ചോദ്യം- എന്റെ മാതാപിതാക്കൾക്ക് ഞങ്ങൾ 2 മക്കൾ ആയിരുന്നു. ഒരു മകനും ഒരു മകളും. അതിൽ മകൻ മരണപ്പെട്ടു. മകന് ഭാര്യയും 4 മക്കളും ഉണ്ട്. (3 പെണ്ണും 1 ആണും). മകന്റെ പേരിൽ പിതാവ് നേരത്തെ തന്നെ സ്ഥലം എഴുതി വെച്ചിട്ടുണ്ട്. മകന്റെ 4 മക്കൾക്കും ഇന്നത്തെ സാഹചര്യം അനുസരിച്ചുള്ള വിദ്യാഭ്യാസം ( നല്ല ഒരു സാമ്പത്തിക ബാധ്യത അതിന് വരും ), സംരക്ഷണം എന്നിവ കൊടുക്കേണ്ടത് ഈ പിതാമഹന്റെ ഉത്തരവാദിത്തം ആണ്.
1)അതിനുള്ള സാമ്പത്തിക ചെലവുകൾ നേരത്തെ പിതാവ് എഴുതി വെച്ച സ്ഥലം വിറ്റിട്ട് ചെയ്യുന്നതിൽ തെറ്റുണ്ടോ?
2)മകന്റെ മക്കൾക്ക് പിതാമഹന്റെ സ്വത്തിൽ നേരിട്ട് അനന്തര അവകാശം ഉണ്ടാകുമോ?
3) ഉണ്ടെങ്കിൽ അത് എങ്ങനെയാണ്?
4)മകന്റെ മക്കൾക്ക് വേണ്ടി വസിയ്യത്തു ചെയ്യേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങിനെയാണ്?
5)അനന്തരാവകാശികൾക്ക് വസിയ്യത്തു ചെയ്യാമോ?
ഇതിനുള്ള മറുപടി പ്രതീക്ഷിക്കുന്നു.
ഉത്തരം- ഈ കേസില്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ പൊതുവായി ചുരുക്കി പറയാം. മകളെ മാന്യമായി വിവാഹം കഴിപ്പിച്ച് അയച്ച പിതാവ്, മകന് വേണ്ടി കുറച്ചു സ്ഥലം സമ്മാനമായി നല്കി എന്നാണ് മനസ്സിലാക്കുന്നത്. അങ്ങിനെയാണെങ്കില്‍ അത് ശരിയാണ്. ജീവിച്ചിരിക്കുന്ന മനുഷ്യന്‍ തന്‍റെ മക്കള്‍ക്ക് നല്‍കുന്നത് സമ്മാനം (ഹദിയ്യ) ആണ്. അതില്‍ ഏറ്റക്കുറവുകള്‍ പാടില്ല. അതിന് അനന്തരാവകാശനിയമം ബാധകവുമല്ല. ഇതില്‍ എന്തെങ്കിലും ഏറ്റക്കുറവുകള്‍ വന്നിട്ടുണ്ടെങ്കില്‍ പിതാവ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതിനാല്‍ അത് പരിഹരിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ട്. മകന് കൊടുത്തത്തിന് തുല്യമായത് മകള്‍ക്കും കൊടുക്കുകയാണ് വേണ്ടത്; തിരിച്ചും.
ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ സന്താനങ്ങളെ ഏറ്റെടുക്കേണ്ടത് അയാളുടെ പിതാവ്, പിതാമഹന്‍, സഹോദരന്‍, സഹോദരപുത്രന്‍, പിതൃസഹോദരന്‍, പിതൃസഹോദരപുത്രന്‍ എന്നിവര്‍ ക്രമത്തിലാണ്. അവരെയാണ് വലിയ്യ് എന്ന് പറയുന്നത്. ഇപ്പോള്‍ പരേതന്‍റെ പിതാവ് ജീവിച്ചിരിക്കുന്നതിനാല്‍ ഒന്നാമതായി അനാഥരെ ഏറ്റെടുക്കാന്‍ ബാധ്യത വരുന്നത് അദ്ദേഹത്തിന് തന്നെയാണ്. അനാഥയുടെ എല്ലാ മാന്യമായ ആവശ്യങ്ങളും നിവൃത്തിച്ചു കൊടുക്കല്‍ വലിയ്യിന്‍റെ ഉത്തരവാദിത്തമാണ്. അനാഥയുടെ അനന്തരസ്വത്ത് സംരക്ഷിക്കലും വളര്‍ത്തലും നഷ്ടപ്പെടാതെ നോക്കലും ഈ ഉത്തരവാദിത്തത്തിന്‍റെ ഭാഗമാണ്. വലിയ്യ് ധനികനാണെങ്കില്‍ അനാഥയുടെ സ്വത്തില്‍ നിന്ന് ഒന്നും അനുഭവിക്കാന്‍ പാടില്ല. ദരിദ്രന്‍ ആണെങ്കില്‍ മാന്യമായി മാത്രം അതില്‍ നിന്ന് അനുഭവിക്കാം.
ഇവിടെ ചോദ്യത്തില്‍ തന്‍റെ പൌത്രന്മാരുടെ വലിയ്യ് ആയി വരുന്ന പിതാമഹന്, അവരുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കണം. വിദ്യാഭ്യാസം അതില്‍ സുപ്രധാനമാണ് താനും. അനാഥരുടെ ചെലവ് നോക്കേണ്ടത് വലിയ്യിന്‍റെ ഉത്തരവാദിത്തമാണ്. അയാള്‍ ധനികന്‍ ആണെങ്കില്‍ അയാളുടെ ധനം ഇതിനായി ചെലവാക്കുകയും അല്ലാഹുവിന്‍റെ മഹത്തായ പ്രതിഫലം കാംക്ഷിക്കുകയുമാണ് വേണ്ടത്. ദരിദ്രന്‍ ആണെങ്കില്‍ അനാഥയുടെ അനാഥയുടെ സ്വത്തില്‍ നിന്ന് ആവശ്യമുള്ളത് ചെലവാക്കാം.
അടുത്ത വിഷയം പിതാമഹന്‍റെ സ്വത്തില്‍ പൌത്രന് അവകാശമുണ്ടോ ഇല്ലയോ എന്നതാണ്. ഓഹരി അവകാശമായി കിട്ടുന്നതും കിട്ടാതിരിക്കുന്നതും സാഹചര്യങ്ങള്‍ ഉണ്ട്. ജീവിച്ചിരിക്കുന്ന ഒരാളുടെ സ്വത്തിനെ സംബന്ധിച്ചാണ് ചോദ്യം. ഒരാള്‍ ജീവിച്ചിരിക്കെ അയാളുടെ സ്വത്തില്‍ അയാള്‍ മാത്രമാണ് ഉടമസ്ഥന്‍. മാതാപിതാക്കള്‍, ഭാര്യാസന്താനങ്ങള്‍, സഹോദരങ്ങള്‍ തുടങ്ങി ആര്‍ക്കും അതില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല. അയാള്‍ മരണപ്പെടുന്ന സമയത്ത് ജീവിച്ചിരിക്കുന്ന അവകാശികള്‍ ആരൊക്കെയാണോ അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച ഓഹരിയനുസരിച്ച് അനന്തരസ്വത്ത് വീതിക്കുകയാണ് ചെയ്യുക. ഇപ്പോള്‍ ചോദിച്ച കേസില്‍ (ഇതൊരു സാങ്കല്‍പ്പിക ചോദ്യമാണെങ്കിലും) പിതാമഹനാണ് ആദ്യം മരണപ്പെടുന്നതെങ്കില്‍, മകന്‍റെ മക്കള്‍ക്ക് ആ സ്വത്തില്‍ ഓഹരി ലഭിക്കുന്നതാണ്. കാരണം അദ്ദേഹത്തിന് അവകാശികളായി ആണ്മക്കള്‍ ജീവിച്ചിരിക്കുന്നില്ല. അതിനാല്‍ ആണ്‍മക്കളുടെ സ്ഥാനത്ത് അവരുടെ മക്കളെയാണ് പരിഗണിക്കുക. പിതാമഹന്‍ ഇപ്പോള്‍ ഉള്ള അവസ്ഥയില്‍ മരണപ്പെടുകയാണെങ്കില്‍, അവകാശികളായി ഉണ്ടാവുക ഭാര്യയും, ഒരു മകളും, പൌത്രരുമാണ്. അപ്പോള്‍ ഭാര്യക്ക് എട്ടിലൊന്നും, മകള്‍ക്ക് പകുതിയും, ബാക്കിയുള്ളത് പൌത്രര്‍ക്കും (ആണിനും പെണ്ണിനും) ലഭിക്കും.
മൊത്തം സ്വത്തിനെ 40 ഭാഗമാക്കുക. അതില്‍ നിന്ന് എട്ടിലൊന്നായ 5 ഓഹരികള്‍ ഭാര്യക്കും, പകുതിയായ 20 ഓഹരികള്‍ മകള്‍ക്കും, 3 ഓഹരികള്‍ വീതം മകന്‍റെ പെണ്‍മക്കള്‍ ഓരോരുത്തര്‍ക്കും, 6 ഓഹരികള്‍ മകന്‍റെ മകനും നല്കുക. മകന്‍റെ ഭാര്യ ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ സ്വത്തിലോ, മകളുടെ ഭര്‍ത്താവ് ഭാര്യയുടെ മാതാപിതാകളുടെ സ്വത്തിലോ ഒരിയ്ക്കലും അവകാശികള്‍ ആവുകയില്ല. അനന്തരാവകാശികള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യേണ്ടതില്ല എന്നത് തിരുവചനമാണ്. കാരണം ആരൊക്കെയാണ് അനന്തരാവകാശികളെന്നും ഓരോരുത്തര്‍ക്കുമുള്ള ഓഹരി എത്രയെന്നും അല്ലാഹു നിര്‍ണ്ണയിച്ചതിനാല്‍ അതില്‍ മാറ്റമുണ്ടാക്കുന്ന വസ്വിയ്യത്തിന് പ്രസക്തിയില്ല. എന്നാല്‍ അവകാശികള്‍ അല്ലാത്ത ബന്ധുക്കള്‍ക്ക് വേണ്ടി വസിയ്യത്ത് ചെയ്യല്‍ വിശ്വാസിയുടെ മേല്‍ നിര്‍ബന്ധവുമാണ്. ഇവിടെ കേസില്‍, നിലവില്‍ പൌത്രര്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യേണ്ടതില്ല. കാരണം മുകളില്‍ വിവരിച്ചപ്രകാരം അവര്‍ നേര്‍ക്കുനേരെ അവകാശികള്‍ തന്നെയാണ്.
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU