ചോദ്യം – എന്റെ ഒരു സുഹൃത്തിന്‍റെ സംശയമാണ്. അദ്ദേഹം വിവാഹം കഴിച്ചത് ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍റെ മകളെയാണ്. വിവാഹസമയത്ത് സമ്മാനമായി മകള്‍ക്ക് പലതും നല്കിയിരുന്നു പിതാവ്. ഇപ്പോള്‍ കുറെക്കൂടി ഇസ്ലാമികബോധം കൈവരിച്ച സുഹൃത്തിന് ഈ സമ്മാനം ഹറാമായ ജോലിയില്‍ നിന്നുള്ള സാമ്പാദ്യത്തില്‍ നിന്ന് ഉള്ളതാണെന്നും അതൊക്കെ തിരികെ നല്‍കണമെന്നും ആഗ്രഹിക്കുന്നു. എന്നാല്‍ പിതാവ് ഇത് എങ്ങിനെ പരിഗണിക്കും എന്നൊരു ആകുലതയിലാണ് അവന്‍.
ഉത്തരം – ജോലി ചെയ്യുക, അദ്ധ്വാനിക്കുക, സമ്പാദിക്കുക, അതുവഴി സ്വന്തം ആവശ്യങ്ങളും ആശ്രിതരുടെ ആവശ്യങ്ങളും നിര്‍വ്വഹിക്കുക, മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും അകന്ന ബന്ധുക്കളുടെയും അയല്‍ക്കാരുടെയും പ്രയാസം അനുഭവിക്കുന്നവരുടെയും ആവശ്യങ്ങള്‍ സാദ്ധ്യതയനുസരിച്ച് പരിഹരിക്കുക. ഇതൊക്കെ ഒരു വിശ്വാസിയില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന കാര്യങ്ങളാണ്; അവന്‍റെ ഉത്തരവാദിതമാണ്. അവ പൂര്‍ത്തീകരിക്കുന്നത് അല്ലാഹുവിന്‍റെ പ്രതിഫലം ലഭിക്കുന്നതിന് കാരണമാവുന്നു. അതില്‍ വരുത്തുന്ന വീഴ്ചകള്‍ അവന്‍റെ കോപത്തിനും ശിക്ഷക്കും ഇടയാക്കുന്നു.
ചെയ്യുന്ന ജോലികളും തേടുന്ന സമ്പാദ്യങ്ങളും ഹലാല്‍ ആയിരിക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. ഹലാലായ മാര്‍ഗ്ഗേണ മാത്രമേ സമ്പാദിക്കാന്‍ പാടുള്ളൂ. ഹറാമില്‍ സമ്പാദിച്ച പണം സദഖ കൊണ്ടോ സകാത്ത് കൊണ്ടോ ശുദ്ധീകരിക്കാന്‍ ആവില്ല.
നാട്ടില്‍ നിലനില്‍ക്കുന്ന പാരമ്പര്യ ബാങ്കുകള്‍ എല്ലാം തന്നെ പലിശയില്‍ അധിഷ്ഠിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പലിശയാവട്ടെ, അതിന്‍റെ ചെറിയൊരു അംശം പോലും ഹറാമാണ്. അല്ലാഹു യുദ്ധപ്രഖ്യാപനം നടത്തിയ വിഭാഗമാണ് പലിശയില്‍ ഇടപെടുന്നവര്‍. പലിശ കൊടുക്കുന്നവനും വാങ്ങുന്നവനും എഴുതുന്നവനും സാക്ഷിയും ഒക്കെ ശപിക്കപ്പെട്ടവരാണ് എന്ന് നബി തിരുമേനി അതിനെ വിശദീകരിക്കുകയും ചെയ്തു. അത്രയും ഗൌരവമുള്ള വിഷയമാണ് പലിശയിടപാടുകള്‍. പലിശ ബാങ്കുകളില്‍ ജോലി ചെയ്യുന്നത് ഈ നിലക്ക് ഹറാം തന്നെയാണ്. മറ്റ് നിലക്ക് യാതൊരു വരുമാനവുമില്ലാതിരിക്കുകയും, ഇതല്ലാതെ മറ്റൊരു ജോലിയും തരപ്പെടാതിരിക്കുകയും, താനും കുടുംബവും പട്ടിണിയാല്‍ മരണപ്പെട്ടുപോയേക്കും എന്ന് ഭയപ്പെടുകയും ചെയ്യുന്ന നിര്‍ബന്ധ സാഹചര്യത്തില്‍ മാത്രമേ, ആ നിര്‍ബന്ധിതാവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ, ബാങ്കുകളില്‍ ഏത് ജോലിയും ചെയ്യാന്‍ പാടുള്ളൂ. ഈ നിര്‍ബന്ധിതാവസ്ഥ അല്ലാഹുവിന് മുമ്പില്‍ സമര്‍പ്പിക്കാന്‍ പര്യാപ്തമായത് ആയിരിക്കുമെന്ന് ഉറപ്പിക്കേണ്ടത് അയാളുടെ മാത്രം ബാദ്ധ്യതയാണ്. മറ്റൊരു ഓപ്ഷന്‍ ലഭിക്കുന്ന മാത്രയില്‍ ഈ ജോലിയില്‍ നിന്ന് വിടുതല്‍ തേടുകയാണ് വേണ്ടത്. ആ ജോലിയില്‍ തന്നെ എല്ലാ ആസ്വാദനത്തോടും കൂടി തുടരുന്ന, മറ്റ് ഓപ്ഷനുകള്‍ ആലോചിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്‍റെ യുദ്ധപ്രഖ്യാപനത്തെ നേരിടാന്‍ ഒരുങ്ങിയ വിഡ്ഢി എന്നേ പറയാന്‍ കഴിയൂ. ആ ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അയാള്‍ തന്റെയും കുടുംബത്തിന്റെയും വയറ്റില്‍ നരകാഗ്നിയാണ് നിറക്കുന്നത്. ഇപ്പോള്‍ ഈ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഭാര്യയും മക്കളുമൊന്നും പരലോകത്ത് അയാളുടെ ശിക്ഷയുടെ പങ്കുപറ്റാന്‍ കൂടെയുണ്ടാവില്ല. അവരെല്ലാം അയാളെ തളിപ്പറയുകയാണ് ചെയ്യുക.
