ചോദ്യം – ഒരാള്‍ മരണപ്പെട്ടു. ഭാര്യയും 2 പെണ്‍മക്കളുമാണ് അവകാശികള്‍. സഹോദരന്മാര്‍ ഇല്ല. ഒരു സഹോദരി ഉണ്ടായിരുന്നത് മരണപ്പെട്ടുപോയി. അവര്‍ക്ക് മക്കള്‍ ഉണ്ട്. വേറെ ആരും തന്നെ ബന്ധുക്കളായി ഇല്ല. ഈ സ്വത്ത് എങ്ങിനെ വീതം വെക്കും?
ഉത്തരം – പരേതന് മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നില്ല. ഭാര്യയും 2 പെണ്‍മക്കളുമാണ് നിര്‍ണിത ഓഹരി ലഭിക്കുന്ന അവകാശികള്‍. പരേതന് മക്കള്‍ ഉള്ളതിനാല്‍ മൊത്തം സ്വത്തിന്‍റെ എട്ടിലൊന്നാണ് ഭാര്യക്ക് ലഭിക്കുക. മക്കളായി 2 പെണ്‍മക്കളാണല്ലോ ഉള്ളത്. അതിനാല്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും.
മരണപ്പെടുന്ന വ്യക്തിക്ക് പിതാവും പുത്രനും ജീവിച്ചിരിക്കുന്നില്ല എങ്കില്‍, സഹോദരങ്ങള്‍, സഹോദരന്‍റെ ആണ്മക്കള്‍, പിതാവിന്‍റെ സഹോദരന്‍, പിതൃസഹോദരന്‍റെ ആണ്മക്കള്‍ എന്നിവരാണ് ക്രമാനുഗതമായി അവകാശികളായി പരിഗണിക്കപ്പെടുക. അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ മുകളില്‍ പറഞ്ഞ നിര്‍ണിത ഓഹരി കൊടുത്ത ശേഷം ബാക്കിയാവുന്നത് അവര്‍ക്കാണ് ലഭിക്കുക.
എന്നാല്‍ ചോദ്യത്തില്‍ വന്ന കേസില്‍, ബാക്കിയുളള സ്വത്ത് ലഭിക്കേണ്ടിയിരുന്ന അവകാശികള്‍ ആരും തന്നെ ജീവിച്ചിരിക്കുന്നില്ല. അപ്പോള്‍ നേരത്തെ ഓഹരിയായി കൊടുത്ത ശേഷം ബാക്കി വരുന്ന സ്വത്തും കൂടി പെണ്‍മക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കും. ഇതിന് “റദ്ദ്” എന്നാണ് അനന്തരാവകാശ നിയമത്തില്‍ പറയുന്നത്. ഇങ്ങിനെയുള്ള കേസുകളില്‍ ഭാര്യക്കും ഭര്‍ത്താവിനും അവരുടെ നിര്‍ണിത ഓഹരി മാത്രമേ ലഭിക്കൂ എന്നാണ് ഭൂരിപക്ഷ മദ്ഹബ്.
മൊത്തം സ്വത്തിനെ 16 ഓഹരിയാക്കി, 2 ഓഹരികള്‍ ഭാര്യക്കും, 7 ഓഹരികള്‍ വീതം ഓരോ മകള്‍ക്കും നല്കുക.
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU