Sunday, May 12, 2024
Homeസ്ത്രീ, കുടുംബം, വീട്അനന്തരാവകാശംഇന്‍ഷൂറന്‍സ് സംഖ്യയും അവകാശികളും

ഇന്‍ഷൂറന്‍സ് സംഖ്യയും അവകാശികളും

ചോദ്യം – ഞങ്ങളുടെ വല്ല്യുപ്പാ അപകടത്തില്‍ മരണപ്പെട്ടു. അദ്ദേഹത്തിന്‍റെ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട 35 ലക്ഷം രൂപ പാസായിട്ടുണ്ട്. 22 ലക്ഷം മാത്രമാണ് ചികില്‍സാ ചെലവ് വന്നത്. ഭാര്യയും 2 ആണ്‍കുട്ടികളും 1 മകളുമാണ് അവകാശികള്‍. ഈ സംഖ്യ എങ്ങിനെയാണ് വീതിക്കേണ്ടത്?

ഉത്തരം – ട്രഡിഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത് പലിശയില്‍ അധിഷ്ഠിതമായിട്ടാണ്. അതുകൊണ്ട് തന്നെ ഒഴിവാക്കാന്‍ പറ്റാത്ത നിര്‍ബന്ധിത സാഹചര്യങ്ങളിലല്ലാതെ അവയുമായി ബന്ധപ്പെടാന്‍ മുസ്ലിമിന് പാടില്ല. വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അതിന് വാഹന ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. അതിനാല്‍ ആ പോളിസി എടുക്കല്‍ നിര്‍ബന്ധ സാഹചര്യമാണ്. അതില്‍ തന്നെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് എടുക്കലാണ് സൂക്ഷ്മത. എന്നാല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, ലൈഫ് ഇന്‍ഷൂറന്‍സ് പോലുള്ളവ നിയമം മൂലം നിര്‍ബന്ധമല്ല. അതിനാല്‍ തന്നെ അവയില്‍ അംഗത്വം എടുക്കാന്‍ ഒരു ന്യായവും പറയാനില്ല. ഇന്‍ഷൂറന്‍സില്‍ ഉള്ള അനിശ്ചിതത്വവും അന്യായമായ പ്രയോജനമോ നഷ്ടമോ ആണ് അതിനെ അനിസ്ലാമികമാക്കുന്നത്. ഇന്‍ഷുര്‍ ചെയ്യുന്ന വ്യക്തിക്ക് ഒന്നുകില്‍ അയാള്‍ കൊടുത്ത സംഖ്യയെക്കാള്‍ എത്രയോ വലിയ പ്രയോജനം ലഭിക്കുന്നു, അല്ലെങ്കില്‍ കൊടുത്ത സംഖ്യ ഇന്‍ഷൂറന്‍സ് കമ്പനിക്ക് ഒരു കാര്യവുമില്ലാതെ ലഭിക്കുന്നു. ഇത് രണ്ടും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

തകാഫുല്‍ അഥവാ സോഷ്യല്‍ ഇന്‍ഷൂറന്‍സ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കുന്ന പോളിസികള്‍ ആവശ്യമുണ്ടെങ്കില്‍ എടുക്കാവുന്നതാണ്.

ഇവിടെ ചോദ്യത്തില്‍, ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് ലഭിച്ച സംഖ്യ മേല്‍പ്പറഞ്ഞ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഹലാലായ പണമല്ല. അതിനാല്‍ തന്നെ അതിനെ സ്വീകരിക്കാതിരിക്കലാണ് നന്മ. അപകടവും അതിനോടനുബന്ധിച്ച് ഉണ്ടായ ചെലവുകളുമൊക്കെ വലിയൊരു ഭാരം തന്നെയാണ്. എന്നാലും അതൊക്കെ അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണം ആയിരുന്നുവെന്ന് മനസ്സിലാക്കി അതില്‍ ക്ഷമിക്കുകയാണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

മുകളില്‍ പറഞ്ഞതാണ് കാര്യമെന്നിരിക്കെ, ഇതിന്‍റെ ഓഹരി വെക്കല്‍ പറയുന്നതില്‍ പ്രസക്തി കാണുന്നില്ല.

🪀 കൂടുതല്‍ വായനക്ക്‌ 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.

Recent Posts

Related Posts

error: Content is protected !!