പിതാവിന്‍റെ സമ്പാദ്യമാര്‍ഗ്ഗങ്ങള്‍ ഹറാമാണ് എന്ന് തിരിച്ചറിയുന്ന മക്കള്‍, പ്രായപൂര്‍ത്തിയായി സ്വന്തമായി വരുമാനം ഉണ്ടാകുന്ന അന്ന് മുതല്‍ പിതാവിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. മാത്രമല്ല, പിതാവിനെ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി തിരുത്തുവാനും, ഇല്ലെങ്കില്‍ ആ മേഖലയില്‍ പിതാവിനോടു നിസ്സഹകരിക്കുകയുമാണ് വേണ്ടത്. മക്കള്‍ക്ക് ഈ പലിശപ്പണത്തില്‍ നിന്ന് ആഹരിക്കുവാന്‍ അവര്‍ അദ്ധ്വാനിക്കാന്‍ ശേഷിയുണ്ടാവുന്ന കാലം വരെ മാത്രമേ അനുവാദം ഉണ്ടാവൂ. അതുവരെ അവര്‍ പിതാവില്‍ നിന്ന് അനുഭവിച്ച സൌകര്യങ്ങള്‍ക്ക് അവരുടെ മേല്‍ കുറ്റമില്ല. പിതാവിന്‍റെ ബാധ്യതയാണ് മക്കളെ മാന്യമായി പോറ്റുക എന്നത്. അതിനു വേണ്ടി അദ്ദേഹം സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് അദ്ദേഹം മാത്രമാണ് ഉത്തരവാദി.
വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങള്‍ മേല്‍പ്പറഞ്ഞ വരുമാനത്തില്‍ നിന്നായതിനാല്‍ അത് ഹലാല്‍ അല്ല എന്ന് തിരിച്ചറിയുന്ന മകള്‍, അത് പിതാവിനെ തിരികെ ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ് അടുത്ത വിഷയം.
പിതാവിനെ മാന്യമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി അത് തിരികെ നല്‍കുന്നതാണ് ഒന്നാമത്തെ മാര്‍ഗ്ഗം. അറിവില്ലായ്മ കൊണ്ടോ, നിര്‍ബന്ധിതാവസ്ഥയിലോ ആയിരുന്നു പിതാവ് ആ ജോലി നിലനിര്‍ത്തിയിരുന്നത് എങ്കില്‍, ഈ പണമെങ്കിലും സദഖ ചെയ്ത് അല്ലാഹുവിനോട് പാപമോചനം അര്‍ഥിക്കാവുന്നതാണ്. പിതാവ് അത് ഉള്‍ക്കൊള്ളുകയും തിരികെ വാങ്ങുകയും ചെയ്യുന്നില്ല എങ്കില്‍, അദ്ദേഹത്തിന്‍റെ പേരില്‍ അതിനെ സദഖ ചെയ്യുക; ഒരുപക്ഷേ അല്ലാഹു അദ്ദേഹത്തിന് എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തുകൊടുത്താലോ എന്ന് പ്രതീക്ഷിക്കാം.
പിതാവ് മാത്രമാണ് ഈ സമ്പാദ്യത്തിന്‍റെ ഉത്തരവാദി, മകള്‍ക്ക് ഇതില്‍ യാതൊരു ബാധ്യതയുമില്ല എന്ന് വേണമെങ്കില്‍ മനസ്സിലാക്കി അത് കൈവശം വെക്കുക എന്ന നിലപാടും വേണമെങ്കില്‍ സ്വീകരിക്കാം. മൂന്നാമത് പറഞ്ഞത് പക്ഷേ, ഉത്തരവാദിത്തം ഒഴിവാകാന്‍ ഇടയില്ലാത്ത രീതിയാണ്. അറിഞ്ഞുകൊണ്ട് ഹറാമില്‍ കൂട്ടുചേരുന്ന രീതിയാണ് ഇത്. ഒന്നാമത് പറഞ്ഞതാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. അല്ലാഹു അനുഗ്രഹിക്കട്ടെ.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU