Home സാമ്പത്തികം ബാങ്ക്-പലിശ കുറി, (ചിട്ടി) ഹലാലും ഹറാമും

കുറി, (ചിട്ടി) ഹലാലും ഹറാമും

ചോദ്യം: ചിലർ നടത്തുന്ന ഒരു തരം കുറിയുണ്ട്. എല്ലാവരും തുല്യമായ സംഖ്യയാണ് കുറിയിൽ നൽകുക, എന്നാൽ ആർക്കുവേണമെങ്കിലും നേരത്തെ കുറി വിളിച്ചെടുക്കാൻ അവസരമുണ്ടായിരിക്കും, പക്ഷേ ഇങ്ങനെ ആദ്യമാദ്യം വിളിച്ചെടുക്കുന്നവർ മൊത്തം കുറി സംഖ്യയിൽ നിന്ന് കുറച്ചു കൊണ്ടാണ് വിളിക്കുക. എങ്കിൽ മാത്രമേ അദ്ദേഹത്തിന് അത് ലഭിക്കുകയുള്ളൂ ഏറ്റവും കുറഞ്ഞ തുകക്ക് വിളിച്ചെടുക്കുന്നവർക്ക് ഏറ്റവുമാദ്യം പരിഗണന ലഭിക്കുന്നു. അർജന്റില്ലാത്തവർ നേരത്തെ വിളിക്കുവാൻ തുനിയുകയില്ല, നേരത്തേ വിളിച്ചെടുക്കുന്നവർ വിട്ടു കൊടുക്കുന്ന തുക ഒടുവിൽ കുറി കിട്ടുന്നവർക്ക് അധികമായി ലഭിക്കുന്നു. അവർ നിക്ഷേപിക്കുന്ന സംഖ്യക്ക് പുറമേ ഇങ്ങനെ കൂടുതലായി ലഭിക്കുന്ന ഈ തുക കൈപറ്റൽ ഹലാലാകുമോ?

ഉത്തരം: പലിശയുടെ തന്നെ മറ്റൊരു പരിച്ഛേദമാണ് വിളിക്കുറി എന്നപേരിൽ പ്രചാരത്തിലുള്ള ഈ കുറി (ചിട്ടി). അഥവാ പത്തുലക്ഷം രൂപയുടെ കുറിയാണെങ്കിൽ ഒമ്പത് ലക്ഷം രൂപക്ക് വിളിച്ചെടുക്കുന്നു. ഒരുലക്ഷം വിട്ടുകൊടുക്കുന്നു എന്നർത്ഥം. ഈ ഒരുലക്ഷം അയാൾ കുറവുവരുത്തിയാണ് വിളിച്ചെടുക്കുന്നതെങ്കിലും പത്തുലക്ഷം തന്നെ പൂർണ്ണമായും തിരിച്ചടക്കണമെന്നതാണ് വ്യവസ്ഥ. അതായത് പണത്തിന് ആവശ്യക്കാരനായ ഒരാൾ ബാങ്കിൽ നിന്ന് ലോണെടുക്കുകയും എന്നിട്ട് ആ തുക പലിശ സഹിതം തിരിച്ചടക്കുകയും ചെയ്യുന്നത് പോലെതന്നെയാണ് ഇവിടെയും സംഭവിക്കുന്നത് എന്നർത്ഥം.

ഇങ്ങനെ നേരത്തെ വിളിച്ചെടുക്കുന്ന ഓരോരുത്തരും വിട്ടുകൊടുക്കുന്ന തുക ശേഷിക്കുന്നവർ പങ്കിട്ടെടുക്കുകയാണ് ചെയ്യുക. ഇങ്ങനെ ഏറ്റവും ഒടുവിൽ ഒരുപാട് സംഖ്യ അധികമായി വന്നുചേരും. ഏറ്റവുമൊടുവിൽ കുറി ലഭിക്കുന്നവർക്ക് തങ്ങൾ നൽകിയതിനേക്കാള്‍ എത്രയോ അധികം സംഖ്യ കൂടുതൽ ലഭിക്കുന്നു. ഇത് ലാഭകരമായ വല്ല ഇടപാടും നടത്തിയതു വഴി ലഭിക്കുന്നതല്ല. പ്രത്യുത 9 ലക്ഷം കിട്ടാൻ വേണ്ടി 10 ലക്ഷം നൽകാമെന്ന വാഗ്ദാനത്തിന്റെ പുറത്ത് മറ്റുളളവർ നൽകുന്ന കടത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ലഭിക്കുന്നതാണ്. ഇത് പലിശയാണ്. ഇത് പലിശയല്ലെങ്കിൽ ഈ ദുനിയാവിൽ പിന്നെ പലിശ എന്നൊന്നില്ല എന്ന് പറയേണ്ടിവരും. ആവശ്യക്കാരനെ ചൂഷണം ചെയ്യുന്നതിലൂടെ ആർജിക്കുന്ന മുതലാണിത് എന്നർഥം.

