Saturday, April 27, 2024
Homeസ്ത്രീ, കുടുംബം, വീട്അനന്തരാവകാശംഅടുത്ത ബന്ധുക്കള്‍ മാതാവും ഭാര്യയും മാത്രം

അടുത്ത ബന്ധുക്കള്‍ മാതാവും ഭാര്യയും മാത്രം

ചോദ്യം – ഒരു വ്യക്തി മരണപ്പെട്ടു. അദ്ദേഹത്തിന് പിതാവും മക്കളും ജീവിച്ചിരിപ്പില്ല. അടുത്ത ബന്ധുക്കള്‍ മാതാവും ഭാര്യയും മാത്രമാണ്. സ്വത്ത് എങ്ങിനെ ഭാഗം വെക്കും?

ഉത്തരം – ഒരാള്‍ മരണപ്പെടുമ്പോള്‍ മാതാപിതാക്കള്‍, മക്കള്‍, മകന്‍റെ മക്കള്‍, ഭാര്യ / ഭര്‍ത്താവ് എന്നിവരാണ് അടിസ്ഥാന അവകാശികള്‍.

പിതാവും പുത്രനും ഇല്ലാത്ത അവസ്ഥയില്‍ സഹോദരങ്ങള്‍ (ആണും പെണ്ണും) അവകാശികളായി പരിഗണിക്കപ്പെടും. സഹോദരങ്ങള്‍ ഇല്ലെങ്കില്‍, സഹോദരന്മാരുടെ ആണ്മക്കള്‍ മാത്രം (സഹോദരന്മാരുടെ പെണ്‍മക്കളും സഹോദരികളുടെ മക്കളും അവകാശികളല്ല) അവകാശികളാവും. അവരും ഇല്ലെങ്കില്‍ പിതാവിന്‍റെ സഹോദരന്മാര്‍ (പിതൃസഹോദരിമാര്‍ അവകാശികളല്ല) അവകാശികളാവും. അവരും ഇല്ലെങ്കില്‍ അവരുടെ ആണ്മക്കള്‍ മാത്രം (പിതൃസഹോദരന്മാരുടെ പെണ്‍മക്കളോ, പിതൃസഹോദരിയുടെ മക്കളോ അവകാശികളല്ല) പരിഗണിക്കപ്പെടും.

മേല്‍പ്പറയപ്പെട്ട ആരും ഇല്ലെങ്കില്‍, അകന്ന ബന്ധുക്കളെ പരിഗണിക്കും. മാതാവിന്‍റെയോ മകളുടെയോ സഹോദരിയുടെയോ വഴിക്ക് വരുന്ന ബന്ധങ്ങളാണ് അകന്ന ബന്ധുക്കള്‍ എന്ന് പറയുക.

ഇവിടെ ചോദിക്കപ്പെട്ട കേസില്‍, പരേതന് മക്കളും സഹോദരങ്ങളും ഇല്ലാത്തതിനാല്‍, മൊത്തം സ്വത്തിന്‍റെ മൂന്നിലൊന്ന് മാതാവിനും, പരേതന് മക്കള്‍ ഇല്ലാത്തതിനാല്‍ മൊത്തം സ്വത്തിന്‍റെ നാലിലൊന്ന് ഭാര്യക്കും നിര്‍ണിത ഓഹരി എന്ന നിലയില്‍ ലഭിക്കും. ബാക്കിയുള്ളത് മുകളില്‍ പറയപ്പെട്ട അവകാശികള്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക് ലഭിക്കുന്നതാണ്. അങ്ങിനെ ആരുമില്ലെങ്കില്‍ ബാക്കിയായ ഓഹരിയും കൂടി മാതാവിന് ലഭിക്കും. ഭാര്യക്ക് നാലിലൊന്ന് മാത്രമേ ലഭിക്കൂ.

കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.

Recent Posts

Related Posts

error: Content is protected !!