ് ഭര്‍ത്താവ് വീട് പുനര്‍നിര്‍മ്മിച്ചത് എന്നാണ് മനസ്സിലാവുന്നത്. അതൊരു കടമായിട്ടാണ് ഭാര്യ നല്‍കിയിരിക്കുന്നത് എന്നും മനസ്സിലാവുന്നു. അതിനാല്‍ ആദ്യം ആ കടം വീട്ടുകയാണ് ചെയ്യേണ്ടത്. എത്രയാണോ ഭാര്യയില്‍ നിന്നും എടുത്തിട്ടുള്ള സ്വര്‍ണ്ണം, അത്രയും സ്വര്‍ണ്ണമോ, അതിനുള്ള പണമോ ആദ്യം അവര്‍ക്ക് നല്കുക.

ബാക്കിയുള്ള സ്വത്ത് (ഉണ്ടെങ്കില്‍ മാത്രം) താഴെ പറയുന്ന രീതിയില്‍ ഭാഗിക്കുക.

പരേതന് അവകാശികള്‍ മാതാപിതാക്കള്‍, ഭാര്യ, 2 ആണ്‍മക്കള്‍ എന്നിവരാണല്ലോ. മക്കള്‍ ഉള്ളതിനാല്‍, മൊത്തം സ്വത്തിന്‍റെ ആറിലൊന്ന് വീതം മാതാപിതാക്കള്‍ ഓരോരുത്തര്‍ക്കും, എട്ടിലൊന്ന് ഭാര്യക്കും, ബാക്കിയുള്ളത് 2 ആണ്‍മക്കള്‍ക്കിടയില്‍ തുല്യമായും വീതിക്കും.
മൊത്തം സ്വത്തിനെ 48 ആയി ഭാഗിച്ച്, ആറിലൊന്നായ 8 ഓഹരികള്‍ വീതം മാതാപിതാക്കള്‍ ഓരോരുത്തര്‍ക്കും, എട്ടിലൊന്നായ 6 ഓഹരികള്‍ ഭാര്യക്കും, ബാക്കിയായ 26 ഓഹരികള്‍ രണ്ടാക്കി 13 വീതം ഓരോ മകനും നല്കുക.

പരേതന്‍ വിദേശത്ത് ആയിരുന്നതിനാല്‍, അവകാശികളില്‍ ഒരാള്‍ ആയിരിയ്ക്കും മറ്റുള്ളവരുടെ പവര്‍ ഓഫ് അറ്റോര്‍ണി വാങ്ങി കമ്പനിയില്‍ നിന്നുള്ള പണം സ്വീകരിച്ചിട്ടുണ്ടാവുക. അത് അയാള്‍ക്ക് മാത്രമുള്ള പണമല്ല. മറ്റുള്ളവര്‍ക്കും അവരുടെ ഓഹരി വീതിച്ചു കൊടുക്കുകയാണ് പവര്‍ ഓഫ് അറ്റോര്‍ണി ലഭിച്ച വ്യക്തിയുടെ ഉത്തരവാദിത്തം.

ബാങ്ക് അക്കൌണ്ടുകളില്‍ നോമിനി ആയി വെക്കുന്ന ആളുടെയും സ്ഥിതി ഇതുതന്നെയാണ്. അക്കൌണ്ട് ഹോള്‍ഡര്‍ മരണപ്പെട്ടാല്‍ ആ സംഖ്യ സ്വീകരിച്ച് അവകാശികള്‍ക്ക് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തമാണ് നോമിനിഷിപ്പ്. അല്ലാതെ അക്കൌണ്ടിലെ പണം കൈവശപ്പെടുത്താനുള്ള അവകാശമല്ല.

കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Previous articleസഹോദരികള്‍ ഉള്ളതിനാല്‍ നേരത്തെ മരണപ്പെട്ട സഹോദരന്‍റെ മക്കള്‍ അവകാശികളല്ല
Next articleഅടുത്ത ബന്ധുക്കള്‍ മാതാവും ഭാര്യയും മാത്രം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.
error: Content is protected !!