ഇത് എങ്ങനെയാണ് പലിശയാകുന്നത്?
എങ്ങനെയാണിത് പലിശയാകുന്നത് എന്ന് ചോദിച്ചാല്‍, സംരംഭത്തിലെ ഓരോരുത്തരും ചേർന്ന് തിടുക്കമുള്ളവവന് കടം കൊടുക്കുയാണ് ഇവിടെ. കടം മേടിച്ചവൻ അതിന്‍റെ പേരിൽ വാങ്ങിക്കുന്ന അധിക സംഖ്യ പലിശയും. ഇവിടെ കടം ഒരാളിൽനിന്ന് വാങ്ങുന്നതിന് പകരമായി ഒന്നിലധികം പേരിൽ നിന്ന് കടം വാങ്ങിക്കുന്നു എന്നുമാത്രം. കടം കൊടുക്കുന്നവര്‍ അത് തിരിച്ചുവാങ്ങുമ്പോൾ തങ്ങള്‍ കൊടുത്തതിനേക്കാളധികം കടം മേടിച്ചവനിൽനിന്ന് ഈടാക്കുന്നു. ഇത് തന്നെയാണ് ഇസ്ലാം കർശനമായി നിരോധിച്ചിട്ടുള്ള പലിശയും. കാരണം കടം കൊടുത്തതിന്‍റെ പേരിൽ അധികമായി ഉത്തമർണൻ വസൂലാക്കുന്ന ഏത് ആനുകൂല്യത്തിനും പലിശ എന്നാണ് പറയുക.

ഇസ്ലാം നിഷിദ്ധമാക്കിയ നാല് തരം പലിശകളിൽ ഒന്നായ “ രിബൽ ഖർള് ” ആണ് ഇവിടെ സംഭവിക്കുന്നത്. പണം കടം കൊടുക്കുന്ന രീതിയാണ് ഇത്തരം കുറികളിൽ നടക്കുന്നത്. കടം കൊടുത്തവന് ഇവിടെ എന്തെങ്കിലും ലാഭം നിബന്ധനവെക്കാൻ പാടില്ല, എന്നാൽ ഈ കുറിയിൽ അതാണ് സംഭവിക്കുന്നത്. ഇത്തരം കുറികളില്‍ പങ്ക് ചേരുന്നതും, നടത്തുന്നതും ഹറാം തന്നെയാണ്. സംശയം വേണ്ടാ. ഓരോ മാസവും നിശ്ചിത സംഖ്യ കടം കൊടുക്കുക എന്നതാണ് ഇവിടെ സംഭവിക്കുന്നത്.

പലതരത്തിലും നമ്മുടെ നാട്ടിൽ കുറികൾ നടത്തപ്പെടാറുണ്ട്. അതിൽ പെട്ട ഒരു രൂപമാണ് ഈ പറഞ്ഞ വിളിക്കുറി, ഇതിന് ലേലക്കുറി എന്നും പറയാറുണ്ട്. ഇസ്ലാം പേരിലേക്കല്ല നോക്കുന്നത് മറിച്ച് ഇടപാടുകളിൽ ഇസ്‌ലാം നിഷ്കർഷിച്ച ചിട്ടകളും വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, എന്നാണ്. വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെങ്കിൽ ഇടപാട് സാധുവായിരിക്കും ഇല്ലെങ്കിൽ അസാധുവും.

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Previous articleഞായറാഴ്ച മാത്രമായി നോമ്പെടുക്കൽ
Next articleകുറിയെപ്പറ്റി പറഞ്ഞത് പലർക്കും അതിശയം
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.
error: Content is protected !!